കടുവ സിനിമ തീയേറ്ററുകളിലെത്തുന്നതിന് മുൻപ് തന്നെ ആരംഭിച്ചതാണ് സിനിമയെ ചൊല്ലിയുള്ള കലഹം. തീയ്യേറ്ററുകളിൽ സിനിമ നിറഞ്ഞോടുമ്പോഴും സിനിമയ്ക്ക് ആധാരമായത് തന്റെ കഥയാണെന്നും തനിക്കിത് അംഗീകരിക്കാനാകില്ലെന്നും കാണിച്ച് പാലാ സ്വദേശിയായ ജോസ് കുരുവിനാക്കുന്നേൽ കോടതി വരെ കയറിയിരുന്നു. എങ്കിലും ഏറെ വിവാദങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ ചിത്രം തീയ്യേറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് കലഹം മതിയാക്കി ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചൻ കടുവ കാണാനെത്തിയിരുന്നു.
ഇപ്പോഴിതാ കടുവ സിനിമ കണ്ട ശേഷം തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ജോസ്. പാലാ അച്ചായൻ എന്ന് പറയുമ്പോൾ അൽപ്പം കുടവയറും തടിയുമൊക്കെ വേണമെന്നും പന്നിയും പോത്തുമൊക്കെ സ്ഥിരമായിട്ട് കഴിക്കുന്ന അച്ചായൻ എങ്ങനെയാണ് ഇത്ര മെലിഞ്ഞ് സിക്‌സ്പാക്കായിട്ട് ഇരിക്കുന്നതെന്നും കുറുവച്ചൻ ചോദ്യം ചെയ്യുന്നു.
‘ഒരു കുരിശുപള്ളിയും കാണിച്ച് മെഴുകുതിരിയും കത്തിച്ചാൽ പാലാ അച്ചായൻ ആകില്ല. ഒന്നാമതായി സിനിമയിൽ പറയുന്നത് പാലാ ഭാഷയല്ല. ‘എന്നതാടാ’ എന്ന് ഇവിടെയാരും പറയാറില്ല. ‘എന്നാടാ’ എന്നാണ് ചോദിക്കുന്നത്.
പിന്നെ ഒരു പാലാ അച്ചായൻ എന്ന് പറയുമ്പോൾ അൽപ്പം കുടവയറും തടിയുമൊക്കെ വേണം. പന്നിയും പോത്തുമൊക്കെ സ്ഥിരമായിട്ട് കഴിക്കുന്ന ഒരു പാലാ അച്ചായൻ എങ്ങനെയാണ് ഇത്ര മെലിഞ്ഞ് സിക്‌സ്പാക്കായിട്ട് ഇരിക്കുന്നത്. എന്റെ ജീവിതത്തിൽ നിന്നെടുത്ത സിനിമയാണ് കടുവ. അപ്പോൾ ഞാനുമായിട്ട് അൽപ്പമെങ്കിലും രൂപസാദൃശ്യമുള്ള ഒരാളായിരുന്നെങ്കിൽ നന്നായിരുന്നേനെ. സുരേഷ്‌ഗോപി ചെയ്യണമെന്നായിരുന്നു ആഗ്രഹം.’- വീണ്ടും തന്റെ ആഗ്രഹം കുറുവച്ചൻ പ്രകടിപ്പിച്ചു.
കഥയിൽ പലതും അനാവശ്യമായി കൂട്ടിച്ചേർത്തതാണെന്നും താനൊരിക്കലും അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയോട് മോശമായി സംസാരിച്ചിട്ടില്ലെന്നും കുറുവച്ചൻ പറയുന്നു. സിനിമയാകുമ്പോൾ ഭാവനയുണ്ടാകും പക്ഷേ, ഒരാളെ അപകീർത്തിപ്പെടുത്തുന്നത് പോലെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും കുറുവച്ചൻ കൂട്ടിച്ചേർത്തു.
ചരിത്ര നേട്ടം കുറിച്ച് ദ്രൗപതി മുര്‍മു രാജ്യത്തിന്റെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പില്‍ സമഗ്രാധിപത്യത്തോടെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മുര്‍മു രാഷ്ട്രപതി ഭവനിലേക്ക് എത്തുന്നത്. വോട്ടെണ്ണലിന്റെ നാല് റൗണ്ടിലും ആധിപത്യം നിലനിര്‍ത്തിയായിരുന്നു മുര്‍മുവിന്റെ ചരിത്ര വിജയം. രാജ്യത്തെ ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയെന്ന നേട്ടവുമായാണ് മുര്‍മു റൈയ്‌സീന കുന്നിലേക്ക് എത്തുന്നത്. 2824 വോട്ടുകളാണ് ദ്രൗപതി മര്‍മുവിന് ലഭിച്ചത്. ( വോട്ട് മൂല്യം 6,76,803). 1877 വോട്ടുകളാണ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ നേടിയത് (വോട്ട് മൂല്യം 3,80,177).
64-കാരിയായ മുര്‍മു, പ്രതിപക്ഷ പാര്‍ട്ടികളുടെ ഉള്‍പ്പെടെ പിന്തുണ നേടിയാണ് വിജയം ഉറപ്പിച്ചത്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്‌ക്കെതിരെ അനായാസ വിജയമാണ് ദ്രൗപതി മുര്‍മു നേടിയത്. ജൂലൈ 25ന് മുര്‍മു സത്യവാചകം ചൊല്ലി അധികാരമേല്‍ക്കും.
രാം നാഥ് കോവിന്ദില്‍ നിന്ന് ചുമതലയേല്‍ക്കുന്ന ദ്രൗപതി മുര്‍മു ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയും ഈ പദവിയിലെത്തുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദ്രൗപതി മുര്‍മു രാജ്യം മുഴുവന്‍ സഞ്ചരിച്ചിരുന്നു. ബിജെഡി, ശിവസേന, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിഎസ്പി, ടിഡിപി എന്നീ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് മുര്‍മു വിജയം സുനിശ്ചിതമാക്കിയത്.
പ്രധാനമന്ത്രി നേരിട്ടെത്തിയാണ് അഭിനന്ദനം അറിയിച്ചത്. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും മോദിക്കൊപ്പമുണ്ടായിരുന്നു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയുടെ തെളിവാണ് ദ്രൗപതി മുര്‍മുവിന്റെ വിജയമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുര്‍മുവിന് ആശംസകള്‍ അറിയിച്ചു.
ദ്രൗപതി മുർമുവിനെ അഭിനന്ദിച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ദ്രൗപതി മുർമു ജിക്ക് അഭിനന്ദനങ്ങളും ആശംസകളും- രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
രാഷ്ട്രപതിസ്ഥാനത്തേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുര്‍മ്മുവിന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ആശംസകള്‍ നേര്‍ന്നു. പൊതുജീവിതത്തിലെ വിശാലമായ അനുഭവവും നിസ്വാര്‍ത്ഥ സേവന മനോഭാവവും രാജ്യത്തിന് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിതയാണ് ദ്രൗപതി മുര്‍മു. അദ്ധ്യാപികയായിരുന്നു. ഒഡിഷയില്‍ സാമാജികയായും ഝാര്‍ഖണ്ഡില്‍ ഗവര്‍ണ്ണറായും ഭരണ പരിചമുള്ള ദ്രൗപതിയ്ക്ക് രാജ്യമെമ്പാടു നിന്നും രാഷ്ട്രീയത്തിനെതിരായി വോട്ടുകള്‍ നേടാനായി.
ദ്രൗപതി മുര്‍മുവിനെ അഭിനന്ദിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു. ‘2022 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് ശ്രീമതി ദ്രൗപതി മുര്‍മുവിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. റിപ്പബ്ലിക്കിന്റെ 15-ാമത് പ്രസിഡന്റ് എന്ന നിലയില്‍ അവര്‍ ഭയമോ പക്ഷപാതമോ കൂടാതെ ഭരണഘടനയുടെ സംരക്ഷകയായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ സിന്‍ഹ പറഞ്ഞു.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അഭിനന്ദനവുമായി രംഗത്തെത്തി. രാജ്യം ഭിന്നത അഭിമുഖീകരിക്കുന്ന സമയമാണെന്നും ഭരണഘടനയുടെ ആദര്‍ശങ്ങളും നമ്മുടെ ജനാധിപത്യത്തിന്റെ സംരക്ഷകനുമായ രാഷ്ട്രത്തലവനായി രാജ്യം മുര്‍മുവിനെ ഉറ്റുനോക്കുമെന്ന് മമതാ ബാനര്‍ജി പറഞ്ഞു.
വിദ്യാഭ്യാസ, ആത്മീയ, സാമൂഹിക മേഖലകളിൽ സൗമൃസാന്നിധൃമായി വൃക്തിമുദ്ര പതിപ്പിച്ച ധിഷണാശാലിയായ ഫാ: ജോസ് വിരുപ്പേൽ (64)ഓർമ്മയായി.തിരുവനന്തപുരം ലൂർദ്ദ് ഫോറോന പള്ളി വികാരി, കൊല്ലം- ആയൂർ ഫേറോന വികാരി, എടത്വ, ചമ്പക്കുളം, ഫോറോനാ അസി: വികാരി, എസ് ബി കോളേജ് ലൈബ്രേറിയൻ, കോളേജ് ബർസാർ,കർദ്ദിനാൾ ആന്റണി പടിയറയുടെ സെക്രട്ടറി എന്നീ നിലകളിൽ സ്തുതൃർഹമായ സേവനമുഷ്ഠിച്ച വിരുപ്പേലച്ചൻ ഇന്നലെ രാവിലെ കാരിത്താസ് ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്.കുറെക്കാലമായി കിഡ്നി രോഗത്തിന് ചികിത്സയാലായിരുന്നു.
രണ്ടര പതിറ്റാണ്ടായി ചങ്ങനാശ്ശേരി എസ് ബി കോളേജ് ലൈബ്രേറിയനായിരുന്ന അദ്ദേഹം കോളേജ് ലൈബ്രറി ആധുനികവത്കരിക്കുന്നതിന് മുഖൃപങ്കുവഹിച്ചു.എസ് ബി ലൈബ്രറിയുടെ ഡിജിറ്റലൈസേഷൻ, ഇ ലൈബ്രറി, തുടങ്ങിയ ആധുനികവത്ക്കരണത്തിന് ചുക്കാൻ പിടിച്ചു.എസ് ബിയിൽ BILC, MLIC, തുടങ്ങിയ ലൈബ്രറി കോഴ്സുകളും തുടങ്ങിയത് ഇക്കാലത്താണ്.ലൈബ്രറി കോഴ്സുകളുടെ അധൃാപകനായും ഇടക്കാലത്ത് പ്രവർത്തിച്ചു.
കോളേജ് ഹോസ്റ്റൽ വാർഡനുമായിരുന്നു.തിരുവനന്തപുരം ലൂർദ്ദ് മാതാ കാൻസർ കെയർ സെന്റർ, നെടുമങ്ങാട് മദർ തെരേസ ഓൾഡ് ഏജ് ഹോം തുടങ്ങിയ ജീവകാരുണൃപ്രവർത്തനങ്ങളുടെയും അമരക്കാരനായിരുന്നു അദ്ദേഹം.ദിബിയാപ്പൂർ സെന്റ് ജോസഫ് മിഷൻ ഡയറക്ടറായും പ്രവർത്തിച്ചു.
നാഗപ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ളീഷ് സാഹിതൃത്തിൽ ഒന്നാം റാങ്ക് നേടിയ ഫാ. വിരുപ്പേൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നാണ് MLIC, MPhil ബിരുദങ്ങൾ നേടിയത്.സെമിനാരിയിലെ പഠനകാലത്താണ് കർദ്ദിനാൾ മാർ ആന്റണി പടിയറയുടെ സെക്രട്ടറിയായത്.
ഫാ. വിരുപ്പേലിന്റെ ഭൗതിക എസ് ബി കോളേജിൽ പൊതുദർശനത്തിന് വയ്ക്കും.സംസ്ക്കാരം വെള്ളിയാഴ്ച ഒരു മണിക്ക് കൊല്ലം വെഞ്ചമ്പിലുള്ള വസതിയിലെ ശുശ്രൂഷക്ക് ശേഷം ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മാർ തോമസ് തറയിൽ എന്നിവരുടെ കാർമികത്വത്തിൽ വെഞ്ചമ്പ് സെന്റ് ജോർജ് പള്ളിയിൽ.പുനലൂർ വിരുപ്പേൽ ജോസഫ് – കത്രീന ദമ്പതികളുടെ മകനാണ്.
1994 മുതൽ 1998 വരെയാണ് ഫാദർ ജോസ് വിരുപ്പേലച്ചൻ നൂമാൻ ഹോസ്റ്റലിന്റെ വാർഡൻ ആയത്. ന്യൂമാൻ ഹോസ്റ്റലിൽ താമസിക്കുക വഴി എന്റെ ജീവിതത്തിൽ ഒരു വലിയ മാറ്റത്തിന് ആണ് അതു കളമൊരുക്കിയത്. എന്റേതു മാത്രമല്ല അബ്ദുൾ ഖാദർ എന്ന ചിറയിൻ കീഴിയിലെ ഒരു സാധാരണ ചെറുപ്പകാരനാനെ പ്രേം നസീർ എന്ന വലിയ സിനിമ നടൻ ആക്കിയതും ന്യൂമാൻ ഹോസ്റ്റൽ ആണ്. 2001 യിൽ ന്യൂമാൻ ഹോസ്റ്റൽ പുറത്തിറക്കിയ മാഗസിനിൽ പ്രേം നസീറിന്റെ പ്രസംഗത്തിൻ പറയുന്നുണ്ട്.
പ്രിഡിഗ്രി സ്കൂളിലേയ്ക്ക് മാറ്റിയതിനാൽ 2001 യിൽ ന്യൂമാൻ ഹോസ്റ്റൽ അടയ്ക്കുവാൻ മാനേജ്മെന്റ് തീരുമാനിക്കുകയും തുടർന്ന് അന്നത്തെ വാർഡനും മുൻ എസ് ബി കോളെജ് പ്രിൻസിപ്പലുമായ ഫാദർ ടോം കുന്നുംപുറം അച്ചൻ 2001 യിൽ തന്നെ അവസാനമായി പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും മാഗസിനും ഇറക്കാനും വേണ്ടി ഹോസ്റ്റൽ ലീഡറായ എന്നെയും പി ജി യ്ക്ക് പഠിച്ചിരുന്ന മഹേഷ് പി ആർ കാഞ്ഞിരപ്പള്ളി യെയും തിരഞ്ഞെടുത്തു. ഹോസ്റ്റലിൽ പണ്ടു നിന്നവരെ പറ്റിയുള്ള ഒരു വിവരവും കോളെജിൽ ഇല്ലായിരുന്നു. അതിനാൽ പൂർവ്വ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ സംഗമം എന്ന് പറയുന്നത് അസാധ്യമെന്ന് ആണ് എന്ന് എന്നോട് എല്ലാരും പറഞ്ഞത്. അതോടൊപ്പം സംഗമവും, മാഗസിനും ഇറക്കാൻ നല്ല രീതിയിൽ ഉള്ള സാമ്പത്തികവും ഇതിന് ആവശ്യമായിരുന്നു.
പൂർവ്വ ഹോസ്റ്റൽ വിദ്യാർത്ഥികളുടെ വിവരങ്ങൾ എങ്ങനെ ശേഖരിക്കാം എന്ന് അറിയുവാൻ ആദ്യം പോയത് മുൻ വാർഡൻ ആയ ഫാദർ ജോസ് വിരുപ്പേലച്ചന്റെ അടുത്തായിരുന്നു. എന്നോടൊപ്പം 3 മാസം മുൻപ് മരണപ്പെട്ട എസ് ബി കോളെജ് ലക്ച്ചർ Dr ബിപിൻ ചെറിയാൻ ആണ് എന്നോടൊപ്പം ഉണ്ടായിരുന്നു. വിരുപ്പേലച്ചനെ കണ്ടപ്പോൾ വളരെ അധികം സന്തോഷവും, പിന്തുണയും തന്നത് ഒരിക്കലും മറക്കാൻ പറ്റില്ല.
FB യും വാട്സ്പ്പ് ഉന്നും ഇല്ലാത്ത ആ സമയത്ത് ചമ്പക്കുളം,പുളിംകുന്നു, കൈനകരി, നെടുമുടി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നേരിട്ട് എന്റെ നേതൃത്വത്തിൽ മാസങ്ങളോളം കഷ്ടപെട്ട് എസ് ബി കോളെജിന്റെ ചരിത്രത്തിൽ ആദ്യമായി ഉയർന്ന നിലയിലെത്തി 1000 യോളം പേരെ കണ്ടെത്തി നല്ലൊരു ഡയറക്ടറിയും, പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്താൻ സാധിച്ചത് അഭിമാനമായി ഇന്നും കരുതുന്നു.
ടോം കുന്നുപുറം അച്ചൻ ന്യൂമാൻ ഹോസ്റ്റൽ വാർഡൻ ആയപ്പോൾ എസ് ബി കോളെജിൽ ആദ്യമായി എന്റെ നേതൃത്വത്തിൽ ഹെർബൽ ഗാർഡൻ ഉദ്ഘാടനം നടത്തിയപ്പോരും,മെസ് ജീവക്കാരുടെ യാത്ര അയപ്പ് ചടങ്ങ്, ഹോസ്റ്റൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിനും, മാഗസിൻ പ്രകാശനത്തിനും ഉൾപ്പടെയുള്ള എല്ലാം ചടങ്ങുകൾക്ക് വിരിപ്പേലച്ചനെ ഞങ്ങൾ ക്ഷണിച്ചിരുന്നു. അതിനെല്ലാം അച്ചൻ ഹോസ്റ്റലിൽ വരുമ്പോൾ വളരെ പോസിറ്റീവ് ആയി സംസാരിക്കുകയുംശേഷം എന്നെ പരസ്യമായി അദിനന്ദിച്ചത് ഞാൻ നന്ദിയോടെ ഓർക്കുന്നു. ആ അടുപ്പം കാരണമാണ് അദേഹത്തിന്റെ മാതാവ് 2001 യിൽ മരിച്ചപ്പോൾ ഹോസ്റ്റൽ പ്രതിനിധിയായി ഞാൻ കൊട്ടാരക്കരയിൽ പോയി.
2003 യിൽ കൊല്ലം ശ്രീനാരായണ കോളെജിൽ MA യ്ക്ക് പഠിക്കുമ്പോൾ കൂടുതൽ ലൈബ്രറി ബൂക്ക് റിഫറൻസിനായി എനിക്ക് ആവശ്യമായി വന്നു. ഞാൻ വിരുപ്പേലച്ചനെ സമീപിച്ചപ്പോൾ എന്നെ 6 മാസക്കാലം ലൈബ്രറി ഉപയോഗിക്കാൻ അനുവാദം തന്നു. ഞാൻ ഫീസായി ഒരു തുക നൽകാൻ ശ്രമിച്ചപ്പോൾ എന്നെ തടഞ്ഞു കൊണ്ട് അദ്ദേഹം പറഞ്ഞത് ഇപ്പോഴും എന്റെ ചെവിയിൽ ഉണ്ട് “”” മാലൂരാനെ ന്യൂമാൻ ഹോസ്റ്റലിനും, എസ് ബി കോളെജിനും ഒരിക്കലും മറക്കാൻ പറ്റില്ല””‘.
അതിനു ശേഷം മിക്ക വർഷങ്ങളിലും ജനുവരി 26 നു നടത്തുന്ന എസ് ബി കോളെജ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിനു ഞാൻ പങ്കെടുക്കുന്നുണ്ട്. എന്നെ വളർത്തിയ ന്യൂമാൻ ഹോസ്റ്റലിനെ ഇഷ്ടപ്പെട്ട് ഒരു നിശ്ചിത തുക അടച്ച് ലൈഫ് മെമ്പർ സ്ഥാനവും വർഷങ്ങൾക്ക് മുമ്പ് ഞാൻ എടുത്തിരുന്നു. അതോടൊപ്പം 2011 യിൽ കോളെജിന്റെ 90 യാം വാർഷികത്തിൽ ഇപ്പോഴത്തെ പ്രിൻസിപ്പൽ ഫാദർ റെജി പ്ലാന്തോട്ടം അച്ചന്റെ നേത്യത്വത്തിൽ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് കുട്ടനാട്ടിൽ എത്തിയപ്പോളും എനിക്ക് അവർക്കൊപ്പം സഹകരിക്കാൻ കഴിഞ്ഞു.
വളരെ വേദനാജനകമായ ഒരു കാര്യം പറയട്ടെ എസ് ബി കോളെജിലെ ഏറ്റവും പ്രമുഖ ഹോസ്റ്റലും, കേരളത്തിൽ പ്രമുഖ സിനിമ താരമായ പ്രേം നസീർ ഉൾപ്പടെ യുള്ളവർ ക്ക് ജന്മം നൽകിയത് മറ്റു ഹോസ്റ്റലിൽ നിന്നും വ്യത്യസ്തമായ എക്സ്ട്രാ ആക്റ്റിവിക്റ്റീസ് കാരണം ആയിരുന്നു. നിരവധി IAS,IPS , ഡോക്ടർമാർ, എൻജിനിയർമാർ, മൾട്ടി നാഷണൽ കമ്പനി മേധാവികൾ ആണ് ന്യൂമാൻ ഹോസ്റ്റലിൽ ഉണ്ടായിരുന്നത് (2001 യിൽ ഇറങ്ങിയ മാഗസിനിൽ അതിന്റെ വിവരം ഉണ്ട്). 6 വർഷങ്ങൾക്ക് മുമ്പ് പൂർവ്വ വിദ്യാർത്ഥികളായ ഞങ്ങളെ അറിയിക്കാതെ ന്യൂമാൻ ഹോസ്റ്റൽ പൊളിച്ചു മാറ്റി പുതിയ കെട്ടിടം പണിതത് ഇപ്പോഴും വളരെ ദുഃഖത്തോടെ കാണുന്നു.
ന്യൂമാൻ ഹോസ്റ്റൽ നിലനിന്ന പ്രദേശത്തു വാർഡൻമാരുടെ പേര് എഴുതിയ ഒരു സ്മാരകം കുടി മാനേജ്മെന്റ് വയ്ക്കാത്തത് വളരെ പ്രതിഷേധം ആണ്. അതോടൊപ്പം ന്യൂമാൻ ഹോസ്റ്റലിന്റെ പിറകിൽ മാവേലിക്കര MP കൊടിക്കുന്നിൽ സുരേഷ് ന്റെ ഫണ്ടിൽ നിന്നും ഒരു കോടി രൂപയുടെ കെട്ടിടം പണിതതായി ഞാൻ കണ്ടു. അതും പ്രതിഷേധം തന്നെയാണ് കേരളത്തിലെ കോടീശ്വരനായ മുത്തുറ്റ് ജോർജ് ഉൾപ്പടെ യുള്ള പ്രമുഖർ നിന്ന ഹോസ്റ്റലിലെ എല്ലാരെയും സംഘടിപ്പിച്ചിരുന്നെങ്കിൽ ഒരു മിനിറ്റ് കൊണ്ട് ഒരു കോടി രൂപ കിട്ടിയേനെ. ചരിത്രം അറിയാവുന്ന അച്ചൻ മാർ SB കോളെജിൽ ഇല്ലാത്തത് ആണ് ഇപ്പോഴത്തേ പ്രശ്നം.
കഴിഞ്ഞ 20 വർഷം ചെറിയ രീതിയിലുള്ള SB കോളെജ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ലൈഫ് മെമ്പർ എന്ന നിലയിൽ പങ്കെടുത്ത വ്യക്തി ആയതു കൊണ്ട് ഏതൊക്കെ പറയുന്നു. 100 യാം വാർഷികം SB കോളെജ് എത്തിയ ഈ അവസ്ഥയിൽ കോളെജ് മുൻ കൈ എടുത്ത ഓൺലൈൻ വഴി ജനാധിപത്യ രീതിയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും , അതോടൊപ്പം നൂമാൻ ഹോസ്റ്റൽ മാതൃകയിൽ മറ്റു ഹോസ്റ്റലിനു എല്ലാം പൂർവ്വ വിദ്യാർത്ഥി ഭാരവാഹികൾ ഉണ്ടാവണം അതിനു ചങ്ങനാശേരിയുടെയും, കുട്ടനാടിന്റെ യും പ്രതീക്ഷയായ MLA ശ്രീ ജോബ് മൈക്കിളിനു കഴിയും എന്നാണ് എന്റെ പ്രതീക്ഷ.
അതോടൊപ്പം ന്യൂമാൻ ഹോസ്റ്റലിന്റെ ഹെർബൽ ഗാർഡർ, ന്യൂമാൻ സംഗമം, മാഗസിൻ പബ്ലീഷിംഗ്,ക്രിസ്മസ് കാർഡ് ഉദ്ഘാടനം നിർവ്വഹിച്ച അന്നത്തെ പ്രിൻസിപ്പൽ ഫിലിപ്പ്സ് വടക്കേകളം അച്ചൻ, എല്ലാത്തിനും പിൻന്തുണ നല്കി എല്ലാർക്കും പ്രിയങ്കരനായ ഫാദർ റ്റോം കുന്നുംപുറം അച്ചനെയും ഒരിക്കലും മറക്കാൻ പറ്റില്ല.
കുര്യൻ ജെ മാലൂർ വാച്ചാപറമ്പിൽ കുട്ടനാട്.
MD Maloor Holidays
Ernakulam.
(എസ് ബി കോളെജ് -1996-2001)
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു. പാര്‍ലമെന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യ, വിക്രമസിംഗെയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ലങ്കയുടെ എട്ടാമത് പ്രസിഡന്റാണ് റനില്‍ വിക്രമസിംഗെ.സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന രാജ്യത്തെ, രാജ്യാന്തര സമൂഹത്തിന്റെ സഹായത്തോടെ കരകയറ്റുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് 73 കാരനായ റനിലിനുള്ളത്. ജനകീയപ്രക്ഷോഭത്തെത്തുടർന്നു ഗോത്താബയ രാജപക്സെ രാജ്യംവിട്ടതോടെ റനിൽ പ്രസിഡന്റിന്റെ ചുമതലയും വഹിച്ചിരുന്നു.പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 225 അംഗങ്ങളിൽ 134 പേരും ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുനയുടെ (എസ്എൽപിപി) പിന്തുണയുള്ള വിക്രമസിംഗെയെ അനുകൂലിച്ചു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയും എസ്എൽപിപിയുടെ വിഘടിതവിഭാഗത്തിന്റെ നേതാവുമായ ദുള്ളാസ് അലഹപ്പെരുമ 82 വോട്ടുകൾ നേടി. ഇടതുകക്ഷിയായ ജനത വിമുക്തി പെരുമുന നേതാവ് അനുര കുമാര ദിസനായകെയ്ക്കു ലഭിച്ചതു വെറും മൂന്നു വോട്ടുകള്‍.കനത്ത സുരക്ഷയിലായിരുന്നു പാർലമെന്റിലെ നടപടിക്രമങ്ങൾ. സ്പീക്കർ മഹിന്ദ യാപ അബേവർധനയാണ് ഫലം പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ അദ്ദേഹം എല്ലാ കക്ഷികളുടെയും പിന്തുണ തേടി.ജനാധിപത്യക്രമം കാത്തുസൂക്ഷിച്ചതിനു പാർലമെന്റിനോടു നന്ദിപറഞ്ഞ റനിൽ വിക്രമസിംഗെ പ്രതിസന്ധിയിൽനിന്നു കരകയറാൻ എല്ലാവരുടെയും സഹകരണം തേടി. വിഘടിച്ചുനിന്ന നമ്മൾ ഒരുമിച്ചു പ്രവർത്തിച്ച് പ്രതിസന്ധിയെ മറികടക്കാമെന്ന് അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. 12 മണിയോടെയാണ് സോണിയ ഗാന്ധി, മക്കളായ പ്രിയങ്കയ്ക്കും രാഹുല്‍ ഗാന്ധിക്കും അഭിഭാഷകയ്ക്കുമൊപ്പം ഇ.ഡി ഓഫീസിലെത്തിയത്. സോണിയ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ച് കാറിനെ അനുഗമിച്ച എം.പിമാര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായി. സോണിയ ഗാന്ധിയുടെ കാര്‍ മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇ.ഡി ആസ്ഥാനത്തേക്ക് കടത്തിവിട്ടത്.
രാഹുല്‍ ഗാന്ധി ഇ.ഡി ആസ്ഥാനത്തു എത്തി. സോണിയയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ പ്രിയങ്കയെ സഹായത്തിനായി അനുവദിച്ചിട്ടുണ്ട്.
സോണിയയെ ചോദ്യം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രതിഷേധിച്ചവരെയാണ് കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ എല്ലാം കസ്റ്റഡിയിലായിട്ടുണ്ട്. സമാധാനപരമാണ് പ്രതിഷേധമെന്നും പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് എം.പി ദീപേന്ദ്രര്‍ എസ്.ഹൂഡ പ്രതികരിച്ചു.
കേന്ദ്രസര്‍ക്കാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ്. വിലക്കയറ്റം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ചുവെങ്കിലും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇപ്പോള്‍ കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും മല്ലികാര്‍ജുന ഖാര്‍ഗെ വിമര്‍ശിച്ചു.
സോണിയ ഗാന്ധിയെ അപമാനിക്കാനാണ് ഇ.ഡിയുടെ ശ്രമം. കോണ്‍ഗ്രസിനെതിനെ കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗിക്കുകയാണെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ പറഞ്ഞു.
ഇ.ഡിയുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്.
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ലോക കോടീശ്വരന്മാരില്‍ നാലാമനായി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി.
ഫോബ്‌സിന്റെ തത്സമയ ശതകോടീശ്വര പട്ടികയില്‍ വ്യാഴാഴ്ചയിലെ കണക്കു പ്രകാരമാണ് അദാനിയുടെ മുന്നേറ്റം. 9,23,214 കോടി(115.5 ബില്യണ്‍ ഡോളര്‍)രൂപയാണ് അദാനിയുടെ ആസ്തി. ബില്‍ ഗേറ്റ്‌സിന്റെ ആസ്തിയാകട്ടെ 8,36,088 കോടി രൂപ(104. ബില്യണ്‍ ഡോളര്‍)യും മുകേഷ് അംബാനിയുടേത് 7,19,388 കോടി (90 ബില്യണ്‍ ഡോളര്‍)രൂപയുമാണ്.
പട്ടികയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് മുകേഷ് അംബാനി. ചെറുകിട ഉത്പന്ന വ്യാപാരത്തില്‍നിന്ന് തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഖനികള്‍, ഹരിത ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ബിസിനസ് വ്യാപിപ്പിച്ചാണ് അദാനി ഈ നേട്ടം സ്വന്തമാക്കിയത്.
മലയാളി താരം സഞ്ജു സാംസണിന്റെ ആരാധകക്കൂട്ടം വലിയ തോതില്‍ വ്യാപിച്ചിട്ടുണ്ട്. അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ സഞ്ജു ടീമിലുണ്ടെന്ന് പ്രഖ്യാപനത്തിന് പിന്നാലെ ഉണ്ടായ ആഘോഷം അന്നത്തെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ വരെ അതിശയിപ്പിച്ചിരുന്നു. ലോകത്തിന്റെ ഏത് കോണിലും സഞ്ജുവിനെ പിന്തുണയ്ക്കാന്‍ ഒരു കൂട്ടമുണ്ടാകുമെന്ന് തെളിയിക്കുന്നതായിരുന്നു ആ സംഭവം.
ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയുമായി ബന്ധപ്പെട്ട് സഞ്ജു ട്രിനിഡാഡിലാണ്. സഞ്ജു വിമാനത്താവളത്തിന് പുറത്തിറങ്ങിയപ്പോള്‍ തന്നെ സഞ്ജു ചേട്ടാ, ഞങ്ങള്‍ ഗ്രൗണ്ടിലുണ്ടാവും, പൊളിച്ചേക്കണേ എന്ന് ഒരാള്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു. സഞ്ജു അതിന് ഒക്കെയെന്ന് മറുപടിയും നല്‍കിയിരുന്നു. ഈ വീഡിയോ ഇതിനോടകം തന്നെ വൈറലാകുകയും ചെയ്തിരുന്നു. എന്നാല്‍ ആ വീഡിയോയ്ക്ക് പിന്നിലുണ്ടായിരുന്നവരെ പരിചയപ്പെടുത്തിയിരിക്കുകയാണ് സഞ്ജു ഇപ്പോള്‍.
“ഹലോ എല്ലാവര്‍ക്കും നമസ്കാരം, ഞാനിപ്പോള്‍ ട്രിനിഡാഡിലാണ്. നമ്മുടെ ചേട്ടന്മാര്‍ കൂടെയുണ്ട്. വളരെ സന്തോഷം, ചെട്ടനിവിടെ ഉണ്ട്. ഒരു വീഡിയോ എടുക്കാന്‍ പറഞ്ഞതില്‍ വളരെ സന്തോഷം. കരീബിയനില്‍ ആദ്യ അനുഭവം ഞാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ എന്റെ അടുത്ത് ചേട്ടന്‍ ബാക്കീന്ന് വിളിച്ച് കപ്പേം മീനും വേണോന്ന് ചോദിച്ചാണ് എന്നെ വീഴ്ത്തിയത്. അങ്ങനെയാണ് ആദ്യത്തെ മലയാളിയെ ഇവിടെ പരിചയപ്പെട്ടത്,” സഞ്ജു വീഡിയോയില്‍ പറഞ്ഞു.
നാളെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്. ശിഖര്‍ ധവാനാണ് ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുന്നത്.
ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, റിതുരാജ് ഗെയ്കവാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഷാര്‍ദുല്‍ ഠാകൂര്‍, യൂസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.
Sanju Samson along with his wife has reached Port of Spain, Trinidad and Tobago ahead of #WIvIND ODI series.#SanjuSamson | @IamSanjuSamson pic.twitter.com/PsEY34Lzi5
— Sanju Samson Fan Page (@SanjuSamsonFP) July 20, 2022
Sanju Samson interacting with fans from WI
This guy is so simple ❤️🙌#SanjuSamson | @IamSanjuSamson | @SanjuSamsonFP pic.twitter.com/KND5b84LoG
— Sanju Samson Fan Page (@SanjuSamsonFP) July 21, 2022
യാത്രകളും സാഹസങ്ങളും ഇഷ്ടപ്പെടുന്ന ‘റിയല്‍ ലൈഫ് ചാര്‍ളി’ എന്നാണ് പ്രണവ് മോഹന്‍ലാലിനെ ആരാധകക്കൂട്ടം വിശേഷിപ്പിക്കുന്നത്. പ്രണവിന്റെ സാഹസിക വീഡിയോകള്‍ പലതും ആരെയും അമ്പരപ്പിക്കുന്നതാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സുരക്ഷാ സംവിധാനങ്ങളുടെ സഹായങ്ങളില്ലാതെ കൂറ്റന്‍ മല കയറുന്ന പ്രണവിനേയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. വളരെ നിസാരമായാണ് പ്രണവ് മല കയറുന്നത്. ക്ലൈംബിങ്ങ് ഷൂസ് മാത്രമാണ് പ്രണവ് മലകയറ്റത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അസാധ്യമായ മെയ് വഴക്കത്തോടെയുള്ള പ്രണവിന്റെ അഭ്യാസങ്ങള്‍ക്ക് എന്നും കയ്യടി ലഭിച്ചിട്ടുണ്ട്.
കേരള ബോക്സ് ഓഫീസ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ പ്രണവിന് കയ്യടി മാത്രമല്ല വിമര്‍ശനവും ഒരുപോലെ ലഭിക്കുന്നണ്ട്. ചെക്കന് ഓരേ പൊളിയെന്നും സിനിമയേക്കാള്‍ താത്പര്യം ഇത്തരം കാര്യങ്ങളോടാണെന്നുമാണ് കമന്റ്. എന്നാല്‍ സുരക്ഷ സംവിധാനങ്ങളുടെ അഭാവത്തിലുള്ള അഭ്യാസം അപകടകരമാണെന്നും ചിലര്‍ പറയുന്നു.
നേരത്തെ ശരീരം ബാലൻസ് ചെയ്ത് സ്ലാക് ലൈനിലൂടെ കൂളായി നടക്കുന്ന പ്രണവിന്റെ ഒരു വീഡിയോയും വൈറലായിരുന്നു. ശ്രദ്ധയോടെയും ഏകാഗ്രതയോടെയും കയറിലൂടെ നടന്നുനീങ്ങുന്ന പ്രണവിനെയാണ് ആ വീഡിയോയിൽ കഴിഞ്ഞത്. പാര്‍ക്കൗര്‍, സര്‍ഫിങ് തുടങ്ങിയ അഭ്യാസപ്രകടനങ്ങളില്‍ പ്രണവ് പരിശീലനം നേടിയിട്ടുണ്ട്.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ഹൃദയമാണ് പ്രണവ് അവസാനമായി അഭിനയിച്ച ചിത്രം. ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ചിത്രം 50 കോടി രൂപയിലധികം കളക്ഷനും നേടിയിരുന്നു. പ്രണവിന് പുറമെ ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.
തൃശ്ശൂരിൽ മത്സരയോട്ടം നടത്തിയ ആഡംബര വാഹനങ്ങളിലൊന്ന് ടാക്‌സിലേയ്ക്ക് ഇടിച്ചു കയറി ഒരു മരണം. ഗുരുവായൂർ ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച കാറിലേയ്ക്കാണ് ഥാർ ഇടിച്ചുകയറിയത്. പാടൂക്കാട് രമ്യ നിവാസിൽ 67കാരനായ രവിശങ്കർ ആണ് അപകടത്തിൽ മരിച്ചത്.
കാറിലുണ്ടായിരുന്ന രവിശങ്കറിന്റെ ഭാര്യ മായ (61), മകൾ വിദ്യ (35), പേരക്കുട്ടി നാലു വയസ്സുകാരി ഗായത്രി, കാർ ഡ്രൈവർ ഇരവിമംഗലം മൂർക്കാട്ടിൽ രാജൻ എന്നിവർക്ക് പരിക്കേറ്റു. ഇതിൽ വിദ്യയുടെയും മായയുടെയും പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
കൊട്ടേക്കാട് സെന്ററിൽ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം നടന്നത്. ഥാർ, ബി.എം.ഡബ്ള്യു. വാഹനങ്ങളാണ് മത്സരിച്ചോടിയതെന്ന് പോലീസ് പറഞ്ഞു. എതിർദിശയിൽ നിന്നുവന്ന ഥാർ കാറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിന് പിന്നാലെ ബി.എം.ഡബ്ള്യു കാറും നിർത്താതെ പോയി. ഥാറിൽ ഉണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. തൃശ്ശൂർ അയ്യന്തോൾ സ്വദേശി ഷെറിൻ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വൈദ്യപരിശോധനക്ക് വിധേയനാക്കിയതിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
നടി നയന്‍താരക്കും സംവിധായകന്‍ വിഘ്നേഷ് ശിവനും നോട്ടീസ് അയച്ച് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ്. 25 കോടി രൂപ നല്‍കിയായിരുന്നു നെറ്റ്ഫ്‌ലിക്‌സ് ആഡംബര വിവാഹത്തിന്റെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയിരുന്നത്.
താരദമ്പതികളുടെ കല്യാണത്തിന്റെ ചിലവ് മുഴുവന്‍ വഹിച്ചത് നെറ്റ്ഫ്‌ലിക്‌സായിരുന്നു. വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും നെറ്റ്ഫ്‌ലിക്സ് പിന്‍മാറിയതിന് പിന്നാലെയാണ് താരങ്ങള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. തങ്ങള്‍ക്ക് തുക മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നെറ്റ്ഫ്‌ളിക്‌സ് സ്ട്രീം ചെയ്യുന്നതിന് മുന്‍പേ വിഘ്നേഷ് ശിവന്‍ വിവാഹച്ചിത്രങ്ങള്‍ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രസിദ്ധീകരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഷാരൂഖ് ഖാന്‍, സൂര്യ, രജനികാന്ത്, ജ്യോതിക, അനിരുദ്ധ്, വിജയ് സേതുപതി തുടങ്ങി വന്‍താരനിര തന്നെ വിവാഹ ചടങ്ങിനെത്തിയിരുന്നു. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് വിഘ്നേഷ് ഷെയര്‍ ചെയ്തത്.
തങ്ങളുടെ അനുവാദമില്ലാതെ ചിത്രങ്ങള്‍ പുറത്തുവിട്ടത് നെറ്റ്ഫ്‌ലിക്‌സിനെ ചൊടിപ്പിക്കുകയായിരുന്നു. ചിത്രങ്ങള്‍ പുറത്ത് വന്നതോടെ വിവാഹ വീഡിയോയുടെ പ്രാധാന്യം കുറഞ്ഞെന്നും കാണികള്‍ ഉണ്ടാവില്ലെന്നുമാണ് നെറ്റ്ഫ്‌ലിക്‌സ് കാരണമായി പറയുന്നത്.
മഹാബലിപുരത്ത് നടന്ന ആഡംബര ചടങ്ങിലായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. അതിഥികള്‍ക്കുള്ള മുറികള്‍, അലങ്കാരം, മേക്കപ്പ്, സുരക്ഷ, കൂടാതെ ഓരോ പ്ലേറ്റിനും 3500 രൂപ വിലയുള്ള ഭക്ഷണത്തിനും ഉള്‍പ്പെടെ മുഴുവന്‍ ചടങ്ങുകള്‍ക്കും നെറ്റ്ഫ്ളിക്സ് തന്നെയാണ് പണം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
അതേസമയം, ഒരു മാസം കഴിഞ്ഞിട്ടും നെറ്റ്ഫ്ളിക്സ് വീഡിയോ സ്ട്രീം ചെയ്യാത്തതിനെ തുടര്‍ന്നാണ് വിവാഹ ചിത്രങ്ങള്‍ വിഘ്നേഷ് ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കിട്ടത്. ഇനിയും ആരാധകര്‍ കാത്തിരിക്കില്ലെന്ന് പറഞ്ഞാണ് വിഷ്‌നേഷ് വിവാഹം കഴിഞ്ഞ് ഒരുമാസം പൂര്‍ത്തിയായപ്പോള്‍ ഫോട്ടോ പുറത്ത് വിട്ടത്.