MAIN NEWS
UK
കൊച്ചി: കേരളത്തിലെ യുവ അഭിഭാഷകർക്കും നിയമബിരുദധാരികൾക്കും അന്താരാഷ്ട്ര നിയമരംഗത്തെ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഹോമെക്സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന യു.കെ. കോൺവെൻസിങ് ഇന്റേൺഷിപ്പ് പരിപാടിക്ക് കൊച്ചിയിലെ ഹോമെക്സ് ഗ്രൂപ്പ് ആസ്ഥാനത്ത് തുടക്കമായി. ഗവൺമെന്റ് പ്ലീഡറും അഭിഭാഷകനുമായ അഡ്വ. നിധിൻ പുല്ലുകാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹോമെക്സ് ഗ്രൂപ്പ് സി.ഇ.ഒ. രാജേഷ് ജോസഫ് അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ അക്ഷര ബിജു, നിയമവിഭാഗം മേധാവി ശ്രീവിദ്യ ഗോപാലകൃഷ്ണൻ, പ്രവർത്തന വിഭാഗം മേധാവി സ്റ്റിനി മാർട്ടിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഓഗസ്റ്റ് 10 മുതൽ 14 വരെ നടക്കുന്ന അഞ്ചുദിവസത്തെ പരിശീലനത്തിൽ യു.കെ. കോൺവെൻസിങ് രംഗത്തെ പ്രായോഗിക നടപടിക്രമങ്ങൾ, നിയമവ്യവസ്ഥ, പ്രൊഫഷണൽ നിലവാരങ്ങൾ, ഫയൽ കൈകാര്യം ചെയ്യൽ, ക്ലയന്റ് ആശയവിനിമയം, കേസ് പഠനങ്ങൾ എന്നിവയിൽ പരിശീലനം നൽകും. പ്രായോഗിക പരിചയത്തിനൊപ്പം വിദഗ്ധരുടെ മാർഗനിർദേശവും പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ യുവ നിയമപ്രതിഭകൾക്ക് ആഗോള നിയമരംഗത്തെ പ്രവർത്തനരീതികൾ നേരിട്ട് മനസ്സിലാക്കാനും പുതിയ കരിയർ സാധ്യതകൾ കണ്ടെത്താനും സഹായിക്കുന്ന ദീർഘകാല പരിശീലന സംരംഭങ്ങളുടെ തുടക്കമാണിതെന്ന് ഹോമെക്സ് ഗ്രൂപ്പ് അറിയിച്ചു. യുവതലമുറയിലെ നിക്ഷേപമാണ് ഭാവിയിലേക്കുള്ള ഏറ്റവും ശക്തമായ നിക്ഷേപമെന്ന ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ യുവ അഭിഭാഷകരുടെ കഴിവുകൾ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും സംഘാടകർ വ്യക്തമാക്കി.
പ്രസ്റ്റൺ: ജീവന് ഭീഷണിയായ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച മലപ്പുറം സ്വദേശിനിയായ മലയാളി യുവതി അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ തേടുന്നു. ലങ്കാഷെയറിലെ പ്രസ്റ്റണിൽ താമസിക്കുന്ന റഫിയ ഷെറിൻ (30) ആണ് രോഗത്തോട് പൊരുതുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തലകറക്കം, ഛർദ്ദി, പേശിവേദന, കടുത്ത ക്ഷീണം, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് റഫിയ ആദ്യം നേരിട്ടത്. 2019ൽ മാസ്റ്റർ ബിരുദ പഠനത്തിനായി യുകെയിലെത്തിയ റഫിയ, കഴിഞ്ഞ ജൂണിൽ സുഹൃത്തുക്കൾക്കൊപ്പം ഈജിപ്തിലും സെർബിയയിലും നടത്തിയ യാത്രയ്ക്കിടെയാണ് ഭക്ഷ്യവിഷബാധയേറ്റത്. യുകെയിൽ തിരിച്ചെത്തിയിട്ടും ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനെ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞത്. അസ്ഥിമജ്ജ പുതിയ രക്തകോശങ്ങൾ ഉൽപാദിപ്പിക്കുന്നത് നിലയ്ക്കുന്ന അപ്ലാസ്റ്റിക് അനീമിയയെ തുടർന്ന് നിലവിൽ ആഴ്ചയിൽ രണ്ടുതവണ രക്തം മാറ്റിവെക്കേണ്ട അവസ്ഥയിലാണ് റഫിയ. റഫിയയുടെ ജീവൻ രക്ഷിക്കാൻ അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള രോഗികൾക്ക് അനുയോജ്യമായ ദാതാവിനെ കണ്ടെത്തുന്നത് കൂടുതൽ വെല്ലുവിളിയാണെന്നാണ് അധികൃതർ പറയുന്നത്. റഫിയയ്ക്കും സമാന രോഗാവസ്ഥയിലുള്ളവർക്കും സഹായമാകുന്നതിനായി മലപ്പുറം മഞ്ചേരിയിൽ ഓഗസ്റ്റ് 15ന് യതീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റെം സെൽ രജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിക്കും. DKMS വഴി രജിസ്റ്റർ ചെയ്ത് സ്വാബ് കിറ്റിലൂടെ ലളിതമായി രജിസ്ട്രേഷൻ പൂർത്തിയാക്കാം.
LATEST NEWS
INDIA / KERALA
ഹരിപ്പാട്: ആഡംബര ജീവിതത്തിനായി ബന്ധുവായ 13-കാരി ആസൂത്രണം ചെയ്ത ക്വട്ടേഷൻ കൊലപാതകത്തിൽ വയോധികൻ കൊല്ലപ്പെട്ടതായി പോലീസ്. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 13-കാരിയടക്കം പ്രായപൂർത്തിയാകാത്ത നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്ന് ഐഫോണും ബൈക്കും വാങ്ങുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഞായറാഴ്ച രാത്രിയിലായിരുന്നു കൊലപാതകം. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ വൈകിയെത്തുന്നതും അമിതമായി ഫോൺ ഉപയോഗിക്കുന്നതും സംബന്ധിച്ച് ശിവൻകുട്ടി പെൺകുട്ടിയെ വഴക്കുപറഞ്ഞിരുന്നതായി പോലീസ് പറയുന്നു. കൊല്ലത്ത് പഠിക്കുന്നതിനിടെ പരിചയപ്പെട്ട ആൺസുഹൃത്തും മറ്റ് സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് വിവരം. വീട്ടിലേക്കുള്ള വഴിയും എളുപ്പത്തിൽ അകത്ത് കടക്കാനുള്ള മാർഗവും പെൺകുട്ടി ഇവർക്ക് പറഞ്ഞു കൊടുത്തു. കൊലപാതക സമയത്ത് പെൺകുട്ടി മറ്റൊരു സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്നും സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ കണ്ടതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടിലെ മുറികൾ അലങ്കോലമായിരുന്നെങ്കിലും പെൺകുട്ടിയുടെ മുറിയിൽ മാത്രം കവർച്ച നടന്നതിന്റെ ലക്ഷണങ്ങളില്ലാതിരുന്നതും പോലീസിന്റെ സംശയം ശക്തമാക്കി. പെൺകുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. രാവിലെ ശിവൻകുട്ടി വാതിൽ തുറക്കുന്നില്ലെന്ന് അയൽവാസികളോട് പറഞ്ഞ പെൺകുട്ടി പിന്നീട് ഓണപ്പരീക്ഷയ്ക്ക് പോകണമെന്ന നിലപാടിലായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊല്ലം സ്വദേശികളായ പ്രതികൾ ട്രെയിനിൽ ഹരിപ്പാട്ടെത്തി രാത്രി വീട്ടിൽ കയറി കൊലപാതകം നടത്തിയ ശേഷം മടങ്ങിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ശിവൻകുട്ടിയെ കെട്ടിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം വീട്ടിൽ മുളകുപൊടി വിതറിയതായും അടുക്കളയിൽനിന്നാണ് ഇത് എടുത്തതെന്നും അന്വേഷണത്തിൽ കണ്ടെത്തി. കവർന്ന സ്വർണം വിറ്റ് പെൺകുട്ടിക്ക് ഐഫോണും മറ്റ് പ്രതികൾക്ക് ബൈക്കും വാങ്ങുകയായിരുന്നു ലക്ഷ്യമെന്നും പോലീസ് വ്യക്തമാക്കി.
VIDEO GALLERY
Travel
ചങ്ങനാശ്ശേരി: പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ നടക്കുന്ന ഭാരത പര്യടന സംഘം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം രാജസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ജയ്‌സൽമേർ കോട്ടയിൽ ആഘോഷിച്ചു. ഓഗസ്റ്റ് 9-ന് ചങ്ങനാശ്ശേരി പായിപ്പാട്ടിൽ നിന്ന് യാത്ര തിരിച്ച സംഘം ഇതിനോടകം 3500 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു. ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന സംഘത്തിന്റെ യാത്ര കേരളത്തിൽ നിന്ന് ആരംഭിച്ച് നോർത്ത് ഗോവ, ഗുജറാത്തിലെ അഹമ്മദാബാദ്, സബർമതി ആശ്രമം, സ്റ്റാച്യു ഓഫ് യൂണിറ്റി, വുഡ് ഫോസിൽ പാർക്ക്, വൈറ്റ് ഡെസേർട്ട്, ഗ്രേറ്റ് റൺ ഓഫ് കച്ച് എന്നിവ സന്ദർശിച്ചാണ് മുന്നേറിയത്. ഭുജിന് വടക്കായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഉപ്പുമരുഭൂമികളിലൊന്നായ ഗ്രേറ്റ് റൺ ഓഫ് കച്ച് സംഘത്തിന് വ്യത്യസ്തമായ അനുഭവമായി. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും നേരിട്ട് അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സംസ്ഥാനങ്ങളിലെ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്.   സിന്ധു നദീതട നാഗരികതയുടെ അവശേഷിപ്പുകളുമായി ബന്ധപ്പെട്ട ഹാരപ്പ–മൊഹൻജൊദാരോ പ്രദേശങ്ങളും സംഘം സന്ദർശിച്ചു. തുടർന്ന് പഞ്ചാബിലെ അമൃത്സർ, വാഗാ അതിർത്തി, ജമ്മു–കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് യാത്ര തുടരുക. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരവും പൈതൃകവും ജനജീവിതവും അടുത്തറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം മുന്നേറുന്നത്.   ```
BUSINESS / TECHNOLOGY
ന്യൂസ് ഡെസ്ക്, മലയാളം യുകെ യുകെയിൽ നികുതി സംവിധാനത്തിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായി ഏകദേശം 8.64 ലക്ഷം നികുതിദായകർക്ക് ഓഗസ്റ്റ് 7 വെള്ളിയാഴ്ച പുതിയ റിപ്പോർട്ടിങ് സമയപരിധി ബാധകമാകും. എച്ച്.എം.ആർ.സി.യുടെ മേക്കിങ് ടാക്സ് ഡിജിറ്റൽ (MTD) പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വയം നികുതി റിട്ടേൺ സമർപ്പിക്കുന്നവർക്കായി ത്രൈമാസ റിപ്പോർട്ടിങ് ആണ് നിർബന്ധമാക്കിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 50,000 പൗണ്ടിൽ കൂടുതൽ വരുമാനമുള്ള സ്വയംതൊഴിലുകാരും വാടക വരുമാനമുള്ളവരുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. പുതിയ സംവിധാനപ്രകാരം അംഗീകൃത അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വരുമാനവും ചെലവും സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ രേഖകളിൽ സൂക്ഷിച്ച് ത്രൈമാസ അടിസ്ഥാനത്തിൽ എച്ച്.എം.ആർ.സി.യ്ക്ക് സമർപ്പിക്കണം. 2025-26 സാമ്പത്തിക വർഷത്തിൽ 30,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2027 ഏപ്രിൽ മുതലും, 2026-27 വർഷത്തിൽ 20,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2028 ഏപ്രിൽ മുതലും ഈ സംവിധാനം ബാധകമാകും. അവസാന തീയതി കഴിഞ്ഞാലും ആദ്യ വർഷത്തിൽ പിഴ ഈടാക്കിയില്ലെങ്കിലും റിപ്പോർട്ടുകൾ പിന്നീട് സമർപ്പിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. നികുതി ബാധ്യത മുൻകൂട്ടി കണക്കാക്കി പ്രത്യേക സേവിങ്സ് അക്കൗണ്ടിൽ തുക മാറ്റിവെക്കുന്നത് സാമ്പത്തിക സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
SPECIALS
MOVIES / CHANNELS
Read more >>
WORLD
വാഷിങ്ടൺ ∙ യുഎസിലെ അരിസോണ സംസ്ഥാനത്ത് 19 വയസ്സുകാരിയായ കാമുകിയെ കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ യുവാവ് ജർമനിയിൽ അറസ്റ്റിലായി. അരിസോണ സർവകലാശാല വിദ്യാർഥിനിയായ ജൂലിസ റൂബി സലാസറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് 20 വയസ്സുകാരനായ വരുൺ ബാച്ചിഗാരിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവശേഷം യുഎസിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ ജർമനിയിലെ ബെർലിനിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തിന്റെ അഭ്യർഥനയെ തുടർന്ന് യുവതിയുടെ ക്ഷേമം അന്വേഷിക്കാൻ അപ്പാർട്ട്മെന്റിലെത്തിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തു നിന്ന് ലഭിച്ച തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് വരുൺ ബാച്ചിഗാരിയെ പ്രതിയായി തിരിച്ചറിഞ്ഞത്. കൊലപാതകത്തിനു പിന്നാലെ ടക്സണിൽനിന്ന് ഹൂസ്റ്റൺ വഴി ബെർലിനിലേക്ക് കടന്ന പ്രതിയെ യുഎസ് ഫെഡറൽ അന്വേഷണ ഏജൻസികളുടെയും ജർമൻ അധികൃതരുടെയും ഏകോപിത നടപടിയിലൂടെയാണ് പിടികൂടിയത്. നിലവിൽ ജർമൻ കസ്റ്റഡിയിലുള്ള ഇയാളെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം യുഎസിന് കൈമാറുമെന്ന് റിപ്പോർട്ടുകളുണ്ട്.
LITERATURE
സുനിൽ മറ്റക്കര പട നയിച്ചു പട പൊരുതി തലയുയർത്തി നമ്മുടെ വീര നായകർ ധീര നായകർ അഖണ്ഡ ഭാരതം അജയ്യ ഭാരതം അഖണ്ഡ ഭാരതം, അജയ്യ ഭാരതം വീരരാം പോരാളികൾ അടർക്കളത്തി ലുയിരുനല്കി വരും തലമുറക്കായി കോട്ടകെട്ടി കാത്തു വെച്ചൊരു ഭാരതം അചഞ്ചല മാമീ പുണ്യഭൂമി ഭാരതം അഖണ്ഡ ഭാരതം, അജയ്യ ഭാരതം മഞ്ഞിലും മഴയിലും ചുട്ടുപൊള്ളുംവെയിലിലും തളരാത്ത പോരാട്ട വീര്യം, പോരാട്ട വീര്യം കരകടലുകളിലുമാകാശ നീലിമയിലും നമ്മളെ കാക്കുവാൻ കാവലുണ്ട്, കാവലുണ്ട് നമ്മളെ കാക്കുവാൻ കാവലുണ്ട്, കാവലുണ്ട് അഖണ്ഡ ഭാരതം, അജയ്യ ഭാരതം അതിർത്തിയെ കാത്തു വെക്കും ധീരരാമിവർ ഹിമഗിരിനിരകളിൽ പോരടിക്കും രിപുക്കളെ അരാതിഭംഗം വരുത്തി അമിത്ര ജിത്തരാം അഭിമരൻ മാരാം നമ്മുടെ യോദ്ധാക്കൾ അതിർത്തിയെ കാത്തുവെക്കും ധീരരാമിവർ അഖണ്ഡ ഭാരതം, അജയ്യ ഭാരതം ജാഗരൂകരാം ധീരരാം ജവാന്മാർ, ജവാന്മാർ ശത്രുവെ തടുത്തു നിർത്തും പോരാളികൾ നിങ്ങൾ ഞങ്ങളാണ് ഞങ്ങളാണ് നിങ്ങൾ അഖണ്ഡ ഭാരതം,അജയ്യ ഭാരതം,അഖണ്ഡ ഭാരതം സുനിൽ മറ്റക്കര: - കോട്ടയം ജില്ലയിലെ മറ്റക്കരയിൽ ഉറുമ്പേനിക്കാട്ടു ശ്രീമാൻ രാമചന്ദ്രൻ നായരുടെയും ശ്രീമതി ഓമനാ രാമചന്ദ്രൻ നായരുടെയും മകൻ. രണ്ടു സഹോദരിമാർ, ബിന്ദു ഷാജി, സിന്ധു സുമോദ്, സിവിൽ എഞ്ചിനീയറിംഗ് പഠന ശേഷം സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്തു. ഇപ്പോൾ സ്വന്തമായി നിർമ്മാണ കമ്പനി നടത്തിവരുന്നു. സ്കൂൾ കാലഘട്ടങ്ങളിലെ എഴുതിത്തുടങ്ങിയിരുന്നു, ഇതേവരെ രണ്ടു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ആദ്യ സമാഹാരം ശസ്ത്രഗീതം, രണ്ടാമത്തേത് കാവലാൾ. പ്രഥമ പുസ്തകം ആയ ശസ്ത്ര ഗീതം സാഹിത്യ സ്പർശ് സീസൺ -3 അവാർഡിന് അർഹമായി. രണ്ടു പുസ്തകങ്ങളിലെയും ചില കവിതകൾ വിങ്ങ് വേർഡ് പോയറ്ററി മത്സരത്തിൽ പ്രത്യേക പരിഗണനക്കു പാത്രമാകുകയും അതേപോലെ ആദ്യ പുസ്തകം books,buzz, and brilliance : must read authors of early 2026 ൽ ഇടം പിടിച്ചിട്ടുമുണ്ട്. മൂന്നാമത്തെ കവിതാ സമാഹാരം പ്രസിദ്ധീകരിക്കുവാൻ ഉള്ള തയാറെടുപ്പിൽ ആണ്, ചില കവിതകൾ ഗാന രൂപത്തിൽ ആക്കിയിട്ടുണ്ട്. സുനിൽ മറ്റക്കര എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാണ്. ദേശ ഭക്തി ഗാനങ്ങൾ എഫ് എം റേഡിയോ വഴി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്, വരുന്ന ഓഗസ്റ്റ് 15- ന് പതാക എന്ന ദേശഭക്തിഗാനം club fm സംപ്രേക്ഷണം ചെയ്യാൻ പോകുന്നുമുണ്ട്. ഭാര്യ ഹരിപ്രിയ, ലീഡ് ആർക്കിടെക്ട് ആയി ബിസിനസ്സിൽ സഹായിക്കുന്നു. കുട്ടികൾ രണ്ടുപേർ ഗൗരിയും ഗൗരവും.
Copyright © . All rights reserved