കൊച്ചി: കേരളത്തിലെ യുവ അഭിഭാഷകർക്കും നിയമബിരുദധാരികൾക്കും അന്താരാഷ്ട്ര നിയമരംഗത്തെ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഹോമെക്സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന യു.കെ. കോൺവെൻസിങ് ഇന്റേൺഷിപ്പ് പരിപാടിക്ക് കൊച്ചിയിലെ ഹോമെക്സ് ഗ്രൂപ്പ് ആസ്ഥാനത്ത് തുടക്കമായി. ഗവൺമെന്റ് പ്ലീഡറും അഭിഭാഷകനുമായ അഡ്വ. നിധിൻ പുല്ലുകാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹോമെക്സ് ഗ്രൂപ്പ് സി.ഇ.ഒ. രാജേഷ് ജോസഫ് അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ അക്ഷര ബിജു, നിയമവിഭാഗം മേധാവി ശ്രീവിദ്യ ഗോപാലകൃഷ്ണൻ, പ്രവർത്തന വിഭാഗം മേധാവി സ്റ്റിനി മാർട്ടിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഓഗസ്റ്റ് 10 മുതൽ 14 വരെ നടക്കുന്ന അഞ്ചുദിവസത്തെ പരിശീലനത്തിൽ യു.കെ. കോൺവെൻസിങ് രംഗത്തെ പ്രായോഗിക നടപടിക്രമങ്ങൾ, നിയമവ്യവസ്ഥ, പ്രൊഫഷണൽ നിലവാരങ്ങൾ, ഫയൽ കൈകാര്യം ചെയ്യൽ, ക്ലയന്റ് ആശയവിനിമയം, കേസ് പഠനങ്ങൾ എന്നിവയിൽ പരിശീലനം നൽകും. പ്രായോഗിക പരിചയത്തിനൊപ്പം വിദഗ്ധരുടെ മാർഗനിർദേശവും പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ യുവ നിയമപ്രതിഭകൾക്ക് ആഗോള നിയമരംഗത്തെ പ്രവർത്തനരീതികൾ നേരിട്ട് മനസ്സിലാക്കാനും പുതിയ കരിയർ സാധ്യതകൾ കണ്ടെത്താനും സഹായിക്കുന്ന ദീർഘകാല പരിശീലന സംരംഭങ്ങളുടെ തുടക്കമാണിതെന്ന് ഹോമെക്സ് ഗ്രൂപ്പ് അറിയിച്ചു. യുവതലമുറയിലെ നിക്ഷേപമാണ് ഭാവിയിലേക്കുള്ള ഏറ്റവും ശക്തമായ നിക്ഷേപമെന്ന ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ യുവ അഭിഭാഷകരുടെ കഴിവുകൾ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും സംഘാടകർ വ്യക്തമാക്കി.
പ്രസ്റ്റൺ: ജീവന് ഭീഷണിയായ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച മലപ്പുറം സ്വദേശിനിയായ മലയാളി യുവതി അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ തേടുന്നു. ലങ്കാഷെയറിലെ പ്രസ്റ്റണിൽ താമസിക്കുന്ന റഫിയ ഷെറിൻ (30) ആണ് രോഗത്തോട് പൊരുതുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തലകറക്കം, ഛർദ്ദി, പേശിവേദന, കടുത്ത ക്ഷീണം, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് റഫിയ ആദ്യം നേരിട്ടത്.
2019ൽ മാസ്റ്റർ ബിരുദ പഠനത്തിനായി യുകെയിലെത്തിയ റഫിയ, കഴിഞ്ഞ ജൂണിൽ സുഹൃത്തുക്കൾക്കൊപ്പം ഈജിപ്തിലും സെർബിയയിലും നടത്തിയ യാത്രയ്ക്കിടെയാണ് ഭക്ഷ്യവിഷബാധയേറ്റത്. യുകെയിൽ തിരിച്ചെത്തിയിട്ടും ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനെ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞത്. അസ്ഥിമജ്ജ പുതിയ രക്തകോശങ്ങൾ ഉൽപാദിപ്പിക്കുന്നത് നിലയ്ക്കുന്ന അപ്ലാസ്റ്റിക് അനീമിയയെ തുടർന്ന് നിലവിൽ ആഴ്ചയിൽ രണ്ടുതവണ രക്തം മാറ്റിവെക്കേണ്ട അവസ്ഥയിലാണ് റഫിയ.
റഫിയയുടെ ജീവൻ രക്ഷിക്കാൻ അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള രോഗികൾക്ക് അനുയോജ്യമായ ദാതാവിനെ കണ്ടെത്തുന്നത് കൂടുതൽ വെല്ലുവിളിയാണെന്നാണ് അധികൃതർ പറയുന്നത്. റഫിയയ്ക്കും സമാന രോഗാവസ്ഥയിലുള്ളവർക്കും സഹായമാകുന്നതിനായി മലപ്പുറം മഞ്ചേരിയിൽ ഓഗസ്റ്റ് 15ന് യതീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റെം സെൽ രജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിക്കും. DKMS വഴി രജിസ്റ്റർ ചെയ്ത് സ്വാബ് കിറ്റിലൂടെ ലളിതമായി രജിസ്ട്രേഷൻ പൂർത്തിയാക്കാം.
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കന്നിയങ്കത്തിനിറങ്ങിയ അരോമ ബോട്ട് ക്ലബ് കിരീടം സ്വന്തമാക്കി. ആവേശം നിറച്ച ഫൈനലിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് അരോമയുടെ ജയം. 4.232 സെക്കൻഡിലാണ് അരോമ ഫിനിഷിങ് ലൈൻ തൊട്ടത്. രണ്ടാമതെത്തിയ വള്ളം 4.234 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.
ഫൈനലിൽ മൂന്ന് വള്ളങ്ങളാണ് 4.23 സെക്കൻഡിനുള്ളിൽ ഏതാണ്ട് ഒരേസമയം ഫിനിഷ് ചെയ്തത്. തുടക്കത്തിൽ പിന്നിലായിരുന്നെങ്കിലും അവസാന ഘട്ടത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ അരോമ, ഫൈനലിൽ ലഭിച്ച ലെയ്ൻ ആനുകൂല്യം മുതലെടുത്താണ് കിരീടത്തിലേക്ക് തുഴഞ്ഞെത്തിയത്. മത്സരം അവസാന നിമിഷംവരെ ആവേശകരമായി തുടരുകയായിരുന്നു.
പിബിസി പുന്നമട–എൻസിഎഫ്സി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ 12 മില്ലി സെക്കൻഡ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തെത്തി. യുബിസി കൈനകരി എഫ്സിയുടെ വീയപുരം ചുണ്ടൻ മൂന്നാം സ്ഥാനവും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം ചുണ്ടൻ നാലാം സ്ഥാനവും നേടി.
ചങ്ങനാശ്ശേരി: പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ നടക്കുന്ന ഭാരത പര്യടന സംഘം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം രാജസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ജയ്സൽമേർ കോട്ടയിൽ ആഘോഷിച്ചു. ഓഗസ്റ്റ് 9-ന് ചങ്ങനാശ്ശേരി പായിപ്പാട്ടിൽ നിന്ന് യാത്ര തിരിച്ച സംഘം ഇതിനോടകം 3500 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു.
ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന സംഘത്തിന്റെ യാത്ര കേരളത്തിൽ നിന്ന് ആരംഭിച്ച് നോർത്ത് ഗോവ, ഗുജറാത്തിലെ അഹമ്മദാബാദ്, സബർമതി ആശ്രമം, സ്റ്റാച്യു ഓഫ് യൂണിറ്റി, വുഡ് ഫോസിൽ പാർക്ക്, വൈറ്റ് ഡെസേർട്ട്, ഗ്രേറ്റ് റൺ ഓഫ് കച്ച് എന്നിവ സന്ദർശിച്ചാണ് മുന്നേറിയത്. ഭുജിന് വടക്കായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഉപ്പുമരുഭൂമികളിലൊന്നായ ഗ്രേറ്റ് റൺ ഓഫ് കച്ച് സംഘത്തിന് വ്യത്യസ്തമായ അനുഭവമായി. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും നേരിട്ട് അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സംസ്ഥാനങ്ങളിലെ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്.
സിന്ധു നദീതട നാഗരികതയുടെ അവശേഷിപ്പുകളുമായി ബന്ധപ്പെട്ട ഹാരപ്പ–മൊഹൻജൊദാരോ പ്രദേശങ്ങളും സംഘം സന്ദർശിച്ചു. തുടർന്ന് പഞ്ചാബിലെ അമൃത്സർ, വാഗാ അതിർത്തി, ജമ്മു–കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് യാത്ര തുടരുക. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരവും പൈതൃകവും ജനജീവിതവും അടുത്തറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം മുന്നേറുന്നത്.
```
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ നികുതി സംവിധാനത്തിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായി ഏകദേശം 8.64 ലക്ഷം നികുതിദായകർക്ക് ഓഗസ്റ്റ് 7 വെള്ളിയാഴ്ച പുതിയ റിപ്പോർട്ടിങ് സമയപരിധി ബാധകമാകും. എച്ച്.എം.ആർ.സി.യുടെ മേക്കിങ് ടാക്സ് ഡിജിറ്റൽ (MTD) പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വയം നികുതി റിട്ടേൺ സമർപ്പിക്കുന്നവർക്കായി ത്രൈമാസ റിപ്പോർട്ടിങ് ആണ് നിർബന്ധമാക്കിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 50,000 പൗണ്ടിൽ കൂടുതൽ വരുമാനമുള്ള സ്വയംതൊഴിലുകാരും വാടക വരുമാനമുള്ളവരുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്.
പുതിയ സംവിധാനപ്രകാരം അംഗീകൃത അക്കൗണ്ടിങ് സോഫ്റ്റ്വെയർ ഉപയോഗിച്ച് വരുമാനവും ചെലവും സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ രേഖകളിൽ സൂക്ഷിച്ച് ത്രൈമാസ അടിസ്ഥാനത്തിൽ എച്ച്.എം.ആർ.സി.യ്ക്ക് സമർപ്പിക്കണം. 2025-26 സാമ്പത്തിക വർഷത്തിൽ 30,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2027 ഏപ്രിൽ മുതലും, 2026-27 വർഷത്തിൽ 20,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2028 ഏപ്രിൽ മുതലും ഈ സംവിധാനം ബാധകമാകും.
അവസാന തീയതി കഴിഞ്ഞാലും ആദ്യ വർഷത്തിൽ പിഴ ഈടാക്കിയില്ലെങ്കിലും റിപ്പോർട്ടുകൾ പിന്നീട് സമർപ്പിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. നികുതി ബാധ്യത മുൻകൂട്ടി കണക്കാക്കി പ്രത്യേക സേവിങ്സ് അക്കൗണ്ടിൽ തുക മാറ്റിവെക്കുന്നത് സാമ്പത്തിക സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
വാഷിങ്ടൺ ∙ യുഎസിലെ അരിസോണ സംസ്ഥാനത്ത് 19 വയസ്സുകാരിയായ കാമുകിയെ കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ യുവാവ് ജർമനിയിൽ അറസ്റ്റിലായി. അരിസോണ സർവകലാശാല വിദ്യാർഥിനിയായ ജൂലിസ റൂബി സലാസറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് 20 വയസ്സുകാരനായ വരുൺ ബാച്ചിഗാരിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവശേഷം യുഎസിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ ജർമനിയിലെ ബെർലിനിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബത്തിന്റെ അഭ്യർഥനയെ തുടർന്ന് യുവതിയുടെ ക്ഷേമം അന്വേഷിക്കാൻ അപ്പാർട്ട്മെന്റിലെത്തിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തു നിന്ന് ലഭിച്ച തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് വരുൺ ബാച്ചിഗാരിയെ പ്രതിയായി തിരിച്ചറിഞ്ഞത്.
കൊലപാതകത്തിനു പിന്നാലെ ടക്സണിൽനിന്ന് ഹൂസ്റ്റൺ വഴി ബെർലിനിലേക്ക് കടന്ന പ്രതിയെ യുഎസ് ഫെഡറൽ അന്വേഷണ ഏജൻസികളുടെയും ജർമൻ അധികൃതരുടെയും ഏകോപിത നടപടിയിലൂടെയാണ് പിടികൂടിയത്. നിലവിൽ ജർമൻ കസ്റ്റഡിയിലുള്ള ഇയാളെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം യുഎസിന് കൈമാറുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഡോ.ഉഷാറാണി.പി.
അവിടെ ഓണമെത്തിയോയെന്നുറ്റ സൗഹൃദത്തി -
ന്നരിയ തുമ്പപ്പൂവൊന്നു നുള്ളിയെറിഞ്ഞു ഞാൻ, തൂമയോടരിയപൂക്കളത്തിനരികിൽ നിന്നു .
ഇനിയൊരു പായസംകൂടിയുണ്ടെന്നും
ഉള്ളിലൊരോണവുമോമൽക്കനവുകളുമെപ്പോഴുമൂയലാടുമ്പോൾ
നിമിഷങ്ങൾക്കു നീളമില്ലാതാകുന്നെന്നും ചൊല്ലി നീ.
പകിട്ടാർന്ന, അത്തക്കളത്തിനുചാരെയുള്ളെൻ ചിത്രങ്ങൾ
'ഞാൻ വരച്ചതിനെക്കാൾ മെച്ചമെന്നു 'രച്ച്, എന്നാൽ
നഗരത്തിലെ പൂക്കൾക്കോമനത്തം തുച്ഛമെന്നുപഹസിച്ചു.
ഇതനന്തപുരി.
ഓണവില്ലുചാർത്തി മഹത്ത്വമേറിശ്ശയിക്കും
പദ്മനാഭസ്വാമിയെ വണങ്ങി മനംമങ്ങാതെ
വിധിപോൽത്തമ്പുരാനെയെതിരേറ്റു,
വിഭിന്നകലാകേളികളുമുറിയടിയും തിരുവാതിരക്കളിയുമായി
നഗരക്കൂട്ടങ്ങളുല്ലാസം കൈമാറുമ്പോൾ
മാനുഷരെല്ലാരുമൊന്നുപോലെ വിളങ്ങി.
ഓണമൊരദ്ഭുതം
ഒരുമതൻസൗന്ദര്യം
ഓർമ്മകൾക്കിതു വസന്തകാലം.
ചിങ്ങമെത്തുമ്പോൾ തുടിക്കുന്ന മനസ്സുകളിലെ -
ആയിരം കൽപ്പനച്ചന്തത്തിലിലയിട്ടസദ്യയും
വാഴപ്പഴത്തിൻനുറുക്കുമുപ്പേരിയും നിരക്കും.
അത്തംവെളുത്തിട്ടും അരമണികെട്ടിയ തിരുവോണം
വെൺമപരത്തിനിൽക്കുമ്പോൾ
എൻ കവിളിലൊരത്തക്കളമിടാനുള്ള പൂക്കളെക്കണ്ടെന്നു
തുടർന്നുചൊല്ലി, വെറുതെ മൊട്ടിട്ട പരിഭവത്തെയൊഴിച്ചു നീ.
ഒരാണ്ടു കാത്തിരുന്നൻപോടണയുമോണമേ
പ്രിയമെഴുന്നതെല്ലാം നിൻ വരദാനമെന്നോ,
ഒരു പ്രണയസല്ലാപംപോലും!
ഡോ.ഉഷാറാണി .പി.:- തിരുവനന്തപുരം മണക്കാടിനടുത്ത് സ്വദേശവും താമസവും. സർക്കാർ ഉദ്യോഗസ്ഥരായിരുന്ന കെ.ജി.പ്രഭാകരനാചാരി, കെ.പത്മം എന്നിവരുടെ മകൾ. ഭർത്താവ് - എസ്സ്.അനിൽകുമാർ മകൾ - ഗൗരി അനിൽകുമാർ. മണക്കാട് ഗവ.സ്കൂൾ, തിരുവനന്തപുരം ആൾസെയിൻ്റ്സ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്സിറ്റിയിൽ നിന്നു മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റു കരസ്ഥമാക്കി. ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനം എന്നിവ പ്രസിദ്ധീകരിച്ചുവരുന്നു. മുപ്പതോളം കൃതികൾ ക്ക് അവതാരിക എഴുതി. ആസ്വാദനം, പഠനം എന്നിവവേറെയും. ആത്മനിവേദനം (കവിതാസമാഹാരം), ബഷീർ ഇമ്മിണി വല്യ ഒന്ന് (ബാലസാഹിത്യം) എന്നിവ കൃതികൾ. തിരുവനന്തപുരം നഗരത്തിലെ സാഹിത്യസമ്മേളനങ്ങളിൽ പ്രഭാഷക, കവയിത്രി എന്നീനിലകളിൽ സജീവസാന്നിദ്ധ്യം. തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്കാരം, പേരക്ക ഓണക്കവിത പുരസ്കാരം, ശ്രേഷ്ഠ സാഹിത്യവേദി പുരസ്കാരം, പുലരി ടി വി ശംഖുമുദ്ര പുരസ്കാരം, വേൾഡ് ടാലൻ്റ് റെക്കോർഡ് എന്നിവ ലഭിച്ചു.