MAIN NEWS
UK
കൊച്ചി: കേരളത്തിലെ യുവ അഭിഭാഷകർക്കും നിയമബിരുദധാരികൾക്കും അന്താരാഷ്ട്ര നിയമരംഗത്തെ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഹോമെക്സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന യു.കെ. കോൺവെൻസിങ് ഇന്റേൺഷിപ്പ് പരിപാടിക്ക് കൊച്ചിയിലെ ഹോമെക്സ് ഗ്രൂപ്പ് ആസ്ഥാനത്ത് തുടക്കമായി. ഗവൺമെന്റ് പ്ലീഡറും അഭിഭാഷകനുമായ അഡ്വ. നിധിൻ പുല്ലുകാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹോമെക്സ് ഗ്രൂപ്പ് സി.ഇ.ഒ. രാജേഷ് ജോസഫ് അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ അക്ഷര ബിജു, നിയമവിഭാഗം മേധാവി ശ്രീവിദ്യ ഗോപാലകൃഷ്ണൻ, പ്രവർത്തന വിഭാഗം മേധാവി സ്റ്റിനി മാർട്ടിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഓഗസ്റ്റ് 10 മുതൽ 14 വരെ നടക്കുന്ന അഞ്ചുദിവസത്തെ പരിശീലനത്തിൽ യു.കെ. കോൺവെൻസിങ് രംഗത്തെ പ്രായോഗിക നടപടിക്രമങ്ങൾ, നിയമവ്യവസ്ഥ, പ്രൊഫഷണൽ നിലവാരങ്ങൾ, ഫയൽ കൈകാര്യം ചെയ്യൽ, ക്ലയന്റ് ആശയവിനിമയം, കേസ് പഠനങ്ങൾ എന്നിവയിൽ പരിശീലനം നൽകും. പ്രായോഗിക പരിചയത്തിനൊപ്പം വിദഗ്ധരുടെ മാർഗനിർദേശവും പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ യുവ നിയമപ്രതിഭകൾക്ക് ആഗോള നിയമരംഗത്തെ പ്രവർത്തനരീതികൾ നേരിട്ട് മനസ്സിലാക്കാനും പുതിയ കരിയർ സാധ്യതകൾ കണ്ടെത്താനും സഹായിക്കുന്ന ദീർഘകാല പരിശീലന സംരംഭങ്ങളുടെ തുടക്കമാണിതെന്ന് ഹോമെക്സ് ഗ്രൂപ്പ് അറിയിച്ചു. യുവതലമുറയിലെ നിക്ഷേപമാണ് ഭാവിയിലേക്കുള്ള ഏറ്റവും ശക്തമായ നിക്ഷേപമെന്ന ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ യുവ അഭിഭാഷകരുടെ കഴിവുകൾ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും സംഘാടകർ വ്യക്തമാക്കി.
പ്രസ്റ്റൺ: ജീവന് ഭീഷണിയായ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച മലപ്പുറം സ്വദേശിനിയായ മലയാളി യുവതി അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ തേടുന്നു. ലങ്കാഷെയറിലെ പ്രസ്റ്റണിൽ താമസിക്കുന്ന റഫിയ ഷെറിൻ (30) ആണ് രോഗത്തോട് പൊരുതുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തലകറക്കം, ഛർദ്ദി, പേശിവേദന, കടുത്ത ക്ഷീണം, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് റഫിയ ആദ്യം നേരിട്ടത്. 2019ൽ മാസ്റ്റർ ബിരുദ പഠനത്തിനായി യുകെയിലെത്തിയ റഫിയ, കഴിഞ്ഞ ജൂണിൽ സുഹൃത്തുക്കൾക്കൊപ്പം ഈജിപ്തിലും സെർബിയയിലും നടത്തിയ യാത്രയ്ക്കിടെയാണ് ഭക്ഷ്യവിഷബാധയേറ്റത്. യുകെയിൽ തിരിച്ചെത്തിയിട്ടും ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനെ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞത്. അസ്ഥിമജ്ജ പുതിയ രക്തകോശങ്ങൾ ഉൽപാദിപ്പിക്കുന്നത് നിലയ്ക്കുന്ന അപ്ലാസ്റ്റിക് അനീമിയയെ തുടർന്ന് നിലവിൽ ആഴ്ചയിൽ രണ്ടുതവണ രക്തം മാറ്റിവെക്കേണ്ട അവസ്ഥയിലാണ് റഫിയ. റഫിയയുടെ ജീവൻ രക്ഷിക്കാൻ അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള രോഗികൾക്ക് അനുയോജ്യമായ ദാതാവിനെ കണ്ടെത്തുന്നത് കൂടുതൽ വെല്ലുവിളിയാണെന്നാണ് അധികൃതർ പറയുന്നത്. റഫിയയ്ക്കും സമാന രോഗാവസ്ഥയിലുള്ളവർക്കും സഹായമാകുന്നതിനായി മലപ്പുറം മഞ്ചേരിയിൽ ഓഗസ്റ്റ് 15ന് യതീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റെം സെൽ രജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിക്കും. DKMS വഴി രജിസ്റ്റർ ചെയ്ത് സ്വാബ് കിറ്റിലൂടെ ലളിതമായി രജിസ്ട്രേഷൻ പൂർത്തിയാക്കാം.
LATEST NEWS
INDIA / KERALA
തിരുവനന്തപുരം വള്ളക്കടവിൽ ട്യൂഷൻ അധ്യാപികയുടെ സ്വർണമാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെട്ട രണ്ടുപേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സീതത്തോട് സ്വദേശികളായ നന്ദു (19), അദ്വൈത് (19) എന്നിവരാണ് പിടിയിലായത്. വള്ളക്കടവ് വയ്യാമൂല സ്വദേശിനിയായ 64കാരി കുമാരി ഷീലയുടെ ഒരുപവൻ സ്വർണമാലയാണ് ഇവർ തട്ടിയെടുത്തത്. ഓഗസ്റ്റ് 18ന് രാത്രി എട്ടുമണിയോടെ വള്ളക്കടവ് ഗാന്ധിനഗറിന് സമീപമായിരുന്നു സംഭവം. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഹെൽമറ്റ് ധരിച്ചെത്തിയ യുവാക്കൾ പിന്നിൽനിന്ന് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. മാല പൊട്ടിച്ചെടുത്തശേഷം പ്രതികൾ നഗരത്തിലൂടെ കാട്ടാക്കട, കൊല്ലം, എറണാകുളം വഴി തൃപ്പൂണിത്തുറയിലെത്തി. സംഭവസമയത്ത് ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ ശ്രദ്ധിച്ച ഷീല അത് പൊലീസിന് കൈമാറിയതാണ് അന്വേഷണത്തിൽ നിർണായകമായത്. മാല ചാലയിലെ ഒരു കടയിൽ 50,000 രൂപയ്ക്ക് വിറ്റതായി പൊലീസ് കണ്ടെത്തി. ലഭിച്ച പണത്തിൽനിന്ന് 45,000 രൂപ ചെലവഴിച്ച് പ്രതികൾ രണ്ട് മൊബൈൽ ഫോണുകളും വാങ്ങിയിരുന്നു. പൊലീസ് മാല വീണ്ടെടുത്തു. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പ്രത്യേക സംഘങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തൃപ്പൂണിത്തുറയിൽനിന്ന് പിടികൂടിയത്. കവർച്ചയ്ക്കിരയായതോടെ ഇനി ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ സ്വർണമാലയ്ക്ക് പകരം ഇമിറ്റേഷൻ ആഭരണം ധരിക്കാനാണ് ഷീലയുടെ തീരുമാനം. കഴിഞ്ഞ ഫെബ്രുവരിയിൽ ട്യൂഷനെടുത്ത് മിച്ചംവെച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ് ഗുരുവായൂരപ്പന്റെ ലോക്കറ്റോടുകൂടിയ മാല വാങ്ങിയത്. ഏറെ ആഗ്രഹിച്ച് വാങ്ങിയ മാല നഷ്ടപ്പെട്ടതിൽ വലിയ സങ്കടമുണ്ടെന്ന് ഷീല പറഞ്ഞു. കുടുംബത്തോടൊപ്പം പോകുമ്പോൾ മാത്രമേ ഇനി സ്വർണാഭരണങ്ങൾ ധരിക്കൂ എന്നും, താൽക്കാലികമായി 250 രൂപയ്ക്ക് വാങ്ങിയ സ്വർണമെന്ന് തോന്നിക്കുന്ന മുക്കുമാലയാണ് ഇപ്പോൾ ധരിക്കുന്നതെന്നും അവർ വ്യക്തമാക്കി.
VIDEO GALLERY
Travel
ചങ്ങനാശ്ശേരി: പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ നടക്കുന്ന ഭാരത പര്യടന സംഘം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം രാജസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ജയ്‌സൽമേർ കോട്ടയിൽ ആഘോഷിച്ചു. ഓഗസ്റ്റ് 9-ന് ചങ്ങനാശ്ശേരി പായിപ്പാട്ടിൽ നിന്ന് യാത്ര തിരിച്ച സംഘം ഇതിനോടകം 3500 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു. ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന സംഘത്തിന്റെ യാത്ര കേരളത്തിൽ നിന്ന് ആരംഭിച്ച് നോർത്ത് ഗോവ, ഗുജറാത്തിലെ അഹമ്മദാബാദ്, സബർമതി ആശ്രമം, സ്റ്റാച്യു ഓഫ് യൂണിറ്റി, വുഡ് ഫോസിൽ പാർക്ക്, വൈറ്റ് ഡെസേർട്ട്, ഗ്രേറ്റ് റൺ ഓഫ് കച്ച് എന്നിവ സന്ദർശിച്ചാണ് മുന്നേറിയത്. ഭുജിന് വടക്കായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഉപ്പുമരുഭൂമികളിലൊന്നായ ഗ്രേറ്റ് റൺ ഓഫ് കച്ച് സംഘത്തിന് വ്യത്യസ്തമായ അനുഭവമായി. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും നേരിട്ട് അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സംസ്ഥാനങ്ങളിലെ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്.   സിന്ധു നദീതട നാഗരികതയുടെ അവശേഷിപ്പുകളുമായി ബന്ധപ്പെട്ട ഹാരപ്പ–മൊഹൻജൊദാരോ പ്രദേശങ്ങളും സംഘം സന്ദർശിച്ചു. തുടർന്ന് പഞ്ചാബിലെ അമൃത്സർ, വാഗാ അതിർത്തി, ജമ്മു–കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് യാത്ര തുടരുക. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരവും പൈതൃകവും ജനജീവിതവും അടുത്തറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം മുന്നേറുന്നത്.   ```
BUSINESS / TECHNOLOGY
ന്യൂസ് ഡെസ്ക്, മലയാളം യുകെ യുകെയിൽ നികുതി സംവിധാനത്തിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായി ഏകദേശം 8.64 ലക്ഷം നികുതിദായകർക്ക് ഓഗസ്റ്റ് 7 വെള്ളിയാഴ്ച പുതിയ റിപ്പോർട്ടിങ് സമയപരിധി ബാധകമാകും. എച്ച്.എം.ആർ.സി.യുടെ മേക്കിങ് ടാക്സ് ഡിജിറ്റൽ (MTD) പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വയം നികുതി റിട്ടേൺ സമർപ്പിക്കുന്നവർക്കായി ത്രൈമാസ റിപ്പോർട്ടിങ് ആണ് നിർബന്ധമാക്കിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 50,000 പൗണ്ടിൽ കൂടുതൽ വരുമാനമുള്ള സ്വയംതൊഴിലുകാരും വാടക വരുമാനമുള്ളവരുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. പുതിയ സംവിധാനപ്രകാരം അംഗീകൃത അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വരുമാനവും ചെലവും സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ രേഖകളിൽ സൂക്ഷിച്ച് ത്രൈമാസ അടിസ്ഥാനത്തിൽ എച്ച്.എം.ആർ.സി.യ്ക്ക് സമർപ്പിക്കണം. 2025-26 സാമ്പത്തിക വർഷത്തിൽ 30,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2027 ഏപ്രിൽ മുതലും, 2026-27 വർഷത്തിൽ 20,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2028 ഏപ്രിൽ മുതലും ഈ സംവിധാനം ബാധകമാകും. അവസാന തീയതി കഴിഞ്ഞാലും ആദ്യ വർഷത്തിൽ പിഴ ഈടാക്കിയില്ലെങ്കിലും റിപ്പോർട്ടുകൾ പിന്നീട് സമർപ്പിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. നികുതി ബാധ്യത മുൻകൂട്ടി കണക്കാക്കി പ്രത്യേക സേവിങ്സ് അക്കൗണ്ടിൽ തുക മാറ്റിവെക്കുന്നത് സാമ്പത്തിക സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
SPECIALS
MOVIES / CHANNELS
Read more >>
WORLD
മെർളിൻ മേരി അഗസ്റ്റിൻ ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികളുടെ പ്രസംഗശേഷിയും ഭാഷാപാടവവും ചിന്താശേഷിയും നേതൃത്വഗുണങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ നാലാം സീസണിന് ഫിലാഡൽഫിയായിൽ പ്രൗഢഗംഭീരമായ തുടക്കം. ഓഗസ്റ്റ് 19-ന് ഫിലാഡൽഫിയ സെയിന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ കത്തോലിക്കാ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തിൽ നടന്ന “An Evening of Celebration, Partnership & Community” എന്ന പ്രത്യേക പരിപാടിയിലാണ് സീസൺ 4 ഔദ്യോഗികമായി കിക്കോഫ് ചെയ്തത്. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4ൻറ്റെ ഔദ്യോഗിക ലോഞ്ച്, ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം, 24 ന്യൂസിൻറ്റെ നേതൃത്വത്തിലുള്ള Million Malayalee Club (MMC) സംരംഭത്തിൻറ്റെ സൈനിംഗ്-ഇൻ എന്നീ മൂന്ന് പ്രധാന പരിപാടികളുടെ സംഗമവേദിയായാണ് ചടങ്ങ് മാറിയത്. നിശ്ശബ്ദ പ്രാർഥനയോടെയും അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനങ്ങളോടെയും ആരംഭിച്ച ചടങ്ങിൽ, ഓർമ്മയുടെ ഒന്നാം സീസൺ മുതൽ നാലാം സീസണിലേക്കുള്ള വളർച്ചയും പ്രധാന നേട്ടങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക ഹ്രസ്വ വീഡിയോയും സീസണുകളുടെ ടൈംലൈനും പ്രദർശിപ്പിച്ചു. ഓർമ്മയുടെ വിജയയാത്ര പരിചയപ്പെടുത്തിയ ഈ അവതരണം പബ്ലിക് റിലേഷൻസ് ഓഫീസർ മെർളിൻ മേരി അഗസ്റ്റിൻ നിർവഹിച്ചു. ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ് സീസൺ 4ൻറ്റെ ആമുഖം അവതരിപ്പിച്ചു. മുൻ മൂന്ന് സീസണുകളുടെ വിജയവും, മത്സരത്തോടൊപ്പം കൃത്യമായ പരിശീലനം നൽകുന്ന ഓർമ്മയുടെ പ്രത്യേക മാതൃകയും അദ്ദേഹം ചുരുക്കി വിശദീകരിച്ചു. സീസൺ 4ൽ വേൾഡ് മലയാളി ഫെഡറേഷനുമായുള്ള (WMF) കൂടുതൽ ആഴത്തിലുള്ള ആഗോള സഹകരണം പ്രധാന പ്രത്യേകതയാണെന്നും, സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെയും WMF ടീമിന്റെയും പിന്തുണയോടെ മത്സരത്തിൻറ്റെ സന്ദേശം ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 24 ന്യൂസിൻറ്റെ നേതൃത്വത്തിലുള്ള Million Malayalee Club സംരംഭവുമായി ഓർമ്മ കൈകോർക്കുന്നതിൻറ്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഈ സഹകരണം യാഥാർഥ്യമാക്കുന്നതിനും സീസൺ 4ന് പിന്തുണ നൽകുന്നതിനും സഹായിച്ച 24 ന്യൂസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ശ്രീകണ്ഠൻ നായർക്കും, V അരവിന്ദിനും 24 ന്യൂസ് ടീമിനും പ്രത്യേകമായി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് സീസണുകളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സ്പോൺസർമാർ, അഭ്യുദയകാംക്ഷികൾ, പരിശീലകർ, മുൻ മത്സരാർത്ഥികൾ, സ്കൂൾ-കോളേജ് പ്രിൻസിപ്പൽമാർ, അധ്യാപകർ, മാധ്യമ സംഘടനകളുടെ പ്രതിനിധികൾ, മീഡിയ പ്രവർത്തകർ, മത്സരത്തിൻറ്റെ ജഡ്ജുമാർ, മാർക്കറ്റിംഗ് ടീം അംഗങ്ങൾ, വിവിധ സംഘടനാ നേതാക്കൾ, ഓർമ്മയുടെ ടീം അംഗങ്ങൾ എന്നിവർക്കും അദ്ദേഹം ഹൃദ്യമായ നന്ദി അറിയിച്ചു. തുടർന്ന് വിശിഷ്ടാതിഥികളുടെയും ഓർമ്മ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഭദ്രദീപം തെളിയിച്ച് സീസൺ 4 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. MMC സംരംഭത്തിൻറ്റെ സൈനിംഗ്-ഇൻ ചടങ്ങും ഇതോടനുബന്ധിച്ച് നടന്നു. പരിപാടിയിൽ അധ്യക്ഷത വഹിച്ച ഓർമ്മ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ സംഘടനയുടെ പ്രവർത്തനങ്ങളെയും പുതിയ സീസണിൻറ്റെ ലക്ഷ്യങ്ങളെയും കുറിച്ച് സംസാരിച്ചു. ഓർമ്മയുടെ മുൻ സീസണുകൾക്ക് ലഭിച്ച ജനപിന്തുണയും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണവും നാലാം സീസണിൻറ്റെ വിജയത്തിനും കരുത്താകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 24 ന്യൂസ് എഡിറ്റർ-ഇൻ-ചാർജ് പി. പി. ജെയിംസ് മുഖ്യാതിഥിയായി പങ്കെടുത്തു. C News Live & CN Global Movies CEO ഡോ. ലിസി കെ. ഫെർണാണ്ടസ്, പെൻസിൽവാനിയ കോമൺവെൽത്തിൻറ്റെ മുൻ സ്പീക്കർ ഹോൺ. ജോൺ എം. പെർസൽ, ഫിലാഡൽഫിയ പോലീസ് സെർജന്റ് ബ്ലെസ്സൺ മാത്യു, ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സന്ദേശങ്ങൾ നൽകി. തന്റെ പ്രസംഗത്തിൽ പി. പി. ജെയിംസ് Million Malayalee Club സംരംഭത്തിൻറ്റെ ലക്ഷ്യവും ദൗത്യവും വിശദീകരിച്ചു. ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മലയാളികളെ ഒരു വലിയ ആഗോള ശൃംഖലയിലൂടെ ബന്ധിപ്പിക്കുകയും മലയാളി സമൂഹത്തിൻറ്റെ ഐക്യവും ശക്തിയും വർധിപ്പിക്കുകയുമാണ് MMCയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ മഹത്തായ സംരംഭത്തിന് 24 ന്യൂസ് നേതൃത്വം നൽകുന്നുണ്ടെന്നും, വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പങ്കാളിത്തമാണ് ഇത്തരം വലിയ സാമൂഹിക സംരംഭങ്ങളുടെ വിജയത്തിന് കരുത്താകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. MMCയുമായി അമേരിക്കയിൽനിന്ന് കൈകോർക്കുന്ന ആദ്യ സംഘടനയായി ഓർമ്മ ഇന്റർനാഷണൽ മാറിയതിൽ അദ്ദേഹം ഓർമ്മ നേതൃത്വത്തെ അഭിനന്ദിച്ചു. ഓർമ്മയും 24 ന്യൂസും തമ്മിലുള്ള ഈ പങ്കാളിത്തം മാതൃകാപരമാണെന്നും, സമൂഹത്തിന് ഗുണകരമായ വലിയ സംരംഭങ്ങൾ വിജയിപ്പിക്കാൻ ഇത്തരം സഹകരണങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. ലിസി കെ. ഫെർണാണ്ടസ് യുവജനങ്ങളുടെ കഴിവുകൾ കണ്ടെത്തി വളർത്തുന്നതിൽ ഓർമ്മയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. സീസൺ 3ൻറ്റെ ഗ്രാൻഡ് ഫിനാലെയിൽ നേരിട്ട് പങ്കെടുത്ത അനുഭവവും അവർ അനുസ്മരിച്ചു. ഓർമ്മയുടെ പ്രവർത്തനങ്ങളോടുള്ള തന്റെ സ്നേഹവും അടുപ്പവും പ്രകടിപ്പിച്ചുകൊണ്ട്, ഓർമ്മയുടെ തീം സോങ്ങിന് സംഗീതം നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അവർ പങ്കുവച്ചു. ഹോൺ. ജോൺ എം. പെർസൽ പൊതുരംഗത്തും നേതൃത്വമേഖലയിലും ആശയവിനിമയശേഷിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തിൻറ്റെ ആശംസകൾ നേർന്ന അദ്ദേഹം, ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4ന് എല്ലാ വിജയാശംസകളും അറിയിക്കുകയും മത്സരത്തിൻറ്റെ വിജയത്തിനായി ആശംസകൾ അർപ്പിക്കുകയും ചെയ്തു. ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, യുവതലമുറയ്ക്ക് മികച്ച അവസരങ്ങൾ ഒരുക്കുന്നതിൽ ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം വിശദീകരിച്ചു. ഫൊക്കാനയുടെ വിപുലമായ ശൃംഖലയും പിന്തുണയും ഓർമ്മ സീസൺ 4ൻറ്റെ പ്രവർത്തനങ്ങൾക്കും വിജയത്തിനും ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. WMF ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു, ഓർമ്മ സീസൺ 4ന് വേൾഡ് മലയാളി ഫെഡറേഷൻ നൽകുന്ന പിന്തുണയും സഹകരണവും പ്രഖ്യാപിച്ചു. WMFന്റെ വിപുലമായ ആഗോള ശൃംഖല പ്രയോജനപ്പെടുത്തി ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി വിദ്യാർത്ഥികളിലേക്കും കുടുംബങ്ങളിലേക്കും മത്സരത്തിൻറ്റെ സന്ദേശം എത്തിക്കുന്നതിനും, സീസൺ 4ൻറ്റെ വിജയത്തിനായി ആവശ്യമായ പിന്തുണയും സഹകരണവും നൽകുന്നതിനും WMF ഒപ്പമുണ്ടാകുമെന്ന് അവർ ഉറപ്പുനൽകി ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റിലെ ആദ്യ മലയാളി, ദക്ഷിണേന്ത്യൻ സെർജന്റായ ബ്ലെസ്സൺ മാത്യുവിനെ, ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റിലെ ആദ്യ മലയാളി ലെഫ്റ്റനന്റാകാനുള്ള അദ്ദേഹത്തിൻറ്റെ വരാനിരിക്കുന്ന നേട്ടത്തിൻറ്റെ പശ്ചാത്തലത്തിൽ ഓർമ്മ ഇന്റർനാഷണൽ പ്രത്യേകമായി അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ രണ്ടാം സീസൺ ഔദ്യോഗികമായി ലോഞ്ച് ചെയ്തതും ബ്ലെസ്സൺ മാത്യുവായിരുന്നുവെന്ന് ചടങ്ങിൽ അനുസ്മരിച്ചു. വിശിഷ്ടാതിഥികളുടെ സന്ദേശങ്ങൾക്ക് ശേഷം നടന്ന അനുമോദന പ്രസംഗങ്ങളിൽ ഓർമ്മ ഇന്റർനാഷണൽ ലീഗൽ ചെയർ അറ്റോർണി ജോസഫ് കുന്നേൽ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ എന്നിവർ സംസാരിച്ചു. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ തുടക്കം മുതൽ എല്ലാ സീസണുകളിലും പിന്തുണയും സ്പോൺസർഷിപ്പും നൽകി വരുന്ന പ്രധാന വ്യക്തികളിലൊരാളായ ജോസഫ് കുന്നേൽ മത്സരത്തിൻറ്റെ ജഡ്ജായും സജീവമായി പ്രവർത്തിച്ചുവരുന്നു. ഓർമ്മയുടെ വളർച്ചയിലും വിജയത്തിലും അദ്ദേഹത്തിൻറ്റെ തുടർച്ചയായ പിന്തുണ പ്രത്യേകം അനുസ്മരിക്കപ്പെട്ടു. തുടർന്ന് ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്റും സീസൺ 3ലെ മുഖ്യാതിഥിയുമായ ഡോ. ബിന്ദു ആലപ്പാട്ട്, ഫോമയുടെ മുൻ പ്രസിഡന്റും കലയുടെ പ്രതിനിധിയുമായ ജോർജ് മാത്യു സി.പി.എ., പമ്പ പ്രസിഡന്റ് അലക്സ് തോമസ്, ഐ.ഒ.സി. ചെയർമാൻ സാബു സ്കറിയ, ഇമലയാളി ഉടമ ജോർജ് ജോസഫ്, ഓർമ്മ ഇന്റർനാഷണലിൻറ്റെ മുൻ പ്രസിഡന്റ് ജോർജ് നടവയൽ എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി. ഓർമ്മയുടെ മുൻകാല പ്രവർത്തനങ്ങളെയും അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ വളർച്ചയെയും അഭിനന്ദിച്ച അവർ, നാലാം സീസണിൻറ്റെ വിജയത്തിനായി വിവിധ മലയാളി സംഘടനകളുടെയും സമൂഹത്തിൻറ്റെയും കൂട്ടായ പിന്തുണയും സഹകരണവും ഉറപ്പുതന്നു . ചടങ്ങിൽ വിവിധ മലയാളി സാമൂഹിക, സാംസ്കാരിക, മാധ്യമ സംഘടനകളുടെ പ്രതിനിധികളും പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു. മലയാള മനോരമ മുൻ എഡിറ്റർ ജോൺ മുണ്ടക്കയം, ഓർമ്മ ടാലന്റ് പ്രമോഷൻ ഫോറം ഡയറക്ടർ ജയരാജ് ആലപ്പാട്ട്, ഫിലാഡൽഫിയ നഗരസഭയിലെ Compliance and Monitoring വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മാത്യു തരകൻ, WMC സെക്രട്ടറി ലൂക്കോസ് മാത്യു, പിയാനോ പ്രതിനിധി ലൈല മാത്യു, കോട്ടയം അസോസിയേഷൻ പ്രതിനിധി ജിമോൻ ജോർജ്, പ്രസ് ക്ലബ് പ്രസിഡന്റ് ലിജോ ജോർജ്, IACA സെക്രട്ടറി ചാർളി ചിറയത്ത്, വിവിധ സംഘടനാ നേതാക്കളായ മില്ലി ഫിലിപ്പ്, ജോൺ പണിക്കർ, സുധ കാർത്ത, റെനി ജോസഫ്, സിബിച്ചൻ മുക്കാടൻ, തങ്കച്ചൻ സാമുവൽ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഓർമ്മയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സ്പോൺസർമാരായ ഡോ. ഷെറി ജോസ്, ബിനു മാനുവൽ, രാജേഷ് തോമസ്, പോളച്ചൻ വറീദ്, ജോജി ചെറുവേലിൽ, മാനുവൽ തോമസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ നാല് ഘട്ടങ്ങളിലായാണ് സീസൺ 4 സംഘടിപ്പിക്കുന്നത്. സീസൺ 4ൻറ്റെ, പ്രത്യേകതയായി സബ് ജൂനിയർ വിഭാഗത്തിനായി പ്രത്യേക ഓൺലൈൻ മത്സരവും ഉണ്ടായിരിക്കും. മത്സരത്തോടൊപ്പം കൃത്യമായ പരിശീലനം നൽകി ഭാഷാപാടവം, ആശയവിനിമയശേഷി, അവതരണ മികവ്, ആത്മവിശ്വാസം, ചിന്താശേഷി, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിനാണ് ഓർമ്മ പ്രാധാന്യം നൽകുന്നത്. സീസൺ 4, ഗ്രാൻഡ് ഫിനാലെ 2027 ഓഗസ്റ്റിൽ പാ ലാ യി ൽ നടക്കും . 2026 സെപ്റ്റെംബർ 15ന് ആരംഭിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന മത്സരപരമ്പരയ്ക്ക് 10 ലക്ഷം രൂപയുടെ സമ്മാനത്തുകയാണുള്ളത്. മത്സരത്തി ൻറ്റെ രജിസ്ട്രേഷനും മറ്റ് വിശദവി വരങ്ങളും www.ormaspeech.org എന്ന വെ ബ്സൈറ്റിൽ ഉടൻതന്നെ ലഭ്യമാകും . സീസൺ 4ൻറ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് കേരളത്തിൽ “വാഗ്മിത്വത്തിലേക്ക് ഒരു ചുവട്” എന്ന പേരിൽ തുടക്കം കുറിച്ചിരുന്നു. ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിൻറ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ നിർവഹിച്ചു. തുടർന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന പോസ്റ്റർ ലോഞ്ചിംഗ് പരിപാടികളിൽ വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, 24 ന്യൂസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ശ്രീകണ്ഠൻ നായർ, വിസാറ്റ് ഗ്രൂപ്പ് ചെയർമാൻ രാജു കുര്യൻ എന്നിവർ വിവിധ അവസരങ്ങളിൽ പങ്കെടുത്തിരുന്നു. കേരളത്തിൽ ആരംഭിച്ച പ്രചാരണത്തിൻറ്റെ തുടർച്ചയായാണ് ഫിലാഡൽഫിയയിൽ സീസൺ 4ൻറ്റെ ഔദ്യോഗിക യു.എസ്. കിക്കോഫ് വിജയകരമായി നടന്നത്. ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ഓർമ്മ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, മീഡിയ ചെയർ അരുണ്‍ കോവാട്ട്, പബ്ലിക് റിലേഷൻസ് ഓഫീസർ മെർളിൻ മേരി അഗസ്റ്റിൻ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈല രാജൻ, ജോയിന്റ് സെക്രട്ടറി സെബിൻ സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിലും ഏകോപനത്തിലുമാണ് പരിപാടി സംഘടിപ്പിച്ചത്. എയ്‌മിലിൻ റോസ് തോമസും, മെർളിൻ മേരി അഗസ്റ്റിനും പരിപാടിയുടെ അവതാരകരായി പ്രവർത്തിച്ചു. ചടങ്ങിൻറ്റെ അവസാനം ഓർമ്മ ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ സദസ്സിന് നന്ദി രേഖപ്പെടുത്തി. സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു. വിവിധ സാമൂഹിക, സാംസ്കാരിക, മാധ്യമ സംഘടനകളുടെയും നേതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ഫിലാഡൽഫിയ കിക്കോഫ്, വ്യത്യസ്ത സംഘടനകളെയും സമൂഹത്തിൻറ്റെ വിവിധ മേഖലകളിലെ പ്രമുഖരെയും ഒരേ വേദിയിൽ ഒരുമിപ്പിച്ച ശ്രദ്ധേയമായ സംഗമവേദിയായി മാറി. ഓർമ്മ സീസൺ 4ൻറ്റെ ഔദ്യോഗിക തുടക്കത്തോടൊപ്പം, സംഘടനകൾ തമ്മിലുള്ള സഹകരണവും കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യവും വിളിച്ചോതിയ ഈ സായാഹ്നം, ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയിലേക്ക് പ്രസംഗകലയുടെ സന്ദേശം കൂടുതൽ വിപുലമായി എത്തിക്കാനുള്ള പുതിയൊരു കൂട്ടായ യാത്രയുടെ തുടക്കമായി. കൂടുതൽ വിവരങ്ങൾ: www.ormaspeech.org
LITERATURE
ഒ . സി . രാജു  തൊണ്ണൂറുകളിലെ പുലികളികളുടെ ഒരു ഓർമ്മയാണിത്. അക്കാലം പട്ടണത്തിൽ ഒരു പുലിയും വേട്ടക്കാരനും പരസ്പരധാരണയോടെ ഓണനാളുകളെ ഹരം കൊള്ളിച്ചിരുന്നു. നാട്ടിൽ എവിടെയും പ്രചാരത്തിലുള്ള എല്ലാ പുലികളികളിലും എന്നതുപോലെ തന്നെ ഇവിടെയും തുടക്കം മുതൽ പുലി അതിൻ്റെ വേട്ടക്കാരനു മേൽ ചാടിവീണ് അയാളെ തൻ്റെ ആഹാരമാക്കുമെന്ന ഒരു വ്യാജപ്രതീതി സൃഷ്ടിക്കുകയും എന്നാൽ കളിയുടെ ഒടുവിൽ ആ വന്യമൃഗം വേട്ടക്കാരൻ്റെ വെടിയേറ്റ് ചത്തുവീഴുകയും ചെയ്തിരുന്നു. എന്തുകൊണ്ടായിരിക്കാം ഈ കഥയിലെ യഥാർത്ഥ ഇരയായ പുലിയ്ക്ക് ഒരിയ്ക്കൽ പോലും അതിൻ്റെ വേട്ടക്കാരന്നെ കീഴ്പ്പെടുത്തുവാൻ കഴിയാതെ പോയത്. എല്ലാ കളിയിലും വേട്ടക്കാരൻ തന്നെ ജയിക്കണം എന്ന കളിനിയമത്തെ മറികടക്കുവാൻ ആർക്കും കഴിയില്ല എന്നാണോ? ഇരയുടെയും വേട്ടക്കാരന്റെയും പോരാട്ടത്തിന് ആവേശം പകരുവാൻ അവർക്കൊപ്പം എപ്പോഴും ഒരു മേളക്കാരനും ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ ആ സംഘത്തിൽ ഒരു സ്ത്രീയേയും കണ്ടിരുന്നു. അത് അവരിൽ ഒരാളുടെ ജീവിത പങ്കാളി ആയിരിക്കാനാണ് സാദ്ധ്യത. ആധുനികരെന്ന് സ്വയം കരുതുന്ന നഗരജീവികളുടെ വേഷഭൂഷാദികളൊന്നുമില്ലാത്ത പട്ടണത്തിൻ്റെ പുറംപോക്കുകളിൽ നിന്നും വരുന്ന, സൈഡ്ലൈൻ ചെയ്യപ്പെട്ട മനുഷ്യരായിരുന്നു അവർ. ഏതൊന്നിൻ്റെയും ആവാസ വ്യവസ്ഥയിലേക്ക് അതിക്രമിച്ചു കയറി അവിടെയുള്ളതിനെയെല്ലാം കൊന്നൊടുക്കുന്ന അല്ലെങ്കിൽ കൈവശപ്പെടുത്തുന്ന സ്വാർത്ഥമനുഷ്യൻ്റെ കഥ തന്നെയാണല്ലോ ഇതും. ഒരു പക്ഷേ, അത്രയൊന്നും പുറകിലല്ലാത്ത ഒരു ഭൂതകാലത്ത്, ഈ നഗരവും കാടായിരുന്ന കാലത്ത് ഇവിടെ അധിവസിച്ചിരുന്നവരെ ഇല്ലാതാക്കിയതിൻ്റെ കഥ കൂടിയാകാം നഗരത്തിൻ്റെ മറവുകളിലും വിടവുകളിലുമൊക്കെയായി അവശേഷിച്ചവർ വിളിച്ചു പറയുവാൻ ശ്രമിച്ചിരുന്നത്. ഓണക്കാലത്ത് മിക്കവാറും ഒരാഴ്ച്ചയോളം ഈ സംഘത്തെ നഗരത്തിൽ കാണാറുണ്ടായിരുന്നു. പുലികളിയെന്ന് പൊതുവെ പറയുന്നുണ്ടെങ്കിലും കടുവകളി എന്നായിരുന്നു പ്രാദേശികമായി ഈ കലാരൂപം അറിയപ്പെട്ടിരുന്നത്. രൂപവും കടുവയുടേതു തന്നെ. കടുവയുടെ വേഷം കെട്ടിയിരുന്നയാൾ മേലാസകലം ഇനാമൽ പെയിൻ്റിൽ മഞ്ഞയിൽ കറുത്ത വര വരച്ച് നീളമുള്ള വാലും മുഖംമൂടിയുമായി ഒറ്റനോട്ടത്തിൽ തന്നെ ഒരു കടുവയുടെ സാദൃശ്യം ഉണ്ടാക്കി എടുത്തിരുന്നു. വേട്ടക്കാരന് മുട്ടിനു മുകളിൽ നില്ക്കുന്ന മുഷിഞ്ഞ പാൻ്റും ഷർട്ടും വേഷം. തലയിൽ ഒരു ശിക്കാരി തൊപ്പിയും കൈയ്യിൽ നാടൻ തോക്കും ഉണ്ടായിരുന്നു. അയാൾ കറുത്ത പെയിൻ്റുകൊണ്ട് ശരീരം മറച്ചിരുന്നു. മണിക്കൂറുകൾ എടുത്ത് തയാറാക്കിയിരുന്ന പുലി വേഷത്തിൽ നിന്നു പുറത്തു വരുന്നതിനും അത്ര തന്നെ സമയം ആവശ്യമുണ്ടായിരുന്നു. കട്ടികൂടിയ പെയിൻ്റ് ഒരിക്കലും അനായസമായി കഴുകി കളയുവാനാകുമായിരുന്നില്ല. പുലികളിയുടെ അവസാന ദിനം മാത്രമായിരുന്നു അവർ വേഷം അഴിച്ചിരുന്നതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പകൽ നേരങ്ങളിൽ കൊന്നും ചത്തും വേഷം കെട്ടിയാടിയ പുലിയും വേട്ടക്കാരനും കളിക്ക് ശേഷം രാത്രിയിൽ ഒരേ വീട്ടിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. യഥാർത്ഥ ജീവിതത്തിൽ വേട്ടക്കാരൻ അച്ഛനും പുലി അയാളുടെ മകനുമായിരുന്നുവത്രെ. ഒരു ഓണക്കാലത്ത് അച്ഛനും മകനും നഗരത്തെരുവുകളിലൂടെ പുലികളി നടത്തി മുന്നേറുകയായിരുന്നു. ഓരോ വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിലും അവർ കളിക്കുകയും അവിടെ നിന്നും കിട്ടുന്ന നാണയ തുട്ടുകൾ വാങ്ങി അടുത്ത സ്ഥലത്തേയ്ക്ക് പോവുകയും ചെയ്തു കൊണ്ടിരുന്നു. പുലികളി കാണുവാൻ അത്യാവശ്യം നല്ല ആൾക്കൂട്ടം ഉണ്ടായിരുന്നു. തെരുവിലെ ഒരു കടയുടെ മുമ്പിൽ പതിവിലും കൂടുതൽ ആളുകളുണ്ടായിരുന്നു. അവരുടെ പ്രോത്സാഹനത്തിനു മുമ്പിൽ പുലിയും വേട്ടക്കാരനും കൂടുതൽ ആവേശഭരിതരായി. അവർ യഥാർത്ഥ ഇരയും വേട്ടക്കാരനുമായി മാറി. അതിനൊത്ത് ജനങ്ങളുടെ ആർപ്പുവിളികൾ ഉച്ചത്തിലായി. വായുവിലേയ്ക്ക് ഉയർന്നു ചാടിയ പുലി വട്ടം കറങ്ങി മെയിൻ റോഡിലേയ്ക്ക് അമർന്നിരുന്നു, വേട്ടക്കാരന് മേൽ ചാടി വീഴുവാൻ. വേട്ടക്കാരനാകട്ടെ പുലിയുടെ തിരുനെറ്റിക്കു നേരെ ഉന്നം പിടിച്ച് കാഞ്ചിയിൽ വിരൽ കൊടുത്തു നിന്നു. ചെറിയ ഒരു ഇറക്കവും വളവുമുള്ള റോഡിലായിരുന്നു പുലി പതുങ്ങിയത്. പെട്ടെന്ന് ഒരു ടൂറിസ്റ്റ് ബസ്സ് പാഞ്ഞുവന്നു. അതിൻ്റെ ചക്രങ്ങൾ പുലിയുടെ മേലെ കയറി ഇറങ്ങി. ബസ്സ് കടന്നുപോയപ്പോൾ മഞ്ഞയിൽ ചുവപ്പ് പടർന്ന് പുലി വഴിയിൽ ചതഞ്ഞരഞ്ഞു കിടന്നു. നഗരത്തിലെ അവസാന പുലിയായിരുന്നു അതെന്ന് ഇപ്പോൾ തോന്നുന്നു. എനിക്ക് ഏറെക്കുറെ സുപരിചിതമായ ഈ നഗരത്തിൽ പിന്നീടൊരിക്കലും ഒരു പുലിയെയും കാണാൻ പറ്റിയിട്ടില്ല. പുലിവേഷം കെട്ടിയ മനുഷ്യരും അവർ അന്തിയുറങ്ങിയിരുന്ന ഇടങ്ങളും ഇപ്പോൾ ഇവിടെ ഇല്ല. അത്തരം സ്ഥലങ്ങളൊക്കെ പുതിയ കാലത്തിൻ്റെ ഫ്ലൈഓവറുകളും ഫ്ലാറ്റുകളും ബൈപാസുകളുമൊക്കെയായി മാറ്റപ്പെട്ടിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ മനുഷ്യരെ കുറിച്ചുള്ള ഓർമ്മയുടെ പേരു കൂടിയാണ് ഓണം. ഒ.സി. രാജു : കോട്ടയം ജില്ലയില്‍ മണിമലയില്‍ 1972 ഏപ്രില്‍ 18-ന് ജനനം. പത്രപ്രവര്‍ത്തനം, കാര്‍ട്ടൂണ്‍, ബാലസാഹിത്യം, തിരക്കഥ തുടങ്ങിയ വിവിധ മേഖലകളില്‍ ഇടപെട്ടു. രാഷ്ട്രദീപിക ദിനപ്പത്രത്തില്‍ ദീര്‍ഘകാലം ആര്‍ട്ടിസ്റ്റായും കോളമിസ്റ്റായും ടോംസ് കോമിക്‌സില്‍ കാര്‍ട്ടൂണിസ്റ്റും കാലിഗ്രഫി ആര്‍ട്ടിസ്റ്റുമായും പ്രവര്‍ത്തിച്ചു. കാടുകപ്പ്, കുട്ടുവിന്റെ വികൃതികള്‍ എന്നീ ബാലനോവലുകള്‍ കുട്ടികളുടെ ദീപികയിലും മുത്തശ്ശിയിലുമായി പ്രസിദ്ധീകരിച്ചു. നിരവധി ടെലിവിഷന്‍ പരമ്പരകള്‍ക്ക് തിരക്കഥകള്‍ തയാറാക്കിയിട്ടുണ്ട്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവല്‍ - ഷാജി പറഞ്ഞ കഥ. കൂടാതെ കഥ 2022 എന്ന പേരില്‍ രണ്ട് ഭാഗങ്ങളായി പുറത്തിക്കിയ സമാഹാരങ്ങളുടെ എഡിറ്റര്‍ കൂടിയാണ്. ഇപ്പോള്‍ നാട്ടകത്ത് താമസം. ഭാര്യ ശോഭന, മകള്‍ ചാരുത. വിലാസം: ഒട്ടയ്ക്കല്‍ വീട്, പള്ളം പി.ഒ., പന്നിമറ്റം, കോട്ടയം- 686007 ഇ- മെയില്‍: [email protected]
Copyright © . All rights reserved