MAIN NEWS
UK
ന്യൂസ് ഡെസ്ക്, മലയാളം യുകെ സ്റ്റോക്ക്-ഓൺ-ട്രെന്റിൽ താമസിക്കുന്ന യുകെ മലയാളി വിനു പോൾ (37) അന്തരിച്ചു. നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഓൾഫ് മിഷൻ സ്റ്റോക്ക്-ഓൺ-ട്രെന്റിലെ സെന്റ് തോമസ് വാട്ടർഹേയ്സ് ഫാമിലി യൂണിറ്റംഗമായിരുന്നു. ഓണത്തിന് രണ്ടാഴ്ച മുമ്പ് കുടുംബസമേതം നാട്ടിലെത്തിയ വിനുവിന് ശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്യാൻസർ നാലാം ഘട്ടത്തിലാണെന്ന് കണ്ടെത്തിയത്. തുടർന്ന് ചികിത്സ നാട്ടിൽ തുടരുകയായിരുന്നു. യുകെയിൽ നടത്തിയ പ്രാഥമിക പരിശോധനകളിൽ രോഗം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഭാര്യ ഷെറിൻ. നാഥൻ, യോഹാൻ, ഇഹാൻ എന്നിവരാണ് മക്കൾ. തിരിച്ചുവരാനായി നാട്ടിൽ പോയ പ്രിയ സുഹൃത്തിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് വിനുവിന്റെ യുകെയിലെ സുഹൃത്തുക്കൾ. പൊതുദർശനത്തിന്റെയും മൃതസംസ്കാര ചടങ്ങുകളുടെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. വിനു പോളിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന കരീബിയൻ സന്ദർശനത്തിനിടെ ബ്രിട്ടന്റെ കൊളോണിയൽ ഭരണകാലത്തെയും അറ്റ്‌ലാന്റിക് അടിമക്കച്ചവടത്തിലെ പങ്കിനെയും കുറിച്ചുള്ള ചർച്ചകളിൽ നിന്ന് ചാൾസ് മൂന്നാമൻ രാജാവ് ഒഴിഞ്ഞുമാറില്ലെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ബഹാമാസ്, ഗയാന, ആന്റിഗ്വ ആൻഡ് ബാർബുഡ എന്നീ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനിടയിൽ രാജാവ് ചരിത്രത്തിലെ “ഏറ്റവും ഇരുണ്ട ദിനങ്ങൾ” എന്ന വിശേഷണത്തോടെ മുൻപ് വിശേഷിപ്പിച്ച കാലഘട്ടത്തെ പരാമർശിക്കുമെന്നാണ് കൊട്ടാര വൃത്തങ്ങൾ വ്യക്തമാക്കിയത്. നവംബർ 1 മുതൽ 4 വരെ ആന്റിഗ്വ ആൻഡ് ബാർബുഡയിൽ നടക്കുന്ന കോമൺവെൽത്ത് രാഷ്ട്രത്തലവൻമാരുടെ സമ്മേളനത്തിലും (CHOGM) ചാൾസ് രാജാവ് പങ്കെടുക്കും. കരീബിയൻ രാജ്യങ്ങളും ആഫ്രിക്കൻ രാഷ്ട്രങ്ങളും വർഷങ്ങളായി ഉയർത്തുന്ന അടിമത്തവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര ആവശ്യങ്ങൾ സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഔദ്യോഗിക മാപ്പുപറച്ചിലും നഷ്ടപരിഹാര തീരുമാനങ്ങളും ബ്രിട്ടീഷ് സർക്കാരിന്റെ അധികാരപരിധിയിലുള്ള വിഷയങ്ങളാണെന്നും രാജാവിന് അതിൽ സ്വതന്ത്രമായി നിലപാട് പ്രഖ്യാപിക്കാനാവില്ലെന്നും കൊട്ടാരം വ്യക്തമാക്കി. 15-ാം നൂറ്റാണ്ട് മുതൽ 19-ാം നൂറ്റാണ്ട് വരെ നടന്ന അടിമക്കച്ചവടത്തിൽ ബ്രിട്ടൻ വഹിച്ച പങ്കിനെക്കുറിച്ചുള്ള ചർച്ചകൾ അടുത്തകാലത്ത് കൂടുതൽ ശക്തമായിട്ടുണ്ട്. ജമൈക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ നഷ്ടപരിഹാര ആവശ്യവുമായി രംഗത്തുള്ള സാഹചര്യത്തിലാണ് ചാൾസ് രാജാവിന്റെ സന്ദർശനം. ചരിത്രപരമായ അനീതികളെ അംഗീകരിക്കുകയും അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്യുന്നതിൽ രാജാവ് ദീർഘകാലമായി താൽപര്യം കാണിച്ചിട്ടുണ്ടെന്ന് കൊട്ടാരം ചൂണ്ടിക്കാട്ടി. അതേസമയം സന്ദർശനത്തിന്റെ പ്രധാന ശ്രദ്ധ ആതിഥേയ രാജ്യങ്ങളുടെ ഇന്നത്തെ പുരോഗതിയിലും ഭാവി വികസന സാധ്യതകളിലുമാകുമെന്നും അധികൃതർ അറിയിച്ചു.
LATEST NEWS
INDIA / KERALA
തിരുവനന്തപുരം: എക്‌സാലോജിക്–സിഎംആർഎൽ മാസപ്പടി കേസിൽ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ്, വീണാ വിജയൻ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യും. കാലതാമസമില്ലാതെ കേസെടുക്കാൻ വിജിലൻസ് ഡയറക്ടർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.യുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. അഴിമതിക്കേസ് അന്വേഷിക്കേണ്ടത് വിജിലൻസാണെന്നും കോടതി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വ്യവസ്ഥപ്രകാരം സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി. നൽകിയ 25 പേജുള്ള കത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ പ്രാഥമിക തെളിവുകളുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നടത്തിയ അന്വേഷണത്തിലെ വിവരങ്ങളും കോടതി പരിഗണിച്ചു. വീണ്ടും പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ലെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകി. സിഎംആർഎല്ലും വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും തമ്മിലുള്ള പണമിടപാടുകളുടെ വിവരങ്ങളും കോടതി ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീണാ വിജയന് 2017 മാർച്ച് മുതൽ 2020 ജൂൺ വരെ വിവിധ തുകകൾ നൽകിയതായും എക്‌സാലോജിക്കിന് 3.24 ലക്ഷം രൂപ വീതം ലഭിച്ചതായും ഉത്തരവിൽ പറയുന്നു. ഇതിനു പുറമേ, എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ്‌സിൽനിന്ന് എക്‌സാലോജിക്കിന് രണ്ടു തവണയായി 25 ലക്ഷം രൂപ വീതം നൽകിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 3.28 കോടി രൂപയുടെ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ഇടപാടുകളും വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും കോടതി പരാമർശിച്ചു. ഈ വിവരങ്ങൾ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ പ്രാഥമികമായി മതിയായതാണെന്നാണ് കോടതിയുടെ വിലയിരുത്തൽ.
VIDEO GALLERY
Travel
ന്യൂസ് ഡെസ്ക്, മലയാളം യുകെ ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ ആരംഭിച്ച ഭാരതപര്യടനസംഘം 13,000 കിലോമീറ്ററിലധികം യാത്ര പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങുന്നു. ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന മൂന്നംഗ സംഘം ഇന്ത്യയുടെ ചരിത്രവും പൈതൃകവും സംസ്കാരവും പ്രകൃതിവൈവിധ്യവും നേരിട്ടറിയുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച യാത്രയുടെ അവസാനഘട്ടത്തിലാണ്. സെപ്റ്റംബർ 12 ശനിയാഴ്ചയോടെ കേരളത്തിൽ തിരിച്ചെത്തുമെന്ന് യാത്രയ്ക്ക് നേതൃത്വം നൽകുന്ന സി.പി. മോഹനൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. കേരളത്തിൽ നിന്ന് യാത്ര ആരംഭിച്ച് ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു–കശ്മീർ, ലഡാക്ക് തുടങ്ങിയ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച സംഘം അമൃത്സറിലെ ജാലിയൻവാലാബാഗ്, ഗോൾഡൻ ടെംപിൾ, അട്ടാരി–വാഗാ അതിർത്തി, പഹൽഗാം, ശ്രീനഗറിലെ ദാൽ തടാകം, മുഗൾ ഗാർഡൻ, ശങ്കരാചാര്യ മന്ദിർ, ഖാർദുങ് ലാ, പാങ്ങോങ് തടാകം തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ചരിത്രവും ജനജീവിതവും സംസ്കാരവും അടുത്തറിയുന്നതിനൊപ്പം യാത്രയിലുടനീളം വ്യത്യസ്ത ഭൂപ്രകൃതികളും ജീവിതരീതികളും സംഘം അനുഭവിച്ചറിഞ്ഞു. ഉത്തരാഖണ്ഡിലെ യാത്രയും സംഘത്തിന്റെ ഭാരതപര്യടനത്തിലെ പ്രധാന അനുഭവങ്ങളിലൊന്നായിരുന്നു. കേദാർനാഥ് മന്ദിർ, ബദ്രിനാഥ് മന്ദിർ, ഗംഗോത്രി, യമുനോത്രി തുടങ്ങിയ പ്രധാന തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച സംഘം ഹരിദ്വാറിലെയും ഋഷികേശിലെയും ആത്മീയ–സാംസ്കാരിക പൈതൃകവും അടുത്തറിഞ്ഞു. ഹിമാലയൻ മലനിരകളുടെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങളിലെ പ്രകൃതിഭംഗിയും തീർഥാടന സംസ്കാരവും നേരിൽ അനുഭവിച്ചറിഞ്ഞത് യാത്രയ്ക്ക് വേറിട്ട അനുഭവമായി. യാത്രയുടെ ഭാഗമായി ഡൽഹിയിലെ റെഡ് ഫോർട്ട്, കുത്തുബ്മിനാർ, ജുമാ മസ്ജിദ്, ഇന്ത്യാ ഗേറ്റ്, കർത്തവ്യപഥ്, രാഷ്ട്രപതി ഭവൻ എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി. മുഗൾകാല പൈതൃകവും സ്വാതന്ത്ര്യസമര ചരിത്രവും ആധുനിക ഇന്ത്യയുടെ ഭരണകേന്ദ്രവും ഒരേ നഗരത്തിൽ അടുത്തറിയാൻ കഴിഞ്ഞത് യാത്രയിലെ ശ്രദ്ധേയമായ അനുഭവങ്ങളിലൊന്നായി. രാത്രിയിൽ ദേശീയപതാകയുടെ നിറങ്ങളിൽ പ്രകാശിച്ച ഇന്ത്യാ ഗേറ്റും കർത്തവ്യപഥും സംഘത്തിന്റെ യാത്രയിലെ വേറിട്ട കാഴ്ചയായി. ആഗ്രയിലെ ലോകപ്രശസ്ത താജ്മഹലും സംഘം സന്ദർശിച്ചു. മുഗൾ വാസ്തുവിദ്യയുടെ വിസ്മയമായി അറിയപ്പെടുന്ന താജ്മഹൽ നേരിൽ കാണാനായത് യാത്രയിലെ ശ്രദ്ധേയമായ അനുഭവങ്ങളിലൊന്നായി. ആദ്യം യാത്രാപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന നേപ്പാൾ സന്ദർശനം വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ സാഹചര്യങ്ങൾ കാരണം റദ്ദാക്കുകയായിരുന്നു. ഇതിന് പുറമെ ഇറാൻ സന്ദർശിക്കാനും സംഘം പദ്ധതിയിട്ടിരുന്നെങ്കിലും വിസയുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാൽ യാത്ര സാധ്യമായില്ല. യാത്രയിൽ ചില മാറ്റങ്ങൾ വന്നെങ്കിലും ഇന്ത്യയിലെ പരമാവധി പ്രദേശങ്ങൾ സന്ദർശിച്ച് യാത്ര പൂർത്തിയാക്കുകയെന്ന ലക്ഷ്യവുമായി സംഘം മുന്നോട്ട് പോവുകയായിരുന്നു. ഓഗസ്റ്റ് 9-ന് പായിപ്പാട്ടിൽ നിന്ന് ആരംഭിച്ച യാത്രയാണ് 13,000 കിലോമീറ്ററിലധികം പിന്നിട്ട് ഇപ്പോൾ കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. രാജ്യത്തിന്റെ ചരിത്രവും പൈതൃകവും സംസ്കാരവും പ്രകൃതിയും ജനജീവിതവും നേരിട്ടറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മൂന്നംഗ സംഘത്തിന്റെ ഭാരതപര്യടനം. ശനിയാഴ്ച കേരളത്തിലെത്തുന്നതോടെ ആഴ്ചകളോളം നീണ്ട ഈ ദീർഘയാത്രയ്ക്ക് സമാപനമാകും.
BUSINESS / TECHNOLOGY
ന്യൂസ് ഡെസ്ക്, മലയാളം യുകെ വീടുകളുടെ വില സെപ്റ്റംബറിൽ കാര്യമായ മാറ്റമില്ലാതെ തുടരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ലോയ്ഡ്സിന്റെ ഹൗസ് പ്രൈസ് സൂചിക പ്രകാരം ശരാശരി വീടിന്റെ വില 2,98,441 പൗണ്ടാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലെയും ഓഗസ്റ്റിലെയും വിലയുമായി താരതമ്യം ചെയ്യുമ്പോഴും കാര്യമായ വ്യത്യാസമില്ല. 0.1 ശതമാനം പ്രതിമാസ വർധനയും 0.2 ശതമാനം വാർഷിക വർധനയും ഉണ്ടാകുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. ഓഗസ്റ്റിൽ വീടുകളുടെ വില 0.3 ശതമാനം കുറഞ്ഞിരുന്നു. ആഗോള ബോണ്ട് വിപണിയിലെ ചാഞ്ചാട്ടത്തെ തുടർന്ന് രാജ്യത്തെ പ്രമുഖ ബാങ്കുകളും ബിൽഡിംഗ് സൊസൈറ്റികളും മോർട്ട്ഗേജ് നിരക്കുകൾ ഉയർത്തിയതാണ് ഭവന വിപണിയെ ബാധിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന പലിശനിരക്കിൽ കഴിഞ്ഞ ഡിസംബർ മുതൽ മാറ്റമില്ലെങ്കിലും അഞ്ച് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് തിങ്കളാഴ്ച മൂന്ന് വർഷത്തിനിടെ ആദ്യമായി ആറ് ശതമാനത്തിലെത്തി. ഉയർന്ന മോർട്ട്ഗേജ് നിരക്കുകളും സാമ്പത്തിക അനിശ്ചിതത്വവും വാങ്ങുന്നവരെയും വിൽക്കുന്നവരെയും കൂടുതൽ ജാഗ്രതയോടെ സമീപിക്കാൻ പ്രേരിപ്പിക്കുന്നതായി ലോയ്ഡ്സ് മോർട്ട്ഗേജ് ഡയറക്ടർ ആൻഡ്രൂ അസാം പറഞ്ഞു. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ വീടുകൾ വാങ്ങുന്നതിനുള്ള മോർട്ട്ഗേജ് അപേക്ഷകൾ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18.2 ശതമാനം കുറഞ്ഞതായുള്ള കണക്കുകളും പുറത്തുവന്നു . ആദ്യമായി വീട് വാങ്ങുന്നവരുടെ അപേക്ഷകളിൽ 18.6 ശതമാനം ഇടിവ് ആണ് ഉണ്ടായിരിക്കുന്നത് . അതേസമയം, റീമോർട്ട്ഗേജ് അപേക്ഷകളുടെ എണ്ണം ഉയർന്നത് മൊത്തത്തിലുള്ള മോർട്ട്ഗേജ് പ്രവർത്തനത്തിലെ ഇടിവ് കുറയ്ക്കാൻ സഹായിച്ചു. ഉയർന്ന ഊർജ ചെലവും മോർട്ട്ഗേജ് നിരക്കിലെ വർധനയും വരാനിരിക്കുന്ന ബജറ്റിനെക്കുറിച്ചുള്ള അനിശ്ചിതത്വവും യുകെ ഭവന വിപണിയിൽ സമ്മർദം തുടരാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
SPECIALS
MOVIES / CHANNELS
Read more >>
WORLD
കാലിഫോർണിയയിലെ മിൽപിറ്റാസിൽ മലയാളി യുവതി അഞ്ജന ഹരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ അനില ബേബിക്കെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിന് തൊട്ടുമുൻപ് വരെ അഞ്ജനയുമായി സൗഹൃദപരമായി സംസാരിച്ച ശേഷമാണ് അനില വാഹനം അതിവേഗത്തിൽ ഓടിച്ചെത്തിച്ച് ഇടിച്ചുകയറ്റിയതെന്ന് ദൃക്സാക്ഷിയുടെ മൊഴിയിൽ വ്യക്തമാകുന്നു. കഴിഞ്ഞ മാസം 28-നാണ് അപ്പാർട്ട്മെന്റ് സമുച്ചയത്തിന് സമീപം അഞ്ജനയെ വാഹനം ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ അഞ്ജനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പ്രതിയും മരിച്ച യുവതിയും ഒരേ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ താമസിച്ചിരുന്നവരാണെന്നും ഇരുവരും തമ്മിൽ മുൻപരിചയമുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കൊലപാതകം ആസൂത്രിതമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവത്തിന് പിന്നാലെ അശ്രദ്ധമായി ഓടിച്ചുപോയ നീല എസ്‌യുവിയെക്കുറിച്ച് ലഭിച്ച വിവരമാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടാൻ സഹായിച്ചത്. പാർക്കിങ് ഏരിയയിൽ വാഹനം നിരീക്ഷിച്ചിരുന്ന വ്യക്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം തകർന്ന നിലയിലായിരുന്നുവെന്നും ഫൊറൻസിക് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനിടെ അനില പരസ്പരവിരുദ്ധമായാണ് സംസാരിച്ചതെന്നും കൈകാലുകളിൽ പരുക്കും രക്തക്കറകളും ഉണ്ടായിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
LITERATURE
എം.ജി.ബിജുകുമാർ മീര ടേബിൾഫാനിന് മുന്നിലെ കസേരയിലിരുന്ന് കാറ്റുകൊള്ളുമ്പോഴും അവളുടെ മനസ്സിൽ ചിന്തകൾ കാടുകയറുകയായിരുന്നു. കാലാവസ്ഥ ഇങ്ങനെ മാറിയും മറിഞ്ഞും നിന്നാൽ ജീവിതം വല്ലാത്ത ദുരിതമാകുമല്ലോ എന്നോർത്ത് അവൾ നെടുവീർപ്പിട്ടു. മഴ കുറഞ്ഞതും കടുത്ത ചൂടും ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കവുമെല്ലാം തന്റെ ദിനചര്യകളെ പാടെ തെറ്റിക്കുന്നുണ്ടെന്ന് അവൾക്ക് ബോധ്യപ്പെട്ടു. ഡൽഹിയിൽ ജീവിച്ചിരുന്ന കാലത്ത് കുളിയെന്നത് വെറുതെ സമയം കളയുന്നൊരു പരിപാടിയായാണ് മീരയ്ക്ക് തോന്നിയിരുന്നത്. തണുപ്പ് കാലത്ത് മറ്റുള്ളവർ ചൂടുവെള്ളത്തിൽ കുളിച്ച് ആശ്വാസം കണ്ടെത്തിയപ്പോൾ അവൾ കുളിയെ പൂർണ്ണമായും ഒഴിവാക്കുകയാണ് ചെയ്തത്. നാലഞ്ചു ദിവസം കൂടുമ്പോൾ എങ്ങനെയെങ്കിലും ഒന്നു കുളിച്ചാലായി. വൈകുന്നേരങ്ങളിൽ വസ്ത്രം നനച്ച് ദേഹം തുടയ്ക്കുന്നത് പോലും മനസ്സില്ലാമനസ്സോടെയായിരുന്നു. കാടുകയറിയ തടിപ്പുള്ള മുടി ഉണങ്ങി കിട്ടാനുള്ള കാത്തിരിപ്പ് അവൾക്ക് വല്ലാത്തൊരു മടുപ്പായിരുന്നു. സാധിക്കുമെങ്കിൽ കുളിയെന്ന പരിപാടി ജീവിതത്തിൽ നിന്ന് തന്നെ ഒഴിവാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചിട്ടുണ്ട്. പിന്നീടാണ് വേനൽച്ചൂട് കടുത്തത്. സൂര്യൻ നഗരത്തെ ഒരു ചുട്ടുപഴുത്ത അടുപ്പാക്കി മാറ്റുന്നതുപോലെയാണ് മീരയ്ക്ക് അനുഭവപ്പെട്ടത്. വീട്ടിനുള്ളിൽ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുമ്പോൾ പോലും വസ്ത്രങ്ങൾ നനഞ്ഞൊട്ടി വിയർത്തൊഴുകാൻ തുടങ്ങി. പകൽസമയത്ത് അൽപ്പനേരം ഒന്ന് ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥ. കേരളത്തിലെത്തിയിട്ടും തിരക്കുള്ള നഗരത്തിലെ ഫ്ലാറ്റിലെ ഒറ്റപ്പെട്ട ജീവിതം കാരണം മറ്റുള്ളവരുമായി ഇടപഴകുന്നത് കുറവായിരുന്നു. അതുകൊണ്ടുതന്നെ ദിവസേനയുള്ള കുളി തന്നിൽ നിന്ന് ഏറെ അകലെയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഒരു മാസക്കാലമായി ദിവസം നാലും അഞ്ചും പ്രാവശ്യം കുളിക്കുന്ന ശീലത്തിലേക്ക് പ്രകൃതിയും എപ്പോഴുമുള്ള വൈദ്യുതി മുടക്കവും തന്നെ കൊണ്ടെത്തിച്ചുവെന്ന് അവൾ തിരിച്ചറിഞ്ഞു. ഒരു ദിവസം വൈദ്യുതി വരുന്നത് കാത്ത് കമ്പ്യൂട്ടർ മേശയിൽ തലവച്ചു കിടക്കുമ്പോൾ മീര തന്റെ കുട്ടിക്കാലത്തിലേക്ക് ഒന്നു കണ്ണോടിച്ചു. ഗ്രാമത്തിലെ കുളക്കടവും അതിലേക്ക് വീഴുന്ന വെയിലിന്റെ വരമ്പുകളും പോലെ, ഒരു കുളി എപ്പോഴും ഓർമ്മകളുടെ പഴയൊരു കുളിരിലേക്ക് തിരികെ വിളിക്കുന്നതായി അവൾക്ക് തോന്നി. പഴമകൾ പേറുന്ന ഗ്രാമത്തിലെ എട്ടുവയസ്സുകാരിയായ പെൺകുട്ടിയിലേക്ക് മീരയുടെ ഓർമ്മകൾ ഓടിയെത്തി. തൻ്റെ വിളിപ്പോരായ മിന്നി എന്നതു തന്നെയായിരുന്നു സ്കൂളിലും മിക്കവരും വിളിച്ചിരുന്നത്. എല്ലാ കാര്യത്തിലും മിടുക്കിയായിരുന്നു മിന്നി. പഠിക്കാൻ മുന്നിൽ, കളിക്കാൻ നല്ല ആവേശം, എപ്പോഴും മുഖത്ത് പ്രസന്നമായ പുഞ്ചിരി. പക്ഷേ, ഒരൊറ്റ കാര്യത്തോട് മാത്രം അവൾക്ക് തീരെ താല്പര്യമില്ലായിരുന്നു: കുളി! "മിന്നീ, വന്ന് കുളിക്കെടീ" എന്ന് അമ്മ രാവിലെ വിളിക്കുമ്പോഴേക്കും അവൾ കട്ടിലിനടിയിലോ അലമാരയുടെ പിന്നിലോ പോയി ഒളിക്കും. ദേഹത്ത് വെള്ളമൊഴിക്കുന്നത് ഓർത്താൽത്തന്നെ അവൾക്ക് അലർജിയായിരുന്നു. "സോപ്പു തേച്ചാൽ കണ്ണ് എരിയും", "വെള്ളത്തിന് നല്ല തണുപ്പാണ്" എന്നൊക്കെ പറഞ്ഞ് അവൾ തടിയൂരും. ഒരു ദിവസം കുളിക്കാൻ വിളിച്ചപ്പോൾ പതിവുപോലെ മിന്നി തുള്ളിച്ചാടി മുറ്റത്തേക്ക് ഓടി. അവിടെ മരക്കൊമ്പിലിരുന്ന് ഒരു കുഞ്ഞു കുയിൽ കൂവുന്നുണ്ടായിരുന്നു. ജീവജാലങ്ങളെ വളരെ ഇഷ്ടമായ അവളുടെ ശ്രദ്ധ കുയിലിലേക്ക് പതിഞ്ഞപ്പാേൾ അമ്മ അവളെ നോക്കി പറഞ്ഞു: "ദേ മിന്നീ, ആ കുയിൽ പോലും നിന്നേക്കാൾ വൃത്തിയിലാണ് ജീവിക്കുന്നത്. അത് ദിവസവും പുഴയിൽ പോയി ചിറകുകൾ കഴുകി വൃത്തിയാക്കും." അതു കേട്ടപ്പോൾ ചെറിയൊരു നാണക്കേട് തോന്നിയെങ്കിലും അവൾ റോസാച്ചെടികൾക്കടുത്തേക്ക് ഓടിമാറി. "നീ ആ റോസയുടെ അടുത്തേക്ക് ചെല്ലുമ്പോൾ നല്ല പൂമണം കിട്ടുന്നില്ലേ? അതുപോലെ നല്ല സുഗന്ധമുള്ളവളാകാൻ നിനക്ക് ആഗ്രഹമില്ലേ? അല്ലെങ്കിൽ കൂട്ടുകാർ നിന്നെ കളിയാക്കില്ലേ?" അമ്മ വീണ്ടും ചോദിച്ചപ്പോൾ സങ്കടം വന്നതും നാണക്കേടുതോന്നിയതുമൊക്കെ ഇപ്പോഴും മനസ്സിൽ മായാതെ കിടപ്പുണ്ട് . താൻ അതും ആലോചിച്ചു നിൽക്കവേ അമ്മ തന്നെയും പിടിച്ച് കുളിമുറിയിലേക്ക് നടന്നതും നല്ല തണുത്ത വെള്ളവും സുഗന്ധമുള്ള, പതയുന്ന സോപ്പും അമ്മ അവിടെ ഒരുക്കിവെച്ചിരുന്നതുമൊക്കെ മധുരമുള്ള ഓർമ്മകളായി ഓടിയെത്തി. മനസ്സില്ലാമനസ്സോടെയാണെങ്കിലും പിന്നീട് താൻ കുളിക്കാൻ തുടങ്ങി. തലയിലൂടെ വെള്ളമൊഴിച്ചപ്പോൾ അവൾക്ക് നല്ല തണുപ്പും പുതു ജീവനും തോന്നിയതുപോലെയായി. സോപ്പിന്റെ നല്ല സുഗന്ധം മുറിയിലാകെ പരന്നു. കുളി കഴിഞ്ഞ് നല്ല കുപ്പായവുമണിഞ്ഞ് കണ്ണാടിയിൽ നോക്കിയപ്പോൾ താൻ മുൻപത്തേക്കാൾ സുന്ദരിയായിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞത് ഇന്നലെ കഴിഞ്ഞതും പാേലെ അവൾക്ക് തോന്നി. അന്നു മുതലാണ് കുളിയെന്നത് തനിക്ക് മടിയുള്ള കാര്യമല്ലാതായി മാറിയത്. കുളിക്കുമ്പോൾ പാട്ടുപാടാനും സോപ്പുപതയുണ്ടാക്കി കളിക്കാനും അന്നും തനിക്ക് വലിയ ഇഷ്ടമായിരുന്നു. ഉയർന്ന ക്ളാസിൽ പഠിക്കുമ്പോഴൊക്കെ കുളിക്കാൻ കയറുമ്പോൾ നിമിഷനേരം കൊണ്ട് ജലം നമ്മെ പുനർജനിക്കിലേക്ക് നയിക്കുന്നതായും ഓരോ തുള്ളി വെള്ളവും ആത്മാവിലേക്ക് ഒഴുകിയിറങ്ങുന്ന ശാന്തതയാണെന്നുമൊക്കെ തോന്നുമായിരുന്നു. പിന്നീട് താൻ നാടുവിട്ടതോടെ കുളിയെ വെറുത്തു തുടങ്ങിയതും, തിരിച്ച് നാട്ടിലെത്തിയിട്ടും ആ ശീലം തന്നെ തുടരുന്നതുമോർത്ത് മീര അത്ഭുതപ്പെട്ടു. പുതിയ കാലത്തിൻ്റെ തിടുക്കങ്ങൾക്കിടയിൽ, മനസ്സ് ഇപ്പോഴും ശാന്തത തിരയുന്നത് ആ പഴയ തറവാട്ടുമുറ്റത്തെ മാവൂഞ്ഞാലിലും അന്തിച്ചോപ്പിലുമാണ് എന്ന് അവൾ ഗൃഹാതുരതയോടെ ഓർത്തു. അപ്പോഴേക്കും മൊബൈലിൽ റിങ്ങ്ടോൺ മുഴങ്ങി. സ്പെയിനിൽ ജോലിയുള്ള തൻ്റെ കൂട്ടുകാരിയായ റിയയുടെ കോൾ ആയിരുന്നു. "എന്തുണ്ട് വിശേഷം, കുറേ ആയല്ലോ സംസാരിച്ചിട്ട്... !" അവളുടെ പരിഭവം മനസ്സിലായ മീര ഒന്നു ചിരിച്ചു. "നിനക്ക് ജോലിത്തിരക്കല്ലേ. നിനക്ക് സംസാരിക്കാൻ സമയം കിട്ടണ്ടേ....!" മറുപടി കാര്യമാക്കാതെ റിയയും ഒപ്പം മീരയും പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു, "ഇന്നു രാവിലെയും നിന്നെ ഓർക്കുകയും നിൻ്റെ കാര്യം മോനോട് പറയുകയും ചെയ്തിരുന്നു." മീര അൽപ്പം അത്ഭുതത്തോടെയാണ് പഞ്ഞത്. "മനസ്സുകൊണ്ട് ചേർന്നുനിൽക്കുന്നവർക്കിടയിൽ അകലമെന്നത് വെറുമൊരു വാക്ക മാത്രമാണ്; എത്ര അകലെയാണെങ്കിലും അവരുടെ ചിന്തകൾ ഒരേ താളത്തിൽ തന്നെ മിടിക്കും. അതു കൊണ്ടാണ് ഇന്നു തന്നെ ഞാൻ നിന്നെ വിളിച്ചത്." റിയ ചിരിച്ചു കൊണ്ട് മറുപടി നൽകി. " ദേശം വിട്ടു പോയിട്ടും നിന്നിലെ സാഹിത്യമൊന്നും നിന്നെ വിട്ടു പോയിട്ടില്ലല്ലോടീ " മീര അഭിനന്ദനമെന്നോണം പറഞ്ഞു. "ഓ..! പിന്നെ...! അതിരിക്കട്ടെ, നാട്ടിൽ നല്ല ചൂടാണെന്ന് അമ്മ പറഞ്ഞു. നീയെങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്നു." റിയ ചോദിച്ചു. "എന്തു ചെയ്യാനാ, ശുചിത്വത്തോടുള്ള എൻ്റെ നിലപാടിനെ കാലാവസ്ഥ പൂർണ്ണമായും തിരുത്തിക്കുറിച്ചുവെന്നു പറയാം. ഇപ്പോൾ ദിവസം മൂന്നു പ്രാവശ്യത്തെ കുളി കൊണ്ടുപോലും രക്ഷയില്ലാത്ത അവസ്ഥയായി. താങ്ങാനാവാത്ത ചൂട് കാരണം ദിവസം മൂന്നും നാലും തവണ കുളിക്കാൻ ഞാൻ നിർബന്ധിതയാവുന്നു.. മീര മറുപടി നൽകി. "ശരീരത്തിലെ അഴുക്കുകളെ മാത്രമല്ല, മനസ്സിന്റെ ഭാരങ്ങളെയും കഴുകിക്കളയുന്ന നിശ്ശബ്ദമായ ഒരു ധ്യാനമാണ് കുളി എന്നൊക്കെ പറയാനാ എനിക്കിഷ്ടം. റിയയുടെ ഭാഷയിൽ സാഹിത്യം കടന്നു വരുന്നത് മീര ശ്രദ്ധിച്ചു. "അതു കൊണ്ടു തന്നെ ഇത്രയധികം തവണ കുളിക്കുന്നത് നല്ലതല്ലേ?" റിയ ചിരിച്ചു കൊണ്ട് ചോദിച്ചു. " എന്റെ മകനും ഇതു തന്നെയാ ചോദിച്ചത് , വേറെ വഴിയില്ലാത്തതുകൊണ്ടാണ് ഇങ്ങനെ കുളിക്കേണ്ടി വരുന്നതെന്ന് മറുപടി നൽകിയപ്പോൾ . മകന് അത് കേട്ട് കൗതുകം തോന്നിയെടീ..!" ആ മറുപടി കേട്ട് റിയ വീണ്ടും ചിരിച്ചു. "എടീ തണുത്ത വെള്ളത്തുള്ളികൾ ചർമ്മത്തിൽ തട്ടിത്തെറിക്കുമ്പോൾ, ഭൂമിയുടെ ആദ്യത്തെ മഴത്തുള്ളി ഏറ്റുവാങ്ങിയ മരത്തിന്റെ അനുഭൂതിയാണ് ഇപ്പോൾ ഉള്ളിൽ നിറയുന്നത്." അവൾ ഒന്നു പറഞ്ഞു നിർത്തി. "പക്ഷേ ഇപ്പോൾ കുളിയുടെ എണ്ണം കൂടുമ്പോൾ വെള്ളം ധാരാളം വേണം. വെള്ളം പമ്പ് ചെയ്യാൻ കറണ്ട് അതനുസിച്ച് ചെലവാകും. വൈദ്യുതി ബില്ല് കൂടും. പോരാത്തതിന് സോപ്പിന്റെ ഉപയോഗവും കൂടും. കുളിയുടെ എണ്ണം കൂടുന്നതനുസരിച്ച് വസ്ത്രത്തിൻ്റെ ഉപയോഗവും കൂടും, അത് നനയ്ക്കാനുള്ള സോപ്പിൻ്റെ എണ്ണവും വർദ്ധിക്കും. ഇതൊക്കെ സാമ്പത്തികമായി വലിയ നഷ്ടമാണ്.മീര അവളോട് തുറന്നു പറഞ്ഞു. "ഓഹോ, അല്ലാതെ കുളിക്കാനുള്ള മടി കൊണ്ടല്ല അല്ലേ!" അല്ലെങ്കിലും നീ പഠന കാലത്ത് ഹോസ്റ്റലിൽ വെച്ചും കുളിക്കാൻ മടിയുള്ളവളായിരുന്നു. നാലുദിവസം കൂടി ഇരിക്കുമ്പോൾ ഒരു മണിക്കൂറോളം എടുത്തുള്ള നിൻ്റെ കുളി കാരണം അന്ന് വേറെ ആർക്കും കുളിക്കുകയും വേണ്ട വെള്ളവും തീരും ഇതായിരുന്നു അവസ്ഥ. അന്ന് നീൻ്റെ കുളി ഫേമസായിരുന്നു "മീരയുടെ നീരാട്ട് "എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.! അവൾ കളിയാക്കി ചിരിച്ചു. "മറവിയുടെ പൊടിപടലങ്ങൾ വീണാലും തിളക്കം മങ്ങാത്ത അപൂർവ്വ രത്നങ്ങളാണ് നമ്മുടെ ഹോസ്റ്റൽ വാസം അല്ലേ !" മീരയുടെ മറുപടിയിൽ ഓർമ്മകൾ വന്നെത്തുന്നതായി അവൾക്ക് തോന്നി. കുറേ സംസാരിച്ചതിനു ശേഷം വീണ്ടും വിളിക്കാം എന്ന് പറഞ്ഞ് അവൾ ഫോൺ വെച്ചു. കടൽത്തിരമാലകൾ കരയോട് ചേരുന്നതുപോലെയാണ് ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതെന്നും അവ മടങ്ങുമ്പോൾ പോലും നനവാർന്ന മനോഹരമായ ഓർമ്മകൾ ബാക്കിവെക്കുന്നുവെന്നും മീര മനസ്സിലോർത്തു. ചില ബന്ധങ്ങൾ വേരുകൾ പോലെയാണ്; കണ്ണുകൾക്ക് കാണാൻ കഴിയില്ലെങ്കിലും ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജീവിതത്തെ താങ്ങിനിർത്തുന്നത് ഇങ്ങനെയുള്ള ബന്ധങ്ങളാണ്. രക്തബന്ധങ്ങളേക്കാൾ എത്രയോ മേലെയാണ് മനസ്സ് കൊണ്ട് നാം കെട്ടിപ്പടുക്കുന്ന ചില ആത്മബന്ധങ്ങളെന്നും നിർവ്വചനങ്ങൾക്ക് വഴങ്ങാത്ത അത്തരം സ്നേഹമാണ് ജീവിതത്തിന്റെ യഥാർത്ഥ വെളിച്ചമെന്നും അവൾ തിരിച്ചറിഞ്ഞു. കുളിക്കുന്നത് എപ്പോഴും വെറുപ്പായിരുന്നെങ്കിലും കടുത്ത വേനൽ അവളെ ശീലങ്ങൾ മാറ്റാൻ നിർബന്ധിതയാക്കി. കുളിക്കാൻ താല്പര്യമില്ലായിരുന്നെങ്കിലും കുളിക്കുന്ന സമയത്ത് മീരയ്ക്ക് ധാരാളം വെള്ളം വേണമായിരുന്നു. വേഗത്തിൽ കുളിച്ചു കയറുന്ന ശീലമൊന്നും അവൾക്കുണ്ടായിരുന്നില്ല. ടാങ്കിലെ വെള്ളം പകുതിയോളം തീരുന്നതുവരെ സോപ്പുപതപ്പിച്ച് തേച്ചുകൊണ്ടിരിക്കുന്നതായിരുന്നു അവളുടെ ശീലം. കൂടാതെ, തനിക്കേറ്റവും പ്രിയപ്പെട്ട മുല്ലപ്പൂമണമുള്ള പ്രത്യേക സോപ്പിന്റെ കട്ടിയുള്ള പാളികൾ ഉപയോഗിച്ച് കുമിള ഉണ്ടാക്കി പറപ്പിക്കുന്നതും അവളുടെ ഒരു ആഡംബര ശീലമായിരുന്നു. മാഞ്ഞുപോകുന്ന കാലത്തിനും മായ്ച്ചു കളയാനാവാത്ത ചിലതുണ്ട് ; അത് നമ്മൾ ജീവിച്ചുതീർത്ത ആ പഴയ നല്ല നാളുകളുടെ മധുരിക്കുന്ന ഓർമ്മകളാണ് എന്നവൾ തിരിച്ചറിഞ്ഞു. എന്നാൽ കടുത്ത വേനലിന്റെ മൂന്നാം ആഴ്ചയായപ്പോഴേക്കും യാഥാർത്ഥ്യം അവളെ തുറിച്ചുനോക്കി. കറണ്ട് ബില്ല് വന്നത് കണ്ടപ്പോൾ അവളുടെ ശ്വാസം നിലയ്ക്കുന്നതുപോലെ തോന്നി. കറണ്ടുള്ളപ്പോഴൊക്കെയുള്ള ഫാനുകളുടെ തുടർച്ചയായുള്ള ഉപയോഗവും, ദിവസവും പലതവണ വാട്ടർ ടാങ്ക് നിറയ്ക്കലും കാരണം വൈദ്യുതി ഉപയോഗം മൂന്നിരട്ടിയായി വർദ്ധിച്ചിരുന്നു. പിന്നീട് ആഡംബര സോപ്പ് വീണ്ടും ഓർഡർ ചെയ്യാൻ ഓൺലൈനിൽ നോക്കിയപ്പോഴാണ്, ഒരു മാസത്തിനുള്ളിൽ അഞ്ചിലധികം വിലകൂടിയ സോപ്പുകൾ താൻ വാങ്ങിത്തീർത്തുവെന്ന വിവരവും അവൾ മനസിലാക്കിയത്. വൈദ്യുതി നിലച്ചപ്പോൾ ഫാൻ അനക്കമില്ലാതെ തലയ്ക്കു മുകളിൽ നിൽക്കുന്നത് നോക്കി കട്ടിലിന്റെ അരികിലിരുന്ന് മീര കണക്കുകൂട്ടലുകൾ നടത്തി. അവളുടെ വരുമാനത്തിലെ നഷ്ടത്തിന്റെ ആഴം ഉള്ളിൽ വ്യക്തമായി തെളിഞ്ഞു വന്നു. ചെറിയ ഒരു ഓൺലൈൻ ജോലിയുള്ള തു കൊണ്ടാണ് തത്കാലം പിടിച്ചു നിൽക്കുന്നത്.കൂടാതെ ഫ്ളാറ്റിൻ്റെ വാടക, മകൻ്റെ പഠനച്ചെലവ് എനിവയെല്ലാം കൂടിയാകുമ്പോൾ അഡ്ജസ്റ്റ് ചെയ്യാൻ പ്രയാസമാണ് എന്നത് അവൾ മനസ്സിലാക്കി. പിറ്റേന്ന് രാവിലെയും ചൂടിന് ഒരു കുറവുമുണ്ടായിരുന്നില്ല. പക്ഷേ, മീരയുടെ തന്ത്രവും ശീലവും മാറി. അവൾ ഫോണിൽ അഞ്ച് മിനിറ്റിന്റെ ടൈമർ സെറ്റ് ചെയ്തു. തന്റെ പ്രിയപ്പെട്ട ജാസ്മിൻ സോപ്പ് മാറ്റിവെച്ച്, അടുത്തുള്ള കടയിൽ നിന്ന് ' സാധാരണ ബാത്ത് സോപ്പുവാങ്ങി കുളിമുറിയിൽ വെച്ചു. ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി. കരണ്ട് വരുന്നത് കാത്തിരുന്ന് മടുത്ത മീര കമ്പ്യൂട്ടർ ഓഫ് ചെയ്ത് ജനാലയുടെ അരികിലേക്ക് കസേര നീക്കിയിട്ടിരുന്നു. ടേബിളിൽ വായിച്ചു തീർക്കാത്ത നോവലടുത്ത് പേജുകൾ മറിച്ചു. മുമ്പ് വായിച്ചു നിർത്തിയിടത്തു നിന്നും വീണ്ടും വായിച്ചു തുടങ്ങി. " ആ നിമിഷത്തിലാണ് രണ്ടുപേരും അത് മനസ്സിലാക്കിയത്—തങ്ങൾ തമ്മിൽ വേർപിരിയുന്നത് ദേഷ്യം കൊണ്ടോ വെറുപ്പ് കൊണ്ടോ അല്ല, മറിച്ച് ഒന്നിച്ച് മുന്നോട്ട് പോകാൻ ഇനി സാധിക്കില്ല എന്ന തിരിച്ചറിവ് കൊണ്ടാണ്. വാക്കുകൾ കൊണ്ട് വ്യാഖ്യാനിക്കാൻ കഴിയുന്നതിനേക്കാൾ മനോഹരമാണ്, പരസ്പരം മനസ്സിലാക്കുന്ന രണ്ടു ഹൃദയങ്ങൾക്കിടയിലെ മൗനം. പക്ഷേ പരസ്പര വിശ്വാസം എന്നെന്നേക്കുമായി നഷ്ടപ്പെട്ടാൽ മൗനത്തിന് മുറിച്ചു മാറ്റപ്പെടലിലേക്കുള്ള ദൂരം എന്നു തന്നെയാവും അർത്ഥം കാണുക. കോടതിമുറിയുടെ പുറത്തെ നീളൻ വരാന്തയിൽ വച്ച് അയാൾ അവളുടെ നേരെ കൈയ്യിൽ പിടിച്ചു.. "ഒരു പുതിയ തുടക്കത്തിന് ആശംസകൾ..." ഒരു ചെറിയ പുഞ്ചിരിയോടെ അവൻ പറഞ്ഞു. അവൾ ആ കൈകൾ വിടുവിക്കാനൊരു വിഫലശ്രമം നടത്തി. "നമ്മൾ ഒരുമിച്ച് തോറ്റുപോയതല്ല, പരസ്പരം ജീവിക്കാൻ അനുവദിക്കുകയാണ്." വീണ്ടും അയാൾ പറഞ്ഞു. ആദ്യമായി, മനസ്സിലുണ്ടായിരുന്ന ഭാരമെല്ലാം ഇറക്കിവച്ചതുപോലെ അവർ രണ്ടുപേർക്കും തോന്നി. തങ്ങളെ കെട്ടിയിട്ടിരുന്ന ആ ദാമ്പത്യത്തിന്റെ കാപട്യത്തിൽ നിന്ന് ഇരുവരും സ്വതന്ത്രരായിക്കഴിഞ്ഞിരുന്നു. കൈകൾ വേർപെടുത്തി, പരസ്പരം നോക്കി അവസാനമായി ഒന്ന് നോക്കി, രണ്ടുപേരും രണ്ടു വഴികളിലേക്ക് നടന്നുനീങ്ങി. " തോറ്റുപോകാൻ വേണ്ടിയല്ല, സ്വന്തം സന്തോഷങ്ങളിലേക്ക് ജീവിച്ചു കയറാൻ വേണ്ടി...!" അവളുടെ മനസ്സ് മന്ത്രിച്ചു. ഒരു പുഴ അതിന്റെ വഴികളിൽ തടസ്സങ്ങളെ അതിജീവിച്ച് ഒഴുകുന്നതുപോലെ പരസ്പരവിശ്വാസത്തിലും വിട്ടുവീഴ്ചകളിലും അധിഷ്ഠിതമായ ബന്ധങ്ങൾ കാലത്തിന്റെ മാറ്റങ്ങളെ അതിജീവിച്ചു മുന്നോട്ടുപോകുന്നു. അല്ലാത്തവ വഴിപിരിഞ്ഞൊഴുകുന്നു. മീര കയ്യിലിരുന്ന പുസ്തകം അടച്ചു വെച്ച് നെടുവീർപ്പിട്ടു. വിയർത്തൊഴുകിയ അവൾ പകലിന്റെ ചൂടും ജീവിതത്തിന്റെ വേവലാതികളും മാഞ്ഞുപോകുന്നത് കുളി എന്ന കൊച്ചു നീരൊഴുക്കിലാണ് എന്ന് ചിന്തിച്ച് ജലവുമായി നടത്തുന്ന ആത്മബന്ധത്തിന്റെ സുന്ദര നിമിഷത്തിലേക്ക് എത്താൻ കുളിമുറിയിലേക്ക് നടക്കുമ്പോൾ തുറന്നു നോക്കാത്ത ഒരു വക്കീൽ നോട്ടീസ് ടീപ്പോയിൽ അലക്ഷ്യമായി കിടക്കുന്നുണ്ടായിരുന്നു. എം.ജി.ബിജുകുമാർ :- പന്തളം സ്വദേശി. തപസ്യയുടെ സംസ്ഥാന ചെറുകഥ പുരസ്‌കാര ജേതാവ്. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും , ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു. “ഓർക്കാൻ മറക്കുമ്പോൾ " എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. “മേഘങ്ങൾ പറഞ്ഞ കഥ " എന്ന കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം, കൊന്നപ്പൂങ്കനവ് ,നിലാ ശലഭം എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ്‌ ചെയ്‌തിരുന്നു.
Copyright © . All rights reserved
➤