Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കേംബ്രിഡ്ജ് : കേംബ്രിഡ്ജ് സിറ്റി കൗൺസിലിന്റെ പ്രമേയത്തിൽ സുപ്രധാന തീരുമാനവുമായി എൻഎംസി. മലയാളിയായ കൗൺസിലർ ബൈജു തിട്ടാല കൊണ്ടുവന്ന പ്രമേയം കേംബ്രിഡ്ജ് സിറ്റി കൗൺസിൽ പാസാക്കിയിരുന്നു. യൂറോപ്യൻ യൂണിയൻ ഇതര നേഴ്‌സ് എൻറോൾമെന്റ് രജിസ്‌ട്രേഷൻ സംബന്ധിച്ച് കേംബ്രിഡ്ജ് സിറ്റി കൗൺസിൽ ഗ്രൂപ്പ് ലീഡർ ലൂയിസ് ഹെർബർട്ട്, കൗൺസിലർ ബൈജു തിട്ടാല എന്നിവരുമായി കൂടിയാലോചന നടത്താൻ നേഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിനോട് അഭ്യർത്ഥിക്കുന്ന പ്രമേയമാണ് ഇത്. ബ്രിട്ടനിലേക്ക് കുടിയേറിയ എല്ലാ നേഴ്‌സുമാരും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയക്കണമെന്ന് എൻഎംസി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിനുള്ള മാനദണ്ഡങ്ങൾ വിവേചനപരമാണെന്ന് ബൈജു തിട്ടാല നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. ഏകദേശം 10 വർഷമായി എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം കെയർ അസിസ്റ്റന്റുമാരും ടെസ്റ്റിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറയുന്നു.

ലൂയിസ് ഹെർബർട്ട്

യുകെയിൽ വിജയകരമായി ബിരുദം / ബിരുദാനന്തര ബിരുദം നേടിയ കെയർ അസിസ്റ്റന്റുമാർക്ക് നേഴ്‌സായി യോഗ്യത നേടുന്നതിന് ഇംഗ്ലീഷ് പരീക്ഷ എഴുതണം. എൻഎംസിയുടെ ഇത്തരം ആവശ്യകതകൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. നമ്മുടെ ആരോഗ്യമേഖലയിൽ ദീർഘനേരം ജോലി ചെയ്യുന്ന നേഴ്സുമാർക്ക് ഇംഗ്ലീഷ് പരീക്ഷ ആവശ്യമാണെന്ന എൻഎംസി നിലപാട് അന്യായമാണെന്ന് ബൈജു തിട്ടാലയുടെ പ്രമേയത്തിൽ പറയുന്നു. 2019ലാണ് ഈ പ്രമേയം പാസായത്. കൺസൾട്ടേഷനായി 2020 ജനുവരി 30 – ന് ഹെർബർട്ട്,ബൈജു തിട്ടാല എന്നിവരെ എൻഎംസി ക്ഷണിച്ചു. 4 വർഷത്തിലേറെയായി കെയർ അസിസ്റ്റന്റുമാരായി ജോലി ചെയ്യുന്ന ആന്റണി സേവ്യർ , ഷാലി തോമസ് , സിനി പോൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഗവേഷണത്തിന്റെ കണ്ടെത്തലുകൾ വിശദമായി പരിശോധിക്കാമെന്ന് എൻഎംസി പിന്നീട് കത്തിൽ ഉറപ്പുനൽകി.

ബൈജു തിട്ടാല

ഐഇഎല്‍ടിഎസ്, ഒഇടി ടെസ്റ്റുകളാണ് നിലവില്‍ അന്താരാഷ്ട്ര പരിശീലനം നേടി രജിസ്റ്ററില്‍ ചേരാനെത്തുന്ന നേഴ്സുമാര്‍ക്കായി എന്‍എംസി സ്വീകരിക്കുന്നത്. ഇതില്‍ നിന്നും സുപ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും ന്യായമായ രീതിയിലേക്ക് നയം മാറ്റണമെന്ന ആവശ്യമാണ് ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ ഉയർന്നത്. ഇതിന്റെ ഫലമായി ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് പരിഗണിക്കുന്ന രീതിയാണ് ആദ്യം കണ്‍സള്‍ട്ടേഷന് വിധേയമാകുക. രണ്ടാമത്, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പരിശോധിക്കാന്‍ മറ്റ് തെളിവുകള്‍ പരിഗണിക്കേണ്ടതുണ്ടോ എന്നതാണ്. എംപ്ലോയറുടെ റഫറന്‍സ്, യുകെയിലെ ഹെല്‍ത്ത്കെയര്‍ സംവിധാനങ്ങളില്‍ റെഗുലേറ്റ് ചെയ്യാത്ത പ്രാക്ടീസില്‍ നിന്നുള്ള തെളിവ്, ബിരുദാനന്തര ബിരുദം ഇംഗ്ലീഷിൽ പഠിച്ചതാണോ എന്ന് തുടങ്ങിയ പരിശോധനകളും ഇതില്‍ പെടും.

ഈ പ്രമേയത്തെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാ കൗൺസിലർമാർക്കും കേംബ്രിഡ്ജ് ലേബർ പാർട്ടിക്കും കൗൺസിലർ ഹെർബെർട്ടും കൗൺസിലർ ബൈജു തിട്ടാലയും നന്ദി പറഞ്ഞു. അന്തിമ തീരുമാനത്തിന് മുൻപായി കേംബ്രിഡ്ജ് സിറ്റി കൗൺസിലുമായി കൂടിയാലോചിക്കണമെന്ന് എൻഎംസിക്ക് കത്തെഴുതാനുള്ള നീക്കത്തിലാണ് ബൈജു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക്, പിന്നീട് പ്രധാനമന്ത്രി സ്ഥാനത്തേക്കുമുള്ള മത്സരത്തിൽ ഇന്ത്യൻ വംശജനായ റിഷി സുനകിനു പിന്നാലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുകയാണ് മുൻ ആരോഗ്യ സെക്രട്ടറിമാരായ സാജിദ് ജാവേദും, ജെറെമി ഹണ്ടും. ഇവരെ കൂടാതെ തന്നെ നിരവധി പേർ ഈ സ്ഥാനത്തേക്ക് കടന്നുവരുവാനുള്ള തങ്ങളുടെ നീക്കം അറിയിച്ചിട്ടുണ്ട്. ഇതിൽ ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ്, അറ്റോർണി ജനറൽ സുല്ല ബ്രേവർമാൻ, ചാൻസലർ നാദീം സഹാവി, മുൻ എക്വാളിറ്റിസ് മിനിസ്റ്റർ കെമി ബടെന്നോച്ച്, ഫോറിൻ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ടോം ടുഗൻധത്ത് എന്നിവർ ഉൾപ്പെടുന്നുണ്ട്. ടാക്സുകൾ കുറയ്ക്കുമെന്ന വാഗ്ദാനമാണ് ഭൂരിഭാഗം സ്ഥാനാർത്ഥികളും മുന്നോട്ട് വയ്ക്കുന്നത്.
കോർപ്പറേഷൻ ടാക്സുകൾ 15 ശതമാനം കുറയ്ക്കുമെന്ന് ജെറെമി ഹണ്ട് വാഗ്ദാനം ചെയ്തിരിക്കുകയാണ്. യുകെ ഫോറിൻ സെക്രട്ടറി ലിസ് ട്രെസും മത്സരരംഗത്തേക്ക് കടന്നു വരാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. നിലവിലുള്ള ജീവിത ചെലവുകളുടെ വർദ്ധന പിടിച്ചു നിർത്തുകയാണ് മറ്റൊരു ലക്ഷ്യമെന്ന് ജാവേദ് വ്യക്തമാക്കി. ഞായറാഴ്ച ടെലഗ്രാഫ് പത്രത്തിലൂടെയാണ് ഇരുവരും തങ്ങളുടെ സ്ഥാനാർത്ഥിത്വം അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വംശജനായ ചാൻസലർ റിഷി സുനക് തന്റെ സ്ഥാനാർത്ഥിത്വം വെളിപ്പെടുത്തിയത്. നിലവിലുള്ള സ്ഥാനാർത്ഥികളിൽ ഏറ്റവും ഉയർന്ന സാധ്യത റിഷി സുനകിന് തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ മരുമകനായ റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായാൽ ചരിത്ര സംഭവമാകും. ഒരു സോഷ്യൽ മീഡിയയിലൂടെ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച റിഷി സുനക് രാജ്യത്ത് നഷ്ടപ്പെട്ടുപോയ വിശ്വാസം പുനഃസ്ഥാപിക്കുവാനും സമ്പദ് വ്യവസ്ഥയെ പുനർ നിർമ്മിക്കുവാനും രാജ്യത്തെ വീണ്ടും ഐക്യതയോടെ നിലനിർത്തുവാനുമാണ് ഇത്തരം ഒരു തീരുമാനം താൻ കൈക്കൊണ്ടതെന്ന് വ്യക്തമാക്കി. നേതൃത്വ തെരഞ്ഞെടുപ്പിന്റെ സമയക്രമം അടുത്തയാഴ്ച അറിയാൻ ആകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സെപ്റ്റംബറിൽ പുതിയ പ്രധാനമന്ത്രി ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലിവർപൂൾ : ഐടിവിയുടെ പുതിയ പരമ്പരയായ ‘കം ഡൈൻ വിത്ത് മീ: ദി പ്രൊഫഷണൽസിൽ’ മലയാളി ദമ്പതികളുടെ റസ്റ്ററന്റ്. സാബുജി റോക്കി, ജിഷ സാബുജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ‘കേരള കിച്ചൺ സൗത്ത് ഇന്ത്യൻ റസ്റ്ററന്റ് & ബാർ’ ആണ് മലയാളികളുടെ അഭിമാനമാകുന്നത്. അപ്‌ടണിലെ ആരോ പാർക്ക് റോഡിലാണ് കേരള കിച്ചൺ. ജൂലൈ 15 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ചാനൽ 4ലാണ് പരിപാടി സംപ്രേഷണം ചെയ്യുക. 2006-ൽ സ്ഥാപിതമായ കേരളാ കിച്ചൺ, നോർത്ത് വെസ്റ്റിൽ കേരള സംസ്‍കാരവും തനത് രുചികളും പകർന്നു നൽകുന്നു. ആദ്യ ദിവസം തന്നെ മികച്ച സ്വീകാര്യത നേടിയ റസ്റ്ററന്റ് വളരെ പെട്ടെന്ന് ആളുകൾക്ക് പ്രിയപ്പെട്ടതായി മാറി. രുചികരമായ, ഗുണനിലവാരമുള്ള ഭക്ഷണമാണ് കേരള കിച്ചൺ വിളമ്പുന്നത്. ഓണം, വിഷു, ദീപാവലി എന്നീ ഉത്സവങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കുമായി പ്രാദേശിക സമൂഹത്തിന്റെ വലിയൊരു ഭാഗം ഇവിടെ ഒത്തുചേരുന്നു.

സൗത്ത് ഇന്ത്യൻ പാചകരീതികളിൽ നേടിയ വൈദഗ്ദ്ധ്യമാണ് ഈ റസ്റ്ററന്റിന്റെ വിജയകാരണങ്ങളിൽ ഒന്ന്. സസ്യാഹാരം മാത്രം കഴിക്കുന്നവരെ ആകർഷിക്കുന്ന മെനു ഇവിടുത്തെ പ്രത്യേകതയാണ്. അലർജി രഹിത ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്. യഥാർത്ഥ കേരള രുചിയെപ്പറ്റി പറയുമ്പോൾ മെർസിസൈഡിലുടനീളം പലരുടെയും ആദ്യ തിരഞ്ഞെടുപ്പ് ഈ ‘കേരള അടുക്കള’യാണ്.

സാബുജിയോടും ജിഷയോടും ഒപ്പം മകൻ പ്രണവ് റോക്കി സാബുജി, മകൾ ആതിര ഇല സാബുജി, മാനേജർ റോബിൻ പോൾ വർഗീസ്, ജീവനക്കാരായ ബിജോയ് മാത്യു, മനോജ് കുര്യൻ എന്നിവർ ഷോയിൽ ഉൾപ്പെടുന്നു. മൂന്നു ദിവസങ്ങളിലായാണ് ചിത്രീകരണം നടന്നതെന്ന് സാബുജി പറഞ്ഞു. രാവിലെ 8 മണിക്ക് ആരംഭിച്ച് അർദ്ധരാത്രിയോടെയാണ് അവസാനിച്ചതെങ്കിലും പുതിയ അനുഭവത്തിന്റെ ഓരോ നിമിഷവും ഞങ്ങൾ നന്നായി ആസ്വദിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഈ പരിപാടിയിൽ, മൂന്ന് പ്രൊഫഷണൽ ജോഡികൾ പരസ്പരം 3 കോഴ്‌സ് മീൽ പാകം ചെയ്യും. പാചകം മാത്രമല്ല, വിനോദവും ഉണ്ട്. മൂന്ന് ഡിന്നർ പാർട്ടികൾക്കും ശേഷം ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ജോഡി വിജയിയായി തിരഞ്ഞെടുക്കപ്പെടും. ഓരോ എപ്പിസോഡും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും. ലിവർപൂൾ എപ്പിസോഡിലാണ് ഇവർ പ്രത്യക്ഷപ്പെടുക. “ഞങ്ങളുടെ പാചകവും വിനോദവും ഹോസ്റ്റിംഗും തീർച്ചയായും പ്രോഗ്രാമിന്റെ കാഴ്ചക്കാരെ ആകർഷിക്കും.” സാബുജി ഉറപ്പ് പറയുന്നു. 2022 മാർച്ചിലാണ് പുതിയ സീരീസിൽ പങ്കെടുക്കാനായി കേരള കിച്ചണിന് ഐടിവിയുടെ ക്ഷണം ലഭിച്ചത്. 2005 ജനുവരി 10 മുതൽ ചാനൽ 4-ൽ സംപ്രേഷണം ചെയ്യുന്ന ഒരു ബ്രിട്ടീഷ് റിയാലിറ്റി സീരീസാണ് കം ഡൈൻ വിത്ത് മി. അതിന്റെ പുതിയ പതിപ്പായ കപ്പിൾസ് കം ഡൈൻ വിത്ത് മീ 2014-ൽ സമാരംഭിച്ചു.

ഉപഭോക്താക്കളെ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായാണ് കേരള കിച്ചൺ കാണുന്നത്. ഇതുകൂടാതെ, നിരവധി പ്രാദേശിക ചാരിറ്റി പരിപാടികൾ വർഷംതോറും വിജയകരമായി നടത്തപ്പെടുന്നു. ജൂലായ് 15 ന് ബിഗ് സ്‌ക്രീനിൽ തങ്ങളെ കാണുന്നതിന്റെ ആവേശത്തിലാണ് ദമ്പതികൾ. ഡൈൻ ഇൻ, ടേക്ക് ഔട്ട് സൗകര്യങ്ങളുമായി ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ റസ്റ്ററന്റ് പ്രവർത്തിക്കുന്നു. ഗുണനിലവാരത്തിനും ശുചിത്വത്തിനും പേരുകേട്ട 5-സ്റ്റാർ റസ്റ്ററന്റ്, കേരള നാടിന്റെയും രുചിയുടെയും മഹത്വം വിളിച്ചോതി ജൈത്രയാത്ര തുടരുകയാണ്.

ഡോ. ഐഷ വി കഴിഞ്ഞ രണ്ട് വർഷമായി എല്ലാ ഞായറാഴ്ചയും മലയാളം യുകെ . കോമിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഓർമ്മ ചെപ്പ് തുറന്നപ്പോൾ എന്ന പംക്തി ആദ്യ 100 അധ്യായങ്ങൾ ചേർത്തുള്ള പുസ്തക പ്രകാശനം പ്രൗഢഗംഭീരമായ സദസിന് സാക്ഷിയാക്കി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് നടന്നു. പ്രമുഖ കവിയും അധ്യാപകനും മലയാളം മിഷൻ രജിസ്ട്രാറുമായ ശ്രീ വിനോദ് വൈശാഖി ഉത്‌ഘാടനം നിർവഹിച്ച ചടങ്ങിൽ സമാദാരണീയനും നവതി ആഘോഷിക്കുകയും ചെയ്യുന്ന പ്രശസ്ത കവി ആറ്റിങ്ങൽ ദിവാകരൻ പുസ്തകം ഏറ്റുവാങ്ങി. വൈജ്ഞാനികവും സാമൂഹികവും ജൈവികവും രാഷ്ട്രീയവുമായ അടിത്തറയുള്ള നാലു തൂണുകളിലാണ് ഓർമ്മചെപ്പ് ഉയർത്തിയിരിക്കുന്നതെന്ന് ശ്രീ വിനോദ് വൈശാഖി തൻെറ ഉത്‌ഘാടന പ്രസംഗ മധ്യേ പറഞ്ഞു .

എഴുത്തുകാരനും , കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവിയുമായ റ്റിജി തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ബുക്ക്സ് കോ ഓർഡിനേറ്റർ പിങ്കി എസ് അധ്യക്ഷത വഹിച്ചു . ചിറക്കര ഗ്രാമ പഞ്ചായത്ത് ഇടവട്ടം വാർഡ് മെമ്പർ ശ്രീമതി സജില റ്റി എസ് , ശ്രീ ആർ രാധാകൃഷ്ണൻ ( രാഷ്ട്രപതിയുടെ മികച്ച അധ്യാപകനുള്ള അവാർഡ് ജേതാവ്), കുര്യച്ചൻ റ്റി ഡി ( വൈസ് പ്രസിഡന്റ്, കലാ സാംസ്കാരിക കമ്മിറ്റി കൺവീനർ, IHRD എംപ്ലോയീസ് യൂണിയൻ), ശ്രീ ഷാജി സേനൻ (കവി, സാഹിത്യകാരൻ), ശ്രീ അഖിൽ പുതുശ്ശേരി ( യുവ കവി), ഡോ. അനിത വി ( മേധാവി , ഡിപാർട്ട്മെന്റ് ഓഫ് എക്കണോമിക്സ് , യൂണിവേഴ്സിറ്റി ഓഫ് കേരള) എന്നിവർ ആശംസകൾ അർപ്പിച്ചു. പുസ്തക രചയിതാവ് ഡോ. ഐഷ വി കൃതജ്ഞത പറഞ്ഞു.


ഓർമ്മച്ചെപ്പിൽ ചിത്രങ്ങൾ വരച്ചത് ചിത്രകാരിയും എഴുത്തുകാരിയുമായ അനുജ സജീവാണ്. ഓർമ്മച്ചെപ്പ് പുസ്തകത്തിൻറെ കവർപേജും രൂപകല്പനയും നടത്തിയത് പ്രശസ്ത കാർട്ടൂണിസ്റ്റ് ഒ.സി രാജുവാണ്.

ഓർമ്മകൾ വരികളിലൂടെ അനശ്വരമാക്കാനുള്ള ഒരു ശ്രമമാണ് ഈ ഓർമ്മക്കുറിപ്പുകൾ . സ്വന്തം ജീവിതാനുഭവങ്ങളും ജീവിതവഴിയിൽ പരിചയപ്പെട്ടവരുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അനുഭവങ്ങളും രചനയ്ക്ക് വിഷയമായിട്ടുണ്ട്. പലരുടേയും പോരാട്ടങ്ങളും അതിജീവന കഥകളും ഓർമ്മച്ചെപ്പിൽ ഉൾക്കൊള്ളുന്നു .19 – 20 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ചിലരുടെ ജീവിതങ്ങളും ഇതിലുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് പോർമുഖങ്ങളിൽ ഉണ്ടായിരുന്നവരേയും അന്നത്തെ ജനങ്ങളുടെ ദുരിതാ ദുരിതാവസ്ഥയേയും പരാമർശിക്കുന്നുണ്ട്. സാധാരണ മനുഷ്യർ മൺമറഞ്ഞാൽ പിന്നെ അവരെക്കുറിച്ചുള്ള ഓർമ്മകളും വിസ്മൃതിയിലാഴും . എന്നാൽ അവരിൽ പലരും നമ്മുടെ നാടിൻറെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണഭൂതരായിട്ടുള്ളവരാണെന്ന സന്ദേശവും ഈ പുസ്തകം മുമ്പോട്ട് വയ്ക്കുന്നു. പപ്പായ, മുരിങ്ങ തുടങ്ങിയ സസ്യങ്ങളുടെ ഔഷധ ഗുണത്തെപ്പറ്റിയും കൂവരക് , കുരുമുളക്, കൂവക്കിഴങ്ങ് പൊടി , മഞ്ഞൾപൊടി തുടങ്ങിയവയുടെ സൂക്ഷിപ്പുകാലത്തെപ്പറ്റിയും ഇവിടെ പരാമർശിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടന്റെ പല ഭാഗങ്ങളിലും വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില 30 ഡിഗ്രി കടക്കുമെന്നതിനാൽ കുട്ടികൾക്ക് കൂടുതൽ കരുതൽ ഉറപ്പാക്കണമെന്ന് എൻഎച്ച്എസ് നിർദേശം. കാലാവസ്ഥാ വ്യതിയാനം കാരണം ഉഷ്ണതരംഗം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് ധാരാളം വെള്ളം കുടിക്കാൻ നൽകണമെന്നും സൺ ക്രീം പുരട്ടണമെന്നും തണലിൽ മാത്രം കളിക്കാൻ വിടണമെന്നും ഷെഫീൽഡ് ചിൽഡ്രൻസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് നിർദേശിച്ചു. ഏറെ നേരം കുട്ടികളെ വെയിലത്തു നിർത്തരുതെന്നും നിർദേശത്തിൽ പറയുന്നു.

കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിപ്പിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക. ചൂട് കാരണം തലവേദന ഉണ്ടെന്ന് പറഞ്ഞാൽ ഉടൻ തന്നെ കുട്ടിയെ തണലിലേക്ക് മാറ്റി വെള്ളം കുടിക്കാൻ നൽകണം. ഒപ്പം വിശ്രമവും പ്രധാനമാണ്. പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗം ഉള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) പറഞ്ഞു.

വെള്ളിയാഴ്ച ലണ്ടനിലെ സെന്റ് ജെയിംസ് പാർക്കിൽ 28.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഉഷ്ണ തരംഗത്തിനു മുന്നോടിയായി കിഴക്ക്, തെക്ക് ഇംഗ്ലണ്ടിൽ ലെവൽ ത്രീ ഹീറ്റ്-ഹെൽത്ത് അലേർട്ട് പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിന്റെ മറ്റു ഭാഗങ്ങളിൽ ലെവൽ 2 അലേർട്ടാണ്. നിലവിലുണ്ടായിരുന്ന ലെവല്‍ 3 യില്‍ നിന്നാണ് ഇത് ലെവല്‍ 2 വിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. വരുന്ന തിങ്കളാഴ്ച്ച 9 മണിമുതല്‍ അടുത്ത വെള്ളിയാഴ്ച്ച രാവിലെ 9 മണി വരെ ഈ അലര്‍ട്ട് നിലവിലുണ്ടാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അവധിക്ക് നാട്ടിൽ പോയി വരുമ്പോൾ അനുവദനീയമായതിന്റെ പരമാവധി സാധനങ്ങൾ കൊണ്ടുവരുക എന്നത് ലോകമൊട്ടാകെയുള്ള മലയാളികളുടെ ശീലമാണ്. ഈ കാര്യങ്ങളിൽ യുകെ മലയാളികളും വ്യത്യസ്തരല്ല. യുകെയിൽ കിട്ടുന്നതാണെങ്കിലും അമ്മയും ബന്ധുക്കളും തന്നു വിടുന്ന സാധനങ്ങൾ കൊണ്ടുവരുന്നത് മനോഹരമായ ഗൃഹാതുരത്വത്തിന്റെ ഭാഗം കൂടിയാണ് . ഈ കൂട്ടത്തിൽ കുടംപുളിയും, ഉണക്ക കപ്പയും. കറിവേപ്പിലയും ,മാങ്ങയും, അച്ചാറും, ഉണക്കമീനും ഉൾപ്പെടെയുണ്ട്. തിരിച്ച് യുകെയിലെത്തുമ്പോൾ കൊണ്ടുവന്ന സാധനങ്ങൾ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമ്പോൾ ഉണ്ടാകുന്ന ആത്മസംതൃപ്തിയും നാടിൻറെ മണമുള്ള സാധനങ്ങൾ കൊണ്ടുവരാൻ പലരെയും പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്.

പായ്ക്ക് ചെയ്തു കൊണ്ടുവരുന്ന സാധനങ്ങളിൽ ഏതെങ്കിലും നിയമവിരുദ്ധമായിട്ടുണ്ടോ എന്നത് അലട്ടുന്ന പലരെയും അലട്ടുന്ന പ്രശ്നമാണ്. ഭക്ഷണസാധനങ്ങൾ യുകെയിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ചുള്ള വിശദമായ മാർഗരേഖ ഗവൺമെൻറ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു പ്രകാരം മാംസം, പാൽ, മത്സ്യം മറ്റു മൃഗ ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിനുള്ള നിയമങ്ങൾ യാത്രക്കാരൻ ഏത് രാജ്യത്തുനിന്ന് കൊണ്ടുവരും എന്നതിനെ കൂടി ആശ്രയിച്ചായിരിക്കും.


വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നതു പ്രകാരം യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് വരുമ്പോൾ മാംസം അല്ലെങ്കിൽ മാംസ ഉത്പന്നങ്ങൾ, പാൽ അല്ലെങ്കിൽ പാൽ അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിന് വിലക്കുണ്ട് . ഇനി നാട്ടിൽ പോയി വരുമ്പോൾ ഉണക്കയിറച്ചി കൊണ്ടുവന്നാൽ പിടിക്കപ്പെട്ടേക്കാം.

ഒരാൾക്ക് 2 കിലോ വരെ തേൻ, ശിശുക്കൾക്ക് വേണ്ടിയുള്ള പൊടി രൂപത്തിലുള്ള പാലുത്പന്നങ്ങൾ, ശിശുഭക്ഷണം തുടങ്ങിയ സാധനങ്ങൾ കൊണ്ടുവരുന്നത് അനുവദനീയമാണ്. എന്നാൽ മലയാളികളിൽ പലരും ആശങ്കയോടെ കൊണ്ടുവരുന്ന ഉണക്കമീൻ കൊണ്ടുവരാമെന്നാണ് വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത്. മത്സ്യം , മത്സ്യ ഉത്പന്നങ്ങൾ, ഉണങ്ങിയതോ പാകം ചെയ്തതോ ആയ മത്സ്യ ഉത്പന്നങ്ങൾ എന്നിവ ഒരാൾക്ക് 20 കിലോ വരെ കൊണ്ടുവരാൻ സാധിക്കും.

കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന ഗവൺമെന്റ് വെബ്‌സൈറ്റിൽ ലഭ്യമാണ് .

https://www.gov.uk/bringing-food-into-great-britain/meat-dairy-fish-animal-products

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കൺസർവേറ്റീവ് പാർട്ടിയുടെ അടുത്ത നേതാവും പ്രധാനമന്ത്രിയും ആകാനുള്ള മത്സരത്തിലേക്ക് മുൻ വൈസ് ചാൻസലറായ ഋഷി സുനകും. ഈ സ്‌ഥാനത്തേയ്ക്ക്‌ തൻെറ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചവരിൽ ഏറ്റവും ഉയർന്ന സാധ്യതയും ഈ ഇന്ത്യൻ വംശജന് തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ചൊവ്വാഴ്ച മന്ത്രിസഭയിൽ നിന്നുള്ള അദ്ദേഹത്തിൻറെ രാജി മറ്റു മന്ത്രിമാർ രാജി വയ്ക്കുന്നതിന് കാരണമാക്കിയിരുന്നു. ഈ സംഭവവികാസങ്ങളാണ് ടോറി പാർട്ടിയുടെ നേതാവ് സ്‌ഥാനത്തു നിന്ന് ബോറിസ് ജോൺസണെ രാജിവെക്കാൻ നിർബന്ധിതനാക്കിയത്. അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ ബോറിസ് ജോൺസൺ ഇടക്കാല പ്രധാനമന്ത്രിയായി തുടരും. മുതിർന്ന ബാക്ക്ബെഞ്ചർ ടോം തുഗെന്ധത്, അറ്റോർണി ജനറൽ സുല്ല ബ്രാവെർമാൻ, മുൻ ഇക്വാലിറ്റീസ് മന്ത്രി കെമി ബാഡെനോക്ക് എന്നിവരും തങ്ങളുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചവരിൽ ഉൾപ്പെടുന്നു.

അതേസമയം മുൻ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, പ്രതിരോധ സെക്രട്ടറി ബെൻ വാലസ്, മുൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് എന്നിവരും സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട് . മുൻ ബ്രെക്‌സിറ്റ് മന്ത്രി സ്റ്റീവ് ബേക്കർ നേതൃത്വസ്ഥാനത്തേക്ക് നിൽക്കുവാൻ താൻ ആലോചിച്ചിരുന്നതായും എന്നാൽ പിന്നീട് ആ ശ്രമം ഉപേക്ഷിച്ചെന്നും അറിയിച്ചു . നേതൃത്വതിരഞ്ഞെടുപ്പിൻെറ സമയക്രമം അടുത്തയാഴ്ച അറിയാമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . സെപ്റ്റംബറിൽ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു സോഷ്യൽ മീഡിയ വീഡിയോയിലൂടെ തൻറെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സുനക് രാജ്യത്ത് നഷ്ടപ്പെട്ടുപോയ വിശ്വാസം പുനസ്ഥാപിക്കാനും സമ്പദ് വ്യവസ്ഥയെ പുനർനിർമ്മിക്കാനും രാജ്യത്തെ വീണ്ടും ഒന്നിപ്പിക്കാനുമാണ് താൻ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്ന് പറഞ്ഞു. ഈയൊരു സന്ദർഭത്തിൽ നമ്മൾ ഗൗരവത്തോടെ നിശ്ചയദാർഢ്യത്തോടെ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിലെ ഏറ്റവും സാധാരണക്കാരന്റെ പോലും ഭക്ഷണമായിരുന്ന ലൂർപക് ബട്ടറിന് ഇപ്പോൾ ഒരു പാക്കറ്റിന് 9 പൗണ്ട് എന്ന രീതിയിൽ എത്തിച്ചേർന്നിരിക്കുകയാണ്. ഇതേ തുടർന്ന് ബട്ടർ പാക്കറ്റുകളോടൊപ്പം സെക്യൂരിറ്റി ടാഗും ഉൾപ്പെടുത്തുവാൻ നിർബന്ധിതരായിരിക്കുകയാണ് സൂപ്പർമാർക്കറ്റ് ഉടമകൾ. അസ് ഡാ സ്റ്റോറുകളിൽ 500ഗ്രാം ഡയിനിഷ് ബട്ടർ 6 പൗണ്ടിനാണ് ലഭിക്കുന്നത്. ഇത്തരം പാക്കറ്റുകളിൽ എല്ലാം തന്നെ ഇലക്ട്രോണിക് സെക്യൂരിറ്റി ടാഗുകളും സൂപ്പർമാർക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി വിലകൂടിയ , മോഷണം പോകാൻ സാധ്യതയുള്ള ഇലക്ട്രോണിക് സാധനങ്ങൾക്കും മറ്റുമാണ് സെക്യൂരിറ്റി ടാഗുകൾ സൂപ്പർമാർക്കറ്റുകളിൽ ഉണ്ടായിരുന്നത്. ആദ്യമായാണ് ദൈനംദിന ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ഭക്ഷണസാധനങ്ങൾക്ക് സെക്യൂരിറ്റി ടാഗുകൾ ഏർപ്പെടുത്തുന്നത് താൻ കാണുന്നതെന്ന് ഒരു കൺസ്യൂമർ റൈറ്റ്സ് ആക്ടിവിസ്റ്റ് വ്യക്തമാക്കി.


500ഗ്രാം ബട്ടറിന് കഴിഞ്ഞവർഷം ജൂണിൽ ഉണ്ടായിരുന്ന വിലയേക്കാൾ 33 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇനിയും ഇത്തരം അവസ്ഥ മുന്നോട്ടു പോയാൽ ആവശ്യഭക്ഷണസാധനങ്ങൾ വാങ്ങിക്കാൻ ലോൺ എടുക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് നിരവധിപേർ ട്വിറ്ററിൽ തമാശയായി രേഖപ്പെടുത്തി. അവശ്യസാധനങ്ങൾക്കുള്ള ക്രമാതീതമായ വിലവർധന ജനങ്ങളുടെ ജീവിതത്തെ ആകെ സാരമായി ബാധിച്ചിട്ടുണ്ട്. അടുത്തവർഷം പകുതി വരെയെങ്കിലും ഇത്തരത്തിലുള്ള വിലവർധന ഉണ്ടാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- മറ്റ് ഡ്രൈവർമാർക്ക് വേണ്ടി 150 ഓളം ഡ്രൈവിംഗ് ടെസ്റ്റുകളിൽ പങ്കെടുത്ത സ്ത്രീക്ക് കോടതി എട്ടു മാസത്തെ ജയിൽ ശിക്ഷ വിധിച്ചിരിക്കുകയാണ്. വെയിൽസിലെ കാർമാർതെൻഷെയറിലെ ലാനെലിയിൽ നിന്നുള്ള ഇരുപത്തൊമ്പതുകാരിയായ ഇന്ദ്രജീത്ത് കൗറിനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. 2018 മുതൽ 2020 വരെയുള്ള കാലഘട്ടങ്ങളിൽ ഇവർ നിരവധി പേർക്ക് പകരമായി ടെസ്റ്റുകളിൽ പങ്കെടുത്തതായി പോലീസ് കണ്ടെത്തി. ഇംഗ്ലീഷ് ഭാഷയിൽ ബുദ്ധിമുട്ടുള്ളവർക്കാണ് ഇവർ പ്രധാനമായും പകരക്കാരിയായത്. സ്വാൻസി, കാർമാർതെൻ, ബിർമിങ്ഹാം, ലണ്ടൻ എന്നിവിടങ്ങളിൽ എല്ലാം തന്നെ ഇവർ ടെസ്റ്റുകളിൽ പങ്കാളിയായിട്ടുണ്ട്. പണത്തോടുള്ള അമിതമായ ആസക്തി മൂലമാണ് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതെന്നാണ് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ സ്റ്റീവൻ മലൊണി വ്യക്തമാക്കുന്നത്.

പൊതുസമൂഹത്തിന് മൊത്തത്തിൽ ദോഷം ചെയ്യുന്ന തരത്തിലുള്ള കുറ്റകൃത്യമാണ് ഇവർ ചെയ്തതെന്ന് ചീഫ് ഇൻസ്പെക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിൽ വ്യക്തമായ ഡ്രൈവിംഗ് ധാരണകൾ ഇല്ലാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നത് അപകടത്തിന് വഴിതെളിക്കുമെന്ന അഭിപ്രായമാണ് കോടതി വ്യക്തമാക്കുന്നത്. സ്വാൻസി ക്രൗൺ കോടതിയാണ് ഈ സംബന്ധിച്ച് വാദം കേട്ടത്. നിരവധി സെന്ററുകളിൽ സംശയമുണ്ടായതിനെ തുടർന്ന് ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് സ് ഏജൻസി നൽകിയ നിർദേശത്തിലാണ് സൗത്ത് വെയിൽസിൽ ഇത് സംബന്ധിച്ച് അന്വേഷണം നടന്നത്. ഇത്തരത്തിൽ തെറ്റായ രീതിയിലൂടെ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുന്നത് അപകടങ്ങൾക്ക് വഴിതെളിക്കുമെന്ന് ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് സ് ഏജൻസി വ്യക്തമാക്കി..

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ വരുന്ന ആഴ്ചകളിൽ താപനില ക്രമാതീതമായി വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം. ലണ്ടനിൽ അടുത്ത ദിവസങ്ങളിൽ 30 ഡിഗ്രി സെൽഷ്യസ് താപനില വരെ ഉണ്ടാകും. തെക്കൻ ഇംഗ്ലണ്ടിലും സെൻട്രൽ ഇംഗ്ലണ്ടിലും ആകും ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുക എന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നിരുന്നാൽ തന്നെയും ബ്രിട്ടനിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ശരാശരിയിൽ കൂടുതൽ താപനില രേഖപ്പെടുത്താനുള്ള സാധ്യതയാണ് കാലാവസ്ഥ വിഭാഗം പ്രവചിച്ചത്. എന്നാൽ യുകെയുടെ വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ മറ്റു പ്രദേശങ്ങളെക്കാൾ കുറച്ചു കൂടി താപനിലയിൽ കുറവുണ്ടാകും. ഇന്ന് വെള്ളിയാഴ്ച ലണ്ടനിൽ 28 ഡിഗ്രി സെൽഷ്യസ് താപനില ഉണ്ടാകുമെന്നും, ഇത് തുടർന്നുള്ള ദിവസങ്ങളിലും തുടരുമെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ചൂട് കാലത്തിന്റെ തുടക്കത്തിലാണ് നാം ആയിരിക്കുന്നതെന്നും, കുറച്ചു ദിവസങ്ങൾ ഈ കാലാവസ്ഥ തന്നെ തുടരുമെന്നും ചീഫ് മെറ്റിയറോളജിക്കൽ ഓഫീസർ വ്യക്തമാക്കി. അമിത ചൂട് ഉണ്ടാകുന്ന സാഹചര്യത്തിൽ ജനങ്ങൾ തങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുകൾ ആരോഗ്യ വിഭാഗം നൽകി കഴിഞ്ഞു. എല്ലാവരും ചൂട് കാലം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണെങ്കിലും , കുട്ടികൾ, പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ തങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകണമെന്ന് ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. 2020 ൽ ചൂടുകാലത്ത് ബ്രിട്ടനിൽ ഏകദേശം 2500 റോളം മരണങ്ങൾ ഉണ്ടായിരുന്നു. ബീച്ചുകളും മറ്റും സന്ദർശിക്കുന്ന സമയങ്ങളിൽ ജനങ്ങൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും ഉണ്ട്.

RECENT POSTS
Copyright © . All rights reserved