Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : നിയമകുരുക്കിൽ പെട്ട് ബ്രിട്ടനിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് എത്താൻ കഴിയാതെ നാല് വയസ്സുകാരി. യുക്രൈൻ സ്വദേശിയായ അലിക്ക സുബെറ്റ്‌സ് എന്ന പെൺകുട്ടിയാണ് ഇപ്പോൾ യുദ്ധഭൂമിയിലേക്ക് മടങ്ങേണ്ടിവരുമെന്ന ഭീതിയിൽ കഴിയുന്നത്. അലിക്കയുടെ മാതാപിതാക്കൾ ഇതിനകം ന്യൂകാസിലിൽ സുരക്ഷിതരായി എത്തിയെങ്കിലും അവളും മുത്തശ്ശി തന്യയും വിസ ലഭിക്കുന്നതിനായി പോളണ്ടിൽ കാത്തിരിക്കുകയാണ്. അലിക്കയുടെ മാതാപിതാക്കളായ ദിമയും അരീനയും മാർച്ച് 24 ന് മകൾ മുത്തശ്ശിക്കൊപ്പം പോകുന്നതിന് രേഖാമൂലം സമ്മതം നൽകി. ഏപ്രിൽ 12 ന് തന്യയ്ക്ക് 90 ദിവസത്തെ വിസ അനുവദിച്ചു. എന്നാൽ അലിക്കയുടെ അപേക്ഷ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. അതേസമയം പോളണ്ടിൽ ജൂൺ 25 വരെ കഴിയാൻ മാത്രമേ മുത്തശ്ശിക്ക് അനുവാദമുള്ളൂ.

റോയൽ സ്‌റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ പീഡിയാട്രിക് അനസ്‌തെറ്റിസ്റ്റായ സ്‌പോൺസർ മാഗി ബാബ്, പെൺകുട്ടിയെയും മുത്തശ്ശിയെയും ബ്രിട്ടനിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ, മുത്തശ്ശിക്ക് അലിക്കയുടെ താത്കാലിക രക്ഷാകർതൃത്വം മാത്രമേ ഉള്ളൂ എന്നതിനാൽ കുട്ടിക്ക് യുകെയിലേക്കുള്ള വിസ ലഭിക്കില്ലെന്നും യുക്രെയ്നിലേക്ക് മടങ്ങേണ്ടിവരുമെന്നും പറയുന്നു.

സ്‌കീമിന് അപേക്ഷിക്കുന്ന 18 വയസ്സിന് താഴെയുള്ളവരോടൊപ്പം നിയമപരമായ രക്ഷകർത്താവ് ഉണ്ടായിരിക്കണമെന്ന് ഹോംസ് ഫോർ യുക്രൈൻ സ്‌പോൺസർഷിപ്പ് സ്‌കീമിനെക്കുറിച്ചുള്ള സർക്കാർ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നുണ്ട്. അതേസമയം, സ്ഥിതിഗതികൾ വളരെ വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ന്യൂകാസിൽ എംപി ആരോൺ ബെൽ പറഞ്ഞു. ഡോ. ബാബിന് വേണ്ട നിയമപരമായ സഹായം നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. നിയമ പ്രശ്നങ്ങൾ വളരെ വേഗം പരിഹരിച്ച് മകളോടൊപ്പം ചേരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അലിക്കയുടെ മാതാപിതാക്കൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഏതൻസ് : ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ അവധി ആഘോഷിക്കുന്നതിനിടെ 34 കാരിയായ മകളെ 70 കാരനായ പിതാവ് ബലാത്സംഗം ചെയ്തതായി ആരോപണം. ഇരുവരും ബ്രിട്ടീഷുകാരാണ്. മാലിയ തീരത്ത് വെച്ച് താൻ പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയുമായി രണ്ട് ദിവസം മുൻപാണ് സ്ത്രീ പോലീസിനെ സമീപിച്ചത്. അവധി ആഘോഷിക്കുന്നതിനിടെ താൻ മദ്യപിച്ചിരുന്നതായി സ്ത്രീ സമ്മതിച്ചു. അതിനാൽ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞില്ലെന്നും അയാൾ വെള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്നും സ്ത്രീ പോലീസിനോട് പറഞ്ഞു. പിന്നീട്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പിതാവ് തന്നെയാണ് മകളെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചത്.

“ബാറിൽ ഒരുമിച്ച് മദ്യപിച്ചപ്പോൾ പിതാവ് മകൾക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും അവളുടെ മുഖത്ത് അടിക്കുകയും തുടർന്ന് വിജനമായ ബീച്ചിൽ വച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തു.” പോലീസ് അറിയിച്ചു. പിതാവ് വെള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഉദ്യോഗസ്ഥർ പറഞ്ഞു. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിനെ ശനിയാഴ്ച അറസ്റ്റുചെയ്ത് പ്രാദേശിക മജിസ്‌ട്രേറ്റിന്റെ മുൻപിൽ ഹാജരാക്കി. ബലാത്സംഗം, ലൈംഗികാതിക്രമം, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയത്.

എന്നാൽ, ഇദ്ദേഹം കുറ്റം നിഷേധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. കുറ്റം ചെയ്തുവെന്ന് സമ്മതിച്ച് പരസ്യമായി മാപ്പ് പറയാനുള്ള അവസാന തീയതിയായ ചൊവ്വാഴ്ച വരെ ഇദ്ദേഹം പോലീസ് കസ്റ്റഡിയിൽ ആയിരിക്കും. ഗ്രീക്ക് നിയമ പ്രകാരം, കുറ്റം സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്യുന്നവരുടെ ശിക്ഷ ഇളവ് ചെയ്യും. ബലാത്സംഗം ആരോപിക്കപ്പെടുന്നവർക്കും ഈ ഇളവ് ലഭ്യമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- മുപ്പത്തിയാറുകാരനായ ജോ ബാൽഡ്വിൻ കോവിഡ് കാലത്ത് എൻ എച്ച് എസിന്റെ മുൻനിര പോരാളികളിൽ ഒരാളായിരുന്നു. ലിവർപൂളിലെ ഐൻട്രീ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഇദ്ദേഹം കോവിഡ് കാലത്ത് ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. പലപ്പോഴും ഡ്യൂട്ടി സമയങ്ങൾക്ക് ശേഷവും രോഗികൾക്കുവേണ്ടി അധിക സമയം കോവിഡ് കാലത്ത് ചിലവഴിക്കേണ്ടി വന്നതായും അദ്ദേഹം പറയുന്നു. എന്നാൽ 14 വർഷത്തെ പ്രവർത്തി പരിചയമുള്ള ജോയ്ക്ക് ശമ്പളമായി ലഭിക്കുന്നത് ഒരു വർഷത്തിൽ 18500 പൗണ്ട് തുക മാത്രമാണ്. നിലവിൽ ജീവിത ചിലവുകൾ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ, ലഭിക്കുന്ന തുക കൊണ്ട് അടിസ്ഥാന ജീവിത ആവശ്യങ്ങൾ പോലും നിറവേറ്റുവാൻ സാധിക്കുന്നില്ലെന്നാണ് ജോ വ്യക്തമാക്കുന്നത്. താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നും കുറഞ്ഞ തുക വാടകയായുള്ള ഫ്ലാറ്റിലേക്ക് തനിക്ക് മാറേണ്ടതായി വന്നുവെന്നും, അതോടൊപ്പം തന്നെ ആഹാരസാധനങ്ങൾ സബ്സിഡിയുടെ വിലയിൽ ലഭിക്കുവാനായി ഒരു ഫുഡ്‌ യൂണിയനിൽ തനിക്ക് അംഗമാകേണ്ടതായി വന്നതായും ജോ വ്യക്തമാക്കി. പണമില്ലാത്തതിനാൽ മാസത്തിലുള്ള യാത്രാ പാസ് തനിക്ക് എടുക്കുവാൻ സാധിച്ചില്ലെന്ന് ജോ മാധ്യമങ്ങളോട് പറഞ്ഞു. ചില ദിവസങ്ങളിൽ ഫ്ലാറ്റിൽ നിന്നും ഹോസ്പിറ്റലിലേക്ക് ഉള്ള 6 മൈൽ ദൂരം നടന്നാണ് ജോ ജോലിക്ക് എത്തുന്നത്. തനിക്ക് ഒരു ലോൺ ഉണ്ടായിരുന്നതായും, ഇപ്പോൾ ജീവിതച്ചെലവുകൾ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ അത് അടയ്ക്കുവാൻ താൻ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ അടിസ്ഥാന ആവശ്യങ്ങൾ പോലും ഒഴിവാക്കേണ്ടതായി വരുന്നുണ്ടെന്നുമുള്ള തന്റെ നിസഹായവസ്ഥ ജോ വെളിപ്പെടുത്തി.

ജോയുടെ അതേ അവസ്ഥയാണ് ഭൂരിഭാഗം എൻ എച്ച് എസ് സ്റ്റാഫുകൾക്കും പറയാനുള്ളത്. 35000 പൗണ്ട് വർഷത്തിൽ ശമ്പളം വാങ്ങുന്ന തന്റെ സീനിയർ സ്റ്റാഫുകൾക്ക് പോലും നിലവിലെ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ ആകുന്നില്ല. രാജ്യം ക്രമാതീതമായ വിലക്കയറ്റത്തിലേക്കാണ് നീങ്ങുന്നതെന്ന ആശങ്ക ജനങ്ങളെ ആകെ പിടിമുറുക്കിയിട്ടുണ്ട്. ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉടനടി നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ ഓരോരുത്തരും..

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഉക്രേനിയൻ നഗരമായ സെവെറോഡോനെറ്റ്‌സ്കിലേക്കുള്ള എല്ലാ പാലങ്ങളും നശിപ്പിക്കപ്പെട്ടതായി പ്രാദേശിക ഗവർണർ പറഞ്ഞു . നഗരം ഒറ്റപ്പെട്ട നിലയിൽ ആയതിനാൽ സാധനങ്ങൾ എത്തിക്കുന്നതും ആളുകളെ ഒഴിപ്പിക്കുന്നതും ഇപ്പോൾ അസാധ്യമാണെന്ന് സെർഹി ഹൈദായി പറയുന്നു. കിഴക്കൻ നഗരത്തിൽ നിന്ന് തങ്ങളുടെ സൈന്യത്തെ റഷ്യൻ പീരങ്കികൾ തുരത്തിയതായി ഉക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു.

സെവെറോഡോനെറ്റ്സ്ക് കീഴടക്കുക എന്നത് റഷ്യയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ സൈനിക ലക്ഷ്യമാണ്. സെവെറോഡോനെറ്റ്‌സ്കും അടുത്തുള്ള നഗരമായ ലിസിചാൻസ്കും ഏറ്റെടുക്കുന്നതോടെ മോസ്കോയ്ക്ക് ലുഹാൻസ്ക്ലെലെക്കുള്ള മുഴുവൻ നിയന്ത്രണവും ലഭിക്കും ഇതിൽ ഭൂരിഭാഗവും ഇതിനകം റഷ്യൻ പിന്തുണയുള്ള വിഘടനവാദികളുടെ നിയന്ത്രണത്തിലാണ്. സെവെറോഡോനെറ്റ്സ്കിലേക്കുള്ള മൂന്ന് പാലങ്ങളും തകർന്നതിനെ തുടർന്ന്‌ അവിടെ തുടരുന്ന നിവാസികൾ അങ്ങേയറ്റം ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ എന്നും സെർഹി ഹൈദായി ടെലിഗ്രാമിൽ റിപ്പോർട്ട് ചെയ്തു.

നഗരത്തിനു വേണ്ടി പോരാടുന്നതിന് ഇടയിൽ കൊല്ലപ്പെട്ടവരിൽ മുൻ ബ്രിട്ടീഷ് സൈനികൻ ജോർദാൻ ഗാറ്റ്‌ലിയും ഉൾപ്പെടുന്നു. റഷ്യയുടെ നേട്ടം വളരെ വലുതാണെന്നും പ്രതിദിനം ശരാശരി 50,000 റൗണ്ടുകൾ വെടിയുതിർക്കുകയും ഉക്രെയിനിന് മുകളിൽ “മോർട്ടാർ ഷെല്ലുകൾ, വ്യോമാക്രമണം, മിസൈൽ ആക്രമണം” എന്നിവ സൃഷ്ടിക്കുകയും ചെയ്‌തതായി യൂറി സാക്ക് പറഞ്ഞു .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബര്‍മിംഗ്ഹാം : ബര്‍മിംഗ്ഹാമിലെ റീസൈക്ലിംഗ് പ്ലാന്റിൽ വൻ തീപിടുത്തം. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. നെഷെല്‍സ് മൗണ്ട് സ്ട്രീറ്റിലെ സ്മര്‍ഫിറ്റ് കാപ്പാ റീസൈക്ലിംഗ് സെന്ററില്‍ ഇന്നലെ വൈകുന്നേരമാണ് തീപിടുത്തം ഉണ്ടായത്. വെയര്‍ഹൗസിലെ 8000 ടണ്‍ പേപ്പര്‍, കാര്‍ഡ്‌ബോര്‍ഡ് കൂമ്പാരത്തിനാണ് തീപിടിച്ചത്. വലിയ പുകയും ചാരവും അന്തരീക്ഷത്തിൽ ഉയർന്നതോടെ വീടുകളുടെ ജനലും, വാതിലും അടച്ചിടാന്‍ പ്രദേശവാസികൾക്ക് നിർദേശം നൽകി. സംഭവത്തിൽ ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

ഞായറാഴ്ച രാത്രി 7.40-ഓടെയാണ് ബര്‍മിംഗ്ഹാം നെഷെല്‍സിലെ മൗണ്ട് സ്ട്രീറ്റില്‍ തീപിടുത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന് ഫയര്‍ സര്‍വ്വീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 110 ജീവനക്കാർ തീ അണയ്ക്കാനായി പരിശ്രമിക്കുകയാണെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഫയർ സർവീസ് ഏരിയ കമാൻഡർ സാം ബർട്ടൺ അറിയിച്ചു. തീ പടരുന്നത് തടയാനായി സമീപത്തെ കനാലിൽ നിന്ന് മിനിറ്റിൽ 8000 ലിറ്റർ വെള്ളമാണ് പമ്പ് ചെയ്യുന്നത്. ഏഴ് ഏക്കർ വരുന്ന സെന്ററിൽ തീപിടുത്തം ഉണ്ടായതിന് പിന്നാലെ പ്രദേശത്തെ റോഡുകള്‍ അടച്ചിട്ടു.

പോലീസ്, ആംബുലന്‍സ് ജീവനക്കാര്‍ക്കൊപ്പവും, എന്‍വയോണ്‍മെന്റ് ഏജന്‍സി, സെവേണ്‍ ട്രെന്റ് വാട്ടര്‍, ഓണ്‍-സൈറ്റ് സ്റ്റാഫ് എന്നിവര്‍ക്കൊപ്പവും ചേര്‍ന്ന് പ്രവര്‍ത്തിച്ച് സുരക്ഷിതമായി തീ കെടുത്താനാണ് ശ്രമിക്കുന്നതെന്ന് ഫയര്‍ സര്‍വ്വീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഉക്രൈൻ സായുധസേനയ്ക്ക് വേണ്ടി പോരാടിയ മുൻ ബ്രിട്ടീഷ് സൈനികൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതായുള്ള വാർത്തകൾ പുറത്തുവന്നു. മാർച്ചിൽ ബ്രിട്ടീഷ് സൈന്യത്തിലെ ജോലിയിൽനിന്ന് വിട്ട് ഉക്രയിനിലേയ്ക്ക് പോയ ജോർദാൻ ഗാറ്റ്‌ലിയാണ് വീരമൃത്യു വരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പോരാട്ടം നടന്ന ഉക്രയിന്റെ കിഴക്കൻ നഗരമായ സെവെറോഡോനെറ്റ്‌സ്‌കിനായുള്ള പോരാട്ടത്തിലാണ് അദ്ദേഹം മരിച്ചത്.

അദ്ദേഹത്തിൻറെ പിതാവ് തൻെറ മകനെ ഹീറോ എന്നാണ് വിശേഷിപ്പിച്ചത്. ഉക്രൈൻ യുദ്ധത്തിൽ മരിച്ച ബ്രിട്ടീഷുകാരൻെറ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു. ഉക്രൈയിനിലെ പ്രാദേശിക സേനയെ പരിശീലിപ്പിക്കാൻ ജോർദാൻ സഹായിച്ചു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ജോർദാൻ ഗാറ്റ്‌ലി യഥാർത്ഥ ഹീറോ ആയിരുന്നുവെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയുടെ ഉപദേശകൻ ട്വീറ്റ് ചെയ്തു . ഉക്രൈയിനിലേയ്ക്ക് പോകുന്നതിന് മുമ്പ് എഡിൻബർഗ് ആസ്ഥാനമായുള്ള റൈഫിൾസിന്റെ മൂന്നാം ബറ്റാലിയനൊപ്പം ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു മരിച്ച സൈനികൻ .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : മതനിന്ദ ആരോപിച്ച് ‘ദി ലേഡി ഓഫ് ഹെവൻ’ എന്ന സിനിമയ്‌ക്കെതിരായി നടന്ന പ്രതിഷേധത്തെ പിന്തുണച്ച ഇമാമിനെ സർക്കാർ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് മാറ്റി. 44 കാരനായ ഖാരി അസിമിനെയാണ് ഇസ്‌ലാമോഫോബിയ കൺസൾട്ടന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. പ്രവാചകൻ മുഹമ്മദ് നബിയുടെ മകളെക്കുറിച്ചുള്ള സിനിമയായ ‘ദി ലേഡി ഓഫ് ഹെവൻ’ എന്ന സിനിമയുടെ പ്രദർശനം തടയണമെന്ന പ്രചാരണത്തിന് അദ്ദേഹം പിന്തുണ നൽകിയിരുന്നു. മതനിന്ദ നിറഞ്ഞ സിനിമയുടെ പ്രദർശനം നിർത്തിവെക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ജൂബിലി വാരാന്ത്യത്തിലാണ് യുകെയിൽ ഈ സിനിമ റിലീസ് ചെയ്തത്.

ബ്രാഡ്‌ഫോർഡ്, ബോൾട്ടൺ, ബർമിംഗ്ഹാം , ഷെഫീൽഡ് എന്നിവിടങ്ങളിലെ സിനിമ തിയേറ്ററിന് പുറത്ത് ശക്തമായ പ്രതിഷേധം നടന്നു. മുസ്ലീങ്ങൾക്ക് വളരെയധികം വേദനയും നിന്ദയും ഉണ്ടാക്കുന്ന സിനിമയാണ് ‘ദ ലേഡി ഓഫ് ഹെവൻ’ എന്ന് അസിം പറഞ്ഞതായി ദി ടെലിഗ്രാഫ് റിപ്പോർട്ട്‌ ചെയ്തു. ലീഡ്‌സിലെ മക്ക മസ് ജിദിലെ പ്രധാന ഇമാമാണ് ഖാരി അസിം.

“വർഗീയ സംഘർഷങ്ങൾക്ക് കാരണമാകുന്ന പ്രചാരണത്തിന് പിന്തുണ നൽകിയത് ഈ സ്ഥാനത്തിന് യോജിച്ചതല്ല. സമുദായ സൗഹാർദ്ദം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാനാണ് ശ്രമിക്കേണ്ടത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ നൽകുന്നത് ഒരു സർക്കാർ ഉപദേഷ്ടാവിന് ചേരുന്നതല്ല.” അസീമിനെ നീക്കം ചെയ്തുകൊണ്ട് ലെവലിംഗ് അപ്, ഹൗസിംഗ് & കമ്മ്യൂണിറ്റീസ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ കത്തിൽ പറയുന്നു.

2019 ൽ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയാകുന്നതിന് ഒരു ദിവസം മുമ്പാണ് അസിമിനെ സർക്കാർ ഉപദേഷ്ടാവായി നിയമിച്ചത്. അതേസമയം, ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയെ കരുതി സിനിവേൾഡ് രാജ്യവ്യാപകമായി ഈ ചിത്രത്തിന്റെ എല്ലാ പ്രദർശനങ്ങളും റദ്ദാക്കി. ഇസ്‌ലാമിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന ചിത്രമാണിതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ പെട്രോൾവില അതിരൂക്ഷമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ, നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ഫ്യൂവൽ ഡ്യൂട്ടിയിലുള്ള കുറവുകൾ പെട്രോൾ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ലഭിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുവാൻ കോംപറ്റീഷൻ & മാർക്കറ്റ് അതോറിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ബിസിനസ്‌ സെക്രട്ടറി ക്വാസി ക്വർടെങ്. ജനങ്ങൾ വളരെയധികം രോഷാകുലരാണെന്നും വിവിധ പെട്രോൾ സ്റ്റേഷനുകളിൽ വിലകളിൽ വ്യത്യാസമുണ്ടോയെന്ന് കൃത്യമായി കണ്ടെത്തണമെന്നും ബിസിനസ് സെക്രട്ടറി കോമ്പറ്റീഷൻ & മാർക്കറ്റ് അതോറിറ്റിക്ക് എഴുതിയ കത്തിൽ വ്യക്തമാക്കുന്നു. നിലവിൽ ഒരു സാധാരണ വീട്ടിലെ കാർ നിറയ്ക്കുന്നതിന് 100 പൗണ്ട് തുക എന്ന രീതിയിൽ എത്തിച്ചേർന്നിരിക്കുകയാണ് പെട്രോളിന്റെ വില. ഈ വർഷം അവസാനം സാമ്പത്തികമാന്ദ്യം ഉണ്ടാകുമെന്ന ഭീതിയും ബ്രിട്ടണിൽ നിലനിൽക്കുന്നുണ്ട്. പെട്രോൾ വിലകളിൽ സുതാര്യത കൊണ്ടുവരാനുള്ള ഗവൺമെന്റ് നീക്കം അംഗീകരിക്കുന്നതായി പെട്രോൾ റീട്ടെയിലേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. സി എം എ യുടെ എല്ലാം നടപടികളോടും സഹകരിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്.

ഫെബ്രുവരിയിൽ റഷ്യ- ഉക്രൈൻ യുദ്ധം ആരംഭിച്ചതോടെയാണ് ബ്രിട്ടനിൽ പെട്രോൾവില വർദ്ധിക്കുവാൻ ആരംഭിച്ചത്. കഴിഞ്ഞ ആഴ്ചത്തെ കണക്കുകൾ പ്രകാരം 55 ലിറ്റർ ടാങ്ക് നിറയ്ക്കുന്നതിന് പെട്രോളിന് 100.27 പൗണ്ടും, ഡീസലിന് 103.43 പൗണ്ടുമായിരിക്കുകയാണ്. ഫ്യൂവൽ ഡ്യൂട്ടി കുറച്ചിട്ടും പെട്രോൾ വിലയിൽ കാര്യമായ കുറവില്ല എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനാൽ തന്നെ പെട്രോൾ സ്റ്റേഷനുകളിൽ കൂടുതൽ ചാർജുകൾ ഈടാക്കുന്നുണ്ടോ എന്ന് വ്യക്തമായി അന്വേഷിക്കണമെന്ന് ബിസിനസ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ ഏഴോടുകൂടി റിപ്പോർട്ട് സമർപ്പിക്കുവാൻ ബിസിനസ്‌ സെക്രട്ടറി ആവശ്യപ്പെട്ടു കഴിഞ്ഞു. മാർച്ചിൽ ഗവൺമെന്റ് ഫ്യൂവൽ ഡ്യൂട്ടിയിൽ കുറവുകൾ വരുത്തിയപ്പോൾ തന്നെ തങ്ങളും അത് പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ടെന്നും, ഹോൾസെയിൽ വിലകളിൽ വരുന്ന വർധനവാണ് ഇപ്പോഴും പെട്രോൾ വിലകൾ കൂടി നിൽക്കാൻ കാരണമെന്ന് പെട്രോൾ റീട്ടെയിലേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. ഇതു സംബന്ധിച്ച് നിരവധി തവണ ബിസിനസ് സെക്രട്ടറിയുമായി കൂടിക്കാഴ്ചകൾ നടത്തുവാൻ തങ്ങൾ ശ്രമിച്ചെങ്കിലും തങ്ങളുടെ അപേക്ഷകൾ കൈക്കൊണ്ടില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടനും എലിസബത്ത് രാജ്ഞിക്കും ഇത് ചരിത്രനിമിഷം. ലോക ചരിത്രത്തിൽ ഏറ്റവുമധികം നാൾ രാജ്യം ഭരിച്ച രണ്ടാമത്തെ ഭരണാധികാരിയായി എലിസബത്ത് രാജ്ഞി. 70 വർഷവും 126 ദിവസവും ഭരണത്തിലിരുന്ന തായ്‌ലൻഡിലെ ഭൂമിബോൾ അതുല്യതേജ് രാജാവിന്റെ റെക്കോർഡാണ് രാജ്ഞി ഇന്ന് മറികടന്നത്. 1946 മുതൽ 2016 ഒക്ടോബറിൽ മരണമടയുന്നതു വരെയായിരുന്നു അദ്ദേഹം ഭരണത്തിലിരുന്നത്. 70-ാം വയസ്സിൽ മരണമടയുന്നതിനുമുൻപ് ഏറ്റവും നീണ്ടകാലം ഭരണത്തിലിരുന്ന ജീവിച്ചിരിക്കുന്ന ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. ലോക ചരിത്രത്തിൽ ഏറ്റവും നീണ്ടകാലം ഒരു രാജ്യം ഭരിച്ചത് 72 വർഷവും 110 ദിവസവും ഫ്രാൻസ് ഭരിച്ച ലൂയിസ് പതിനാലാമനാണ്. 1643 മുതൽ 1715 വരെയായിരുന്നു ലൂയിസ് പതിനാലാമന്റെ ഭരണകാലാവധി.

70 വർഷവും 91 ദിവസവും രാജ്യം ഭരിച്ച ലൈക്ക്ൻസ്റ്റീനിലെ ജൊഹാൻ രണ്ടാമന്റെ റെക്കോർഡ് കഴിഞ്ഞ മാസം രാജ്ഞി മറികടന്നിരുന്നു. 1929-ൽ തന്റെ മരണം വരെ സിംഹാസനത്തിലിരുന്ന വ്യക്തിയാണ് ജൊഹാൻ രണ്ടാമൻ. നിലവിൽ, ഏറ്റവും അധികം കാലം ഒരു രാജ്യം ഭരിച്ച ജീവിച്ചിരിക്കുന്ന ഭരണാധികാരിയായ എലിസബത്ത് രാജ്ഞി ഏറ്റവും അധികം കാലം ബ്രിട്ടൻ ഭരിച്ച വ്യക്തി കൂടിയാണ്. 2015 സെപ്റ്റംബറിൽ തന്നെ തന്റെ മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയുടെ റെക്കോർഡ് എലിസബത്ത് രാജ്ഞി തകർത്തിരുന്നു.

2022 ഫെബ്രുവരി 6-നായിരുന്നു എലിസബത്ത് രാജ്ഞി രാജസിംഹാസനത്തിൽ ഏറിയതിന്റെ പ്ലാറ്റിനം ജൂബിലി പൂർത്തിയാക്കിയത്. അതിന്റെ ആഘോഷങ്ങൾ ജൂൺ ആദ്യവാരം രാജ്യത്ത് പ്രൗഢഗംഭീരമായി നടന്നു. നേരത്തെ, മായൻ രാജ്യമായ പാലെൻക്യു ഭരിച്ചിരുന്ന കിനിക്ക് ജനാബ് പ്കാലിന്റെ 68 വർഷവും 33 ദിവസവും ഭരണത്തിലിരുന്ന റെക്കോർഡ് 2020ൽ രാജ്ഞി തകർത്തിരുന്നു. തന്റെ 12-ാം വയസ്സിലായിരുന്നു പകാൽ രാജ്യഭരണം ഏറ്റെടുക്കുന്നത്. ക്രിസ്ത്വബ്ദം 250 മുതൽ 900 വരെയായിരുന്നു മായൻ സാമ്രാജ്യത്തിന്റെ സുവർണ്ണകാലം. ഇക്കാലത്ത് ഇന്നത്തെ തെക്കൻ മെക്സിക്കോ, ഗ്വാട്ടിമാല, ബെലീസ്, ഹോണ്ടുറാസ് തുടങ്ങിയ സ്ഥലങ്ങൾ അവരുടെ ഭരണത്തിൻ കീഴിലായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടണിലെത്തുന്ന അഭയാർഥികളെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് മാറ്റാനുള്ള നടപടിയുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആഭ്യന്തരസെക്രട്ടറി പ്രീതി പട്ടേൽ. കഴിഞ്ഞദിവസം ഗവൺമെന്റിന്റെ ഈ നടപടി തികച്ചും ഭയാനകമാണെന്ന് ചാൾസ് രാജകുമാരൻ പ്രതികരിച്ചിരുന്നു. എന്നാൽ ചാൾസിന്റെ പ്രതികരണത്തെ തള്ളിക്കളഞ്ഞ് പദ്ധതിയുമായി മുന്നോട്ടു പോകുവാൻ തന്നെയാണ് ആഭ്യന്തര സെക്രട്ടറിയുടെ തീരുമാനം. ഇത് സംബന്ധിച്ച അടുത്ത ആഴ്ച സോഷ്യൽ മീഡിയ ക്യാമ്പയിനും നടത്തുവാൻ തീരുമാനമായിട്ടുണ്ട്. എന്നാൽ ഈ നടപടിക്കെതിരെ പ്രീതി പട്ടേലിനെതിരെ കോടതിയിൽ ശക്തമായ കേസുകൾ നിലവിലുണ്ട്. അതിനാൽ തന്നെയാണ് സോഷ്യൽ മീഡിയ ക്യാമ്പയിൻ നടത്താനുള്ള തീരുമാനവും കൈക്കൊണ്ടിരിക്കുന്നത്.

ഗവൺമെന്റിന്റെ ഈ തീരുമാനം തികച്ചും ഭയാനകമാണെന്ന് വെള്ളിയാഴ്ച രാത്രി ചാൾസ് രാജകുമാരൻ പ്രതികരിച്ചിരുന്നു. ഈ മാസം അവസാനം റുവാണ്ടയുടെ തലസ്ഥാനമായ കിഗലിയിൽ വെച്ച് നടക്കുന്ന കോമൺവെൽത്ത് രാജ്യങ്ങളുടെ തലവന്മാരുടെ സമ്മേളനത്തിൽ രാജ്ഞിയെ പ്രതിനിധീകരിച്ച് ചാൾസ് രാജകുമാരൻ പങ്കെടുക്കാനിരിക്കെ, ഗവൺമെന്റിന്റെ ഈ തീരുമാനം സമ്മേളനത്തിൽ പ്രതിഫലനങ്ങൾ ഉണ്ടാക്കുമെന്ന് ചാൾസ് ഭയക്കുന്നു. അടുത്ത ചൊവ്വാഴ്ചയോടു കൂടി അഭയാർഥികളെയും കൊണ്ട് ആദ്യത്തെ ഫ്ലൈറ്റ് യാത്രയാകും എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ യാത്രയ്ക്ക് ഹൈക്കോടതി അനുമതി നൽകിയെന്നാണ് ഏറ്റവും പുതിയ വാർത്തകൾ വ്യക്തമാക്കുന്നത്. ഹൈക്കോടതിയുടെ ഈ വിധിയെ സ്വാഗതം ചെയ്യുന്നതായി അഭ്യന്തര സെക്രട്ടറി മാധ്യമങ്ങളോട് വ്യക്തമാക്കി.


പുതിയ മൈഗ്രേഷൻ പാർട്ട്ണർഷിപ്പ് പ്രകാരം യു കെ ഏകദേശം 120 മില്യൻ പൗണ്ടോളം ആണ് റുവാണ്ടയിൽ ചിലവാക്കുന്നത്. ബ്രിട്ടനിൽ നിന്നും എത്തുന്ന അഭയാർഥികളെ താമസിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായാണ് മുഖ്യമായും ഈ തുക ചിലവാക്കുക. അഭയാർഥികളുടെ ജീവനും ജീവിതവും സംരക്ഷിക്കുന്നതിനായാണ് ഈ നടപടി എന്നാണ് ഗവൺമെന്റിന്റെ വിശദീകരണം.

RECENT POSTS
Copyright © . All rights reserved