ടോം ജോസ് തടിയംപാട് ,ജോസ് മാത്യു
നവംബർ മൂന്നാം തീയതിയിൽ ഞങ്ങൾ 35 അംഗങ്ങൾ ഉൾപ്പെടുന്ന മലയാളി സംഘം വൈകുന്നേരം യു കെയിൽ നിന്നു പുറപ്പെട്ടു. രണ്ടരമണിക്കൂർ യാത്ര ചെയ്തു ഐസ് ലാൻഡിന്റെ തലസ്ഥാനമായ റെയ്ക്കാവിക്കിലെ കെഫ്‌ലാവിക് എയർപോർട്ടിൽ എത്തി. അവിടെനിന്നും ഒരു മണിക്കൂർ യാത്രചെയ്തു തലസ്ഥാനമായ കെർക്കവികിലെ ഹോട്ടലിൽ എത്തിയപ്പോൾ ഏകദേശം രാത്രി 9 മണിയായിരുന്നു. വഴിനീളെ റോഡിൽ വീണുകിടന്ന ഐസ് കൂനകൾ കാണാമായിരുന്നു, കഴിഞ്ഞദിവങ്ങളിൽ ശക്തമായ ഐസ് വീഴ്ചയിൽ ഗതാഗതം തടസപ്പെട്ടിരുന്നു. പിന്നീട് ഐസ് മാറ്റിയാണ് ഗതാഗതം സ്ഥാപിച്ചത് എന്ന് ഗൈഡ് ക്രിസ്റ്റി പറഞ്ഞു.

രാത്രിയിൽ ഭക്ഷണം കഴിഞ്ഞു ഞങ്ങൾ എല്ലാവരും പരസ്പരം പരിചയപ്പെട്ടശേഷം റൂമിലേക്ക് പോയി .
രാവിലെ 8 മണിക്ക് എല്ലാവരും റെഡിയായി ബസിൽ കയറണമെന്നു ടൂർ ഓപ്പറേറ്റർ ആഷിൻ സിറ്റിയുടെ ഡയറക്ടർ ജിജോ മാധവപ്പള്ളി രാത്രിയിൽ അറിയിച്ചിരുന്നു . ഞങ്ങൾ 7 മണിക്ക് പ്രഭാതഭക്ഷണം കഴിച്ചു എട്ടുമണിക്കു കോച്ചിൽ കയറി . ഞങ്ങളുടെ ഗൈഡ് ക്രിസ്റ്റി ഐസ് ലാൻഡിനെപ്പറ്റി ഒരു ഹൃസ്വ വിവരണം ഞങ്ങൾക്ക് നൽകി. ആർട്ടിക് സമൂദ്രത്തിനും ,നോർത്ത് അറ്റ്ലാന്റിക് സമൂദ്രത്തിനും ഇടയിലാണ് ഐസ് ലാൻഡ് സ്ഥിതി ചെയ്യുന്നത് . 4 ലക്ഷമാണ് ആകെ ജനസംഖ്യ അതിൽ 2'40000 വും തലസ്ഥാനമായ കെർക്കവികിലാണ് താമസിക്കുന്നത് .

A D 874 ലാണ് ആദ്യമായി ഐസ് ലാൻഡിൽ മനുഷ്യർ എത്തിയതെന്നും നോർവേയിൽ നിന്നുവന്ന ഇൻഗ്ലോഫർ എന്ന ഗോത്രത്തലവൻ ആയിരുന്നു അതിനു നേതൃത്വം കൊടുത്തതെന്നും ,ലോകത്തിലെ ആദ്യത്തെ പാർലമെൻറ് AD 930 ഐസ് ലാൻഡിലെ തിങ്‌വെല്ലിർ നാഷണൽ പാർക്കിലാണ് ആരംഭിച്ചതെന്നും പിന്നീട് തലസ്ഥാനമായ റെയ്ക്കാവിക്കിലെക്കു മാറ്റിയെന്നും ,ഐസ് ലാൻഡ് എന്നുപറയുന്നത്. അഗ്‌നിപർവ്വതങ്ങളുടെ നാടാണെന്നും 30 അഗ്‌നി പർവ്വതങ്ങൾ ഇപ്പോഴും അക്ക്റ്റിവ് ആയി നിലനിൽക്കുന്നു എന്നും അഗ്‌നി പർവ്വതങ്ങൾ പൊട്ടിത്തെറിച്ചു ആയിരക്കണക്കിനു വർഷങ്ങൾകൊണ്ട് രൂപപ്പെട്ട യൂറോപ്പിലെ വലിയ ദീപാണ് ഐസ് ലാൻഡ് എന്നും ഇവിടുത്തെ പ്രധാന വരുമാനം ടൂറിസവും .മീൻപിടുത്തവും പിന്നെ അലുമിനിയം ഉൽപ്പാദനവുമാണ് എന്നൊക്കെ വിശദീകരിച്ചു.

ആദ്യകാലത്ത് ഐസ് ലാൻഡിൽ ഉണ്ടായിരുന്ന ജീവി കുറുക്കൻ മാത്രമായിരുന്നു. ഇപ്പോൾ കുതിരയും പശുക്കളും ആടുകളും. കൃഷി ചെയ്യുന്നു ആകെ കുറ്റിച്ചെടികൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത് ഇപ്പോൾ കാണുന്ന പൈൻ മരങ്ങളും മറ്റു ചെറിയ മരങ്ങളും എല്ലാം പുറത്തു നിന്ന് വന്നതാണ് .കൊറോണ ബാധിക്കാത്ത സ്ഥലം ആയിരുന്നു ഐസ് ലാൻഡ് കാരണം ദീപായിരുന്നത് കൊണ്ട് വളരെ പെട്ടെന്ന് അവിടേക്കുള്ള പ്രവേശനം അടക്കാൻ കഴിഞ്ഞുവെന്നും ക്രിസ്റ്റി പറഞ്ഞു .

1100 ൽ ആണ് ക്രിസ്റ്റിയാനിറ്റി ഐസ് ലാൻഡിൽ എത്തിയത് സമാധാനപരമായിട്ടാണ് ഇവിടെ ക്രൈസ്തവ പരിവർത്തനം നടന്നതെന്നും ഇപ്പോൾ 72.4 % ലൂഥറൻ സഭ വിശ്വാസികളാണെന്നും 4 % കാത്തലിക് വിശ്വാസികൾ ആണെന്നും ഗൈഡ് പറഞ്ഞു .

രണ്ടാം ലോകമഹായുദ്ധം ലോകത്തിനു മുഴുവൻ കെടുതികളാണ് സംഭാവന ചെയ്തതെങ്കിലും അതിലൂടെ നേട്ടം കൊയ്ത ഒരു രാജ്യമാണ് ഐസ് ലാൻഡ്. യുദ്ധസമയത്ത് യുദ്ധവിമാനങ്ങൾക്കു ഇന്ധനം നിറയ്ക്കാൻ അമേരിക്കയും ബ്രിട്ടനും പണികഴിപ്പിച്ച എയർപോർട്ട് പിന്നീട് അവരുടെ യാത്രയ്ക്ക് അനുഗ്രഹമായിമായി മാറി അതിലൂടെ പിന്നീട് ടൂറിസം വർധിപ്പിക്കാൻ കഴിഞ്ഞു. ചുറ്റും കടലാണെങ്കിലും ഷിപ്പിംഗ് ഗതാഗതം സാധ്യമല്ല. കാരണം ഐസ്‌ലൻഡിനും ചുറ്റുമുള്ള നോർത്ത് അറ്റ്ലാന്റിക്ക് സമുദ്രം അത്രമാത്രം പ്രഷുബ്ധമാണ്. കപ്പലുകൾ വന്നാൽ അപകടം ഉറപ്പാണ് അതുകൊണ്ടു ദീപിനു പുറത്തേക്കുള്ള യാത്രക്കുള്ള ഏക ആശ്രയം വിമാനം മാത്രമാണ് .

എല്ലാ സാധനങ്ങളും ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമാണ് ഐസ് ലാൻഡ് കൃഷി ചെയ്യാൻ കഴിയില്ല കാരണം വർഷത്തിൽ മൂന്നുമാസം ജൂൺ ജൂലൈ ,ഓഗസ്റ്റ് ,മാത്രമാണ് സൂര്യനെ കാണാൻ കഴിയുന്നത് ആ സമയത്തു പോലും ചൂട് 13 നും 20 സെന്റിഗ്രേയ്‌ഡിനും ഇടയിൽ മാത്രമാണ് അനുഭവപ്പെടുന്നത്. പകൽ വെളിച്ചം രാവിലെ 9 മണിമുതൽ 3 മണിവരെയാണ് അനുഭവപ്പെടുന്നത് .

തിങ്‌വെല്ലിർ നാഷണൽ പാർക്കിലൂടെ ബസ് കടന്നുപോയപ്പോൾ അവിടുത്തെ വിണ്ടുകീറി കിടക്കുന്ന ഭൂമിയുടെ വിടവ് ഒരു രണ്ടു സെന്റിമീറ്റർ വച്ച് വർഷം വർദ്ധിക്കുന്നു വെന്നും അവിടെയാണ് ഭൂമിയുടെ tectonic plates സ്ഥിതി ചെയ്യുന്നതെന്നും ഗൈഡ് ചൂണ്ടികാണിച്ചു . AD 930 ലോകത്തിലെ ആദ്യത്തെ പാർലമെൻറ് നടന്ന സ്ഥലവും ഗൈഡ് ബസിൽ ഇരുന്നു ചൂണ്ടികാണിച്ചു ആ പ്രദേശമൊക്കെ ഇപ്പോൾ ഭൂമിശാസ്ത്രപരമായി സംരക്ഷണ മേഖലയാണ്. പോകുന്ന വഴിയിൽ ഐസ് ലാൻഡിലെ ഏറ്റവും വലിയ ആക്റ്റീവ് ആയി നിൽക്കുന്ന ഹെക്കല അഗ്നി പർവതം ബസിൽ ഇരുന്നു കണ്ടു അഗ്നി പർവ്വതത്തിന്റെ മുകൾഭാഗം മുഴുവൻ ഐസ് മൂടി കിടക്കുന്നു ഉള്ളിൽ ഒരുക്കുന്ന ലാവയുടെ ഒരു ലക്ഷണവും കാണിക്കാതെ അവൻ ശാന്തമായി നിൽക്കുന്നതായി തോന്നി .

പിന്നീട് ഐസ് ലാൻഡിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായ ഗൾഫോസ് വെള്ളച്ചാട്ടം കാണാൻ പോയി ഹവിത നദിയിലെ ഈ വെള്ളച്ചാട്ടം ഒരു അവിസ്‌മരണീയമായ കാഴ്ചയായിരുന്നു വെള്ളച്ചാട്ടത്തിനു അടുത്തേക്ക് ചെല്ലുമ്പോൾ ഉണ്ടാകുന്ന തണുപ്പ് അസഹനീയമായിരുന്നു. എല്ലാവരും ആ വെള്ളച്ചാട്ടത്തിന്റെ വിവിധ ചിത്രങ്ങൾ മൊബൈയിലിൽ പകർത്തി അവിടെനിന്നും യാത്രയായി, യാത്രയിൽ ഉടനീളം അഗ്നിപർവ്വതങ്ങൾ പൊട്ടിയൊഴുകിയ ലാവകൾ ഉറഞ്ഞുകൂടി കിടക്കുന്നതു കാണാമായിരുന്നു മരുഭൂമിപോലെ കിടക്കുന്ന ധാരാളം ഭൂമികൾ അവിടവിടങ്ങളിൽ കാണാമായിരുന്നു ഇതിനിടയിൽ ക്രമീകരിച്ചിരിക്കുന്ന ഗ്രീൻ ഹൗസുകളിൽ ആണ് അൽപ്പം കൃഷി നടക്കുന്നത്. വഴിയിൽ കുതിരകൾ മേയുന്നതു കാണാം പശുക്കളെയും ആടുകളെയും കാണാം ഐസ് ലാൻഡിലെക്കു ആർക്കും കുതിരയെ കൊണ്ടുവരാൻ കഴിയില്ല. അവിടുത്തെ കുതിരകളെ വാങ്ങികൊണ്ടുപോകാം പക്ഷെ കൊണ്ടു പോയാൽ പിന്നെ തിരിച്ചു കൊണ്ടുവരാൻ പറ്റില്ല കാരണം പുറത്തു നിന്നുള്ള ഒരു രോഗവും ഐസ് ലാൻഡിൽ പ്രവേശിക്കാതിരിക്കാനാണ് ഇങ്ങനെ ഒരു നിയമം നിർമ്മിച്ചിരിക്കുന്നത് .

പിന്നീട് ഞങ്ങൾ Skogafoss വെള്ളച്ചാട്ടം കാണാൻ പോയി അതിമനോഹരമായി സംരക്ഷിച്ചിരിക്കുന്ന വെള്ളച്ചാട്ടങ്ങൾ സഞ്ചാരികളെ നന്നായി ആകർഷിക്കും ഉച്ചക്ക് എല്ലാവരും തന്നെ ഐസ് ലാൻഡിലെ ഫിഷും ചിപ്പ്‌സും ഒക്കെ ആസ്വദിച്ചു വൈകുന്നേരം ഹോട്ടലിൽ തിരിച്ചുവന്നു എല്ലാവരും വിശ്രമിച്ചശേഷം ഐസ് ലാൻഡിലെ ഏറ്റവും ആകൃഷ്ണീയമായ നോർത്തേൺ ലൈറ്റ് കാണാൻ പോയി ഒരു മണിക്കൂർ വെയിറ്റ് ചെയ്താണ് ഞങ്ങൾ ലൈറ്റ് കണ്ടത് അവിടെ ചിലവഴിച്ച സമയത്തു തണുപ്പ് അസഹനീയമായിരുന്നു തിരിച്ചു ക്ഷീണിതരായി ഞങ്ങൾ ഹോട്ടലിൽ വന്നു കിടന്നുറങ്ങി യാത്രയിൽ ഉടനീളം തമാശുകൾ പറഞ്ഞു൦ ചിരിച്ചും കളിച്ചും സമയം പോയതറിഞ്ഞില്ല .
തുടരും .