Videsham

ന്യൂസ് ഡെസ്ക്

ബിറ്റ് കോയിൻ വിലയിടിവ് താത്കാലിക പ്രതിഭാസം മാത്രമെന്ന് സാമ്പത്തിക വിദഗ്ദർ. അമിതാവേശത്തിൽ ട്രേഡിംഗുകൾ നടന്നതും വൻതോതിലുള്ള ഊഹാപോഹങ്ങളും മൂലം മിക്ക ഗവൺമെൻറുകളും ബാങ്കുകളും അടിയന്തിരമായി  ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാവിയിൽ ഗുണകരമാകുമെന്ന് കരുതുന്നു. അമിതലാഭ പ്രതീക്ഷയിൽ ജനങ്ങൾ കൂട്ടമായി ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപ സാധ്യത കല്പിച്ചതാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങൾക്കും വിലയിടിവിനും കാരണം. ലക്ഷ്യബോധവും നിയന്ത്രണവുമില്ലാതെ ബിറ്റ് കോയിൻ മാർക്കറ്റിലേക്ക് പണം ഒഴുകിയപ്പോൾ അതിന് തടയിടുക എന്ന സാമാന്യ തത്വം നടപ്പാക്കുകയാണ് സാമ്പത്തിക സ്ഥാപനങ്ങൾ ചെയ്തത്. യുകെയിൽ നാറ്റ് വെസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ക്രിപ്റ്റോ കറൻസികൾ വാങ്ങുന്നത് തടഞ്ഞിരുന്നു. ഇതിനെ ഒരു കറൻസി എന്നതിനപ്പുറം ലോട്ടറിയായി ജനങ്ങൾ കാണുന്നു എന്ന് മനസിലാക്കിയ അധികൃതർ, ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാവിയിൽ സ്ഥിരത കൈവരിക്കാൻ സഹായിക്കുമെന്നും അതുമൂലം മാർക്കറ്റിൻറെ ചലനങ്ങൾ അറിഞ്ഞ് നിക്ഷേപം നടത്താൻ കഴിയുമെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.

ഡിജിറ്റൽ കറൻസി മാനിയ മൂലം ബിറ്റ് കോയിൻ വില 20,000 ഡോളറിൽ എത്തിയിരുന്നു. പിന്നീട് കഴിഞ്ഞ ആഴ്ച വിലയിടിഞ്ഞ് 6,000 ഡോളറിലേയ്ക്ക് താഴ്ന്നിരുന്നു. മിക്ക രാജ്യങ്ങളും ധനകാര്യ സ്ഥാപനങ്ങളും ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട നയരൂപീകരണം നടത്തി വരുന്നതേയുള്ളൂ. സമയദൈർഘ്യമുള്ള ഈ പ്രക്രിയയ്ക്കു മുന്നോടിയായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ക്രിപ്റ്റോ കറൻസി മാർക്കറ്റിന് ആവശ്യമായ റെഗുലേഷൻ ഏർപ്പെടുത്താൻ വേണ്ട സമയം ലഭിക്കുന്നതിനു വേണ്ടിയാണ്. ഈ വർഷത്തിൻറെ തുടക്കത്തിൽ ബ്ലോക്ക് ചെയിൻ ക്യാപ്പിറ്റൽ പാർട്ണർ സ്പെൻസർ ബോഗാർട്ട് നടത്തിയ പ്രവചനമനുസരിച്ച് ബിറ്റ് കോയിനിൻറെ വില 2018 ൽ 50,000 ഡോളറിൽ എത്താമെന്നാണ്. ക്രിപ്റ്റോ കറൻസി കൂടുതൽ മുഖ്യധാരയിലേക്ക് 2018ൽ എത്തുമെന്ന് അംസിസ് ഗ്രൂപ്പിൻറെ ഫൈനാൻഷ്യൽ അനലിസ്റ്റ് ഇമ്രാൻ വാസിം പറഞ്ഞു. വിലയിടിവ് നല്ല കാര്യമായി കരുതുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടുതൽ നിക്ഷേപങ്ങൾ ക്രിപ്റ്റോ കറൻസി മാർക്കറ്റിൽ വന്നു കൊണ്ടിരിക്കുകയാണെന്നും ബിറ്റ് കോയിൻ വില 2018ൽ 30,000-35,000 ഡോളറിൽ എത്തുമെന്നും വാസിം കരുതുന്നു.

ബിറ്റ് കോയിൻ വില വീണ്ടും ഇടിഞ്ഞേക്കാമെന്ന് കരുതുന്നവരും ഇല്ലാതില്ല. വില 5,000 ഡോളറായി താഴുമെന്നാണ്  ജി വി എ റിസേർച്ചിൻറെ ചീഫ് എക്സിക്യൂട്ടീവായ ഡേവിഡ് ഗാരിറ്റി കരുതുന്നത്. എന്നാൽ ബിറ്റ് കോയിൻ വില 100,000 ഡോളർ ആയാലും അത്ഭുതപ്പെടേണ്ടെന്നാണ് സാമ്പത്തിക വിദഗ്ദനായ ഷോപ്പിൻ സിഇഒ ഇറാൻ ഇയാൽ പറഞ്ഞത്. ആദ്യ ബിറ്റ് കോയിൻ എക്സ്ചേഞ്ചായ ചൈനയിലെ ബിറ്റിസിസിയുടെ സിഇഒ ബോബി ലീയ്ക്ക് ബിറ്റ് കോയിൻ വില അടുത്ത 20 വർഷത്തിൽ ഒരു മില്യൺ ഡോളറാകുമെന്നതിൽ സംശയമേയില്ല. ക്രിപ്റ്റോ കറൻസി എന്ന ഡിജിറ്റൽ മണിയെക്കുറിച്ച് പഠിക്കുന്ന തിരക്കിലാണ് ഇന്ന് ലോകം. വിവേകത്തോടെ സമീപിച്ചാൽ സാമ്പത്തിക മെച്ചം നേടിയെടുക്കാൻ പറ്റുന്ന സ്രോതസ്സായി ബിറ്റ് കോയിൻ മാർക്കറ്റ് മാറുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

തായ്‌വാനിലെ ഹുവാലിനിലുണ്ടായ ഭൂകമ്പത്തിന്റെ നേരനുഭവം പങ്കുവയ്ക്കുകയാണ് മുപ്പത്തിയഞ്ചുകാരനായ ലു ചിസോന്‍. ഭൂമിയിലേക്ക് ഒന്നാംനില മുങ്ങിത്താഴുന്നതു പോലെയായിരുന്നു ആ കാഴ്ച. പിന്നാലെ ബാക്കി രണ്ടു നിലകളും.. കെട്ടിടം ഒരു വശത്തേക്ക് വീഴുന്നതും കണ്ടു. അപ്പോഴേക്കും നാലാം നിലയ്ക്കു മുകളിലേക്കു മാത്രംകാണാവുന്ന വിധത്തില്‍ ഭൂമിയിലേക്ക് ആഴ്ന്നിരുന്നു കെട്ടിടം..

റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ അഞ്ചുപേര്‍ മരിച്ചു. 247 പേര്‍ക്കു പരുക്കേറ്റു. ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്. തൊള്ളായിരത്തോളം പേര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്. രണ്ടായിരത്തോളം വീടുകളില്‍ വൈദ്യുതിബന്ധം മുറിഞ്ഞു. ചെരിഞ്ഞു നിലംപതിക്കാറായ അവസ്ഥയിലുള്ള കെട്ടിടങ്ങളില്‍നിന്ന് അതീവ സാഹസികമായാണു രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

Related image

ലു താമസിച്ച കെട്ടിടത്തില്‍നിന്നു മാത്രം രക്ഷപ്പെടുത്തിയത് ഇരുപതോളം പേരെ. ഏതു നിമിഷവും നിലംപതിയ്ക്കാവുന്ന വിധത്തിലുള്ള ഈ 12 നില കെട്ടിടം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം. അടിത്തറ ഉള്‍പ്പെടെ പൂര്‍ണമായും ഭൂമിയിലേക്ക് അമര്‍ന്ന നിലയിലാണു കെട്ടിടം. അപാര്‍ട്‌മെന്റ് കൂടാതെ ഇവിടെ റസ്റ്ററന്റും കടകളും ഹോട്ടലുകളുമെല്ലാമുള്ളത് ആശങ്ക ഉയര്‍ത്തുന്നു.

മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍നിന്നു മൃതദേഹങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഭൂകമ്പത്തിനു പിന്നാലെ നൂറോളം ചെറിയ തുടര്‍ പ്രകമ്പനങ്ങളുണ്ടായതും രൂക്ഷത വര്‍ധിപ്പിച്ചു.

Image result for taiwan earthquake

തായ്വാനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണു ഹുവാലിന്‍. ഇതുവരെ 17 ടൂറിസ്റ്റുകള്‍ മെഡിക്കല്‍ സഹായം തേടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 1999ലായിരുന്നു ഇതിനുമുന്‍പു തായ്വാനെ തകര്‍ത്ത ഭൂകമ്പം. അന്ന് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 2400ലേറെപ്പേരാണു കൊല്ലപ്പെട്ടത്.

മനില: നാല് വര്‍ഷം മുന്‍പ് കടലില്‍ കാണാതായ മലേഷ്യന്‍ വിമാനത്തെ അന്വേഷിച്ചു പോയ കപ്പല്‍ കാണാതായി. സീബെഡ് കണ്‍സ്ട്രക്ടര്‍ എന്ന കപ്പലാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായിരിക്കുന്നത്. കപ്പല്‍ റഡാറില്‍ നിന്നും അപ്രത്യക്ഷമായതായി വിദേശ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 31 മുതല്‍ കപ്പലില്‍ നിന്നുള്ള ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. കപ്പലിന്റെ തിരോധാനത്തില്‍ അന്വേഷണം ആരംഭിച്ചു.

ജനുവരി 31നു മുന്‍പ് കപ്പലുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം കപ്പലുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടതിന് കാരണമെന്തെന്ന് വ്യക്തമല്ല. കാണാതായ വിമാനത്തിനായി മൂന്നാഴ്ച്ച നീണ്ട തിരച്ചിലിനു ശേഷമാണ് കപ്പലുമായുള്ള ആശയവിനിമയം തകരാറിലാകുന്നത്. തെരച്ചില്‍ നടത്തുന്ന മലേഷ്യന്‍ വിമാനത്തിലേതു പോലെ സീബെഡ് കണ്‍സ്ട്രക്ടര്‍ കപ്പലും അപകടത്തിലാണെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

നിരവധി യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ യാത്രാവിമാനത്തെ കണ്ടെത്താനുള്ള ദൗത്യമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞ മാസം 22 നാണ് സീബെഡ് കണ്‍സ്ട്രക്ടര്‍ എന്ന കപ്പല്‍ വിമാനം കണ്ടെത്തുന്നതിനായുള്ള ദൗത്യം ആരംഭിക്കുന്നത്. കടലിന്റെ ആറ് കിലോമീറ്റര്‍ ഉള്‍ത്തട്ടില്‍ വരെ പരിശോധന നടത്താന്‍ സീബെഡ് കണ്‍സ്ട്രക്ടറിനാകും. വരും ദിവസങ്ങളില്‍ കപ്പലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് തിരച്ചിലിനു നേതൃത്വം നല്‍കുന്ന കമ്പനി വക്താവ് അറിയിച്ചു.

ഒരു രാജ്യത്തെയും സംഘാടകരെയും ഒരുപോലെ കബളിപ്പിച്ച ഒരു യുവാവിന്റെ വെളിപ്പെടുത്തൽ. നാലായിരം സുന്ദരികളെ പിന്നിലാക്കി മിസ് കസാഖ് പട്ടത്തിനുള്ള ഫൈനലിൽ എത്തിയപ്പോൾ അവള്‍പറഞ്ഞു… താനൊരു പുരുഷനാണ് എന്ന സത്യം. കസാഖിസ്ഥാനിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. സൗന്ദര്യമത്സരങ്ങളുടെ പൊള്ളത്തരം തുറന്ന് കാട്ടി രംഗത്തെത്തിയിരിക്കുകയാണ് കസാഖിസ്ഥാന്‍ യുവാവായ ഇലേയ് ഡ്യാഗിലേവ് എന്ന 22 കാരന്‍. അലിന അയിലേവ എന്ന പേരില്‍ സുന്ദരീ പട്ടത്തിനുള്ള മത്സരത്തില്‍ പങ്കെടുക്കുകയും 4000ത്തോളം സുന്ദരികളെ പിന്നിലാക്കി മിസ് കസാഖിസ്ഥാന്‍ മത്സരത്തിന്റെ ഫൈനൽ പദത്തിലെത്തുകയും ചെയ്ത യുവാവാണ് ഇലേയ് . സുന്ദരീ പട്ടത്തിനുള്ള ഫൈനൽ റൗണ്ട് ഉറപ്പായപ്പോള്‍ താന്‍ സ്ത്രീയല്ല പുരുഷനാണെന്ന് പ്രഖ്യാപിച്ച് ഏവരെയും ഞെട്ടിക്കുകയായിരുന്നു യുവാവായ ഇലേയ്. 142 പേരുണ്ടായിരുന്ന സെമിഫൈനലിൽ നിന്നും പതിനാറ് പേരാണ് ഫൈനലിൽ എത്തിച്ചേർന്നത്. അതിന് ശേഷമായിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ.

സൗന്ദര്യത്തെ സംബന്ധിച്ച് കൂട്ടുകാരുമായുള്ള ഒരു തര്‍ക്കത്തെ തുടര്‍ന്നാണ് താനീ മത്സരത്തില്‍ സ്ത്രീയായി ചമഞ്ഞ് പങ്കെടുത്തതെന്ന് ഈ യുവാവ് കുറ്റസമ്മതം നടത്തുകയായിരുന്നു. ഇത്തരം മൽസരങ്ങളുടെ വിശ്വാസിതയെ തന്നെ ഇല്ലാതാക്കിയാണ് ഈ യുവാവിന്റെ ഫൈനൽ പ്രവേശം. തനിക്ക് സ്വാഭാവികമായ സൗന്ദര്യമുണ്ടെന്നാണ് ഇലേയ് അവകാശപ്പെടുന്നത്. സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്ന മിക്ക സ്ത്രീകളും ഒരേ മെയ്ക്കപ്പിട്ട്, ഒരേ സ്‌റ്റൈലില്‍ നടക്കുന്നതിനാല്‍ അവരെല്ലാം ഒരേ പോലെയാണിരിക്കുന്നതെന്നും ട്രെന്‍ഡുകളെ പിന്തുടര്‍ന്നാല്‍ തങ്ങള്‍ക്ക് സൗന്ദര്യം വരുമെന്നാണ് അവര്‍ വിശ്വസിക്കുന്നതെന്നും എന്നാല്‍ താന്‍ അങ്ങനെ ചിന്തിക്കുന്നില്ലെന്നും യുവാവ് പറയുന്നു. സംഘാടകരെ താന്‍ കബളിപ്പിച്ചുവെന്ന് ഈ യുവാവ് അവസാനം വെട്ടിത്തുറന്ന് പറയുകയായിരുന്നു. കസാഖിസ്ഥാനിലുടനീളമുള്ള നിരവധി പേര്‍ ഓണ്‍ലൈനില്‍ ഈ യുവാവിനെ ‘ സൗന്ദര്യറാണി’ യാക്കാന്‍ വോട്ട് ചെയ്തിരുന്നു.

സൗന്ദര്യകിരീടത്തിനുള്ള ഫൈനലിൽ എത്തിയപ്പോൾ തന്റെ ഐഡന്ററ്റി വെളിപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു വെന്നാണ് യുവാവ് പറയുന്നത്. തുടക്കത്തില്‍ കസാഖിസ്ഥാനിലെമ്പാട് നിന്നും 4000ത്തോളം പേരായിരുന്നു ഈ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ അയച്ചിരുന്നത്. ഫൈനൽ റൗണ്ടിൽ എത്തിയ സുന്ദരി പുരുഷനാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ തങ്ങള്‍ ഞെട്ടിപ്പോയെന്നാണ് സംഘാടകര്‍ പ്രതികരിച്ചിരിക്കുന്നത്.

ഇദ്ദേഹം പുരുഷനാണെന്ന് വെളിപ്പെടുത്തയതിനെ തുടര്‍ന്ന് ഉടനടി മത്സരത്തില്‍ നിന്നും നീക്കം ചെയ്യുകയും സെമിഫൈനലിൽ 1975 വോട്ട് നേടി രണ്ടാം സ്ഥാനത്തു എത്തിയ 18കാരിയായ അയ്‌കെറിം ടെമിര്‍ഖനോവയെ ഫൈനലിലേക്ക് ചേർക്കുകയാണ് ഉണ്ടായത്. അലിന അയിലേവക്ക് 2012 വോട്ടുകളായിരുന്നു ലഭിച്ചത്. സ്വന്തം കാമുകിയുടെ വസ്ത്രങ്ങളാണ് മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി യുവാവ് ഉപയോഗിച്ചത്.

 

ജെര്‍മന്‍ ഫെസ്റ്റിവലിനിടയില്‍ 18 കാരിയെ ചെമ്പിലിട്ട് തിളപ്പിച്ച രണ്ട് മന്ത്രവാദികളെ തിരഞ്ഞ് പൊലീസ്

പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്കാര്‍നിവലില്‍ പ്രദര്‍ശനത്തിന് വെച്ചതായിരുന്നു പെണ്‍കുട്ടിയെ ഇട്ട് തിളപ്പിച്ച കുട്ടകം.. മന്ത്രവാദികളുടെ വേഷം ധരിച്ച നിരവധി പേരും അവിടെ ഉണ്ടായിരുന്നു..

പെണ്‍കുട്ടിയുടെ സുഹൃത്ത് മന്ത്രവാദികളുടെ വേഷം ധരിച്ച രണ്ട് പേര്‍ക്ക് പെണ്‍കുട്ടിയെ തമാശ രൂപേണ കൈമാറുകയായിരുന്നു. ഇവര്‍ പെണ്‍കുട്ടിയെ കുട്ടകത്തിനടുത്തേക്ക് കൊണ്ടുപോയി… ഒരാള്‍ കുട്ടകത്തിന്റെ അടപ്പ് തുറന്നപ്പോള്‍ മറ്റേയാള്‍ പെണ്‍കുട്ടിയെ കുട്ടകത്തിലേക്ക് തള്ളിയിടുകയായിരുന്നു.

പഴയകാല മന്ത്രവാദകഥകളില്‍ മനുഷ്യനെ ജീവനോടെ വേവിക്കുന്ന സീന്‍ പുനരാവിഷ്‌കരിക്കുകയായിരുന്നു ഇവര്‍… എന്തായാലും പൊള്ളലേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്…

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായുളള തിരച്ചിലിലാണ് ജര്‍മന്‍ പൊലീസ്.

ബീജിംഗ്: രോഗിയായ കുഞ്ഞിന്റെ ചികിത്സാബില്‍ അടയ്ക്കാന്‍ ഗതിയില്ലാതെ ഒരമ്മ. തെരുവില്‍ മുലപ്പാല് വിറ്റ് ഇവര്‍ ആശുപത്രി ബില്ലടയ്ക്കാന്‍ പണം കണ്ടെത്തുന്നു. ചൈനയിലാണ് സംഭവം.

മിയോപൈ വിഡിയോ വെബ്‌സൈറ്റില്‍ പീയര്‍ വീഡിയോ ആണ് ഈ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുന്ന മകളുടെ ചികിത്സാ ചെലവിലേക്ക് അമ്മയും പിതാവും കൂടി 100,000 യുവാന്‍ (11,250 പൗണ്ട്) അടിയന്തരമായി കണ്ടെത്തേണ്ടി വന്നിരുന്നു. ഇതിനു കഴിയാതെ വന്നതോടെയാണ് അമ്മ തെരുവിലേക്ക് ഇറങ്ങിയത്.

ചൈനീസ് സോഷ്യല്‍ മീഡിയയായ സിന വെയ്‌ബോ ഈ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തതോടെ 24 ലക്ഷം പേരാണ് കണ്ടത്. അയ്യായിരത്തോളം കമന്റുകളും ഈ വീഡിയോയ്ക്ക് ലഭിച്ചു. ഷെന്‍ഹായ് ചിന്‍ഡ്രന്‍സ് പാര്‍ക്കിനു സമീപത്തുവച്ചാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്.

ഷെന്‍ഴാനിലെ ബവോവന്‍ ഡിസ്ട്രിക്ട് പീപ്പിള്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ഈ ദമ്പതികളുടെ രണ്ട് കുട്ടികളില്‍ ഒരാള്‍. കുട്ടിയെ സുഖപ്പെടുത്തണമെങ്കില്‍ ഒരു ലക്ഷം യുവാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടുവെന്ന് കുട്ടിയുടെ പിതാവ് വീഡിയോയിലൂടെ പറയുന്നുണ്ട്

മാതാപിതാക്കളുടെ ഈ നടപടിയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി കമന്റുകളും വരുന്നുണ്ട്. താഴ്ന്ന വരുമാനത്തില്‍പെട്ടവര്‍ക്ക് രോഗം വന്നാല്‍ സംഭവിക്കാവുന്ന ഗുരുതരമായ പ്രശ്‌നമാണിതെന്നും അവര്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണെന്നും അനുകൂലിക്കുവര്‍ പറയുന്നു. ‘സെല്‍ മില്‍ക്, സേവ് ഗേള്‍’ എന്ന ആശയമുയര്‍ത്തി പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ സഹായം തേടുന്നന്നതിനുള്ള ഏറ്റവും മോശമായ മാര്‍ഗമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ചൈനയിലെ ആരോഗ്യമേഖലയില്‍ അടുത്തകാലത്ത് ഉയര്‍ന്നുവരുന്ന പ്രതിസന്ധിയുടെ ഒരു ഉദാഹരണം കൂടിയാണ് ഈ സംഭവം.

 

റോം: ഇറ്റലിയില്‍ കുടിയേറ്റക്കാര്‍ക്കു നേരെ ആക്രമണം. ഇറ്റലിയിലെ മസിറേറ്റയില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ ആറ് ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വെടിവെയ്പ് രണ്ടു മണിക്കൂറോളം നീണ്ടു നിന്നതായാണ് റിപ്പോര്‍ട്ടുകള്‍.പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയതായും പോലീസ് അറിയിച്ചു. അക്രമിയെന്ന് സംശയിക്കുന്ന ആളെയാണ് പിടികൂടിയതെന്നാണ് വിവരം.

ഇറ്റാലിയന്‍ പൗരന്‍ ലൂക്ക ട്രെയിനി(28) ആണ് പിടിയിലായത്. കാറിലെത്തിയാണ് അക്രമി വെടിയുതിര്‍ത്തത്. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു. വംശീയ വിദ്വേഷവും കുടിയേറ്റക്കാരോടുള്ള വിരോധവുമാണ് അക്രമണത്തിന് പിന്നിലെന്ന് ഇറ്റാലിയന്‍ പോലീസ് അറിയിച്ചു.

 

ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട സാം എബ്രഹാം വധക്കേസില്‍ വിക്ടോറിയന്‍ സുപ്രീം കോടതിയില്‍ നടക്കുന്ന അന്തിമ വിചാരണയുടെ അഞ്ചാം ദിവസമാണ് സിഡ്‌നിയില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധനും ടോക്‌സിക്കോളജിസ്റ്റുമായ പ്രൊഫസര്‍ നരേന്ദ്ര ഗുഞ്ചനെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. സാമിന്റെ മരണകാരണം സയനേയ്ഡ് തന്നെയാണെന്നും അത് വായിലൂടെ ശരീരത്തില്‍ പ്രവേശിച്ചതാണ് മരണകാരണമെന്നും അദ്ദേഹം ജൂറിക്ക് മുന്നില്‍ വ്യക്തമാക്കി. ഒരു ലിറ്ററിന് ഒരു മില്ലിഗ്രാം സയനേയ്ഡ് ശരീരത്തില്‍ പ്രവേശിച്ചാല്‍ അത് മരണത്തിലേക്ക് നയിക്കാം.

എന്നാല്‍ സാമിന്റെ രക്തത്തില്‍ ഒരു ലിറ്ററിന് 35 മില്ലിഗ്രാം എന്ന കണക്കിനാണ് സയനേയ്ഡിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. ഇത് വളരെ അപകടകരമായ അളവാണെന്നും ശ്വാസത്തിലൂടെയോ ത്വക്കിലൂടെയോ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഇത്രയധികം അളവ് രക്തത്തില്‍ പ്രകടമാകില്ല എന്ന് പ്രൊഫസര്‍ ഗുഞ്ചന്‍ കോടതിയെ അറിയിച്ചു. ചില ഭക്ഷണവസ്തുക്കള്‍ ഒരുപാട് കൂടിയ അളവില്‍ ശരീരത്തില്‍ പ്രവേശിച്ചാലും സയനൈഡിന്റെ അംശം ഉണ്ടാകാമെന്നും, എന്നാല്‍ ഇത്രയും അപകടകരമായ അളവില്‍ വരില്ലെന്നും അദ്ദേഹം മൊഴി നല്‍കി. മാത്രമല്ല ഒറ്റയടിക്ക് ഇത് ശരീരത്തിനുള്ളില്‍ ചെന്നാല്‍ ചുമയ്ക്കുകയും ഛര്‍ദിക്കുകയും അബോധാവസ്ഥയിലായി ഹൃദയസ്തംഭനം മൂലം മരണമടയുകയുമാണ് ചെയ്യുക. എന്നാല്‍ ഇവിടെ സാം ഛര്‍ദിച്ചതിന്റെ തെളിക്കുകള്‍ ഒന്ന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വളരെ ചെറിയ അളവില്‍ ഏറെ നേരം കൊണ്ട് ശരീരത്തിലേക്ക് എത്തിയിരിക്കാനാണ് സാധ്യത. ഉറങ്ങിക്കിടന്ന സാമിന്റെ തല ഒരു കൈകൊണ്ട് ഉയര്‍ത്തിപ്പിടിച്ച ശേഷമാകാം ഇത് വായിലേക്ക് ഒഴിച്ച് കൊടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറെ നേരമെടുത്ത് ഒരു പക്ഷേ മണിക്കൂറുകള്‍ എടുത്ത് ചെറിയ അളവില്‍ വായിലേക്ക് ഒഴിച്ചുകൊടുത്തിരിക്കാമെന്നും പ്രൊഫസര്‍ ഗുഞ്ചന്‍ ജൂറിക്കു മുന്നില്‍ പറഞ്ഞു. ഇതിനു പുറമെ ക്ലോണാസിപാം എന്ന മയക്കികിടത്താനുള്ള മരുന്നിന്റെ അംശവും ഈയത്തിന്റെ അംശവും സാമിന്റെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലുമാണ് ഇത് ശരീരത്തില്‍ പ്രവേശിച്ചിട്ടുള്ളതെന്നും ഫോറന്‍സിക് വിദഗ്ധന്‍ ജൂറിക്ക് മുന്നില്‍ പറഞ്ഞു. പ്രതികളുടെ അഭിഭാഷകര്‍ പ്രൊഫസര്‍ ഗുഞ്ചനെ ക്രോസ് വിസ്താരം നടത്തി. വിചാരണ തിങ്കളാഴ്ച തുടരും. കേസില്‍ പ്രതികളായ സോഫിയയും അരുണ്‍ കമലാസനനും കുറ്റം നിഷേധിച്ചിട്ടുണ്ട്.

റഷ്യ : സ്നേഹം നല്‍കിയാല്‍ തിരികെ അതില്‍ കൂടുതല്‍ സ്നേഹം നല്‍കാന്‍ മൃഗങ്ങളെക്കാള്‍ മറ്റാര്‍ക്കും സാധിക്കില്ല എന്ന് തെളിയിക്കുന്ന സംഭവത്തിന്റെ കൗതുകകരമായ വാര്‍ത്തയാണ് റഷ്യയില്‍ നിന്ന് പുറത്ത് വരുന്നത്. റഷ്യയിലെ ഒലെഗ് അലക്സാഡ്രോവ് ഒരു സര്‍ക്കസ് പരീശീലകനാണ്. സര്‍ക്കസിലെ അഭ്യാസപ്രകടനത്തിനിടയിലാണ് അറുപതടിയോളം ഉയരത്തില്‍ നിന്നു വീണ് ഒലെഗിന്റെ കാലൊടിഞ്ഞത്. തുടര്‍ന്ന് നാലു മാസത്തോളം ഒലെഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ മുതല്‍ ഒലെഗ് വളര്‍ത്തിയ മൂന്ന് കരടികള്‍ സര്‍ക്കസില്‍ ഉണ്ടായിരുന്നു.

നൈഷേഗൊരോട്സ്കി സര്‍ക്കസിലാണ് ഒലോഗും മൂന്നു കരടികളും വര്‍ഷങ്ങളായി ജോലി ചെയ്യുന്നത്. ആശുപത്രിയിലായിരിക്കെ ഒലെഗിന്റെ പ്രധാന ആശങ്ക തിരികെയെത്തുമ്പോള്‍ കരടികള്‍ തന്നെ തിരിച്ചറിയുമോയെന്നതായിരുന്നു. നാലു മാസത്തെ ഇടവേളയ്ക്കു ശേഷം തിരികെയെത്തുമ്പോള്‍ കരടികള്‍ക്ക് തന്നോടുള്ള സ്നേഹവും അടുപ്പവും ഇല്ലാതാക്കുമോയെന്നും ഒലെഗ് ഭയന്നിരുന്നു. എന്നാല്‍ ചികിത്സ കഴിഞ്ഞെത്തിയ ഒലെഗിനെ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കുകയാണ് കരടികള്‍ ചെയ്തത്. ആശുപത്രിയില്‍ നിന്നു മടങ്ങിയെത്തിയ ഉടന്‍ ഒലെഗ് വീല്‍ചയറിലിരുന്ന് ആദ്യം പോയത് കരടികളുടെ അടുത്തേക്കായിരുന്നു. അവ തന്നെ തിരിച്ചറിഞ്ഞ് ഓടിയെത്തിയപ്പോഴാണ് ഒലെഗിന് സമാധാനമായത്.

എന്നാല്‍ കൂടുതല്‍ അത്ഭുതങ്ങള്‍ ഒലെഗിനെ കാത്തിരിക്കുന്നതേയുണ്ടായിരുന്നുള്ളു. ഇപ്പോള്‍ ഒലെഗിനെ പുറത്തു വീല്‍ചെയറില്‍ ഇരുത്തി കൊണ്ടുപോകുന്നത് ഈ കരടികളാണ്. പ്രത്യേകിച്ചും ഒലെഗിനോട് ഏറ്റവും അടുപ്പമുള്ള യാഷ എന്ന പെണ്‍കരടി. മനുഷ്യരെപ്പോലെ ഒലെഗിനെയും ഇരുത്തി വീല്‍ചയര്‍ തള്ളിക്കൊണ്ട് പോകുന്ന കരടികളെ കണ്ട് അദ്ഭുതപ്പെടുകയാണ് പ്രദേശവാസികള്‍. യാഷ ഒലെഗിനെ വീല്‍ചെയറിലിരുത്തി തെരുവിലൂടെ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. മഞ്ഞു നിറഞ്ഞു കിടക്കുന്ന തെരുവിലൂടെ മറ്റൊരു പരിശീലകനേയും കൂട്ടിയാണ് യാഷ ഒലെഗിനൊപ്പം സവാരിക്കു പോകുന്നത്. കഴുത്തില്‍ ബെല്‍റ്റുണ്ടെങ്കിലും അത് ആരെങ്കിലും പിടിക്കുകയോ വീല്‍ ചെയറില്‍ ബന്ധിക്കുകയോ ചെയ്യാതെയാണ് ഇവരുടെ യാത്ര.

ആംസ്റ്റര്‍ഡാം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാനൊരുങ്ങി ജര്‍മന്‍ കാര്‍ നിര്‍മാതാവായ മെഴ്‌സിഡസ് ബെന്‍സ്. പുതിയ എ-ക്ലാസ് ഹാച്ച് മോഡലുകളിലാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിക്കുന്നത്. മെഴ്‌സിഡസ് ബെന്‍സ് യൂസര്‍ എക്‌സ്പീരിയന്‍സ് (MBUX) എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം കാറിനുള്ളിലെ പ്രവര്‍ത്തനങ്ങളെ ഡ്രൈവര്‍ക്ക് സ്വന്തം ശബ്ദത്തിലൂടെ നിയന്ത്രിക്കാന്‍ സഹായിക്കും. വെള്ളിയാഴ്ച ആംസ്റ്റര്‍ഡാമില്‍വെച്ച് ഈ സംവിധാനം പുതിയ എ-ക്ലാസിലുണ്ടാകുമെന്ന് ബെന്‍സ് അറിയിച്ചു.

ഡ്രൈവര്‍ക്ക് ഹേയ് മെഴ്‌സിഡസ് എന്ന് പറഞ്ഞുകൊണ്ട് ലിംഗ്വാട്രോണിക് സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റിനെ ആക്ടിവേറ്റ് ചെയ്യാം. യുവാക്കള്‍ക്ക് കൂടുതല്‍ താല്‍പര്യമുള്ള മോഡലുകളില്‍ ഇവ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് കമ്പനി എക്‌സിക്യൂട്ടീവുകള്‍ വ്യക്തമാക്കുന്നത്. ലാസ് വേഗാസില്‍ നടത്തിയ ട്രയലില്‍ ഈ സംവിധാനം മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആമസോണ്‍ അലക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയ്‌ക്കൊപ്പം നില്‍ക്കുന്ന പ്രകടനമായിരുന്നു എംബിയുഎക്‌സ് കാഴ്ചവെച്ചത്. കാറിന്റെ നാവിഗേഷന്‍, ഫോണ്‍, ഓഡിയോ, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെ നിയന്ത്രിക്കാന്‍ ഇതിലൂടെ കഴിയും.

ഡ്രൈവറുടെ മുന്നിലും ഡാഷ്‌ബോര്‍ഡിന്റെ മധ്യത്തിലേക്കുമായി നീളുന്ന ഇരട്ട സ്‌ക്രീനുകളാണ് ഇതിന്റെ പ്രധാന ഭാഗം. മികച്ച ഗ്രാഫിക്‌സുകളാണ് ഇതിന്റെ പ്രത്യേകത. ഏതു രീതിയിലും കോണ്‍ഫിഗര്‍ ചെയ്യാവുന്ന ഈ സ്‌ക്രീനുകളെ ശബ്ദത്തിലൂടെയും സ്പര്‍ശനത്തിലൂടെയും നിയന്ത്രിക്കാം. മെഴ്‌സിഡസ് മീ ആപ്പിലൂടെ കാര്‍ ഷെയറിംഗിനും എംബിയുഎക്‌സ് സഹായിക്കും. ഈ സ്മാര്‍ട്ട് ഫോണ്‍ ആപ്പിലൂടെ മറ്റൊരാള്‍ക്ക് കാര്‍ ഉപയോഗിക്കാനുള്ള അനുവാദം ഉടമസ്ഥന് നല്‍കാനാകും. ഇതിനായി സ്വിച്ച് കീ ഉപയോഗിക്കേണ്ട ആവശ്യമേയില്ല.

കൂടുതല്‍ സൗകര്യങ്ങളുള്ള ഡ്രൈവര്‍ അസിസ്റ്റന്റ് സംവിധാനങ്ങള്‍ ചെറു കാറുകൡും അവതരിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്. വളവുകളില്‍ സ്റ്റിയറിംഗിലുള്ള നിയന്ത്രണം ഏറ്റെടുക്കുന്നതു മുതല്‍ തിരിയാനുള്ള സിഗ്നല്‍ ഇട്ടാലുടന്‍ ലെയിന്‍ സ്വയം മാറുന്നതു വരെയുള്ള സൗകര്യങ്ങളാണ് ഇതിലുള്ളത്. പുതിയ എ-ക്ലാസ് ഈ സ്പ്രിംഗില്‍ യൂറോപ്പില്‍ വിപണിയിലെത്തും.

RECENT POSTS
Copyright © . All rights reserved