Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ന്യൂഡൽഹി : ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡുകൾ പുതുക്കി നൽകുന്ന നടപടിക്രമങ്ങൾ ലളിതമാക്കി കേന്ദ്ര സർക്കാർ. മറ്റ് വിദേശികൾക്ക് ലഭ്യമല്ലാത്ത നിരവധി ആനുകൂല്യങ്ങളുമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള ഒരു ദീർഘകാല വിസയാണ് ഒസിഐ കാർഡ്. കേന്ദ്ര സർക്കാരിന്റെ തീരുമാനം പ്രകാരം കാർഡ് നൽകുന്നതിനുള്ള നിയമത്തിൽ വരുത്തിയ ഇളവുകൾ ഇവയാണ്.

•പ്രായപൂർത്തിയാകാത്തവർ പാസ്പോർട്ട്‌ പുതുക്കുമ്പോൾ ഇനി ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.

•50 വയസ്സ് തികഞ്ഞവർ ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.

•20 വയസ്സിനു ശേഷമാണ് കാർഡ് അനുവദിച്ചു കിട്ടിയതെങ്കിൽ വീണ്ടും പുതുക്കേണ്ടതില്ല.

• ഓരോ തവണ പാസ്പോർട്ടിൽ മാറ്റം വരുത്തുമ്പോഴും കാർഡ് പുതുക്കേണ്ടതില്ല.

• മേൽവിലാസം മാറ്റുന്നതിനും ഒസിഐ കാർഡ് പുതുക്കേണ്ട ആവശ്യമില്ല.

http://www.ociservices.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷകർ നിലവിലുള്ള പാസ്പോർട്ടിന്റെ പകർപ്പും
ഫോട്ടോയും ഓൺലൈനായി സമർപ്പിക്കുക. ഇതിനായി പ്രത്യേക ഫീസ് ഈടാക്കുന്നതല്ല. യാതൊരുവിധ ഫോമുകളും പൂരിപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കായി https://www.hcilondon.gov.in/page/recent-circulars-on-oci/ സന്ദർശിക്കുക.

ഒസിഐ കാർഡ് എപ്പോൾ പുതുക്കണം?

20 വയസിനു മുമ്പ് ഒസിഐ കാർഡ് ലഭിച്ചവർ 20 വയസ്സ് പൂർത്തിയായി പുതിയ പാസ്പോർട്ട് ലഭിച്ചതിന് ശേഷം കാർഡ് ഒറ്റത്തവണ പുതുക്കിയാൽ മതിയാകും. പേരോ പൗരത്വമോ തിരുത്തണമെങ്കിൽ ഒസിഐ കാർഡ് പുതുക്കേണ്ടത് നിർബന്ധമാണ്.

ഇപ്പോൾ ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്കോ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കോ യാത്ര ചെയ്യുന്നതിന് നിലവിലെ പാസ്പോർട്ടും ഒസിഐ കാർഡും മതിയാവും. എന്നാൽ മുകളിൽ സൂചിപ്പിച്ചതു പോലെ ഏറ്റവും പുതിയ ഫോട്ടോയും പാസ്പോർട്ടിന്റെ പകർപ്പും ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ വംശജർക്കാണ് ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ അഥവാ ഒസിഐ കാർഡ് വിതരണം ചെയ്യുന്നത്. വോട്ടവകാശം, കാർഷിക ഭൂമി വാങ്ങൽ, സർക്കാർ സേവനം എന്നിവ ഒഴികെ ഇന്ത്യൻ പൗരനുള്ള എല്ലാ ആനുകൂല്യങ്ങളും ഈ കാർഡിലൂടെ ലഭിക്കും. ഇന്ത്യയിലേക്കു വിസ നിർബന്ധമല്ലാത്ത യാത്രയാണ് മറ്റൊരു ആനുകൂല്യം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കടുത്ത മൈഗ്രേനും വിഷാദ രോഗവും മൂലം മുന്നൂറിലധികം സിക്ക് ലീവുകൾ എടുത്ത മുതിർന്ന നഴ്സിനെ തെറ്റായി പിരിച്ചുവിട്ടതായി അന്വേഷണത്തിനൊടുവിൽ ട്രൈബ്യൂണൽ കണ്ടെത്തി. കരോലിൻ മക്കെൻസിയെന്ന ലെസ്റ്ററിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്സിനെയാണ് തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്ന് മുന്നറിയിപ്പുകൾക്ക് ശേഷം പിരിച്ചുവിട്ടത്. എന്നാൽ മൈഗ്രേൻ, വിഷാദം എന്നിവ നഴ്സിനെ അലട്ടിയിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തി. ഭാഗികമായെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണങ്ങളാലാണ് ജോലി നഷ്ടപ്പെട്ടതെന്ന് ജഡ്ജി പറഞ്ഞു. മാർച്ചിൽ എംപ്ലോയ്മെൻറ് ജഡ്ജിയായ സലിം അഹമ്മദാണ് ട്രൈബ്യൂണലിന് നേതൃത്വം വഹിച്ചത്. വൈകല്യ വിവേചനം, അന്യായമായ ക്രമീകരണങ്ങൾ വരുത്തുന്നതിൽ പരാജയം, അന്യായമായ പിരിച്ചുവിടൽ എന്നീ പരാതികളുമായാണ് മക്കെൻസി കോടതിയെ സമീപിച്ചത്.

2010 നവംബറിൽ എൻഎച്ച്എസ് ട്രസ്റ്റിൻെറ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് മക്കെൻസി ജോലിക്ക് പ്രവേശിച്ചത്. മൈഗ്രൈൻ, വിഷാദം തുടങ്ങിയ രണ്ട് അവസ്ഥകൾ അവർക്ക് ഉണ്ടായിരുന്നു. ഇവ രണ്ടും വൈകല്യങ്ങൾ ആയി കണക്കാക്കപ്പെടുന്ന രോഗങ്ങളാണ്. ജോലിസമയത്ത് പതിവായി മൈഗ്രേൻ ആക്രമങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും സാധാരണയായി ഇവ ഒന്നോ രണ്ടോ ദിവസം നീണ്ടുനിൽക്കുന്നതായും ട്രൈബ്യൂണൽ കണ്ടെത്തി. പലതരം മരുന്നുകൾ രോഗത്തിനായി ഉപയോഗിച്ചിട്ടുണ്ടെങ്കിലും രോഗം നിയന്ത്രിക്കുവാൻ കഴിഞ്ഞിരുന്നില്ല. 2010 -ൽ ആരംഭിച്ച ഒരു പതിറ്റാണ്ടോളം നീണ്ടുനിന്ന തൻെറ കരിയറിൽ നിരവധിതവണ ലീവ് എടുക്കുന്നതിനെ സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചിരുന്നു. 2013 -ൽ ആദ്യം രേഖാമൂലം മുന്നറിയിപ്പ് ലഭിക്കുകയും പിന്നീട് 2019 -ൽ ഇത് നടപ്പിലാക്കുകയുമായിരുന്നു. ഒടുവിൽ 2020 ഓഗസ്റ്റിൽ മക്കെൻസിയെ പിരിച്ചുവിടുകയായിരുന്നു.

സുരേഷ് കുമാർ

നോർത്താംപ്ടണിൽ നിര്യാതനായ ജെയ്മോൻ പോളിന് (42 വയസ്സ്) ആദരാഞ്ജലികൾ അർപ്പിക്കാനായി നോർത്താംപ്ടണിലെ സെന്റ് ഗ്രിഗറി ദി ഗ്രേറ്റ് ആർ സി പള്ളിയിൽ മലയാളികൾ ഒത്തുചേരും. തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 11 . 30 വരെ ജെയ്മോൻ പോളിൻെറ ഭൗതികശരീരം സെന്റ് ഗ്രിഗറി ദി ഗ്രേറ്റ് ആർ സി പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതായിരിക്കും. വിവിധ വൈദികരുടെ സാന്നിധ്യത്തിൽ പ്രാർത്ഥനയും ഉണ്ടായിരിക്കും. അതിനു ശേഷം കിംഗ്സ്തോർപ്പ് സെമിത്തേരിൽ സംസ്കാര ചടങ്ങുകൾ നടക്കുന്നതായിരിക്കും.

Church Address :
St Gregory the Great RC Church
22 Park Ave North, Northampton NN3 2HS
Viewing Time : 10 to 11:30
Service : 11:30 to 1 pm.
Funeral : 1:30

Cemetery Address:
Kingsthorpe Cemetery,
Harborough Road North
Boughton
NN2 8LU

42 വയസ്സ് മാത്രം പ്രായമുള്ള ജെയ്മോൻ പോൾ മെയ് മാസം പതിമൂന്നാം തീയതിയാണ് മരണമടഞ്ഞത് . ഭാര്യയും രണ്ടു കുട്ടികളും ഉള്ള ജെയ്മോൻ 15 വർഷത്തോളമായി യുകെയിലെത്തിയിട്ട് . മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്ടൻറെ ആദ്യകാല മെമ്പറായിരുന്നു . കേരളത്തിൽ മൂവാറ്റുപുഴ കുന്നേക്കാൽ ആണ് ജെയ്മോൻെറ സ്വദേശം .   സെന്റ് മാത്യൂസ് ഹെൽത്ത് കെയറിൽ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.

ജെയ്മോൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വാൽസാൽ : വാട്സ്ആപ്പിലൂടെ വംശീയ വിദ്വേഷ പോസ്റ്റുകൾ പങ്കുവെച്ച വാൽസാൽ മേയർക്ക് സസ്പെൻഷൻ. കൺസർവേറ്റീവ് പാർട്ടി വാൽസാൽ കൗൺസിലറായ റോസ് മാർട്ടിനെയാണ് പാർട്ടി ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. വാട്സ്ആപ്പിലൂടെ വംശീയ വിദ്വേഷ പോസ്റ്റ്‌ പങ്കുവെച്ചുവെന്നതാണ് കുറ്റം. അഞ്ച് കറുത്ത വർഗ്ഗക്കാരായ കുട്ടികൾ ഒരു വെളുത്ത കുട്ടിയെ നോക്കുന്ന ചിത്രത്തിന് കീഴിൽ “സൗത്ത് ലണ്ടനിലെ യുക്രേനിയൻ അഭയാർഥി കുട്ടി ആദ്യമായി സ്കൂളിലേക്ക്” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്‌ പങ്കുവെച്ചത്. വാട്ട്‌സ്ആപ്പ് പോസ്റ്റ് കണ്ട ഒരാൾ ദേശീയ തലത്തിൽ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി. ഇത് ഔദ്യോഗിക അന്വേഷണത്തിലേക്ക് നയിച്ചു. തുടർന്നായിരുന്നു സസ്പെൻഷൻ.

എന്നാൽ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റോസ് മാർട്ടിൻ പ്രതികരിച്ചു. ഇക്കാര്യം പോലീസിൽ അറിയിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു. സസ്‌പെൻഷനെതിരെ അപ്പീൽ സമർപ്പിക്കാൻ മാർട്ടിന് സാധിക്കും. അന്വേഷണ ഫലത്തെപറ്റിയുള്ള ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്ന് വാൽസാൽ കൗൺസിലിന്റെയും ടോറി ഗ്രൂപ്പിന്റെയും നേതാവായ മൈക്ക് ബേർഡ് പറഞ്ഞു.

പാർട്ടി ബോർഡിനോട് ക്ഷമാപണം നടത്താനും റോസിനോട് നിർദേശിച്ചിട്ടുണ്ട്. മേയ് 23-നാണ് റോസ് മേയർ പദവിയിലെത്തിയത്. ഈ പദവിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തെങ്കിലും പെൽസാൽ വാർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗമായി ഇവർക്ക് തുടരാൻ കഴിയും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബെൽഫാസ്റ്റ് : വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അശ്ലീല സന്ദേശങ്ങളും വംശീയ സന്ദേശങ്ങളും പങ്കുവെച്ച് നോർത്തേൺ അയർലൻഡ് പോലീസ് ഉദ്യോഗസ്ഥർ. 20 ലധികം പിഎസ്എൻഐ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഗ്രൂപ്പിൽ മുതിർന്ന വനിതാ ഉദ്യോഗസ്ഥരെ കുറിച്ച് മോശമായ വാക്കുകൾ ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സഹപ്രവർത്തകരായ സ്ത്രീകളുടെ മുഖത്ത് സെക്‌സ് ടോയ്‌സിന്റെ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്ത് ഗ്രൂപ്പിൽ പങ്കുവെച്ചു. 11 മാസ കാലയളവിൽ അയച്ച നൂറിലേറെ സന്ദേശങ്ങൾ ബിബിസി എൻഐ സ്പോട്ട്ലൈറ്റ് പരിശോധിക്കുകയുണ്ടായി. അറബിക്, ഇസ്ലാമിക് വംശജരെ പരിഹസിക്കുന്ന സന്ദേശങ്ങളും മുതിർന്ന വനിതാ ഓഫീസർമാരുടെ വിജയത്തെ ലൈംഗിക പ്രവർത്തികളുമായി താരതമ്യപ്പെടുത്തുന്ന സന്ദേശങ്ങളും ഗ്രൂപ്പിൽ പങ്കുവെച്ചിട്ടുണ്ട്.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ച സന്ദേശങ്ങൾ പൂർണ്ണമായും അസ്വീകാര്യമാണെന്ന് ചീഫ് കോൺസ്റ്റബിൾ സൈമൺ ബൈർൺ പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീവിരുദ്ധമായ, ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ പങ്കുവെച്ച ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി ഉണ്ടാവുമെന്നാണ് സൂചന.

ആഭ്യന്തര അന്വേഷണങ്ങൾ നടക്കുന്നതിനാൽ ഉദ്യോഗസ്ഥർക്ക് അഭിപ്രായം പറയാൻ അനുവാദമില്ല. ചില സന്ദേശങ്ങൾ പരിശോധിച്ച മുൻ പോലീസ് ഓംബുഡ്‌സ്മാൻ ബറോണസ് നുവാല ഒ ലോൺ, പോലീസ് സംസ്‌കാരത്തെക്കുറിച്ച് കൂടുതൽ ആശങ്ക ഉന്നയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ ജി പി (ജനറൽ പ്രാക്ടീഷ്ണേഴ്സ്) കമ്മറ്റിയുടെ ആദ്യ വനിത നേതാവ് യൂണിയനിലെ ലിംഗ അസമത്വങ്ങൾ മൂലം സിക്ക് ലീവിൽ ആണെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. നവംബർ 2021 ലാണ് നൂറ് വർഷത്തിനിടെ കമ്മറ്റിയുടെ ആദ്യത്തെ വനിത നേതാവായി ലണ്ടനിലെ കാംഡെനിൽ നിന്നുള്ള ഡോക്ടറായ ഫറ ജമീൽ തിരഞ്ഞെടുക്കപ്പെട്ടത്. ഡോക്റ്റേഴ്സ് മാസികയായ പൾസിന്റെ റിപ്പോർട്ട് പ്രകാരം കമ്മറ്റിയിൽ നിലനിൽക്കുന്ന മോശമായ സംസ്കാരം മൂലമാണ് ഫറ മാർച്ച് മുതൽ ലീവ് എടുത്തതെന്ന് വ്യക്തമാക്കുന്നുണ്ട്. സ്ത്രീകളുടെ കഴിവിനെ അംഗീകരിക്കാതിരിക്കുകയും അവർക്ക് പ്രാധാന്യം നൽകാതിരിക്കുകയും ചെയ്യുന്ന ഒരു പുരുഷസമൂഹം കമ്മറ്റിയിൽ പ്രബലമാണെന്ന ആരോപണം ശക്തമാണ്. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ മുൻ നേതാവായിരുന്ന ഒരു വനിതാ ഡോക്ടറും ഇത്തരത്തിൽ അസോസിയേഷനിൽ നിലനിൽക്കുന്ന ലിംഗ അസമത്വങ്ങൾ മൂലമാണ് സംഘടന വിട്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ജി പി കമ്മിറ്റിയുടെ തലപ്പത്തിരുന്ന സമയത്ത് ഡോക്ടർ ഫറ ജമീലിന് നിരവധി ലിംഗ അസമത്വങ്ങൾ വ്യക്തമാക്കുന്ന നിരവധി വിമർശനങ്ങൾ കേൾക്കേണ്ടതായി വന്നിട്ടുണ്ടെന്ന് പൾസ് വ്യക്തമാക്കുന്നു. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനിൽ ഉയർന്ന സ്ഥാനത്തിരിക്കുന്ന നിരവധിപേർ ഫറയ്ക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ജനറൽ പ്രാക്ടീഷണർ മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകളുടെ തൊഴിലിനെ കുറച്ചു കാണുന്ന ഇത്തരത്തിലുള്ള സമീപനം തികച്ചും അസംബന്ധമാണെന്ന് നിരവധിപേർ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുതിയ കോവിഡ് വകഭേദങ്ങൾക്ക് കൂടുതൽ വ്യാപന ശേഷിയുള്ളതായി കണ്ടെത്തൽ . ജനസംഖ്യയുടെ 97% പേർക്കും ആൻറിബോഡികൾ ഉണ്ടായിട്ടും ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ അഞ്ചാം തരംഗം ഉണ്ടായതാണ് കൊറോണാ വൈറസിന്റെ പുതിയ വകഭേദങ്ങളെ കുറിച്ച് ആശങ്ക ഉളവാക്കിയിരിക്കുന്നത്. സ്റ്റെല്ലൻബോഷ് യൂണിവേഴ്സിറ്റിയുടെ ഡിഎസ്ടി-എൻആർഎഫ് സെന്റർ ഓഫ് എക്സലൻസ് ഇൻ എപ്പിഡെമിയോളജിക്കൽ മോഡലിംഗ് ആൻഡ് അനാലിസിസ്, ദക്ഷിണാഫ്രിക്കൻ നാഷണൽ ബ്ലഡ് സർവീസ് എന്നിവയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

വാക്സിനേഷനിലൂടെയോ രോഗം ബാധിച്ചു കിട്ടുന്നതോ ആയ പ്രതിരോധശേഷിയെ മറികടക്കാൻ ഒമിക്രോണിന്റെ പുതിയ വേരിയന്റുകളായ BA. 4, BA. 5 എന്നിവയ്ക്ക് കഴിയുമെന്നാണ് പുതിയ കണ്ടെത്തൽ വ്യക്തമാക്കുന്നത്. രോഗവ്യാപനം കടുത്തപ്പോഴും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണവും മരണനിരക്കും മുൻപുള്ളതിനേക്കാൾ കുറവാണ് രേഖപ്പെടുത്തിയതെന്ന ആശ്വാസമുണ്ട്.

ദക്ഷിണാഫ്രിക്കയിൽ 100,000 -ത്തിലധികം കോവിഡ് മരണങ്ങൾ ആണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്. ആഫ്രിക്കയിൽ കോവിഡ് ഏറ്റവും അധികം ബാധിച്ച രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഒമിക്രോണിൻറെ വിവിധ വകഭേദങ്ങളും ആദ്യം തിരിച്ചറിയപ്പെട്ടത് ദക്ഷിണാഫ്രിക്കയിലാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : അടുത്തിടെ യുകെയിൽ എത്തിയവർ ശ്രദ്ധിക്കുക. നിങ്ങളെ തട്ടിപ്പിന്റെ കുരുക്കിൽ വീഴ്ത്താനായി വ്യാജ എസ്റ്റേറ്റ് ഏജന്റുമാർ ഒരുങ്ങിയിരിപ്പുണ്ട്. യുകെയിൽ എത്തിയ ശേഷം ഒരു വീട് തേടി നടക്കുന്ന മലയാളികളെ ഇവർ ലക്ഷ്യമിടുന്നു. പ്രോപ്പർട്ടിയുടെ പരസ്യം ഫേസ്ബുക്കിൽ നൽകി വാട്സ്ആപ്പിലൂടെ ആശയവിനിമയം നടത്തുന്നു. തുടർന്ന് അക്കൗണ്ട് നമ്പർ നൽകി പണം അയക്കാൻ ആവശ്യപ്പെടുന്നു. ശേഷം അവർ അപ്രത്യക്ഷമാകുന്നു. വീട് തേടിയെത്തുന്നവരുടെ നിസ്സഹായതയെ ആയുധമാക്കിയാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. ഇത്തവണ ‘സെനിത് ഹോംസ്’ എന്ന പേരിലാണ് തട്ടിപ്പുകാർ രംഗത്തെത്തിയത്. യുകെയിൽ എത്തിയ മലയാളി സ്ത്രീയുടെ കയ്യിൽ നിന്ന് 250 പൗണ്ട് തട്ടിയെടുക്കുകയും ചെയ്തു. നാളെ ഇവർ മറ്റൊരു പേരിലാവും പ്രത്യക്ഷപ്പെടുക.

തട്ടിപ്പിനിരയായ സ്ത്രീയുടെ അനുഭവം ഇങ്ങനെ ; സീനിയർ കെയററായി എത്തിയ രജിത ചന്ദ്രൻ ബോൺമൗത്തിൽ ജോലി ചെയ്തു വരികയായിരുന്നു. എത്തിച്ചേരുന്നതിന് മുൻപ് തന്നെ അവൾ തന്റെ കുടുംബത്തിനായി ഒരു താമസസ്ഥലം കണ്ടെത്താൻ ശ്രമിച്ചു. യുകെയിൽ എത്തുന്ന നിരവധി മലയാളികളുടെ സാധാരണ രീതിയാണിത്. “സെനിത്ത് ഹോംസ്: എല്ലാത്തരം താമസസൗകര്യങ്ങൾക്കും ഞങ്ങളെ ബന്ധപ്പെടുക” എന്ന ചിത്രമുള്ള ഒരു ഫേസ്ബുക്ക് പരസ്യം രജിത കാണുന്നു, അതിനൊപ്പം 07399201248 എന്ന മൊബൈൽ നമ്പറുമുണ്ട്. രജിത നമ്പറിൽ വിളിച്ചപ്പോൾ കോൾ എടുത്തയാൾ അവളോട് വാട്ട്‌സ്ആപ്പിൽ സന്ദേശം അയക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ബോൺമൗത്തിൽ ഒരു താമസസൗകര്യം ആവശ്യപെട്ട് രജിത സന്ദേശം അയക്കുന്നു.

നിരവധി സന്ദേശങ്ങൾക്ക് ശേഷം തട്ടിപ്പുകാരൻ 250 പൗണ്ട് നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നു. വീട് കണ്ട് ഇഷ്ടമായാൽ മാത്രം ബാക്കി പണം നൽകി ഇടപാട് പൂർത്തിയാക്കാമെന്ന് അദ്ദേഹം പറയുന്നു. പ്രോപ്പർട്ടി ഇഷ്ടപ്പെട്ടില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകാമെന്നും അദ്ദേഹം രജിതയ്ക്ക് ഉറപ്പ് നൽകി. അങ്ങനെ ഡെപ്പോസിറ്റ് പണം അടക്കാനുള്ള ബാങ്ക് അക്കൗണ്ട് നമ്പർ രജിതയ്ക്ക് അയച്ചു കൊടുക്കുന്നു. ഈ അക്കൗണ്ടിൽ പണം അടയ്ക്കാൻ കഴിയാതെ വന്നതോടെ തന്റെ സെക്രട്ടറിയുടെ അക്കൗണ്ട് നമ്പർ നൽകി അതിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നു. രജിത 250 പൗണ്ട് അടച്ച ഉടൻ തട്ടിപ്പുകാരൻ അവളെ ബ്ലോക്ക്‌ ചെയ്തു. വൻ തുക മുടക്കി യുകെയിൽ എത്തിയ രജിതയ്ക്ക് അത്തരമൊരു നഷ്ടം താങ്ങാനായില്ല.

എന്നാൽ നിരവധി പേരുടെ സഹായത്തോടെ രജിത പണം തിരിച്ചുപിടിച്ചു. രജിത പണം കൈമാറിയ റിവോൾട്ട് ബാങ്കിലേക്ക് പരാതി അയച്ചു. ഗുരുതരമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അതിനാൽ ബാങ്ക് ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. രജിത എച്ച്എസ്ബിസി ബാങ്ക് ഓഫീസിലേക്ക് പോയി മാനേജരോട് സംസാരിച്ചു. അവർ രജിതയിൽ നിന്നുള്ള പരാതി ഗൗരവമായി എടുക്കുകയും അന്വേഷണം നടത്താനും റിവോൾട്ട് ബാങ്കുമായി ബന്ധപ്പെടാനും തീരുമാനിച്ചു. മൂന്നാഴ്ചയ്ക്ക് ശേഷം രജിതയുടെ അക്കൗണ്ടിലേക്ക് പണം റീഫണ്ട് ചെയ്തു. ഇതിന് മുമ്പ് മെറ്റ് പോലീസ് അവളെ വിളിച്ചു നിരവധി ചോദ്യങ്ങൾ ചോദിക്കുകയും തട്ടിപ്പ് എങ്ങനെ തിരിച്ചറിയാമെന്നും അത്തരം തട്ടിപ്പുകാർക്ക് ഇരയാകാതിരിക്കാനുള്ള ഉപദേശം നൽകുകയും ചെയ്തു. പല മാർഗങ്ങളിലൂടെ പണം സമ്പാദിച്ചും കടം വാങ്ങിയുമൊക്കെയാണ് പലരും അവരുടെ സ്വപ്നം യാഥാർഥ്യമാക്കാനായി ബ്രിട്ടനിൽ എത്തുന്നത്. ഇനിയും ഇത്തരം തട്ടിപ്പുകളിൽ വഞ്ചിതരാകാതിരിക്കാൻ നാം കരുതിയിരിക്കുക. തട്ടിപ്പിൽ അകപ്പെട്ടാൽ കൃത്യമായ നിയമനടപടി സ്വീകരിക്കുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യാത്രയ്ക്കിടെ ഇന്ധനം തീർന്നാൽ ഇനി കനത്ത പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. ഇന്ധനം തീർന്ന വാഹനം റോഡിൽ തടസ്സം സൃഷ്ടിച്ചാൽ അശ്രദ്ധമായ ഡ്രൈവിംഗ് കണക്കാക്കി കുറ്റം ചുമത്തും. 100 പൗണ്ട് വരെ പിഴയും ലൈസൻസിൽ മൂന്നു പോയിന്റും ലഭിക്കാവുന്ന കുറ്റമാണിത്. അതേസമയം, ഇന്ധനം തീർന്നുപോകുന്നതിലൂടെ എന്തെങ്കിലും അപകടം ഉണ്ടായാൽ വാഹനമോടിക്കുന്നവർ കഠിനമായ ശിക്ഷ നേരിടേണ്ടിവരും. അശ്രദ്ധമായി വാഹനമോടിച്ചുവെന്ന കുറ്റത്തിന് 5000 പൗണ്ട് വരെ പിഴയും ഒൻപത് പെനാൽറ്റി പോയിന്റുകളും ലഭിക്കാം.

മിക്ക കാർ ഇൻഷുറൻസ് പോളിസികളും ഇന്ധനം തീർന്നുപോകുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് പരിരക്ഷ നൽകില്ല. ഇന്ധനം കുറവുള്ള വാഹനവുമായി മോട്ടോർവേയിൽ പ്രവേശിക്കുന്നത് ശരിയല്ലെന്ന് ഐ‌എ‌എം റോഡ്‌സ്മാർട്ട് പോളിസി ആൻഡ് റിസർച്ച് ഡയറക്ടർ നീൽ ഗ്രെഗ് വ്യക്തമാക്കി.

ഇന്ധനം തീർന്നുപോകുന്നത് കുറ്റകരമായ ഒരേയൊരു സ്ഥലമല്ല ഇംഗ്ലണ്ട്. ജർമ്മനിയിലെ പ്രശസ്തമായ ഓട്ടോബാൻ മോട്ടോർവേ സിസ്റ്റത്തിലും ഡ്രൈവർമാർക്ക് സമാനമായ ശിക്ഷ നേരിടണം. വാഹനമോടിക്കുമ്പോൾ പെട്രോളോ ഡീസലോ തീർന്നാൽ കനത്ത പിഴയും ലൈസൻസിൽ പെനാൽറ്റി പോയിന്റുകളും ലഭിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ചികിത്സിച്ചു ഭേദമാക്കാനാവാത്ത സ്വന്തം ജനിതക പ്രശ്നം മറച്ചുവെച്ച സ്‌പെമം ഡോണർ പതിനഞ്ചോളം കുട്ടികൾക്ക് പിതാവായ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുപ്പത്തേഴുകാരനായ ജെയിംസ് മക്ഡൗഗൾ ആണ് ഇത്തരത്തിൽ നിരവധി ലെസ്ബിയൻ സ്ത്രീകൾക്ക് സ്‌പെമം ഡോണേറ്റ് ചെയ്തത്. ഇയാൾക്ക് ഫ്രജൈൽ എക്സ് സിൻഡ്രോമ് ഉള്ളതായും ഇത് ജനിതകമായ കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നതാണ്. ഇതുമൂലം കുട്ടികളിൽ ഐക്യു വികാസം കുറയുകയും, വളർച്ചയിൽ താമസം ഉണ്ടാവുകയും ചെയ്യും. ഇയാൾ പിതാവായ നാലോളം കുട്ടികളെ തനിക്ക് വേണമെന്ന അവകാശവാദത്തെ തുടർന്നാണ് ഈ കേസ് കോടതിയിൽ എത്തിയത്.

തുടക്കത്തിൽ കുട്ടികൾക്ക് മേൽ യാതൊരു അവകാശവുമില്ല എന്ന് എഴുതി കൊടുത്തതിനു ശേഷമാണ് ഇയാൾ വീണ്ടും അവകാശവാദമുന്നയിച്ച് കോടതിയിൽ എത്തിയത്. എന്നാൽ ഇത്തരത്തിലുള്ള ഒരാൾക്ക് കുട്ടികളെ നോക്കാനുള്ള ഉത്തരവാദിത്വം നൽകുന്നത് തെറ്റാണെന്ന് ജസ്റ്റിസ് ലീവൻ വ്യക്തമാക്കി. ഇതോടൊപ്പം തന്നെ ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് എത്തിക്കണമെന്നും, ഇനി മറ്റുള്ളവർക്ക് ഇത്തരത്തിൽ ചതി പറ്റാതിരിക്കാൻ ആണ് ഇത്തരമൊരു നീക്കമെന്നും ജഡ്ജി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ ആണ് ഇയാൾ ലെസ്ബിയൻ സ്ത്രീകൾക്ക് സ്‌പെമം ഡോനെഷനു വേണ്ടിയുള്ള പരസ്യം നടത്തിയിരുന്നത്. തന്റെ അവസ്ഥ ഇയാൾക്ക് മുൻകൂട്ടി തന്നെ അറിയാമായിരുന്നുവെന്നും, ഇതു മറച്ചുവെച്ചാണ് ഇയാൾ സ്വകാര്യമായി സ്‌പെമം ഡോനെഷൻ നടത്തിയതെന്നും കോടതി വിലയിരുത്തി.

നിരവധി പ്രശ്നങ്ങൾ ഉള്ള ഒരു സങ്കീർണ്ണ വ്യക്തിത്വത്തിനുടമയാണ് ജെയിംസ് എന്ന് ജസ്റ്റിസ് വിലയിരുത്തി. മറ്റുള്ളവരോട് കരുണ ഇല്ലാത്ത, പെട്ടെന്ന് ദേഷ്യം വരുന്ന ഒരു പ്രകൃതമാണ് ഇദ്ദേഹത്തിനുള്ളതെന്നും ജസ്റ്റിസ് പറഞ്ഞു. അതിനാൽ തന്നെ കുട്ടികളെ ഇദ്ദേഹത്തോടൊപ്പം അയക്കുന്നത് അപകടമാണെന്നും കോടതി വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved