Latest News

സിനിമയ്ക്കപ്പുറം രാഷ്ട്രീയ മേഖയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സുരേഷ് ഗോപി. ക്വീന്‍ എലിസബത്തിന്റെ വേര്‍പ്പാടില്‍ രാജ്ഞിയെ നേരിട്ടു കാണാന്‍ അവസരം ലഭിച്ചതു ഓര്‍ക്കുകയാണ് സൂരേഷ് ഗോപി ഇപ്പോള്‍. ‘ ക്വീന്‍ എലിസബത്ത് നാടു നീങ്ങിയ വാര്‍ത്ത കേട്ടതില്‍ ദുഖമുണ്ട്. ഒരിക്കല്‍ അവരെ ബക്കിങ്ഹാം കൊട്ടാരത്തില്‍ വച്ചു കാണാനുളള അവസരം എനിക്കു ലഭിച്ചിരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് രാജ്ഞിക്കൊപ്പമുളള ചിത്രം സുരേഷ് ഗോപി പങ്കുവച്ചിരിക്കുന്നത്.

2017 ലാണ് അന്നത്തെ മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിക്കൊപ്പം സൂരേഷ് ഗോപി ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്നത്. ക്വീന്‍ എലിസബത്തിനൊപ്പമുളള സുരോഷ് ഗോപിയുടെ ചിത്രം അന്ന് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇന്ത്യന്‍ പ്രതിനിധി സംഘത്തിനൊപ്പം എത്തിയ സുരേഷ് ഗോപിയ്ക്ക് രാജ്ഞിയോടൊപ്പമുളള ചെറു സംഭാഷണത്തിനും അവസരം ലഭിച്ചു. സംഭാഷണത്തിനിടെ അദ്ദേഹം പാര്‍ലമെന്റ് അംഗമാണെന്നറിഞ്ഞ രാജ്ഞി പ്രസ്തുത മണ്ഡലത്തെപ്പറ്റി ആരായുകയും ചെയ്തിരുന്നു.

“എഴുപത് വർഷമായി ഇംഗ്ലണ്ടിലെ രാജ്ഞിയായി തുടരുന്ന ക്വീൻ എലിസബത്തിന്റെ മരണവാർത്ത എന്നെ ദുഖത്തിലാഴ്ത്തുന്നു. ബ്രിട്ടീഷുകാർ മാത്രമല്ല, ലോകം മുഴുവൻ അവരെ സ്നേഹിച്ചു. 25 വർഷം മുമ്പ് ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് അവർ മരുതനായകത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. ഒരുപക്ഷേ ക്വീൻ എലിസബത്ത് പങ്കെടുത്ത ഒരേയൊരു സിനിമാ ഷൂട്ട് അതായിരിക്കാം. 5 വർഷം മുമ്പ് ലണ്ടനിലെ ഒരു സാംസ്കാരിക പരിപാടിയിൽ വച്ച്, ക്വീൻ എലിസബത്തിന്റെ കൊട്ടാരത്തിൽ വെച്ചും അവരെ കണ്ടുമുട്ടാനായത് ഞാനിപ്പോഴും ഓർക്കുന്നു. പ്രിയപ്പെട്ട രാജ്ഞിയുടെ വേർപാടിൽ ഇംഗ്ലണ്ടിലെ ജനങ്ങൾക്കും രാജകുടുംബത്തിനും എന്റെ അഗാധമായ അനുശോചനം,” കമൽഹാസൻ കുറിച്ചു.

ഓണാസദ്യ മാലിന്യക്കുപ്പയില്‍ തള്ളിയതിനെ തുടര്‍ന്ന് ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക എന്നത് പാര്‍ട്ടി നയമല്ലന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. എന്താണ് നടന്നതെന്ന് മനസിലാക്കിയാലേ കൂടുതല്‍ പ്രതികരിക്കാനാകുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നഗരസഭയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നടപടി പിന്‍വലിക്കണമെന്ന് സിഐടിയുവും ഐഎന്‍ടിയുസിയും ആവശ്യപ്പെട്ടിരുന്നു.

ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികള്‍ സ്വന്തം പണം മുടക്കി വാങ്ങിയ ഓണസദ്യ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് ഉപേക്ഷിച്ചത്. തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീര്‍ന്നിട്ടും പണി ചെയ്യിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി.

ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടേയും ഹെല്‍ത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏഴ് സ്ഥിരം തൊഴിലാളികളെ മേയര്‍ ആര്യാ രാജേന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്തു. നാല് താത്കാലികക്കാരെ പിരിച്ചുവിട്ടു.

എലിസബത്ത് രാഞ്ജിയുടെ മരണത്തോടെ രാജപദവിയിലേക്ക് എത്തിച്ചേരുന്ന ചാൾസിന് ലഭിക്കുക ലോകത്ത് മറ്റാർക്കുമില്ലാത്ത ചില പ്രത്യേക സൗജന്യങ്ങൾ കൂടിയാണ്. ഇംഗ്ലണ്ടിലെ രാജകുടുംബത്തിന്റെ സമ്പത്ത് മാത്രമല്ല, വിചിത്രമായ പല നേട്ടങ്ങളും അവകാശങ്ങളുമെല്ലാം ബ്രിട്ടണിലെ അടുത്ത രാജാവാകുന്ന ചാൾസിന് വന്നുചേരും.

ഇംഗ്ലണ്ടിലെ രാജാവിന് പൊതുവെ വർഷത്തിൽ രണ്ട് പിറന്നാൾ ആഘോഷമുണ്ട് എന്നതാണ് ഏറ്റവും വലിയ സവിശേഷത. മറ്റ് രാജ്യങ്ങളിൽ സഞ്ചരിക്കാൻ പാസ്പോർട്ടും വേണ്ട. വാഹനമോടിക്കാൻ ലൈസൻസും ആവശ്യമില്ല. മാത്രമല്ല, ഇംഗ്ലണ്ടിലെ എല്ലാ അരയന്നങ്ങളുടെയും ഉടമ രാജാവാണെന്നതും പ്രത്യേകതയാണ്.

ചാൾസ് രാജകുമാരൻ ഇനി ചാൾസ് മൂന്നാമൻ രാജാവ് എന്ന പേരിൽ അധികാരമേൽക്കും. ലോകത്തെവിടെയും സഞ്ചരിക്കാൻ ലൈസൻസോ, പാസ്പോർട്ടോ വേണ്ട. രാജാവിന്റെ പേരിലാണ് ഈ രേഖകൾ നൽകുന്നത് എന്നതുകൊണ്ടാണിത്. രാജാവിന്റെ പേരിൽ ആവശ്യമായ സംരക്ഷണങ്ങളോടെ തടസമില്ലാതെ യാത്രചെയ്യാൻ ആവശ്യപ്പെടുകയും അഭ്യർത്ഥിക്കുകയും ചെയ്യുന്നു എന്നാണ് ലൈസൻസിലും പാസ്പോർട്ടിലുമുളള ആമുഖത്തിൽ രേഖപ്പെടുത്തന്നത്. അതുകൊണ്ടുതന്നെ അതിന് അധികാരപ്പെട്ട രാജാവിന് സ്വയം ഈ രേഖകൾ കൈവശം വെയ്‌ക്കേണ്ടതില്ല.

ചാൾസിന്റെ അമ്മ എലിസബത്ത് രാജ്ഞിയ്ക്ക് രണ്ട് പിറന്നാളാണ് ഉണ്ടായിരുന്നത്. യഥാർത്ഥ ജന്മദിനമായ ഏപ്രിൽ 21ന് പുറമെ, പൊതു ആഘോഷത്തിനായി ജൂൺ മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ചയിലെ ആഘോഷവും അവർ ആഘോഷിച്ചിരുന്നു. ആദ്യ ജന്മദിനം സ്വകാര്യമായേ ആഘോഷിക്കൂ. പൊതു ഇടങ്ങളിൽ ആഘോഷിക്കാൻ പറ്റുന്ന കാലാവസ്ഥ ജൂൺ മാസത്തിലായതിനാലാണ് ഈ രീതി.

രാജാവാകുന്ന ചാൾസിനാകട്ടെ പിറന്നാൾ നവംബർ 14നാണ്. അതിനാൽ തന്നെ ചൂടുകാലത്ത് മറ്റൊരു ഔദ്യോഗിക പിറന്നാളുണ്ടാകും. 250 വർഷത്തിലേറെ പഴക്കമുളള ട്രൂപ്പിംഗ് ദി കളർ എന്ന പൊതുചടങ്ങ് നടക്കാറുണ്ട്. 1400ലധികം സൈനികർ, 200 കുതിരകൾ, 400 സംഗീതജ്ഞർ എന്നിങ്ങനെ പങ്കെടുക്കുന്ന കൃത്യതയാർന്ന ഒരാഘോഷവുമുണ്ട്.

രാജ്യത്തിന്റെ ഭരണവിഭാഗ തലവൻ എന്ന നിലയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ വോട്ട് രേഖപ്പെടുത്തുകയോ ചെയ്യില്ല. രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും കൃത്യമായി അകന്നുനിൽക്കും. പാർലമെന്റ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനത്തിനും പാർലമെന്റിലെ നിയമനിർമ്മാണത്തിന് അംഗീകാരം നൽകുന്നതിനും പ്രധാനമന്ത്രിയുമായി പ്രതിവാര യോഗം ചേരാനും രാജാവിന് സാധിക്കും. ഇംഗ്ലണ്ട് ആന്റ് വെയിൽസ് എന്ന പ്രദേശത്തെ വസ്തുവകകളുടെ ഉടമസ്ഥാവകാശവും രാജാവിൽ നിക്ഷ്പിതമാണ്.

മൃഗങ്ങളെയും രാജാവ് സംരക്ഷിക്കുന്നു എന്ന സങ്കൽപമുള്ളതിനാൽ, അരയന്നങ്ങളുടെ മാത്രമല്ല ഡോൾഫിൻ, സ്റ്റർജൻ മത്സ്യങ്ങൾ, തിമിംഗലങ്ങൾ എന്നിവയുടെയും ഉടമസ്ഥാവകാശം രാജാവിനാണ്.

സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തുന്ന താരങ്ങളെ കുറിച്ച് എക്കാലത്തും വാര്‍ത്തകളെത്താറുണ്ട്. ഇതുപോലെ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയപ്രവേശനം നടത്തുമെന്ന് ഏറെ തവണ അഭ്യൂഹങ്ങള്‍ ഉയര്‍ന്ന താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ രാഷ്ട്രീയം തന്റെ മേഖലയല്ലെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.

താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും രാഷ്ട്രീയത്തോട് ഒരിക്കലും താല്‍പ്പര്യം തോന്നിയിട്ടില്ലെന്നും കക്ഷി രാഷ്ട്രീയത്തിലേക്ക് പോകില്ലെന്നുമാണ് താരം പറയുന്നത്. ഏത് പാര്‍ട്ടിയായാലും അതിന്റെ നല്ല ആശയങ്ങളോട് സഹകരിക്കുമെന്നും അവയിലൂടെ സഞ്ചരിക്കുമെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി.

‘എനിക്ക് രാഷ്ട്രീയം ഒരിക്കലും എക്‌സൈന്റ്‌മെന്റായി എനിക്ക് തോന്നിയിട്ടില്ല. എന്റെ ഒരു കപ്പ് ഓഫ് ടീ അല്ല അത്. ഒരു കക്ഷി രാഷ്ട്രീയത്തിലേക്കും പോകാന്‍ എനിക്ക് താല്പര്യമില്ല. കാര്യം എനിക്കത് അറിയില്ല. ഞാനൊരു പാര്‍ട്ടിയുമായി ബന്ധപ്പെടുക ആണെങ്കില്‍, ഒരുപാട് ആശയങ്ങളോട് നമുക്ക് താല്പര്യം തോന്നാം. ഏത് പാര്‍ട്ടിയുടെയും നല്ല ആശയങ്ങളോട് സഹകരിക്കാം അവയിലൂടെ സഞ്ചരിക്കാം. പക്ഷേ കക്ഷി രാഷ്ട്രീയം എന്ന് പറയുമ്പോള്‍, അതിനെ കുറിച്ചൊരു ധാരണ വേണം. ഒരുപാട് പേര്‍ ആ ധാരണകള്‍ ഇല്ലാതെയാണ് സംസാരിക്കുന്നത്.’ ഒരു പാര്‍ട്ടിയെ കുറിച്ച് പഠിച്ച് കഴിഞ്ഞിട്ടെ നമുക്കൊരു അഭിപ്രായം പറയാന്‍ സാധിക്കൂവെന്നും മോഹന്‍ലാല്‍ പറയുന്നു.

അതേസമയം, നടന്‍ മോഹന്‍ലാല്‍ ബിജെപിയുമായി അടുക്കുകയാണെന്നും വൈകാതെ രാഷ്ട്രീയത്തിലേക്ക് എത്തുമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ താരങ്ങള്‍ മത്സരിക്കുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മോഹന്‍ലാലിന്റെ പേരും കേള്‍ക്കാറുണ്ട്. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് താരം തന്റെ രാഷ്ട്രീയ നിലപാട് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

സോഷ്യല്‍മീഡിയയിലടക്കം തനിക്ക് എതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും താരം പ്രതികരിച്ചു. തന്റെ ജീവിതത്തിന്റെ പകുതിയോളം കാലം കഴിഞ്ഞു. ഇനി മറ്റുള്ളവരെ പേടിച്ചോ അവരുടെ വിമര്‍ശനങ്ങളെ പേടിച്ചോ ജീവിക്കാന്‍ പറ്റില്ല. നമ്മള്‍ ഒരു തെറ്റ് ചെയ്താല്‍ അത് അക്‌സപ്റ്റ് ചെയ്യാന്‍ തയ്യാറാണ്. പക്ഷേ അത് തെറ്റാണെന്ന് എനിക്ക് തോന്നണമെന്നും വിമര്‍ശനങ്ങളെ ഞാന്‍ ഗൗരവമായി എടുക്കാറില്ലെന്നും താരം പറയുന്നു.

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് പത്തുദിവസത്തേക്ക് യുകെയില്‍ ഔദ്യോഗിക ദുഃഖാചരണ പ്രഖ്യാപിച്ചു. പാര്‍ലമെന്റിന്റേത് അടക്കം ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചു. സംസ്‌കാരം പിന്നീട്.

വസ്റ്റ്മിനിസ്റ്റര്‍ ഹാളിലായിരിക്കും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നത്. മരണശേഷം നാലു ദിവസം കഴിഞ്ഞായിരിക്കും ബക്കിങ്ങാം കൊട്ടാരത്തില്‍നിന്നു ഭൗതിക ശരീരം വെസ്റ്റ് മിനിസ്റ്റര്‍ ഹാളിലെത്തിക്കുന്നത്. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി നാലു ദിവസം ഇവിടെ ഭൗതിക ശരീരം സൂക്ഷിക്കും.

വിന്‍ഡ്‌സര്‍ കോട്ടയില്‍ ഭര്‍ത്താവ് ഫിലിപ് രാജകുമാരനെയും പിതാവ് ജോര്‍ജ് ആറാമനെയും അടക്കം ചെയ്തിരിക്കുന്നതിനു സമീപത്തായിരിക്കും എലിസബത്ത് രാജ്ഞിയെയും അടക്കം ചെയ്യുക.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. ബക്കിങ്ഹാം കൊട്ടാരം പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെയാണ് എലിസബത്തിന്റെ മരണവാര്‍ത്ത അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ അവരെ അലട്ടിയിരുന്നു. വ്യാഴാഴ്ച രാവിലെയാണ് വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം അവരുടെ ആരോഗ്യ നിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക അറിയിച്ചത്. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മലയാളി അല്ലെങ്കിലും മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായി മാറിയ നടനാണ് ബാല. തമിഴും മലയാളവും കൂട്ടി കലർത്തി സംസാരിക്കുന്ന ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടുള്ള ടിനി ടോമിന്റെ മിമിക്രി വെെറലായതോടെ കഴിഞ്ഞ കുറച്ച് നാളുകളായി ബാല ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇപ്പോഴിതാ മറ്റുള്ളവരെ വേദനിപ്പിച്ച്, കളിയാക്കി സന്തോഷിക്കരുതെന്ന് ജനങ്ങളോട് പറയുകയാണ് ബാല. ഓണാശംസകൾ അറിയിച്ച് കൊണ്ട് നടൻ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.

തനിക്ക് തിരുവോണത്തിന് കേരളത്തിൽ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ചില കാരണങ്ങളാൽ ചെന്നൈയിലായി പോയെന്നും അദ്ദേഹം പറയുന്നുണ്ട്. ഈ ഓണത്തിന് തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി താൻ ഫോളോ ചെയ്യുന്ന നാല് പോയിന്റുകളും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. സ്നേഹത്തിന് വില സ്നേഹം മാത്രമാണ്. നമുക്ക് സ്നേഹം നേടണമെങ്കിൽ അത് കൊടുക്കണം. ലോകത്ത് പൈസ കൊടുത്തോ പേടിപ്പിച്ചോ സ്നേഹം ഒരിക്കലും നേടാൻ കഴിയില്ലെന്നാണ് ഒന്നാമത്തെ പോയിൻ്‍റായി അദ്ദേഹം പറയുന്നത്.

സെക്കന്റ് പോയിന്റ്, താൻ അടുത്ത കാലത്ത് വായിച്ച ഒരു കാര്യാണ്, നമ്മൾ സ്വന്തം ബോട്ടിൽ ഉറങ്ങി കൊണ്ടിരിക്കുകയാണ്. അപ്പുറത്ത് നിന്ന് വലിയൊരു കാറ്റടിക്കുമ്പോൾ മറ്റൊരു ബോട്ട് വന്നു നമ്മുടെ ബോട്ടിൽ തട്ടി. നമ്മൾ ഉറങ്ങുകയായിരുന്നു. അപ്പുറത്തെയാളും. നമ്മുടെ ദേഷ്യം മുഴുവൻ അപ്പുറത്തെ ആളോട് കാണിക്കും. ഇതേ പോലെ ഒരു ബോട്ട് വന്നു തട്ടുമ്പോൾ ബോട്ടിൽ ആളില്ലെങ്കിൽ ബോട്ടിനോട് ദേഷ്യപ്പെടുമോ?, അപ്പോൾ ദേഷ്യമെന്നത് ആപേക്ഷികമാണെന്നും അദ്ദേഹം പറയുന്നു.

പിന്നെ താൻ പഠിച്ച മറ്റൊരു നല്ല കാര്യം മൊതലാളി-തൊഴിലാളി, അച്ഛൻ-മകൻ, അമ്മ-മകൾ ഏത് റിലേഷൻഷിപ്പ് ആകട്ടെ എല്ലാവരും കുറ്റം ചെയ്യുന്നുണ്ട്. എന്നാൽ ഉള്ളതിൽ നല്ലത് പറയാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് പോസിറ്റീവ് എനർജി കൊടുക്കുക. അതിനേക്കാൾ വലിയ കാര്യം വേറെ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു. നാലമത്തെ പോയിന്റ് എല്ലാ മനുഷ്യനുള്ളിലും ഒരു ചെകുത്താനുണ്ട് എന്നതാണ്.

അത് മാറ്റണം, നമ്മുടെ അകത്ത് ഇരിക്കുന്ന ദൈവം പുറത്തുവരണം. മറ്റുള്ളവരെ വേദനിപ്പിച്ച്, മറ്റുള്ളവരെ കളിയാക്കി നമ്മൾ സന്തോഷിക്കുന്നത് മൃഗത്തനമാണോന്നും. നമുക്ക് വിഷമം ഉണ്ടായാലും അത് മറന്നു മറ്റുള്ളവർക്ക് സന്തോഷം കൊടുക്കുന്നത് ദൈവത്തനമാണെന്നും അദ്ദേഹം പറയുന്നു.

1997ല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ എലിസബത്ത് രാജ്ഞി കൊച്ചിയിലും എത്തിയിരുന്നു. തന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് രാജ്ഞി കേരളത്തിലെത്തിയത്. 1997 ഒക്ടോബര്‍ 17നായിരുന്നു അത്. അന്ന് കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടലിലെ ഉച്ചഭക്ഷണം രാഞ്ജിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു.

അവരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് താജ് മലബാര്‍ ഹോട്ടലിലെ തക്കാളിക്കറിയും മോപ്ല സ്റ്റൈല്‍ ചിക്കനുമായിരുന്നു. ഇത്രയും രുചികരമായ ഭക്ഷണം ഇതിന് മുമ്പ് കഴിച്ചിട്ടേയില്ലെന്നാണ് അന്ന് രാജ്ഞി പറഞ്ഞത്.

അന്നത്തെ ഗവര്‍ണര്‍ സുഖ്ദേവ് സിംഗ് കാങ് കേരളത്തിന്റെ പാരമ്പര്യം ഉയര്‍ത്തിക്കാട്ടുന്ന മോഹിനിയാട്ടം അന്ന് രാജ്ഞിയെ പരിചയപ്പെടുത്തുകയും ചെയ്തു. സന്ദര്‍ശന വേളയില്‍ ഫിലിപ്പ് രാജകുമാരനും രാജ്ഞിയെ അനുഗമിച്ചിരുന്നു.

അന്ന് കൊച്ചിയിലെ പരദേശി സിനഗോഗും രാഞ്ജി സന്ദര്‍ശിച്ചിരുന്നു. സിനഗോഗ് വാര്‍ഡന്‍ സാമി ഹാലെഗ്വയും ഭാര്യ ക്വീനി ഹാലെഗ്വയും ചേര്‍ന്നാണ് രാജ്ഞിയെ സ്വീകരിച്ചത്. സെന്റ് ഫ്രാന്‍സിസ് പള്ളിയിലെ വാസ്‌കോഡ ഗാമയുടെ ശവകുടീരവും ഇവര്‍ സന്ദര്‍ശിച്ചു.

രാജ്ഞിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് അറിഞ്ഞതോടെ ബക്കിങ്ങാം കൊട്ടാരപരിസരത്ത് ആയിരക്കണക്കിനുപേർ പ്രാർഥനകളുമായി ഒത്തുകൂടിയിരുന്നു. മരണവിവരം സ്ഥിരീകരിച്ചതോടെ രാജ്ഞിക്ക് ബ്രിട്ടനിലെ സമൂഹമാധ്യമങ്ങളിൽ അന്ത്യാഞ്ജലികളുടെ പ്രവാഹമായി.

ഇന്ത്യയ്ക്കും പ്രിയങ്കരി

1952ൽ രാജ്ഞിയുടെ കിരീടധാരണം നടക്കുമ്പോൾ ജവഹർലാൽ നെഹ്റുവായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. നെഹ്റു മുതൽ നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുള്ള പല ഇന്ത്യൻ നേതാക്കളുമായും രാജ്ഞിക്ക് അടുത്ത വ്യക്തിബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽതന്നെ ഏറ്റവും അടുപ്പം ഇന്ദിരാഗാന്ധിയോടും. ഇന്ത്യയോടും ഇന്ത്യൻ ജനതയോടും പ്രത്യേക താൽപര്യം പുലർത്തുന്നതിലും രാജ്ഞി ശ്രദ്ധപുലർത്തി.

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചിച്ച് ലോകനേതാക്കൾ. ബ്രിട്ടനും അവിടുത്തെ ജനങ്ങള്‍ക്കും പ്രചോദനാത്മക നേതൃത്വം നല്‍കാന്‍ എലിസബത്തിന് കഴിഞ്ഞെന്നും അവരുടെ വിയോഗത്തില്‍ ദുഃഖിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 2015-ലെയും 2018-ലെയും യുകെ സന്ദര്‍ശന വേളയില്‍ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും മോദി ട്വീറ്റില്‍ പരാമര്‍ശിച്ചു. രാജ്ഞിയുടെ സൗഹാര്‍ദവും ദയവും ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

യുഎസിന്റെ ചിന്തകളും പ്രാർഥനകളും ബ്രിട്ടനിലെ ജനങ്ങൾക്കൊപ്പമായിരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഒരു കാലഘട്ടത്തെ എലിസബത്ത് രാജ്ഞി നിർവചിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആദര സൂചകമായി പതാക താഴ്ത്തി കെട്ടാനും അദ്ദേഹം ഉത്തരവിട്ടു.

എലിസബത്ത് തന്റെ പദവിയോട് നീതി പുലർത്തിയെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. ദയ നിറഞ്ഞ ഹൃദയത്തിന്റെ ഉടമയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അനുശോചിച്ചു. ബ്രിട്ടനും കോൺവെൽത്ത് രാജ്യങ്ങൾക്കുമായി നിസീമമായ സേവനം അർപ്പിച്ചെന്ന് ഫ്രാൻസിസ് മാർപാപ്പ അനുശോചിച്ചു.

കിരീടധാരണത്തിന്റെ എഴുപതാം വര്‍ഷത്തിലാണ് എലിസബത്ത് രാജ്ഞി വിടവാങ്ങിയത്. പത്തുദിവസത്തേക്ക് യുകെയില്‍ ഔദ്യോഗിക ദുഃഖാചരണമാണ്. പാര്‍ലമെന്‍റിന്‍റേത് അടക്കം ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചു.

 

ഫ്രാൻസിലെ ലൂയി പതിനാലാമൻ കഴിഞ്ഞാൽ, സിംഹാസനത്തിൽ ഏറ്റവുമധിക കാലമിരുന്നത് എലിസബത്ത് രാഞ്ജി. തായ്‌ലൻഡ് രാജാവ് ഭൂമിബോൽ അതുല്യതേജിനെ മറികടന്നാണ് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി (96) ഏറ്റവും കൂടൂതൽ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ ഭരണാധികാരി എന്ന റെക്കോ‍ഡിനുടമയായത്.

1927 നും 2016 നും ഇടയിലായി 70 വർഷവും 126 ദിവസവുമാണു തായ് രാജാവ് സിംഹാസനത്തിലിരുന്നത്. ഈ റെക്കോർഡാണ് രാജാധികാരത്തിന്റെ എഴുപതാം വാർഷികം ആഘോഷിച്ച വേളയിൽ എലിസബത്ത് രാജ്ഞി മറികടന്നത്. 1643 മുതൽ 1715 വരെ ഫ്രാൻസ് ഭരിച്ച ലൂയി പതിനാലാമനാണു ലോകത്ത് ഏറ്റവും കാലം സിംഹാസനത്തിൽ വാണത്. 72 വർഷവും 110 ദിവസവുമാണ് അദ്ദേഹം സിംഹാസനത്തിൽ ഇരുന്നത്.

1953 ൽ അവരോധിക്കപ്പെട്ട എലിസബത്ത് രാജ്ഞി, തന്റെ മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയെ മറികടന്നു ബ്രിട്ടനിൽ ഏറ്റവുമധികം കാലം സിംഹാസനത്തിലിരുന്ന വ്യക്തിയെന്ന നേട്ടം 2015 സെപ്റ്റംബറിൽ സ്വന്തമാക്കിയിരുന്നു. 70 വർഷവും 214 ദിവസവുമാണ് എലിസബത്ത് അധികാരത്തിലിരുന്നത്.

ഏറ്റവും കൂടുതൽ കാലം കിരീടം ചൂടിയ ബ്രിട്ടിഷ് രാജ്ഞി എന്ന പദവിക്കൊപ്പം ഫിലിപ് രാജകുമാരനുമായി ഊഷ്മളമായ ദാമ്പത്യവും എലിസബത്ത് പുലർത്തിയിരുന്നു. ‘ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഭർത്താവ്’, ഇങ്ങനെയാണു ബ്രിട്ടിഷ് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ നിഴലായി അദ്ദേഹം ഏഴു ദശകമാണ് ബക്കിങ്ങാം കൊട്ടാരത്തിൽ ജീവിച്ചത്.

താനും ഫിലിപ് രാജകുമാരനും പ്രണയത്തിലായതെങ്ങനെയെന്നു വിശദീകരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ കത്ത് ഏതാനും വർഷങ്ങൾക്ക് മുമ്പ് ലേലത്തിൽ പോയിരുന്നു. 14,000 പൗണ്ടിനാണ് (ഏകദേശം 12.81 ലക്ഷം രൂപ) ആ കത്ത് ലേലത്തിൽ പിടിച്ചത്. 1947 ൽ, ഇരുപത്തിയൊന്നാം വയസ്സിൽ, വിവാഹത്തിനു മാസങ്ങൾക്കു മുൻപ് എലിസബത്ത് രാജകുമാരി എഴുതിയ കത്താണു ലേലത്തിൽ വച്ചത്.

ഇരുവരും ആദ്യമായി കണ്ടത്, ഫിലിപ് രാജകുമാരന്റെ കാറിൽ പോകുമ്പോൾ ഒരു ഫൊട്ടോഗ്രഫർ പിന്നാലെ പാഞ്ഞത്, ലണ്ടൻ നിശാക്ലബ്ബിൽ നൃത്തം ചെയ്‌തത് തുടങ്ങിയ കാര്യങ്ങളാണ് എഴുത്തുകാരി ബെറ്റി ഷൗവിനെഴുതിയ ഈ കത്തിലുള്ളത്. എലിസബത്ത് രാജ്ഞിയുടെ തൊണ്ണൂറാം പിറന്നാൾ സമയത്തായിരുന്നു പ്രണയവർത്തമാനം നിറഞ്ഞ പഴയ കത്ത് ലേലത്തിൽ പോയത്. പതിമൂന്നാം വയസ്സിൽ തുടങ്ങിയ ആ പ്രണയം രാജകീയമായിത്തന്നെ തുടർന്നു.

ജന്മം കൊണ്ടു ഫിലിപ്, ഗ്രീക്ക്–ഡാനിഷ് രാജകുമാരനാണ്. അദ്ദേഹത്തിന്റെ മുത്തച്ഛൻ ഗ്രീസിന്റെ രാജാവായിരുന്നു. എന്നാൽ, 1922 ൽ ഭരണ അട്ടിമറിയെത്തുടർന്നു ഗ്രീസിൽ നിന്നു മാതാപിതാക്കൾക്കൊപ്പം പലായനം ചെയ്തു. ഓറഞ്ച് ബോക്സ് കൊണ്ടു നിർമിച്ച തൊട്ടിലിൽ കിടത്തിയാണു 18 മാസം പ്രായമുള്ള ഫിലിപ്പിനെയും കൊണ്ട് അമ്മ ആലിസ് രാജകുമാരി ഒരു ബ്രിട്ടിഷ് പടക്കപ്പലിൽ ഇറ്റലിയിൽ എത്തിയത്.

1930 ൽ ഫിലിപ്പിന് എട്ടു വയസ്സുള്ളപ്പോൾ അമ്മ മാനസികാരോഗ്യപ്രശ്നം കാരണം ആശുപത്രിയിലായി. ഫ്രാൻസിലേക്കു പോയ പിതാവ് പിന്നീടു മടങ്ങിവന്നില്ല. ഫിലിപ്പിന് അഭയമായത് അമ്മയുടെ ബ്രിട്ടിഷ് രാജകുടുംബബന്ധമാണ്. ഫിലിപ്പിന്റെ അമ്മ ആലിസ്, ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ പേരക്കുട്ടിയുടെ മകളായിരുന്നു. സ്കോട്ടിഷ് ബോർഡിങ് സ്കൂളായ ഗോർഡൻസ്റ്റണിൽ പഠനം പൂർത്തിയാക്കിയശേഷം ഫിലിപ്, റോയൽ നേവി കോളജിൽ ചേർന്നു മികച്ച കെഡറ്റ് എന്ന അംഗീകാരം നേടി. രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹം 21–ാം വയസ്സിൽ റോയൽ നേവിയുടെ ഏറ്റവും പ്രായം കുറഞ്ഞ ലഫ്റ്റനന്റുമാരിലൊരാളായി.

1939 ൽ 13 വയസ്സുള്ള എലിസബത്ത് രാജകുമാരിയുമായുള്ള കൂടിക്കാഴ്ച പിന്നീടു പ്രണയമായി വളർന്നു. രണ്ടാം ലോക മഹായുദ്ധകാലത്താണ് ഇരുവരും തമ്മിലുള്ള പ്രണയം തീവ്രമായത്. ഇതിനിടെ ചില മാധ്യമങ്ങളിൽ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് വാർത്തകൾ പ്രത്യക്ഷപ്പെട്ടു. ഒടുവിൽ ഇരുവരുടേയും വിവാഹം നടത്താൻ രാജകുടുംബം തീരുമാനിക്കുകയായിരുന്നു. 1947 നവംബർ 20 ന് ആയിരുന്നു വിവാഹം. ഫിലിപ്പിന് 26 വയസ്സ്. നവവധുവിന് 21. ഇതോടെ എഡിൻബർഗിലെ പ്രഭു (ഡ്യൂക്ക് ഓഫ് എഡിൻബർഗ്) എന്ന സ്ഥാനം ഫിലിപ് രാജകുമാരന് ലഭിച്ചു.

10,000 മുത്തുകൾ പതിപ്പിച്ച പട്ടിന്റെ വസ്ത്രമായിരുന്നു എലിസബത്ത് വിവാഹത്തിന് അണിഞ്ഞത്. ലോക നേതാക്കളെല്ലാം വിവാഹത്തിനെത്തി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുണ്ടായ മാന്ദ്യസമയത്തായിരുന്നു വിവാഹം. എന്നാൽ യാതൊരു കുറവും വിവാഹത്തിനുണ്ടായിരുന്നില്ല. വിവാഹത്തോടെ, നാവികസേനാ ജീവിതത്തിനു വിടപറഞ്ഞ് ഫിലിപ് കൊട്ടാരജീവിതം ആരംഭിച്ചു.

അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിൽ വന്നു ചേർന്നു. 1952ലാണു എലിസബത്ത് രാജ്ഞിയായത്.

ഏതൊരു പുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീയുണ്ടാകും എന്നാണ് പറയാറ്. എന്നാൽ എലിസബത്ത് രാജ്ഞിയുടെ കാര്യത്തിൽ അത് തിരിച്ചായിരുന്നു. ബ്രിട്ടനിൽ രാജ്ഞിയുടെ ഭർത്താവിനു ഭരണഘടനാപരമായ പദവികളൊന്നുമില്ല. രാജ്ഞി പൊതുചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഒരു ചുവട് പിന്നിൽ നടന്ന അദ്ദേഹം കൊട്ടാരരീതികളെ ആധുനീകരിക്കുന്നതിൽ മുൻകയ്യെടുത്തു. എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായതു മുതൽ അവരെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും അനുഗമിച്ചു. 2021ൽ മരണത്തിന് കീഴടങ്ങുന്നതുവരെ രാ‍‍ജ്ഞിയുടെ നിഴലായി ഫിലിപ് ഉണ്ടായിരുന്നു. 100 വയസ്സാകാൻ രണ്ട് മാസം മാത്രം ശേഷിക്കെ 2021 എപ്രിൽ 9 ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഭർതൃവിയോഗത്തിന്റെ ഒരു വർഷവും അഞ്ചു മാസവും പൂർത്തിയാകുന്നതിനിടെ എലിസബത്ത് രാജ്ഞിയുടെ വിയോഗവും.

എലിസബത്ത് രാജ്ഞിയുടെ ഭർത്താവാണെങ്കിലും ഫിലിപ് രാജകുമാരനു കിരീടാവകാശം ഇല്ലായിരുന്നു. മൂത്തമകൻ ചാൾസ് രാജകുമാരനാണു കിരീടാവകാശി. ബ്രിട്ടിഷ് പാരമ്പര്യം അനുസരിച്ച് രാജ്ഞിയുടെ ഭർത്താവിനു രാജാവ് എന്ന പദവി ലഭിക്കില്ല. എന്നാൽ, രാജാവിന്റെ ഭാര്യയ്ക്കു രാജ്ഞി എന്ന ആലങ്കാരിക പദവി ലഭിക്കും.

എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ മകൻ ചാൾസ്(73) ആണ് ബ്രിട്ടന്റെ പുതിയ രാജാവ്. ചാൾസ് മൂന്നാമൻ എന്ന പേരാകും സ്വീകരിക്കുകയെന്ന് കൊട്ടാരവൃത്തങ്ങൾ അറിയിച്ചു. ബ്രിട്ടന്റെ സിംഹാസനത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ചാൾസ്.

 

ജേക്കബ് പ്ലാക്കൻ

കുന്നിൻ മാറത്തെ മധുകുംഭങ്ങൾക്കിടയിൽ
സൂര്യൻ പൊന്നിൻ പതക്കം പതിച്ചു …!
കേരളം പൊന്നിൻ ശ്രാവണം പാതി വിടർത്തിയ ഓണ പുടവയുമുടുത്തു …!

എങ്ങും തിങ്ങും തെങ്ങിൻ തലപ്പുകൾ നീളേ മരതക കുടകൾ നിവർത്തി …!
പൊങ്ങിയൊഴുകിയ പുഴകളൊക്കയും മണ്ണിനു വെള്ളിയരഞ്ഞാണം തീർത്തു …!

തുഴകളിൽ താളമിട്ടു പുഴകളിൽ
ഹർഷമായി കളിവള്ളങ്ങൾ പാഞ്ഞു …!
മിഴിതുറന്നോരോ പുൽക്കൊടികളും തൊടികളിൽ പൂവിട്ടു പൂപ്പട കെട്ടി ..!
സ്വർണ്ണം പതിച്ച ചില്ല് ചിറകുകൾ വിടർത്തി ഓണത്തറാടുന്നു പൂ തുമ്പികൾ …!
വർണ്ണം നിറച്ച പൂക്കളമിട്ടു ഗ്രാമ
മുറ്റങ്ങൾ നവോഢയായിതിളങ്ങുന്നു …!

തൃക്കാക്കര തേവരുടെ തൃപ്പാദം പൂകാൻ അത്തപ്പൂക്കളങ്ങളും
മൊരുങ്ങി ..!
തൃശ്ശിവപേരൂരേപുലിക്കളിയും
കണ്ട് പൊന്നോണകോടി വാങ്ങുന്നു മാലോകർ ..!വെപ്രാളമേറും ഉത്രാട രാത്രിയിലുംകൈകൊട്ടികളിച്ചാടും തരുണിതാരകങ്ങൾ …!
നേത്രകായ്കൾ മഞ്ഞളിൽ മുങ്ങി എങ്ങും വറയെണ്ണയിൽ നീരാടും വശ്യ ഗന്ധം …!

ഉഞ്ചലിലാടി ഓർമ്മകളോ-ടിയെത്തുന്നതും കാത്തു ഉമ്മറപ്പടിയിലിരിക്കുന്നു
മുത്തശ്ശിമാർ ..!
ഇഞ്ചിക്കറിയൊത്ത കറികളും കൂട്ടി ഉണ്ണാനൊരുങ്ങുന്നു വരരുചി മക്കളുടെ പരമ്പരകൾ …!
കാവിൽ തൊഴുത്‌ ഈറൻ ചൂടി
മാവേലി തമ്പുരാനെ കാണുവാനെത്തുന്നു ഓണക്കാറ്റും …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

RECENT POSTS
Copyright © . All rights reserved