കൊച്ചി: കേരളത്തിലെ യുവ അഭിഭാഷകർക്കും നിയമബിരുദധാരികൾക്കും അന്താരാഷ്ട്ര നിയമരംഗത്തെ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഹോമെക്സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന യു.കെ. കോൺവെൻസിങ് ഇന്റേൺഷിപ്പ് പരിപാടിക്ക് കൊച്ചിയിലെ ഹോമെക്സ് ഗ്രൂപ്പ് ആസ്ഥാനത്ത് തുടക്കമായി. ഗവൺമെന്റ് പ്ലീഡറും അഭിഭാഷകനുമായ അഡ്വ. നിധിൻ പുല്ലുകാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹോമെക്സ് ഗ്രൂപ്പ് സി.ഇ.ഒ. രാജേഷ് ജോസഫ് അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ അക്ഷര ബിജു, നിയമവിഭാഗം മേധാവി ശ്രീവിദ്യ ഗോപാലകൃഷ്ണൻ, പ്രവർത്തന വിഭാഗം മേധാവി സ്റ്റിനി മാർട്ടിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഓഗസ്റ്റ് 10 മുതൽ 14 വരെ നടക്കുന്ന അഞ്ചുദിവസത്തെ പരിശീലനത്തിൽ യു.കെ. കോൺവെൻസിങ് രംഗത്തെ പ്രായോഗിക നടപടിക്രമങ്ങൾ, നിയമവ്യവസ്ഥ, പ്രൊഫഷണൽ നിലവാരങ്ങൾ, ഫയൽ കൈകാര്യം ചെയ്യൽ, ക്ലയന്റ് ആശയവിനിമയം, കേസ് പഠനങ്ങൾ എന്നിവയിൽ പരിശീലനം നൽകും. പ്രായോഗിക പരിചയത്തിനൊപ്പം വിദഗ്ധരുടെ മാർഗനിർദേശവും പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ യുവ നിയമപ്രതിഭകൾക്ക് ആഗോള നിയമരംഗത്തെ പ്രവർത്തനരീതികൾ നേരിട്ട് മനസ്സിലാക്കാനും പുതിയ കരിയർ സാധ്യതകൾ കണ്ടെത്താനും സഹായിക്കുന്ന ദീർഘകാല പരിശീലന സംരംഭങ്ങളുടെ തുടക്കമാണിതെന്ന് ഹോമെക്സ് ഗ്രൂപ്പ് അറിയിച്ചു. യുവതലമുറയിലെ നിക്ഷേപമാണ് ഭാവിയിലേക്കുള്ള ഏറ്റവും ശക്തമായ നിക്ഷേപമെന്ന ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ യുവ അഭിഭാഷകരുടെ കഴിവുകൾ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും സംഘാടകർ വ്യക്തമാക്കി.
പ്രസ്റ്റൺ: ജീവന് ഭീഷണിയായ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച മലപ്പുറം സ്വദേശിനിയായ മലയാളി യുവതി അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ തേടുന്നു. ലങ്കാഷെയറിലെ പ്രസ്റ്റണിൽ താമസിക്കുന്ന റഫിയ ഷെറിൻ (30) ആണ് രോഗത്തോട് പൊരുതുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തലകറക്കം, ഛർദ്ദി, പേശിവേദന, കടുത്ത ക്ഷീണം, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് റഫിയ ആദ്യം നേരിട്ടത്.
2019ൽ മാസ്റ്റർ ബിരുദ പഠനത്തിനായി യുകെയിലെത്തിയ റഫിയ, കഴിഞ്ഞ ജൂണിൽ സുഹൃത്തുക്കൾക്കൊപ്പം ഈജിപ്തിലും സെർബിയയിലും നടത്തിയ യാത്രയ്ക്കിടെയാണ് ഭക്ഷ്യവിഷബാധയേറ്റത്. യുകെയിൽ തിരിച്ചെത്തിയിട്ടും ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനെ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞത്. അസ്ഥിമജ്ജ പുതിയ രക്തകോശങ്ങൾ ഉൽപാദിപ്പിക്കുന്നത് നിലയ്ക്കുന്ന അപ്ലാസ്റ്റിക് അനീമിയയെ തുടർന്ന് നിലവിൽ ആഴ്ചയിൽ രണ്ടുതവണ രക്തം മാറ്റിവെക്കേണ്ട അവസ്ഥയിലാണ് റഫിയ.
റഫിയയുടെ ജീവൻ രക്ഷിക്കാൻ അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള രോഗികൾക്ക് അനുയോജ്യമായ ദാതാവിനെ കണ്ടെത്തുന്നത് കൂടുതൽ വെല്ലുവിളിയാണെന്നാണ് അധികൃതർ പറയുന്നത്. റഫിയയ്ക്കും സമാന രോഗാവസ്ഥയിലുള്ളവർക്കും സഹായമാകുന്നതിനായി മലപ്പുറം മഞ്ചേരിയിൽ ഓഗസ്റ്റ് 15ന് യതീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റെം സെൽ രജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിക്കും. DKMS വഴി രജിസ്റ്റർ ചെയ്ത് സ്വാബ് കിറ്റിലൂടെ ലളിതമായി രജിസ്ട്രേഷൻ പൂർത്തിയാക്കാം.
ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കന്നിയങ്കത്തിനിറങ്ങിയ അരോമ ബോട്ട് ക്ലബ് കിരീടം സ്വന്തമാക്കി. ആവേശം നിറച്ച ഫൈനലിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് അരോമയുടെ ജയം. 4.232 സെക്കൻഡിലാണ് അരോമ ഫിനിഷിങ് ലൈൻ തൊട്ടത്. രണ്ടാമതെത്തിയ വള്ളം 4.234 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.
ഫൈനലിൽ മൂന്ന് വള്ളങ്ങളാണ് 4.23 സെക്കൻഡിനുള്ളിൽ ഏതാണ്ട് ഒരേസമയം ഫിനിഷ് ചെയ്തത്. തുടക്കത്തിൽ പിന്നിലായിരുന്നെങ്കിലും അവസാന ഘട്ടത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ അരോമ, ഫൈനലിൽ ലഭിച്ച ലെയ്ൻ ആനുകൂല്യം മുതലെടുത്താണ് കിരീടത്തിലേക്ക് തുഴഞ്ഞെത്തിയത്. മത്സരം അവസാന നിമിഷംവരെ ആവേശകരമായി തുടരുകയായിരുന്നു.
പിബിസി പുന്നമട–എൻസിഎഫ്സി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ 12 മില്ലി സെക്കൻഡ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തെത്തി. യുബിസി കൈനകരി എഫ്സിയുടെ വീയപുരം ചുണ്ടൻ മൂന്നാം സ്ഥാനവും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം ചുണ്ടൻ നാലാം സ്ഥാനവും നേടി.
ചങ്ങനാശ്ശേരി: പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ നടക്കുന്ന ഭാരത പര്യടന സംഘം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം രാജസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ജയ്‌സൽമേർ കോട്ടയിൽ ആഘോഷിച്ചു. ഓഗസ്റ്റ് 9-ന് ചങ്ങനാശ്ശേരി പായിപ്പാട്ടിൽ നിന്ന് യാത്ര തിരിച്ച സംഘം ഇതിനോടകം 3500 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു.
ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന സംഘത്തിന്റെ യാത്ര കേരളത്തിൽ നിന്ന് ആരംഭിച്ച് നോർത്ത് ഗോവ, ഗുജറാത്തിലെ അഹമ്മദാബാദ്, സബർമതി ആശ്രമം, സ്റ്റാച്യു ഓഫ് യൂണിറ്റി, വുഡ് ഫോസിൽ പാർക്ക്, വൈറ്റ് ഡെസേർട്ട്, ഗ്രേറ്റ് റൺ ഓഫ് കച്ച് എന്നിവ സന്ദർശിച്ചാണ് മുന്നേറിയത്. ഭുജിന് വടക്കായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഉപ്പുമരുഭൂമികളിലൊന്നായ ഗ്രേറ്റ് റൺ ഓഫ് കച്ച് സംഘത്തിന് വ്യത്യസ്തമായ അനുഭവമായി. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും നേരിട്ട് അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സംസ്ഥാനങ്ങളിലെ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്.
സിന്ധു നദീതട നാഗരികതയുടെ അവശേഷിപ്പുകളുമായി ബന്ധപ്പെട്ട ഹാരപ്പ–മൊഹൻജൊദാരോ പ്രദേശങ്ങളും സംഘം സന്ദർശിച്ചു. തുടർന്ന് പഞ്ചാബിലെ അമൃത്സർ, വാഗാ അതിർത്തി, ജമ്മു–കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് യാത്ര തുടരുക. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരവും പൈതൃകവും ജനജീവിതവും അടുത്തറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം മുന്നേറുന്നത്.
```
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ നികുതി സംവിധാനത്തിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായി ഏകദേശം 8.64 ലക്ഷം നികുതിദായകർക്ക് ഓഗസ്റ്റ് 7 വെള്ളിയാഴ്ച പുതിയ റിപ്പോർട്ടിങ് സമയപരിധി ബാധകമാകും. എച്ച്.എം.ആർ.സി.യുടെ മേക്കിങ് ടാക്സ് ഡിജിറ്റൽ (MTD) പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വയം നികുതി റിട്ടേൺ സമർപ്പിക്കുന്നവർക്കായി ത്രൈമാസ റിപ്പോർട്ടിങ് ആണ് നിർബന്ധമാക്കിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 50,000 പൗണ്ടിൽ കൂടുതൽ വരുമാനമുള്ള സ്വയംതൊഴിലുകാരും വാടക വരുമാനമുള്ളവരുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്.
പുതിയ സംവിധാനപ്രകാരം അംഗീകൃത അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വരുമാനവും ചെലവും സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ രേഖകളിൽ സൂക്ഷിച്ച് ത്രൈമാസ അടിസ്ഥാനത്തിൽ എച്ച്.എം.ആർ.സി.യ്ക്ക് സമർപ്പിക്കണം. 2025-26 സാമ്പത്തിക വർഷത്തിൽ 30,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2027 ഏപ്രിൽ മുതലും, 2026-27 വർഷത്തിൽ 20,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2028 ഏപ്രിൽ മുതലും ഈ സംവിധാനം ബാധകമാകും.
അവസാന തീയതി കഴിഞ്ഞാലും ആദ്യ വർഷത്തിൽ പിഴ ഈടാക്കിയില്ലെങ്കിലും റിപ്പോർട്ടുകൾ പിന്നീട് സമർപ്പിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. നികുതി ബാധ്യത മുൻകൂട്ടി കണക്കാക്കി പ്രത്യേക സേവിങ്സ് അക്കൗണ്ടിൽ തുക മാറ്റിവെക്കുന്നത് സാമ്പത്തിക സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
വാഷിങ്ടൺ ∙ യുഎസിലെ അരിസോണ സംസ്ഥാനത്ത് 19 വയസ്സുകാരിയായ കാമുകിയെ കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ യുവാവ് ജർമനിയിൽ അറസ്റ്റിലായി. അരിസോണ സർവകലാശാല വിദ്യാർഥിനിയായ ജൂലിസ റൂബി സലാസറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് 20 വയസ്സുകാരനായ വരുൺ ബാച്ചിഗാരിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവശേഷം യുഎസിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ ജർമനിയിലെ ബെർലിനിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബത്തിന്റെ അഭ്യർഥനയെ തുടർന്ന് യുവതിയുടെ ക്ഷേമം അന്വേഷിക്കാൻ അപ്പാർട്ട്മെന്റിലെത്തിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തു നിന്ന് ലഭിച്ച തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് വരുൺ ബാച്ചിഗാരിയെ പ്രതിയായി തിരിച്ചറിഞ്ഞത്.
കൊലപാതകത്തിനു പിന്നാലെ ടക്സണിൽനിന്ന് ഹൂസ്റ്റൺ വഴി ബെർലിനിലേക്ക് കടന്ന പ്രതിയെ യുഎസ് ഫെഡറൽ അന്വേഷണ ഏജൻസികളുടെയും ജർമൻ അധികൃതരുടെയും ഏകോപിത നടപടിയിലൂടെയാണ് പിടികൂടിയത്. നിലവിൽ ജർമൻ കസ്റ്റഡിയിലുള്ള ഇയാളെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം യുഎസിന് കൈമാറുമെന്ന് റിപ്പോർട്ടുകളുണ്ട്.
സുരേഷ് തെക്കീട്ടിൽ
കാലമേറെ കഴിഞ്ഞു പോയിട്ടും കലാലയ മുറ്റത്തെ ഈ പൂമരച്ചോട്ടിൽ ഒരു തവണ കൂടി വരാൻ മോഹിച്ചത് ആ കാലമിപ്പോഴും മനസ്സിൽ പൂത്തു തന്നെ നിൽക്കുന്നതു കൊണ്ടാണ്. എല്ലാം ഏറെ മാറിയെന്നറിയാം. പ്രണയവും ഭാവങ്ങളും സങ്കൽപ്പങ്ങളും എല്ലാം. എത്രയെത്ര പ്രണയങ്ങൾ ഇവിടെ പിന്നെയും പൂത്തിട്ടുണ്ടാകാം. നിശബ്ദമായ തേങ്ങലുകളായി ആരോരുമറിയാതെ കടന്നു പോയിട്ടുണ്ടാകാം. തന്നെ പോലെ എത്ര പേരുടെ മനസ്സിൽ ഈ പൂമരം നിത്യപ്രണയത്തിൻ്റെ സംഗീതം പൊഴിച്ചു നിൽക്കുന്നുണ്ടാകാം .കാണാൻ കൊതിച്ചു കാത്തു നിന്ന ദിവസങ്ങൾ . കൺമുന്നിലൂടെയവൾ കടന്നു പോയി. ഇഷ്ടമാണ് എന്ന് പറയാൻ ധൈര്യമില്ലാത്തവൻ്റെ മുന്നിലൂടെ .ഏത് വേഷത്തിലായാലും അവൾക്ക് എന്തൊരു ഭംഗി. ഒരു പക്ഷേ അവൾ ധരിക്കുമ്പോഴായിരിക്കണം ആ വേഷങ്ങൾക്കെല്ലാം അത്രമേൽ ഭംഗി . ജീവിതത്തിൽ പിന്നെയൊരാളോടും ആ ഒരിഷ്ടം തോന്നിയിട്ടുമില്ല. ആ സുവർണ കാലം കഴിഞ്ഞു വേദനയോടെ ഈ കലാലയത്തിൽ നിന്നും പടിയിറങ്ങുമ്പോൾ നൊമ്പരമായി തീർന്നത് ആ നഷ്ടബോധം തന്നെയായിരുന്നല്ലോ. പിന്നെ കാണാൻ സംസാരിക്കാൻ അവസരമില്ലാത്ത കാലമെന്നു പഴി പറയുന്നതിലർത്ഥമെന്ത്? എല്ലാ ദിവസവും കണ്ടപ്പോൾ ഒരു തവണ പോലും സംസാരിക്കാൻ കഴിയാത്തവൻ്റെ തനിക്കിഷ്ടമാണ് എന്ന് പറയാൻ കഴിയാത്തവൻ്റെ വെറുമൊരു ന്യായം പറച്ചിലല്ലേ അത്. അതി മനോഹരമായ ആ ചിരി പലതവണ എനിക്ക് നേരെ വന്നിട്ടുണ്ട്. അപ്പോഴുണ്ടാകുന്ന സന്തോഷത്തിന് അതിരുകളുണ്ടാകാറുമില്ല.
കാത്തു നിൽക്കുന്നതവളെ കാണാനാണെന്ന് മനസ്സിലായിട്ടുണ്ടോ എന്ന് സംശയിക്കാൻ പ്രാപ്തമായിരുന്നു ആ ചിരി .അല്ലെങ്കിൽ "ഞാനറിയുന്നുണ്ട് ട്ടൊ " എന്ന് ബോധ്യപ്പെടുത്തുന്ന ചിരി. ഏതോ വലിയ വീട്ടിലെ കുട്ടി. സ്വപ്നം കാണാൻ പോലും കഴിയാത്തയത്ര ഉയരത്തിൽ .എന്നിലെ അപകർഷതാബോധം സ്വയം വിലയിരുത്തി സമാധാനിച്ചു . ജീവിതത്തിൻ്റെ വഴികളിൽ മനസ്സിൽ നിന്നൊരിക്കലും ആ രൂപം ചിരി ഒന്നും മാഞ്ഞില്ല. മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം
കണ്ണൻ്റെ സന്നിധിയിലെ തിരക്കിനിടയിൽ ഒരു കണ്ടുമുട്ടലിൽ പരസ്പരം തിരിച്ചറിയാൻ ഒരു പ്രയാസവും ഉണ്ടായില്ല .ചോദ്യമോ ഉത്തരമോ വേണ്ടി വന്നില്ല.നാട്ടിലല്ല എന്നും സന്തോഷമായിരിക്കുന്നു എന്നുമറിയിച്ചു .
അന്തസ്സാർന്ന കുടുംബ ജീവിതമെന്നുമറിഞ്ഞു. ഞാനും നല്ല രീതിയിൽ തന്നെ .എന്നാലും യാത്ര പറഞ്ഞു പിരിയാൻ നേരം കാലത്തിനു ചന്തം കുറയ്ക്കാൻ കഴിയാത്ത ആ മനോഹരമായ ചിരിയുടെ അകമ്പടിയോടെ വന്ന ഒരു ചോദ്യം.
" അന്ന് എന്നോട് ചെറിയ ഒരിഷ്ടമുണ്ടായിരുന്നോ നന്ദന്?
വിസ്മയിച്ചു പോയി.
"ചെറുതൊന്നുമല്ല.
മനസ്സിലായിരുന്നോ ഇന്ദുവിന്"
" പിന്നെന്താ .എന്നാലും അതൊന്നു നേരിട്ടു കേൾക്കാൻ വേണ്ടി ചോദിച്ചതാ"
വീണ്ടുമാ കൗതുകമുണർത്തുന്ന ചിരി.
"നല്ല സങ്കടമുണ്ട് പറയാൻ കഴിഞ്ഞില്ല "
എന്നു ഞാൻ.
" കേൾക്കാനും "
ഇത് പറഞ്ഞ്
"സാരമില്ല ജീവിതം അങ്ങനെയൊക്കെയല്ലേ?"
എന്ന് കൂടി അവൾ കൂട്ടി ചേർത്തു.
" ഇത് എന്നെ ആശ്വസിപ്പിക്കാൻ പറയുന്നതല്ലേ ?"
എന്ന ചോദ്യത്തിന്
"ഏയ് അല്ല ഞാൻ സ്വയം ആശ്വസിക്കാൻ ഇടയ്ക്കിടെപറയുന്നതാണ് "
എന്നായിരുന്നു മറുപടി.
"പിന്നെ നമ്മുടെ തലമുറയ്ക്ക് ഒരു ഭാഗ്യമുണ്ട് എല്ലാം ആ കാലത്തിൻ്റെ തലയിൽ വെച്ചു കൊടുത്താം .അല്ലേ?"
ചിരിച്ചു കൊണ്ടാണതും പറഞ്ഞത്. എങ്കിലും അതൊരു കുത്തുവാക്കായിരുന്നോ.
പിന്നെ കുടുംബത്തെ പറ്റി ജീവിതത്തെ പറ്റി എല്ലാം അവൾ അന്വേഷിച്ചു . ശേഷം മൂന്നുചോദ്യങ്ങളും
" വരയുണ്ടോ? എഴുത്തുണ്ടോ ?അന്ന് കാണാൻ കാത്തു നിന്നിരുന്ന നമ്മുടെ കലാലയ മുറ്റത്തെ പൂമരമിപ്പോഴുമുണ്ടോ?"
"വരയുണ്ട് കവിതയുമുണ്ട്. കൂടുതൽ ശക്തിയോടെ തന്നെ .
പിന്നെ ആ പൂമരം .അതു മുണ്ടാകണം. കൂടുതൽ ഭംഗിയോടെ . "
" ഉവ്വോ? അന്നത്തെ ആ നിശബ്ദ പ്രണയമോ?"
ഞാൻ അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കവേ ചിരിയോടെ വീണ്ടും."
"അതുമവിടെയുണ്ടായിക്കോട്ടെ.അതിലെന്താ നഷ്ടം അതിലാർക്കാ നഷ്ടം.
ഇനി യോഗമുണ്ടെങ്കിൽ ഇതുപോലെ വീണ്ടും കാണാം. അതു മതി. എന്നുമീയിഷ്ടം അതേ നന്മയോടെ നിൽക്കട്ടെ. ഒന്നിനും വേണ്ടിയല്ല.കാണാൻ ഒരാളെന്നും കാത്തു നിന്നിരുന്നു എന്നോർക്കുവാനൊരിഷ്ടം .അക്കാലത്ത് അതൊക്കെ എന്തൊരു സന്തോഷമായിരുന്നെന്നോ .ദൂരെ നിന്നേ ഞാൻ നോക്കും."
"ആണോ?"
"പിന്നെന്താ നിങ്ങൾക്കേ അതൊക്കെ പാടൂ .ആ നിർത്തവും നോട്ടവും വിറയലും വെപ്രാളവും .കേട്ടോളൂ തീരെ ചെറിയ ഭാവമാറ്റം പോലും ഞങ്ങൾക്ക് പെട്ടന്ന് തിരിച്ചറിയാൻ കഴിയും "
വീണ്ടുമാ ചിരി.
ആകൂടിക്കാഴ്‌ചക്കുശേഷം കലാലയ മുറ്റത്തെ പൂമരം അതുപോലുണ്ടോ എന്നറിയാൻ ഒരു മോഹം .
ഉണ്ട് ....അതു പോലെയല്ല കൂടുതൽ പടർന്ന്പന്തലിച്ച് കൂടുതൽ ചന്തത്തോടെ ആ പൂമരം ... . ഇനിയുമെത്രയോ പ്രണയങ്ങൾക്ക് സാക്ഷിയാകാൻ.
നിറയെ പൂക്കളാൽ പരവതാനി വിരിച്ച് ആ പൂമരച്ചോടും... നിരവധി പ്രണയങ്ങൾക്ക് വേദിയാകാൻ .....
സുരേഷ് തെക്കീട്ടിൽ :- മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത പാലൂർ സ്വദേശി .സവിനയം പറയട്ടെ, കഥ നിറയും കാലം, കഥയുണരും കാലം, എന്നീ മൂന്ന് കഥാസമാഹാരങ്ങളും, നിറഞ്ഞൊഴുകും നിള വീണ്ടും എന്ന കവിതാ സമാഹാരവും പത്തോർമ്മകളും പിന്നെ പാലൂരോർമ്മകളും എന്ന ഓർമ്മക്കുറിപ്പുകളും, ബീ പ്രാക്ടിക്കൽ എന്ന നോവലും പ്രസിദ്ധീകരിച്ചു. .മുക്കം ഭാസി മാഷുടെ ആത്മകഥയുൾപ്പെടെ 21 കൃതികൾക്ക് അവതാരികയെഴുതി. കഥകളും, ഹ്രസ്വ കഥകളും,കവിതകളുമായി രണ്ടായിരത്തിലധികം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു .
ആകാശവാണിയിലൂടെ കഥകളും കവിതകളും പ്രക്ഷേപണം ചെയ്യപ്പെട്ടു. പതിനേഴു പുരസ്കാരങ്ങൾക്ക് അർഹനായി. സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ കഥകൾ എഴുതിയ ഇന്ത്യൻ എഴുത്തുകാരൻ എന്ന യു.ആർ.എഫ് നാഷണൽ റെക്കാർഡിന് 2018ൽ അർഹനായി.