Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വിവാദങ്ങളുടെ നീണ്ട പരമ്പരയ്ക്കൊടുവിൽ പ്രധാനമന്ത്രി ബോറി ജോൺസന്റെ പടിയിറക്കം രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിച്ചതു തന്നെയാണ്. പാർട്ടി ഗേറ്റും അനുബന്ധ സംഭവങ്ങളുമാണ് ബോറിസിന്റെ രാഷ്ട്രീയ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിച്ചു തുടങ്ങിയത്. ഏറ്റവും ഒടുവിൽ ക്രിസ് പിഞ്ചറിന് ചീഫ് വിപ്പാക്കിയത് അവസാനം അദ്ദേഹത്തിൻറെ രാജിയിലേയ്ക്കും വഴിവച്ചു.

അടുത്ത പ്രധാനമന്ത്രി സ്ഥാനം ഏൽക്കുന്നതുവരെ ഇടക്കാല പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ തുടരും . എന്നിരുന്നാലും വൻ സാമ്പത്തിക, നയപരമായ തീരുമാനങ്ങൾ ഇടക്കാല പ്രധാനമന്ത്രിയായ ബോറിസ് ജോൺസനിൽ നിന്ന് ഉണ്ടാവുകയില്ല. അടുത്ത പ്രധാനമന്ത്രിയെ ഉടനെ തന്നെ തിരഞ്ഞെടുക്കണമെന്നും അല്ലാത്തപക്ഷം ഡെപ്യൂട്ടി പ്രധാനമന്ത്രി ഡൊമിനിക് റാബിനെ ഇടക്കാല പ്രധാനമന്ത്രിയാക്കണമെന്ന അഭിപ്രായം ഭരണപക്ഷത്തു തന്നെയുണ്ട്. മുൻ പ്രധാനമന്ത്രി സർ ജോൺ മേജർ ഈ നിർദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. പാർലമെൻറിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള ലേബർ പാർട്ടിയുടെ ഭീഷണിയും ഭരണപക്ഷത്ത് ആശങ്കയുടെ നിഴൽ വിരിച്ചിട്ടുണ്ട്.

അടുത്ത പ്രധാനമന്ത്രി ആരായിരിക്കും എന്നത് ബ്രിട്ടനിലെ ജനങ്ങൾ മാത്രമല്ല ലോകരാജ്യങ്ങളും ഉറ്റുനോക്കുകയാണ്. കോവിഡും ഇന്ധന വില വർദ്ധനവും തകർന്ന സമ്പദ് വ്യവസ്ഥയിൽ രാജ്യത്തെ ആര് മുന്നോട്ടു നയിക്കും എന്നതിനെപ്പറ്റി ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സാധ്യത കൽപ്പിക്കുന്നവരിൽ ഇന്ത്യൻ വംശജനായ ഋഷി സുനകിനാണ് ഒട്ടേറെ പേർ മുൻഗണന നൽകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മാസങ്ങൾ നീണ്ട പീഡനത്തെ തുടർന്ന് മകൻ മരിച്ച സംഭവത്തിൽ ജയിലിലായിരുന്ന അമ്മയ്ക്ക് മോചനം . ഇപ്പോൾ 40 വയസ്സായ ട്രേസി കോനെലിനെയാണ് ജയിലിൽ നിന്ന് മോചിപ്പിക്കാൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ് നടപടി കൈക്കൊണ്ടത്. 2007 ആഗസ്റ്റ് 3 -നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 17 മാസം പ്രായമുള്ള തൻറെ മകൻ നിരന്തര പീഡനങ്ങളെ തുടർന്ന് മരണമടഞ്ഞ സംഭവത്തിൽ 2009 മുതൽ പ്രതി ജയിൽ ശിക്ഷ അനുഭവിച്ചു വരുകയായിരുന്നു.

നിലവിലെ സാഹചര്യത്തിൽ പ്രതി കൂടുതൽ കുറ്റകൃത്യം ചെയ്യാനുള്ള സാധ്യതയില്ല എന്നത് പരിഗണിച്ചാണ് പ്രൊബേഷൻ ഓഫീസർമാരും ജയിൽ ഉദ്യോഗസ്ഥരും ജയിൽ മോചനത്തെ പിന്തുണച്ചത്. നേരത്തെ 2013 -ൽ കോനെലി മോചിതയായെങ്കിലും പരോൾ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് 2015 -ൽ ജയിലിലേയ്ക്ക് തിരിച്ചു വിളിക്കുകയായിരുന്നു.

ട്രേസി കോനെലിയുടെ കുറ്റകൃത്യം കടുത്ത തിന്മയായിരുന്നതിനാലാണ് അവളുടെ മോചനത്തെ താൻ ശക്തമായി എതിർത്തതെന്ന് ഉപപ്രധാനമന്ത്രിയും ജസ്റ്റിസ് സെക്രട്ടറിയുമായ മിസ്റ്റർ റാബ് പറഞ്ഞു.
കോനെലിയുടെ ഇൻറർനെറ്റിന്റെയും ഫോണിന്റെയും ഉപയോഗം നിരീക്ഷിക്കപ്പെടുമെ ന്ന് അധികൃതർ അറിയിച്ചു . അതോടൊപ്പം ഇരകളുമായുള്ള സമ്പർക്കം ഒഴിവാക്കാനും കുട്ടികളെ സംരക്ഷിക്കാനുമായി ചില സ്ഥലങ്ങളിൽ പോകാൻ കഴിയില്ലെന്നതും മോചന വ്യവസ്ഥയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട് .
കോനെലിയുടെ പ്രവർത്തനങ്ങൾ ആരുമായി ബന്ധപ്പെടുന്നു, എന്നീ കാര്യങ്ങളും കൂടാതെ 20 ഇൽ അധികം ലൈസൻസ് വ്യവസ്ഥകൾ എന്നിവ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ജൂൺ പത്താം തീയതി വാഹനാപകടത്തിൽ മരണമടഞ്ഞ ഡോക്ടർ ജ്യോതിസ് മണലയിലിന് (26 ) യുകെ മലയാളികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ലിവർപൂളിന്റെ പ്രിയ ഡോക്ടർ ജ്യോതിസിന്റെ മൃതസംസ്കാര ശുശ്രൂഷകളിൽ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. മുൻപ് അറിയിച്ചിരുന്ന പോലെ രാവിലെ പത്തരയ്ക്ക് ജ്യോതിസിന്റെ ഭൗതികശരീരം ഹെലൻ ഹോളിക്രോസ് പള്ളിയിൽ പൊതുദർശനം ആരംഭിച്ചു. നന്നേ ചെറുപ്പം മുതൽ അൾത്താര ബാലനായി കുർബാന കൂടിയ പള്ളിയിൽ ജ്യോതിസിന്റെ ചേതനയറ്റ ശരീരം കിടക്കുന്ന ഹൃദയഭേദകമായ കാഴ്ച ഏതൊരാളെയും കണ്ണീരണിയിക്കുന്നതായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട മകനെ അന്ത്യ ചുംബനം നൽകുന്ന പിതാവ് ജോജപ്പൻെറയും മാതാവ് ജെസിയുടെയും സഹോദരൻ ജോവിസിൻെറയും ദൃശ്യങ്ങൾ വളരെ കാലത്തേയ്ക്ക് യുകെ മലയാളികളുടെ മനസ്സിൽ തീരാവിങ്ങലായിരിക്കും. ഓമന പുത്രന്റെ വേർപാടിൽ വിങ്ങിപ്പൊട്ടി കരയുന്ന മാതാപിതാക്കളുടെ അണപൊട്ടിയൊഴുകിയ ദുഃഖം ഹൃദയഭേദകമായിരുന്നു.ലങ്കാഷെയര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡോക്ടറായിരുന്ന ജ്യോതിസിൻെറ സഹപ്രവർത്തകരും സുഹൃത്തുക്കളുമായി ഒട്ടേറെ പേരാണ് തങ്ങളുടെ പ്രിയ സഹ പ്രവർത്തകനെ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിചേർന്നത്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലാണ് മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. ഒരു മനുഷ്യായുസിൽ ചെയ്തു തീർക്കാവുന്ന നന്മകൾ മുഴുവൻ സമൂഹത്തിന് നൽകിയാണ് ഡോ. ജ്യോതിസ് വിട പറഞ്ഞതെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ തൻെറ പ്രസംഗത്തിൽ പറഞ്ഞു . മൃതസംസ്കാര ശുശ്രൂഷയുടെ പ്രധാന ഭാഗങ്ങൾ സീറോ മലബാർ ആരാധന ക്രമമനുസരിച്ച് മലയാളത്തിലാണ് നടന്നത്. ചാൻസിലർ ഫാ. മാത്യു പിണ്ണാക്കനാട്ട് , ഫാ ആൻഡ്രൂസ് ചെതലൻ, പിതാവിൻറെ സെക്രട്ടറി ഫാ. മാത്യു, ഫാ . ജോസ് അഞ്ചാനിക്കൽ , ഫാ. രാജേഷ് ആരത്തിൽ , ഫാ. രഞ്ജിത്ത്, ഇടവക വികാരി ഫാദർ കെവിൻ തുടങ്ങിയ വൈദികരും സന്ന്യസ്തരും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും ശുശ്രൂഷകളിൽ പങ്കെടുക്കാനും എത്തിയിരുന്നു.

ജ്യോതിസ് ജോലി ചെയ്തിരുന്ന ലങ്കഷെയർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽനിന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ ശേഷം മെഡിക്കൽ സ്റ്റുഡൻസിനു ക്ലാസ് എടുത്ത ശേഷം താമസ സ്ഥലത്തേക്കു കാറില്‍ പോകവേ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടമാണ് മരണകാരണമായത് .

പഠിത്തത്തിലും കലാസാംസ്‌കാരിക മേഖലയിലും പ്രതിഭയായിരുന്നു ഡോക്ടർ ജ്യോതിസ് . ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ നിന്നാണ് MBBS കരസ്ഥമാക്കിയത്. ജ്യോതിസിന്റെ കുടുംബം കേരളത്തിൽ ചങ്ങനാശേരി സെന്റ് . മേരിസ് കത്തീഡ്രൽ ഇടവക മണലയില്‍ കുടുംബാംഗമാണ്. ആല്മീയ, സാമൂഹ്യ, സാംസ്‌കാരിക, ആതുര സേവന, ജീവകാരുണ്യ, വിദ്യാഭ്യാസ, മേഖലകളിലെ നിരവധി വ്യക്തികള്‍, സുഹൃത്തുക്കള്‍, സഹപാഠികള്‍, ബന്ധുക്കള്‍, ഇടവകാംഗങ്ങള്‍ അടക്കം നൂറു കണക്കിന് വ്യക്തികള്‍ അകാലത്തില്‍ വേര്‍പിരിഞ്ഞുപോയ പ്രിയ സോദരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി എത്തിയിരുന്നു .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിൽ എത്തി അധികനാൾ ആകുന്നതിന് മുൻപേ മലയാളി യുവാവിന് ദാരുണാന്ത്യം. കുഴഞ്ഞു വീണതിന് പിന്നാലെ മരണപ്പെടുകയായിരുന്നു. കല്ലറ സ്വദേശിയായ ജസ്റ്റിന്‍ ജോയ് (35)ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. യുകെയിൽ അടുത്ത കാലങ്ങളിലായി നിരവധി മലയാളി യുവാക്കളാണ് ആകസ്മികമായി മരണമടഞ്ഞത്. ജസ്റ്റിൻ ലണ്ടനിലെ സെന്റ് ആല്‍ബന്‍സിലാണ് താമസിച്ചിരുന്നത്. യുകെയിലേയ്ക്ക് വരുന്നതിന് മുൻപ് നേരത്തെ ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സായി ജോലിചെയ്തിരുന്നു. ബ്രിട്ടനിൽ പൂളിലെ ഡോക്കിലാണ് നേഴ്‌സായി ജോലി നോക്കിയിരുന്നത്.

കല്ലറ പഴയപള്ളി ഇടവക പുതുപ്പറമ്പില്‍ ജോയിയുടെ മകന്‍ ആണ് ജസ്റ്റിന്‍. ഭാര്യ അനു ജസ്റ്റിന്‍ കട്ടച്ചിറ നെടുംതൊട്ടിയില്‍ കുടുംബാംഗമാണ്. മകൻ അഡ്വിക്. മാതാവ് മോളി ജോയി കല്ലറ ചൂരുവേലില്‍ കുടിലില്‍ കുടുംബാംഗമാണ്. ജയിസ് ജോയി , ജിമ്മി ജോയി എന്നിവരാണ് സഹോദരങ്ങള്‍. യുകെകെസിഎ സ്റ്റീവനേജ് യുണിറ്റ് , ലണ്ടന്‍ സെന്റ് ജോസഫ് ക്നാനായ കാത്തലിക് മിഷൻ എന്നിവയിലെ അംഗമായിരുന്നു പരേതന്‍. ഭാര്യ ജോലി കഴിഞ്ഞെത്തുമ്പോള്‍ ജസ്റ്റിന്‍ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടെത്തുകയായിരുന്നു.

ജസ്റ്റിൻ ജോയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. പുതിയ പ്രധാനമന്ത്രി ആരാകണമെന്നുള്ളത് ഇപ്പോൾ പാർലമെൻററി പാർട്ടിയുടെ പൂർണ്ണ ഇഷ്ടത്തിലായിരിക്കും എന്ന് ബോറിസ് ജോൺസൺ തൻെറ പ്രസ്താവനയിൽ പറഞ്ഞു .

പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള സമയക്രമം അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ .താൻ വാഗ്ദാനം ചെയ്ത കാര്യങ്ങൾ നടപ്പിലാക്കേണ്ട കടമ തനിക്ക് ഉണ്ടെന്നു തോന്നിയതിനാലും വോട്ടർമാരുടെ അഭിപ്രായം അറിയേണ്ടതിനാലും ആയിരുന്നു താൻ രാജിവയ്ക്കാൻ ഇത്രയും താമസിച്ചത് എന്നും അദ്ദേഹം പറഞ്ഞു. ബ്രെക്‌സിറ്റ് പൂർത്തിയാക്കുക, യുകെയെ കോവിഡ് മഹാമാരിയിൽ നിന്ന് വിമുക്തമാക്കുക , വ്‌ളാഡിമിർ പുടിന്റെ ഉക്രെയ്‌ൻ അധിനിവേശത്തിനെതിരെ നിലകൊള്ളാൻ പാശ്ചാത്യ രാജ്യങ്ങളെ നയിക്കുക എന്നിവ ഉൾപ്പെടെയുള്ള തന്റെ നേട്ടങ്ങളിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടൻ ലോകരാജ്യങ്ങൾക്കിടയിലെ തങ്ങളുടെ സ്വാധീനം നിലനിർത്തണമെന്നും ഇതുവഴി യൂറോപ്യൻ രാജ്യങ്ങളിലെ ഏറ്റവും സമ്പന്നമായ രാജ്യം ആകുവാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരമൊരു പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സർക്കാരിനെ മാറ്റുന്നത് തീർത്തും വിചിത്രമാണെന്ന് തൻെറ സഹപ്രവർത്തകരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അതിൽ വിജയിക്കാത്തതിൽ താൻ ഖേദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

തൻെറ പ്രസ്താവനയിൽ ഭാര്യ കാരി, മക്കൾ, എൻഎച്ച്എസ്, സായുധ സേന, ഡൗണിംഗ് സ്ട്രീറ്റ് ജീവനക്കാർ എന്നിവർക്കും അദ്ദേഹം നന്ദി പറഞ്ഞു.

യുകെയിലെ അടുത്ത പ്രധാനമന്ത്രി ആരായിരിക്കും എന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ്. സാധ്യത കൽപിക്കുന്നവരിൽ ഇന്ത്യൻ വംശജനായ ഋഷി സുനക്കിനാണ് ഒട്ടേറെ പേർ മുൻഗണന നൽകുന്നത്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പ്രധാനമന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ലെവലിംഗ് അപ്പ് സെക്രട്ടറി മൈക്കൽ ഗോവിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. ബുധനാഴ്ച വൈകുന്നേരമാണ് പ്രധാനമന്ത്രി ഈ തീരുമാനം കൈകൊണ്ടത്. മന്ത്രിസഭയിൽ നിന്നുയരുന്ന എതിർ ശബ്ദങ്ങളെ അടിച്ചമർത്തി പ്രധാനമന്ത്രി പദത്തിൽ തുടരാനാണ് ജോൺസൻ ശ്രമിക്കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. സാമ്പത്തിക സമ്മർദങ്ങൾക്കും യുദ്ധ പ്രതിസന്ധിക്കും ഇടയിൽ “എല്ലാം അവസാനിപ്പിച്ചു പോകുന്നത്” ശരിയല്ലെന്ന് അദ്ദേഹം കോമൺസ് ലെയ്‌സൺ കമ്മിറ്റിയിലെ മുതിർന്ന എംപിമാരോട് പറഞ്ഞു.

ബുധനാഴ്ച ഡൗണിംഗ് സ്ട്രീറ്റിൽ വച്ച് പ്രധാനമന്ത്രി രാജി പ്രഖ്യാപിക്കും എന്ന ഊഹാപോഹങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് ‘പ്രധാനമന്ത്രി പോരാടുമെന്ന്’ 10-ാം നമ്പർ വ്യക്തമാക്കിയത്. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ, ചീഫ് വിപ്പ് ക്രിസ് ഹീറ്റൺ-ഹാരിസ്, ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ്, വെൽഷ് സെക്രട്ടറി സൈമൺ ഹാർട്ട് എന്നിവർ പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. ജോൺസണെ സഹായിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ സമയം അതിക്രമിച്ചുപോയെന്നും പറഞ്ഞ് ഹാർട്ട് തന്റെ സ്ഥാനം രാജിവച്ചു.

പ്രധാനമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ആളായിരുന്നു ഗോവ്. എന്നാൽ ഭരണ പ്രതിസന്ധി മുന്നിൽക്കണ്ട് പ്രധാനമന്ത്രി രാജി വെക്കണമെന്നാണ് ഗോവ് ആവശ്യപ്പെട്ടത്. എന്നാൽ ഗോവിനെ മന്ത്രിസഭയിൽ നിന്നും നീക്കിയ തീരുമാനമാണ് ജോൺസൻ സ്വീകരിച്ചത്. ചാൻസലർ ഋഷി സുനക്, ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് എന്നിവരുടെ നാടകീയമായ രാജിയെത്തുടർന്ന് ചൊവ്വാഴ്ചയാണ് ജോൺസന്റെ പ്രധാനമന്ത്രിസ്ഥാനത്തെ തന്നെ ബാധിക്കുന്ന പ്രതിസന്ധി ആരംഭിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വർദ്ധിച്ചുവരുന്ന കോവിഡ് വ്യാപനം തടയാൻ കൂടുതൽ പേരിലേയ്ക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകാൻ ഒരുങ്ങുകയാണ് യുകെയിലെ ആരോഗ്യ മേഖല. ഇതിൻറെ ഭാഗമായി 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് നാലാമത്തെ ബൂസ്റ്റർ വാക്സിൻ ലഭിക്കും. ഏറ്റവും പുതിയ ജനിതക വകഭേദങ്ങളെ ഫലപ്രദമായി നേരിടാൻ നാലാമത്തെ വാക്സിൽ സഹായിക്കും എന്നാണ് കരുതുന്നത്.

നേരത്തെ തന്നെ ദുർബല വിഭാഗത്തിൽ പെട്ടവർക്ക് നാലാമത്തെ കോവിഡ് വാക്സിൻ നൽകാൻ ആരംഭിച്ചിരുന്നു. നിലവിൽ രാജ്യത്ത് ആറ് ദശലക്ഷത്തിലധികം ജനങ്ങൾ നാലാമത്തെ ഡോസ് കിട്ടാൻ അർഹരാണ് . മുൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് മന്ത്രിസ്ഥാനം ഒഴിയുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് രാജ്യത്തെ കോവിഡ് വ്യാപനത്തെക്കുറിച്ച് മന്ത്രിസഭയ്ക്ക് മുൻപിൽ വിശദീകരണം നടത്തിയിരുന്നു.

യുകെയിൽ കോവിഡ് വ്യാപനം കുതിച്ചുയരുകയാണെങ്കിലും ഗവൺമെന്റിന്റെ ഭാഗത്തുനിന്നും പുതിയ നിയന്ത്രണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്താൻ പദ്ധതികളില്ലന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ലീവിങ് വിത്ത് കോവിഡ് നയം തന്നെയായിരിക്കും ഗവൺമെൻറ് പിൻതുടരുക. എന്നാൽ ഏറ്റവും കൂടുതൽ ആളുകളിലേയ്ക്ക് വാക്സിന്റെ നാലാമത്തെ ഡോസ് എത്തിക്കുന്നതിലായിരിക്കും സർക്കാർ മുൻഗണന നൽകുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഈസിജെറ്റ് പൈലറ്റ് ട്രെയിനി ആയ 21 വയസ്സുകാരി നെറ്റിയിൽ കൊതുക് കടിച്ചതിനെ തുടർന്നുണ്ടായ മാരകമായ അണുബാധയെ തുടർന്ന് മരണമടഞ്ഞു.പൈലറ്റ് പരിശീലനത്തിനായി ബെൽജിയത്തിലെത്തിയ 21 കാരയായ ഒറിയാന പെപ്പറിന്റെ വലത് പുരികത്തിന് മുകളിലാണ് കഴിഞ്ഞവർഷം കൊതുകു കടിയേറ്റത്. അന്വേഷണത്തിൽ ഒറിയാനയെ സഫോക്കിലെ ബറി സെന്റ് എഡ് മണ്ട്സിലെ ആശുപത്രിയിൽ ജൂലൈ 7-ന് എത്തിക്കുകയും ആൻറിബയോട്ടിക്കുകൾ നൽകുകയും വീട്ടിലേക്ക് പോകാൻ പറയുകയും ചെയ്തതായി കണ്ടെത്തി.സംഭവത്തിനു രണ്ടു ദിവസത്തിനുശേഷം ഒറിയാന കുഴഞ്ഞു വീണതിനെ തുടർന്ന് അവരുടെ പങ്കാളി ജെയിംസ് ഹാൾ അവരെ തിരികെ കൊണ്ടുപോവുകയായിരുന്നു. ഇതിനു മൂന്നു ദിവസത്തിനു ശേഷം ജൂലൈ 12നാണ് ആശുപത്രിയിൽ ഒറിയാന മരണമടഞ്ഞത്. നെറ്റിയിൽ പ്രാണികളുടെ കടിയേറ്റുണ്ടായ ഗുരുതരമായ അണുബാധയെ തുടർന്നാണ് ഒറിയാന മരിച്ചതെന്ന് സഫോൾക്കിലെ സീനിയർ കൊറോണറായ നിഗൽ പാർസ് ലി പറഞ്ഞു.

മസ്തിഷ്കത്തിലേക്ക് അണുബാധ പടർന്നതിനെ തുടർന്ന് സെപ്റ്റിക് എംബോളി ബാധിച്ചതിനെ തുടർന്നാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ഇതുപോലെ ഒരു സംഭവം താൻ മുമ്പ് കണ്ടിട്ടില്ലെന്നും അത്ഭുതമായ ഒരു കരിയറും ജീവിതവും മുന്നിൽ കണ്ട യുവതിക്ക് ഇത് നിർഭാഗ്യകരമായ ദുരന്തമാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മഡ്രിഡ്‌ : യുകെയിൽ നിന്നുള്ള ഈസിജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണിയെന്ന തട്ടിപ്പ് സന്ദേശം നൽകിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. കെന്റിനടുത്ത് ഓർപിംഗ്ടണിൽ താമസിക്കുന്ന ആദിത്യ വർമ (18)യാണ് സ് പാനിഷ് പോലീസിന്റെ പിടിയിലായത്. സ് പാനിഷ് ദ്വീപായ മെനോർക്കയിലെ കോടതിയിൽ ആദിത്യയെ ഹാജരാക്കി. യുകെയിൽ നിന്ന് യാത്രക്കാരുമായി മെനോർക്കയിലേക്ക് പോകുകയായിരുന്ന വിമാനം തകർക്കാൻ പോകുകയാണെന്ന് സ്‌നാപ് ചാറ്റിൽ വീമ്പിളക്കിയതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്. “ഞാൻ താലിബാൻ ആണ്. ഞാൻ ഈ വിമാനം തകർക്കാൻ പോകുന്നു.” – ഇതായിരുന്നു ആദിത്യയുടെ സ്‌നാപ് ചാറ്റ് സന്ദേശം. എ ലെവൽ പരീക്ഷയ്ക്ക് ശേഷം സുഹൃത്തുക്കളുമൊത്ത് അവധി ആഘോഷിക്കാൻ പോകുകയായിരുന്നു ആദിത്യ.


ഭീഷണിയെ തുടർന്ന് വടക്കൻ സ്പാനിഷ് നഗരമായ സരഗോസയിലെ സൈനിക താവളത്തിൽ നിന്ന് രണ്ട് എഫ് 18 യുദ്ധവിമാനങ്ങൾ ഈസിജെറ്റ് ഫ്ലൈറ്റിന് അകമ്പടി സേവിച്ചു. ഈ ചെലവിനുള്ള തുകയായ 86,000 പൗണ്ട് ആദിത്യ നൽകണമെന്ന് സ് പാനിഷ് പ്രോസിക്യൂട്ടർമാർ വാദിച്ചു. ആദിത്യയുടെ പേരിൽ നിലവിൽ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. സെന്റ് തോമസ് എൻഎച്ച്എസ് ട്രസ്റ്റിൽ ജോലി ചെയ്യുന്ന അമ്മ ദീപ്തി പ്രസാദ്, മകന്റെ അറസ്റ്റ് വിവരം അറിഞ്ഞയുടനെ മെനോർക്കയിലേക്ക് പുറപ്പെട്ടു. മകന്റെ സന്ദേശം വെറും തമാശയാണെന്ന് അമ്മ പ്രതികരിച്ചു. പിതാവ് ആനന്ദ് യുകെയിൽ ഡോക്ടറാണ്.

അതേസമയം, കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് രണ്ട് ദിവസം പോലീസ് സെല്ലിലാണ് ആദിത്യ കഴിഞ്ഞത്. തന്റെ ബോംബ് ‘തമാശ’ ഈസിജെറ്റ് ഫ്‌ളൈറ്റിൽ തന്നോടൊപ്പം യാത്ര ചെയ്ത സുഹൃത്തുക്കൾക്ക് മാത്രമേ കാണാൻ കഴിയൂ എന്ന് കരുതിയതായി ആദിത്യ കോടതിയിൽ പറഞ്ഞു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസ് ആയതിനാൽ സ്‌പെയിനിലെ നാഷണൽ ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്. പത്ത് വർഷം മുമ്പ് ലോക യൂത്ത് ചെസ്സ് ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനത്തെത്തിയ ആളാണ് ആദിത്യ. ഇംഗ്ലണ്ടിന്റെ പ്രതിനിധിയായാണ് അന്ന് പങ്കെടുത്തത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദപഠനം തുടങ്ങാനിരിക്കവേയാണ് ഈ ബോംബ് തമാശ വില്ലനായെത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഡ്രൈവർമാരുടെ അമിത സ്പീഡിനെ തടയിടുവാൻ പുതിയ നിയമങ്ങൾ നിലവിൽ വന്നു. ബ്രിട്ടനിൽ ജൂലൈ 6 മുതൽ വിപണിയിൽ വിൽക്കപ്പെടുന്ന എല്ലാ വാഹനങ്ങളിലും സ്പീഡ് ലിമിറ്റർ നിർബന്ധമാക്കിയിരിക്കുകയാണ്. ഈ ഡിവൈസുകൾ ജിപിഎസ് ഡേറ്റ ഉപയോഗിച്ച് ഓരോ സ്ഥലങ്ങളിലെയും സ്പീഡ് ലിമിറ്റ് കണ്ടെത്തുകയും, കാറിന്റെ സ്പീഡ് അതിനുമുകളിൽ ആണെങ്കിൽ തനിയെ കുറയ്ക്കുകയും ചെയ്യും. യൂറോപ്യൻ യൂണിയനിൽ നിർമ്മിക്കപ്പെടുന്ന എല്ലാ കാറുകൾക്കും ഇനി മുതൽ സ്പീഡ് ലിമിറ്റർ ഉണ്ടാകും. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു വന്നിട്ടും, കാറുകൾ ഇമ്പോർട്ട് ചെയ്യുന്നതിനാൽ പുതിയ നിയമം നടപ്പിലാക്കുവാൻ ബാധകമാകും . ഓരോ സ്ഥലങ്ങളിലെയും സ്പീഡ് ലിമിറ്റിനെ കുറിച്ച് ഡ്രൈവർമാർക്ക് ധാരണയുണ്ടാകുവാൻ ഈ ഡിവൈസ് സഹായിക്കും. അതിൻ പ്രകാരം ഡ്രൈവർ സ്പീഡ് കുറച്ചില്ലെങ്കിൽ സ്പീഡ് ലിമിറ്റർ തനിയെ എഞ്ചിനിന്റെ പവറും, വാഹനത്തിന്റെ വേഗതയും കുറയ്ക്കും.

നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് ഈ നിയമം ബാധകമാവുകയില്ല. എന്നാൽ ഇന്നുമുതൽ വിൽക്കപ്പെടുന്ന എല്ലാ വാഹനങ്ങൾക്കും സ്പീഡ് ലിമിറ്റർ നിർബന്ധമാകും. നിരവധി അപകടങ്ങൾ കുറയ്ക്കുവാൻ പുതിയ നിയമം സഹായകരമാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത് . നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് 2024 ജൂലൈയോടുകൂടി സ്പീഡ് ലിമിറ്റർ നിർബന്ധമാകും. ചില കാർ കമ്പനികൾ നിലവിൽ തന്നെ ഈ ഡിവൈസുകൾ ഉൾപ്പെടുത്തിയാണ് കാറുകൾ പുറത്തിറക്കിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved