MAIN NEWS
UK
കൊച്ചി: കേരളത്തിലെ യുവ അഭിഭാഷകർക്കും നിയമബിരുദധാരികൾക്കും അന്താരാഷ്ട്ര നിയമരംഗത്തെ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഹോമെക്സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന യു.കെ. കോൺവെൻസിങ് ഇന്റേൺഷിപ്പ് പരിപാടിക്ക് കൊച്ചിയിലെ ഹോമെക്സ് ഗ്രൂപ്പ് ആസ്ഥാനത്ത് തുടക്കമായി. ഗവൺമെന്റ് പ്ലീഡറും അഭിഭാഷകനുമായ അഡ്വ. നിധിൻ പുല്ലുകാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹോമെക്സ് ഗ്രൂപ്പ് സി.ഇ.ഒ. രാജേഷ് ജോസഫ് അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ അക്ഷര ബിജു, നിയമവിഭാഗം മേധാവി ശ്രീവിദ്യ ഗോപാലകൃഷ്ണൻ, പ്രവർത്തന വിഭാഗം മേധാവി സ്റ്റിനി മാർട്ടിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഓഗസ്റ്റ് 10 മുതൽ 14 വരെ നടക്കുന്ന അഞ്ചുദിവസത്തെ പരിശീലനത്തിൽ യു.കെ. കോൺവെൻസിങ് രംഗത്തെ പ്രായോഗിക നടപടിക്രമങ്ങൾ, നിയമവ്യവസ്ഥ, പ്രൊഫഷണൽ നിലവാരങ്ങൾ, ഫയൽ കൈകാര്യം ചെയ്യൽ, ക്ലയന്റ് ആശയവിനിമയം, കേസ് പഠനങ്ങൾ എന്നിവയിൽ പരിശീലനം നൽകും. പ്രായോഗിക പരിചയത്തിനൊപ്പം വിദഗ്ധരുടെ മാർഗനിർദേശവും പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ യുവ നിയമപ്രതിഭകൾക്ക് ആഗോള നിയമരംഗത്തെ പ്രവർത്തനരീതികൾ നേരിട്ട് മനസ്സിലാക്കാനും പുതിയ കരിയർ സാധ്യതകൾ കണ്ടെത്താനും സഹായിക്കുന്ന ദീർഘകാല പരിശീലന സംരംഭങ്ങളുടെ തുടക്കമാണിതെന്ന് ഹോമെക്സ് ഗ്രൂപ്പ് അറിയിച്ചു. യുവതലമുറയിലെ നിക്ഷേപമാണ് ഭാവിയിലേക്കുള്ള ഏറ്റവും ശക്തമായ നിക്ഷേപമെന്ന ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ യുവ അഭിഭാഷകരുടെ കഴിവുകൾ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും സംഘാടകർ വ്യക്തമാക്കി.
പ്രസ്റ്റൺ: ജീവന് ഭീഷണിയായ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച മലപ്പുറം സ്വദേശിനിയായ മലയാളി യുവതി അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ തേടുന്നു. ലങ്കാഷെയറിലെ പ്രസ്റ്റണിൽ താമസിക്കുന്ന റഫിയ ഷെറിൻ (30) ആണ് രോഗത്തോട് പൊരുതുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തലകറക്കം, ഛർദ്ദി, പേശിവേദന, കടുത്ത ക്ഷീണം, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് റഫിയ ആദ്യം നേരിട്ടത്. 2019ൽ മാസ്റ്റർ ബിരുദ പഠനത്തിനായി യുകെയിലെത്തിയ റഫിയ, കഴിഞ്ഞ ജൂണിൽ സുഹൃത്തുക്കൾക്കൊപ്പം ഈജിപ്തിലും സെർബിയയിലും നടത്തിയ യാത്രയ്ക്കിടെയാണ് ഭക്ഷ്യവിഷബാധയേറ്റത്. യുകെയിൽ തിരിച്ചെത്തിയിട്ടും ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനെ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞത്. അസ്ഥിമജ്ജ പുതിയ രക്തകോശങ്ങൾ ഉൽപാദിപ്പിക്കുന്നത് നിലയ്ക്കുന്ന അപ്ലാസ്റ്റിക് അനീമിയയെ തുടർന്ന് നിലവിൽ ആഴ്ചയിൽ രണ്ടുതവണ രക്തം മാറ്റിവെക്കേണ്ട അവസ്ഥയിലാണ് റഫിയ. റഫിയയുടെ ജീവൻ രക്ഷിക്കാൻ അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള രോഗികൾക്ക് അനുയോജ്യമായ ദാതാവിനെ കണ്ടെത്തുന്നത് കൂടുതൽ വെല്ലുവിളിയാണെന്നാണ് അധികൃതർ പറയുന്നത്. റഫിയയ്ക്കും സമാന രോഗാവസ്ഥയിലുള്ളവർക്കും സഹായമാകുന്നതിനായി മലപ്പുറം മഞ്ചേരിയിൽ ഓഗസ്റ്റ് 15ന് യതീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റെം സെൽ രജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിക്കും. DKMS വഴി രജിസ്റ്റർ ചെയ്ത് സ്വാബ് കിറ്റിലൂടെ ലളിതമായി രജിസ്ട്രേഷൻ പൂർത്തിയാക്കാം.
LATEST NEWS
INDIA / KERALA
ഹരിപ്പാട്: കരുവാറ്റയിൽ 67കാരനായ ശിവൻകുട്ടി ചെട്ടിയാരെ കൊലപ്പെടുത്തിയ കേസിൽ എട്ടാം ക്ലാസുകാരിയുടെ പങ്ക് നേരത്തെ തിരിച്ചറിഞ്ഞിരുന്നെങ്കിലും മറ്റ് കൗമാരക്കാരായ പ്രതികൾ പിടിയിലാകുന്നതുവരെ പോലീസ് കാത്തിരുന്നു. പെൺകുട്ടിയെ രഹസ്യമായി നിരീക്ഷിച്ച അന്വേഷണ സംഘം പലതവണ വിവരങ്ങൾ ചോദിച്ചെങ്കിലും കുറ്റകൃത്യത്തിലെ പങ്കാളിത്തം മനസ്സിലാക്കിയെന്ന സൂചന നൽകിയില്ല. പെൺകുട്ടിയുടെ ഫോൺ വിളികളും സുഹൃത്തുക്കളിൽനിന്ന് ലഭിച്ച വിവരങ്ങളും പരിശോധിച്ചാണ് കൊല്ലത്തുള്ള കൂട്ടുപ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. കൊലപാതകം പുറത്തറിഞ്ഞ തിങ്കളാഴ്ച പെൺകുട്ടി ശനിയാഴ്ച രാവിലെ വീട്ടിൽനിന്ന് പോയെന്നും പിന്നീട് രണ്ടുതവണ തിരിച്ചെത്തി ശിവൻകുട്ടി ചെട്ടിയാരെ അന്വേഷിച്ചെന്നുമാണ് മൊഴി നൽകിയത്. വീട്ടുകാരുമായി പിണങ്ങി സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്നും പറഞ്ഞു. ഇതിനിടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ പെൺകുട്ടിയെ പോലീസ് രഹസ്യമായി നിരീക്ഷിച്ചു. പരവൂരിലെത്തിയ അന്വേഷണ സംഘം കൊലപാതകത്തിനുശേഷം സാധാരണ നിലയിൽ സുഹൃത്തുക്കളുടെ വീടുകളിൽ കഴിഞ്ഞിരുന്ന കൗമാരക്കാരെ കണ്ടെത്തി. ആദ്യം പിടിയിലായ പ്ലസ് ടു വിദ്യാർഥിയെ ചോദ്യം ചെയ്തതോടെ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽനിന്ന് പെൺകുട്ടിയെ മാറ്റിനിർത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റകൃത്യത്തിലെ പങ്കാളിത്തം സമ്മതിച്ചത്. കൊലപാതകം നടന്ന വീട്ടിൽനിന്ന് പ്രതികൾ മോഷ്ടിച്ച ബോഡി സ്‌പ്രേയും പോലീസ് കണ്ടെടുത്തു. പ്രതികൾ രാസലഹരി ഉപയോഗിച്ചിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിനായി ഫോൺവിളി രേഖകൾ ശേഖരിച്ചിട്ടുണ്ടെന്നും എൻ.ഡി.പി.എസ് കേസുകളുമായി ബന്ധമുള്ളവരുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നോ എന്നതടക്കം പരിശോധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
VIDEO GALLERY
Travel
ചങ്ങനാശ്ശേരി: പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ നടക്കുന്ന ഭാരത പര്യടന സംഘം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം രാജസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ജയ്‌സൽമേർ കോട്ടയിൽ ആഘോഷിച്ചു. ഓഗസ്റ്റ് 9-ന് ചങ്ങനാശ്ശേരി പായിപ്പാട്ടിൽ നിന്ന് യാത്ര തിരിച്ച സംഘം ഇതിനോടകം 3500 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു. ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന സംഘത്തിന്റെ യാത്ര കേരളത്തിൽ നിന്ന് ആരംഭിച്ച് നോർത്ത് ഗോവ, ഗുജറാത്തിലെ അഹമ്മദാബാദ്, സബർമതി ആശ്രമം, സ്റ്റാച്യു ഓഫ് യൂണിറ്റി, വുഡ് ഫോസിൽ പാർക്ക്, വൈറ്റ് ഡെസേർട്ട്, ഗ്രേറ്റ് റൺ ഓഫ് കച്ച് എന്നിവ സന്ദർശിച്ചാണ് മുന്നേറിയത്. ഭുജിന് വടക്കായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഉപ്പുമരുഭൂമികളിലൊന്നായ ഗ്രേറ്റ് റൺ ഓഫ് കച്ച് സംഘത്തിന് വ്യത്യസ്തമായ അനുഭവമായി. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും നേരിട്ട് അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സംസ്ഥാനങ്ങളിലെ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്.   സിന്ധു നദീതട നാഗരികതയുടെ അവശേഷിപ്പുകളുമായി ബന്ധപ്പെട്ട ഹാരപ്പ–മൊഹൻജൊദാരോ പ്രദേശങ്ങളും സംഘം സന്ദർശിച്ചു. തുടർന്ന് പഞ്ചാബിലെ അമൃത്സർ, വാഗാ അതിർത്തി, ജമ്മു–കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് യാത്ര തുടരുക. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരവും പൈതൃകവും ജനജീവിതവും അടുത്തറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം മുന്നേറുന്നത്.   ```
BUSINESS / TECHNOLOGY
ന്യൂസ് ഡെസ്ക്, മലയാളം യുകെ യുകെയിൽ നികുതി സംവിധാനത്തിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായി ഏകദേശം 8.64 ലക്ഷം നികുതിദായകർക്ക് ഓഗസ്റ്റ് 7 വെള്ളിയാഴ്ച പുതിയ റിപ്പോർട്ടിങ് സമയപരിധി ബാധകമാകും. എച്ച്.എം.ആർ.സി.യുടെ മേക്കിങ് ടാക്സ് ഡിജിറ്റൽ (MTD) പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വയം നികുതി റിട്ടേൺ സമർപ്പിക്കുന്നവർക്കായി ത്രൈമാസ റിപ്പോർട്ടിങ് ആണ് നിർബന്ധമാക്കിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 50,000 പൗണ്ടിൽ കൂടുതൽ വരുമാനമുള്ള സ്വയംതൊഴിലുകാരും വാടക വരുമാനമുള്ളവരുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. പുതിയ സംവിധാനപ്രകാരം അംഗീകൃത അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വരുമാനവും ചെലവും സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ രേഖകളിൽ സൂക്ഷിച്ച് ത്രൈമാസ അടിസ്ഥാനത്തിൽ എച്ച്.എം.ആർ.സി.യ്ക്ക് സമർപ്പിക്കണം. 2025-26 സാമ്പത്തിക വർഷത്തിൽ 30,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2027 ഏപ്രിൽ മുതലും, 2026-27 വർഷത്തിൽ 20,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2028 ഏപ്രിൽ മുതലും ഈ സംവിധാനം ബാധകമാകും. അവസാന തീയതി കഴിഞ്ഞാലും ആദ്യ വർഷത്തിൽ പിഴ ഈടാക്കിയില്ലെങ്കിലും റിപ്പോർട്ടുകൾ പിന്നീട് സമർപ്പിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. നികുതി ബാധ്യത മുൻകൂട്ടി കണക്കാക്കി പ്രത്യേക സേവിങ്സ് അക്കൗണ്ടിൽ തുക മാറ്റിവെക്കുന്നത് സാമ്പത്തിക സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
SPECIALS
MOVIES / CHANNELS
Read more >>
WORLD
വാഷിങ്ടൺ ∙ യുഎസിലെ അരിസോണ സംസ്ഥാനത്ത് 19 വയസ്സുകാരിയായ കാമുകിയെ കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ യുവാവ് ജർമനിയിൽ അറസ്റ്റിലായി. അരിസോണ സർവകലാശാല വിദ്യാർഥിനിയായ ജൂലിസ റൂബി സലാസറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് 20 വയസ്സുകാരനായ വരുൺ ബാച്ചിഗാരിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവശേഷം യുഎസിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ ജർമനിയിലെ ബെർലിനിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തിന്റെ അഭ്യർഥനയെ തുടർന്ന് യുവതിയുടെ ക്ഷേമം അന്വേഷിക്കാൻ അപ്പാർട്ട്മെന്റിലെത്തിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തു നിന്ന് ലഭിച്ച തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് വരുൺ ബാച്ചിഗാരിയെ പ്രതിയായി തിരിച്ചറിഞ്ഞത്. കൊലപാതകത്തിനു പിന്നാലെ ടക്സണിൽനിന്ന് ഹൂസ്റ്റൺ വഴി ബെർലിനിലേക്ക് കടന്ന പ്രതിയെ യുഎസ് ഫെഡറൽ അന്വേഷണ ഏജൻസികളുടെയും ജർമൻ അധികൃതരുടെയും ഏകോപിത നടപടിയിലൂടെയാണ് പിടികൂടിയത്. നിലവിൽ ജർമൻ കസ്റ്റഡിയിലുള്ള ഇയാളെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം യുഎസിന് കൈമാറുമെന്ന് റിപ്പോർട്ടുകളുണ്ട്.
LITERATURE
സെബാസ്റ്റ്യൻ കിളിരൂപ്പറമ്പിൽ ചെരട്ടക്കുഴിയിൽ ഈനാശുവിനെ ഐസിയുവിൽ നിന്നും റൂമിലേക്ക് മാറ്റി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, സന്ദർശകരെ റൂമിലേക്ക് കടത്തിവിട്ടു. അത്യാവശ്യക്കാർ മാത്രം. ബാത്ത് റൂമിൽ തെന്നിവീണാണ് അബോധ അവസ്ഥയിലായ നിലയിൽ സ്ഥലത്തെ ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ ഈനാശുവിനെ പ്രവേശിപ്പിച്ചത് . ഇപ്പോൾ അത്യാവശം സംസാരിക്കാം എന്നായിട്ടുണ്ട്. മക്കൾ കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിൽ വിഹരിക്കുന്നു. ജോലിയുടെ തിരക്കിലായത് കൊണ്ട് നാട്ടിലേക്ക് ഫോണുകൾ മാത്രം. ഏറ്റവും ഇളയപുത്രൻ ഐ വി ജോസ് നാട്ടിൽ തന്നെ ബാങ്കിൽ വർക്ക് ചെയ്യുന്നു. ഇപ്പോൾ കൂടെയുള്ളതും ജോസ് മാത്രം. 85 കഴിഞ്ഞ ഈനാശുവിൻറെ ആഗ്രഹപ്രകാരം വികാരിയച്ചൻ മുമ്പിലത്തെ ഒപ്പ്രുശുമാ കൊടുക്കുവാൻ എത്തിച്ചേർന്നു. “ ഇപ്പോൾ കുഴപ്പമൊന്നും ഇല്ലെങ്കിലും ഒരു മുൻകരുതൽ എന്ന നിലയ്ക്ക് അച്ഛനെ വരുത്തിയുള്ളൂ”..... ഐ വി ജോസ് കൂപ്പുകരങ്ങളോടെ. വിനയപൂർവ്വം അച്ഛനെ തെര്യപ്പെടുത്തി ഫ്ലാസ്‌കുമായി  അച്ഛന് ചായ വാങ്ങുവാൻ ജോസ് പുറത്തേക്കിറങ്ങിയപ്പോൾ ഈനാശു അച്ഛന് മുൻപിൽ മനസ്സ് തുറന്നു. “ ഈനാശുവേട്ടന് എന്തെങ്കിലും അഭിലാഷങ്ങൾ അറിയിക്കുവാൻ ഉണ്ടോ” ? അച്ഛൻ … ഉദ്വേഗപൂർവ്വം… ഈനാശുവിനെ നോക്കി ഉണ്ട് .....ഉണ്ടച്ചോ , റോഡിനോട് ചേർന്നുള്ള വസ്തുവിൽ നിന്നും അനാഥാലയത്തിലേക്ക് ഒരു 10 സെൻറ്. ഫ്ലാസ്കിൽ ചായയുമായി കയറിവന്ന ഐ വി ജോസിന് അപ്പൻറെ ഡയലോഗിലെ വശപ്പിശക് മനസ്സിലായി. ഇടയ്ക്കു കയറി അച്ഛനോട് ആയി അതീവ ഗൗരവത്തിൽ പറഞ്ഞു “പേഷ്യൻസിനോട് അധികം സംസാരിക്കരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. വികാരിയച്ചൻ കുന്തമുനയിൽ അറിയാതെ ഇരുന്നതുപോലെ ചാടി എഴുന്നേറ്റു സെബാസ്റ്റ്യൻ കിളിരൂർ പറമ്പിൽ:- കോട്ടയം ജില്ലയിൽ പൊൻകുന്നം കിളിരൂർ പറമ്പിൽ അപ്പച്ചൻറെയും ത്രേസ്യാമ്മയുടെയും മകൻ. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കറുകച്ചാൽ ഐ പി ആർട്സ് കോളേജിൽ ചിത്രകല പഠനം. 27 വർഷത്തെ അധ്യാപക സേവനത്തിനുശേഷം വിരമിച്ചു. അതിനുശേഷം വിവിധ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചു ഹാസ്യകഥക്കുള്ള ഉത്തരമേഖല കമ്മറ്റി അവാർഡ് അധ്യാപക കലാവേദി പുരസ്കാരം സ്കൂൾ മേളകൾക്ക് ലോഗോകൾ രൂപകല്പന ചെയ്തതിനുള്ള നിരവധി അവാർഡുകൾ ഇവ കരസ്ഥമാക്കി കഥകൾ വിവിധ എഫ് എം റേഡിയോകളിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട് വരയും എഴുത്തും സജീവമായി നടക്കുന്നു . പരസ്പരം ഓൺലൈൻ കഥ അവതരണത്തിൽ എല്ലാ മാസവും പങ്കെടുക്കുന്നു . വയ്യാവേലി, പലവക, അന്തോണിചരിതം, ന്യൂജൻ കഥകൾ, എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഭാര്യ ലിസമ്മ (റിട്ടയർ അധ്യാപിക) മക്കൾ ലിസ്ന (അധ്യാപിക) അജയ് (അധ്യാപകൻ) ഫോൺ നമ്പർ 8075413963
Copyright © . All rights reserved