MAIN NEWS
UK
കൊച്ചി: കേരളത്തിലെ യുവ അഭിഭാഷകർക്കും നിയമബിരുദധാരികൾക്കും അന്താരാഷ്ട്ര നിയമരംഗത്തെ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഹോമെക്സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന യു.കെ. കോൺവെൻസിങ് ഇന്റേൺഷിപ്പ് പരിപാടിക്ക് കൊച്ചിയിലെ ഹോമെക്സ് ഗ്രൂപ്പ് ആസ്ഥാനത്ത് തുടക്കമായി. ഗവൺമെന്റ് പ്ലീഡറും അഭിഭാഷകനുമായ അഡ്വ. നിധിൻ പുല്ലുകാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹോമെക്സ് ഗ്രൂപ്പ് സി.ഇ.ഒ. രാജേഷ് ജോസഫ് അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ അക്ഷര ബിജു, നിയമവിഭാഗം മേധാവി ശ്രീവിദ്യ ഗോപാലകൃഷ്ണൻ, പ്രവർത്തന വിഭാഗം മേധാവി സ്റ്റിനി മാർട്ടിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഓഗസ്റ്റ് 10 മുതൽ 14 വരെ നടക്കുന്ന അഞ്ചുദിവസത്തെ പരിശീലനത്തിൽ യു.കെ. കോൺവെൻസിങ് രംഗത്തെ പ്രായോഗിക നടപടിക്രമങ്ങൾ, നിയമവ്യവസ്ഥ, പ്രൊഫഷണൽ നിലവാരങ്ങൾ, ഫയൽ കൈകാര്യം ചെയ്യൽ, ക്ലയന്റ് ആശയവിനിമയം, കേസ് പഠനങ്ങൾ എന്നിവയിൽ പരിശീലനം നൽകും. പ്രായോഗിക പരിചയത്തിനൊപ്പം വിദഗ്ധരുടെ മാർഗനിർദേശവും പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ യുവ നിയമപ്രതിഭകൾക്ക് ആഗോള നിയമരംഗത്തെ പ്രവർത്തനരീതികൾ നേരിട്ട് മനസ്സിലാക്കാനും പുതിയ കരിയർ സാധ്യതകൾ കണ്ടെത്താനും സഹായിക്കുന്ന ദീർഘകാല പരിശീലന സംരംഭങ്ങളുടെ തുടക്കമാണിതെന്ന് ഹോമെക്സ് ഗ്രൂപ്പ് അറിയിച്ചു. യുവതലമുറയിലെ നിക്ഷേപമാണ് ഭാവിയിലേക്കുള്ള ഏറ്റവും ശക്തമായ നിക്ഷേപമെന്ന ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ യുവ അഭിഭാഷകരുടെ കഴിവുകൾ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും സംഘാടകർ വ്യക്തമാക്കി.
പ്രസ്റ്റൺ: ജീവന് ഭീഷണിയായ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച മലപ്പുറം സ്വദേശിനിയായ മലയാളി യുവതി അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ തേടുന്നു. ലങ്കാഷെയറിലെ പ്രസ്റ്റണിൽ താമസിക്കുന്ന റഫിയ ഷെറിൻ (30) ആണ് രോഗത്തോട് പൊരുതുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തലകറക്കം, ഛർദ്ദി, പേശിവേദന, കടുത്ത ക്ഷീണം, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് റഫിയ ആദ്യം നേരിട്ടത്. 2019ൽ മാസ്റ്റർ ബിരുദ പഠനത്തിനായി യുകെയിലെത്തിയ റഫിയ, കഴിഞ്ഞ ജൂണിൽ സുഹൃത്തുക്കൾക്കൊപ്പം ഈജിപ്തിലും സെർബിയയിലും നടത്തിയ യാത്രയ്ക്കിടെയാണ് ഭക്ഷ്യവിഷബാധയേറ്റത്. യുകെയിൽ തിരിച്ചെത്തിയിട്ടും ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനെ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞത്. അസ്ഥിമജ്ജ പുതിയ രക്തകോശങ്ങൾ ഉൽപാദിപ്പിക്കുന്നത് നിലയ്ക്കുന്ന അപ്ലാസ്റ്റിക് അനീമിയയെ തുടർന്ന് നിലവിൽ ആഴ്ചയിൽ രണ്ടുതവണ രക്തം മാറ്റിവെക്കേണ്ട അവസ്ഥയിലാണ് റഫിയ. റഫിയയുടെ ജീവൻ രക്ഷിക്കാൻ അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള രോഗികൾക്ക് അനുയോജ്യമായ ദാതാവിനെ കണ്ടെത്തുന്നത് കൂടുതൽ വെല്ലുവിളിയാണെന്നാണ് അധികൃതർ പറയുന്നത്. റഫിയയ്ക്കും സമാന രോഗാവസ്ഥയിലുള്ളവർക്കും സഹായമാകുന്നതിനായി മലപ്പുറം മഞ്ചേരിയിൽ ഓഗസ്റ്റ് 15ന് യതീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റെം സെൽ രജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിക്കും. DKMS വഴി രജിസ്റ്റർ ചെയ്ത് സ്വാബ് കിറ്റിലൂടെ ലളിതമായി രജിസ്ട്രേഷൻ പൂർത്തിയാക്കാം.
LATEST NEWS
INDIA / KERALA
തിരുവനന്തപുരം വള്ളക്കടവിൽ ട്യൂഷൻ അധ്യാപികയുടെ സ്വർണമാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെട്ട രണ്ടുപേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സീതത്തോട് സ്വദേശികളായ നന്ദു (19), അദ്വൈത് (19) എന്നിവരാണ് പിടിയിലായത്. വള്ളക്കടവ് വയ്യാമൂല സ്വദേശിനിയായ 64കാരി കുമാരി ഷീലയുടെ ഒരുപവൻ സ്വർണമാലയാണ് ഇവർ തട്ടിയെടുത്തത്. ഓഗസ്റ്റ് 18ന് രാത്രി എട്ടുമണിയോടെ വള്ളക്കടവ് ഗാന്ധിനഗറിന് സമീപമായിരുന്നു സംഭവം. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഹെൽമറ്റ് ധരിച്ചെത്തിയ യുവാക്കൾ പിന്നിൽനിന്ന് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. മാല പൊട്ടിച്ചെടുത്തശേഷം പ്രതികൾ നഗരത്തിലൂടെ കാട്ടാക്കട, കൊല്ലം, എറണാകുളം വഴി തൃപ്പൂണിത്തുറയിലെത്തി. സംഭവസമയത്ത് ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ ശ്രദ്ധിച്ച ഷീല അത് പൊലീസിന് കൈമാറിയതാണ് അന്വേഷണത്തിൽ നിർണായകമായത്. മാല ചാലയിലെ ഒരു കടയിൽ 50,000 രൂപയ്ക്ക് വിറ്റതായി പൊലീസ് കണ്ടെത്തി. ലഭിച്ച പണത്തിൽനിന്ന് 45,000 രൂപ ചെലവഴിച്ച് പ്രതികൾ രണ്ട് മൊബൈൽ ഫോണുകളും വാങ്ങിയിരുന്നു. പൊലീസ് മാല വീണ്ടെടുത്തു. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പ്രത്യേക സംഘങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തൃപ്പൂണിത്തുറയിൽനിന്ന് പിടികൂടിയത്. കവർച്ചയ്ക്കിരയായതോടെ ഇനി ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ സ്വർണമാലയ്ക്ക് പകരം ഇമിറ്റേഷൻ ആഭരണം ധരിക്കാനാണ് ഷീലയുടെ തീരുമാനം. കഴിഞ്ഞ ഫെബ്രുവരിയിൽ ട്യൂഷനെടുത്ത് മിച്ചംവെച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ് ഗുരുവായൂരപ്പന്റെ ലോക്കറ്റോടുകൂടിയ മാല വാങ്ങിയത്. ഏറെ ആഗ്രഹിച്ച് വാങ്ങിയ മാല നഷ്ടപ്പെട്ടതിൽ വലിയ സങ്കടമുണ്ടെന്ന് ഷീല പറഞ്ഞു. കുടുംബത്തോടൊപ്പം പോകുമ്പോൾ മാത്രമേ ഇനി സ്വർണാഭരണങ്ങൾ ധരിക്കൂ എന്നും, താൽക്കാലികമായി 250 രൂപയ്ക്ക് വാങ്ങിയ സ്വർണമെന്ന് തോന്നിക്കുന്ന മുക്കുമാലയാണ് ഇപ്പോൾ ധരിക്കുന്നതെന്നും അവർ വ്യക്തമാക്കി.
VIDEO GALLERY
Travel
ചങ്ങനാശ്ശേരി: പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ നടക്കുന്ന ഭാരത പര്യടന സംഘം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം രാജസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ജയ്‌സൽമേർ കോട്ടയിൽ ആഘോഷിച്ചു. ഓഗസ്റ്റ് 9-ന് ചങ്ങനാശ്ശേരി പായിപ്പാട്ടിൽ നിന്ന് യാത്ര തിരിച്ച സംഘം ഇതിനോടകം 3500 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു. ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന സംഘത്തിന്റെ യാത്ര കേരളത്തിൽ നിന്ന് ആരംഭിച്ച് നോർത്ത് ഗോവ, ഗുജറാത്തിലെ അഹമ്മദാബാദ്, സബർമതി ആശ്രമം, സ്റ്റാച്യു ഓഫ് യൂണിറ്റി, വുഡ് ഫോസിൽ പാർക്ക്, വൈറ്റ് ഡെസേർട്ട്, ഗ്രേറ്റ് റൺ ഓഫ് കച്ച് എന്നിവ സന്ദർശിച്ചാണ് മുന്നേറിയത്. ഭുജിന് വടക്കായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഉപ്പുമരുഭൂമികളിലൊന്നായ ഗ്രേറ്റ് റൺ ഓഫ് കച്ച് സംഘത്തിന് വ്യത്യസ്തമായ അനുഭവമായി. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും നേരിട്ട് അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സംസ്ഥാനങ്ങളിലെ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്.   സിന്ധു നദീതട നാഗരികതയുടെ അവശേഷിപ്പുകളുമായി ബന്ധപ്പെട്ട ഹാരപ്പ–മൊഹൻജൊദാരോ പ്രദേശങ്ങളും സംഘം സന്ദർശിച്ചു. തുടർന്ന് പഞ്ചാബിലെ അമൃത്സർ, വാഗാ അതിർത്തി, ജമ്മു–കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് യാത്ര തുടരുക. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരവും പൈതൃകവും ജനജീവിതവും അടുത്തറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം മുന്നേറുന്നത്.   ```
BUSINESS / TECHNOLOGY
ന്യൂസ് ഡെസ്ക്, മലയാളം യുകെ യുകെയിൽ നികുതി സംവിധാനത്തിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായി ഏകദേശം 8.64 ലക്ഷം നികുതിദായകർക്ക് ഓഗസ്റ്റ് 7 വെള്ളിയാഴ്ച പുതിയ റിപ്പോർട്ടിങ് സമയപരിധി ബാധകമാകും. എച്ച്.എം.ആർ.സി.യുടെ മേക്കിങ് ടാക്സ് ഡിജിറ്റൽ (MTD) പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വയം നികുതി റിട്ടേൺ സമർപ്പിക്കുന്നവർക്കായി ത്രൈമാസ റിപ്പോർട്ടിങ് ആണ് നിർബന്ധമാക്കിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 50,000 പൗണ്ടിൽ കൂടുതൽ വരുമാനമുള്ള സ്വയംതൊഴിലുകാരും വാടക വരുമാനമുള്ളവരുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. പുതിയ സംവിധാനപ്രകാരം അംഗീകൃത അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വരുമാനവും ചെലവും സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ രേഖകളിൽ സൂക്ഷിച്ച് ത്രൈമാസ അടിസ്ഥാനത്തിൽ എച്ച്.എം.ആർ.സി.യ്ക്ക് സമർപ്പിക്കണം. 2025-26 സാമ്പത്തിക വർഷത്തിൽ 30,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2027 ഏപ്രിൽ മുതലും, 2026-27 വർഷത്തിൽ 20,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2028 ഏപ്രിൽ മുതലും ഈ സംവിധാനം ബാധകമാകും. അവസാന തീയതി കഴിഞ്ഞാലും ആദ്യ വർഷത്തിൽ പിഴ ഈടാക്കിയില്ലെങ്കിലും റിപ്പോർട്ടുകൾ പിന്നീട് സമർപ്പിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. നികുതി ബാധ്യത മുൻകൂട്ടി കണക്കാക്കി പ്രത്യേക സേവിങ്സ് അക്കൗണ്ടിൽ തുക മാറ്റിവെക്കുന്നത് സാമ്പത്തിക സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
SPECIALS
MOVIES / CHANNELS
Read more >>
WORLD
മെർളിൻ മേരി അഗസ്റ്റിൻ ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികളുടെ പ്രസംഗശേഷിയും ഭാഷാപാടവവും ചിന്താശേഷിയും നേതൃത്വഗുണങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ നാലാം സീസണിന് ഫിലാഡൽഫിയായിൽ പ്രൗഢഗംഭീരമായ തുടക്കം. ഓഗസ്റ്റ് 19-ന് ഫിലാഡൽഫിയ സെയിന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ കത്തോലിക്കാ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തിൽ നടന്ന “An Evening of Celebration, Partnership & Community” എന്ന പ്രത്യേക പരിപാടിയിലാണ് സീസൺ 4 ഔദ്യോഗികമായി കിക്കോഫ് ചെയ്തത്. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4ൻറ്റെ ഔദ്യോഗിക ലോഞ്ച്, ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം, 24 ന്യൂസിൻറ്റെ നേതൃത്വത്തിലുള്ള Million Malayalee Club (MMC) സംരംഭത്തിൻറ്റെ സൈനിംഗ്-ഇൻ എന്നീ മൂന്ന് പ്രധാന പരിപാടികളുടെ സംഗമവേദിയായാണ് ചടങ്ങ് മാറിയത്. നിശ്ശബ്ദ പ്രാർഥനയോടെയും അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനങ്ങളോടെയും ആരംഭിച്ച ചടങ്ങിൽ, ഓർമ്മയുടെ ഒന്നാം സീസൺ മുതൽ നാലാം സീസണിലേക്കുള്ള വളർച്ചയും പ്രധാന നേട്ടങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക ഹ്രസ്വ വീഡിയോയും സീസണുകളുടെ ടൈംലൈനും പ്രദർശിപ്പിച്ചു. ഓർമ്മയുടെ വിജയയാത്ര പരിചയപ്പെടുത്തിയ ഈ അവതരണം പബ്ലിക് റിലേഷൻസ് ഓഫീസർ മെർളിൻ മേരി അഗസ്റ്റിൻ നിർവഹിച്ചു. ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ് സീസൺ 4ൻറ്റെ ആമുഖം അവതരിപ്പിച്ചു. മുൻ മൂന്ന് സീസണുകളുടെ വിജയവും, മത്സരത്തോടൊപ്പം കൃത്യമായ പരിശീലനം നൽകുന്ന ഓർമ്മയുടെ പ്രത്യേക മാതൃകയും അദ്ദേഹം ചുരുക്കി വിശദീകരിച്ചു. സീസൺ 4ൽ വേൾഡ് മലയാളി ഫെഡറേഷനുമായുള്ള (WMF) കൂടുതൽ ആഴത്തിലുള്ള ആഗോള സഹകരണം പ്രധാന പ്രത്യേകതയാണെന്നും, സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെയും WMF ടീമിന്റെയും പിന്തുണയോടെ മത്സരത്തിൻറ്റെ സന്ദേശം ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 24 ന്യൂസിൻറ്റെ നേതൃത്വത്തിലുള്ള Million Malayalee Club സംരംഭവുമായി ഓർമ്മ കൈകോർക്കുന്നതിൻറ്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഈ സഹകരണം യാഥാർഥ്യമാക്കുന്നതിനും സീസൺ 4ന് പിന്തുണ നൽകുന്നതിനും സഹായിച്ച 24 ന്യൂസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ശ്രീകണ്ഠൻ നായർക്കും, V അരവിന്ദിനും 24 ന്യൂസ് ടീമിനും പ്രത്യേകമായി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് സീസണുകളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സ്പോൺസർമാർ, അഭ്യുദയകാംക്ഷികൾ, പരിശീലകർ, മുൻ മത്സരാർത്ഥികൾ, സ്കൂൾ-കോളേജ് പ്രിൻസിപ്പൽമാർ, അധ്യാപകർ, മാധ്യമ സംഘടനകളുടെ പ്രതിനിധികൾ, മീഡിയ പ്രവർത്തകർ, മത്സരത്തിൻറ്റെ ജഡ്ജുമാർ, മാർക്കറ്റിംഗ് ടീം അംഗങ്ങൾ, വിവിധ സംഘടനാ നേതാക്കൾ, ഓർമ്മയുടെ ടീം അംഗങ്ങൾ എന്നിവർക്കും അദ്ദേഹം ഹൃദ്യമായ നന്ദി അറിയിച്ചു. തുടർന്ന് വിശിഷ്ടാതിഥികളുടെയും ഓർമ്മ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഭദ്രദീപം തെളിയിച്ച് സീസൺ 4 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. MMC സംരംഭത്തിൻറ്റെ സൈനിംഗ്-ഇൻ ചടങ്ങും ഇതോടനുബന്ധിച്ച് നടന്നു. പരിപാടിയിൽ അധ്യക്ഷത വഹിച്ച ഓർമ്മ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ സംഘടനയുടെ പ്രവർത്തനങ്ങളെയും പുതിയ സീസണിൻറ്റെ ലക്ഷ്യങ്ങളെയും കുറിച്ച് സംസാരിച്ചു. ഓർമ്മയുടെ മുൻ സീസണുകൾക്ക് ലഭിച്ച ജനപിന്തുണയും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണവും നാലാം സീസണിൻറ്റെ വിജയത്തിനും കരുത്താകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 24 ന്യൂസ് എഡിറ്റർ-ഇൻ-ചാർജ് പി. പി. ജെയിംസ് മുഖ്യാതിഥിയായി പങ്കെടുത്തു. C News Live & CN Global Movies CEO ഡോ. ലിസി കെ. ഫെർണാണ്ടസ്, പെൻസിൽവാനിയ കോമൺവെൽത്തിൻറ്റെ മുൻ സ്പീക്കർ ഹോൺ. ജോൺ എം. പെർസൽ, ഫിലാഡൽഫിയ പോലീസ് സെർജന്റ് ബ്ലെസ്സൺ മാത്യു, ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സന്ദേശങ്ങൾ നൽകി. തന്റെ പ്രസംഗത്തിൽ പി. പി. ജെയിംസ് Million Malayalee Club സംരംഭത്തിൻറ്റെ ലക്ഷ്യവും ദൗത്യവും വിശദീകരിച്ചു. ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മലയാളികളെ ഒരു വലിയ ആഗോള ശൃംഖലയിലൂടെ ബന്ധിപ്പിക്കുകയും മലയാളി സമൂഹത്തിൻറ്റെ ഐക്യവും ശക്തിയും വർധിപ്പിക്കുകയുമാണ് MMCയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ മഹത്തായ സംരംഭത്തിന് 24 ന്യൂസ് നേതൃത്വം നൽകുന്നുണ്ടെന്നും, വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പങ്കാളിത്തമാണ് ഇത്തരം വലിയ സാമൂഹിക സംരംഭങ്ങളുടെ വിജയത്തിന് കരുത്താകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. MMCയുമായി അമേരിക്കയിൽനിന്ന് കൈകോർക്കുന്ന ആദ്യ സംഘടനയായി ഓർമ്മ ഇന്റർനാഷണൽ മാറിയതിൽ അദ്ദേഹം ഓർമ്മ നേതൃത്വത്തെ അഭിനന്ദിച്ചു. ഓർമ്മയും 24 ന്യൂസും തമ്മിലുള്ള ഈ പങ്കാളിത്തം മാതൃകാപരമാണെന്നും, സമൂഹത്തിന് ഗുണകരമായ വലിയ സംരംഭങ്ങൾ വിജയിപ്പിക്കാൻ ഇത്തരം സഹകരണങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. ലിസി കെ. ഫെർണാണ്ടസ് യുവജനങ്ങളുടെ കഴിവുകൾ കണ്ടെത്തി വളർത്തുന്നതിൽ ഓർമ്മയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. സീസൺ 3ൻറ്റെ ഗ്രാൻഡ് ഫിനാലെയിൽ നേരിട്ട് പങ്കെടുത്ത അനുഭവവും അവർ അനുസ്മരിച്ചു. ഓർമ്മയുടെ പ്രവർത്തനങ്ങളോടുള്ള തന്റെ സ്നേഹവും അടുപ്പവും പ്രകടിപ്പിച്ചുകൊണ്ട്, ഓർമ്മയുടെ തീം സോങ്ങിന് സംഗീതം നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അവർ പങ്കുവച്ചു. ഹോൺ. ജോൺ എം. പെർസൽ പൊതുരംഗത്തും നേതൃത്വമേഖലയിലും ആശയവിനിമയശേഷിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തിൻറ്റെ ആശംസകൾ നേർന്ന അദ്ദേഹം, ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4ന് എല്ലാ വിജയാശംസകളും അറിയിക്കുകയും മത്സരത്തിൻറ്റെ വിജയത്തിനായി ആശംസകൾ അർപ്പിക്കുകയും ചെയ്തു. ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, യുവതലമുറയ്ക്ക് മികച്ച അവസരങ്ങൾ ഒരുക്കുന്നതിൽ ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം വിശദീകരിച്ചു. ഫൊക്കാനയുടെ വിപുലമായ ശൃംഖലയും പിന്തുണയും ഓർമ്മ സീസൺ 4ൻറ്റെ പ്രവർത്തനങ്ങൾക്കും വിജയത്തിനും ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. WMF ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു, ഓർമ്മ സീസൺ 4ന് വേൾഡ് മലയാളി ഫെഡറേഷൻ നൽകുന്ന പിന്തുണയും സഹകരണവും പ്രഖ്യാപിച്ചു. WMFന്റെ വിപുലമായ ആഗോള ശൃംഖല പ്രയോജനപ്പെടുത്തി ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി വിദ്യാർത്ഥികളിലേക്കും കുടുംബങ്ങളിലേക്കും മത്സരത്തിൻറ്റെ സന്ദേശം എത്തിക്കുന്നതിനും, സീസൺ 4ൻറ്റെ വിജയത്തിനായി ആവശ്യമായ പിന്തുണയും സഹകരണവും നൽകുന്നതിനും WMF ഒപ്പമുണ്ടാകുമെന്ന് അവർ ഉറപ്പുനൽകി ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റിലെ ആദ്യ മലയാളി, ദക്ഷിണേന്ത്യൻ സെർജന്റായ ബ്ലെസ്സൺ മാത്യുവിനെ, ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റിലെ ആദ്യ മലയാളി ലെഫ്റ്റനന്റാകാനുള്ള അദ്ദേഹത്തിൻറ്റെ വരാനിരിക്കുന്ന നേട്ടത്തിൻറ്റെ പശ്ചാത്തലത്തിൽ ഓർമ്മ ഇന്റർനാഷണൽ പ്രത്യേകമായി അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ രണ്ടാം സീസൺ ഔദ്യോഗികമായി ലോഞ്ച് ചെയ്തതും ബ്ലെസ്സൺ മാത്യുവായിരുന്നുവെന്ന് ചടങ്ങിൽ അനുസ്മരിച്ചു. വിശിഷ്ടാതിഥികളുടെ സന്ദേശങ്ങൾക്ക് ശേഷം നടന്ന അനുമോദന പ്രസംഗങ്ങളിൽ ഓർമ്മ ഇന്റർനാഷണൽ ലീഗൽ ചെയർ അറ്റോർണി ജോസഫ് കുന്നേൽ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ എന്നിവർ സംസാരിച്ചു. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ തുടക്കം മുതൽ എല്ലാ സീസണുകളിലും പിന്തുണയും സ്പോൺസർഷിപ്പും നൽകി വരുന്ന പ്രധാന വ്യക്തികളിലൊരാളായ ജോസഫ് കുന്നേൽ മത്സരത്തിൻറ്റെ ജഡ്ജായും സജീവമായി പ്രവർത്തിച്ചുവരുന്നു. ഓർമ്മയുടെ വളർച്ചയിലും വിജയത്തിലും അദ്ദേഹത്തിൻറ്റെ തുടർച്ചയായ പിന്തുണ പ്രത്യേകം അനുസ്മരിക്കപ്പെട്ടു. തുടർന്ന് ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്റും സീസൺ 3ലെ മുഖ്യാതിഥിയുമായ ഡോ. ബിന്ദു ആലപ്പാട്ട്, ഫോമയുടെ മുൻ പ്രസിഡന്റും കലയുടെ പ്രതിനിധിയുമായ ജോർജ് മാത്യു സി.പി.എ., പമ്പ പ്രസിഡന്റ് അലക്സ് തോമസ്, ഐ.ഒ.സി. ചെയർമാൻ സാബു സ്കറിയ, ഇമലയാളി ഉടമ ജോർജ് ജോസഫ്, ഓർമ്മ ഇന്റർനാഷണലിൻറ്റെ മുൻ പ്രസിഡന്റ് ജോർജ് നടവയൽ എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി. ഓർമ്മയുടെ മുൻകാല പ്രവർത്തനങ്ങളെയും അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ വളർച്ചയെയും അഭിനന്ദിച്ച അവർ, നാലാം സീസണിൻറ്റെ വിജയത്തിനായി വിവിധ മലയാളി സംഘടനകളുടെയും സമൂഹത്തിൻറ്റെയും കൂട്ടായ പിന്തുണയും സഹകരണവും ഉറപ്പുതന്നു . ചടങ്ങിൽ വിവിധ മലയാളി സാമൂഹിക, സാംസ്കാരിക, മാധ്യമ സംഘടനകളുടെ പ്രതിനിധികളും പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു. മലയാള മനോരമ മുൻ എഡിറ്റർ ജോൺ മുണ്ടക്കയം, ഓർമ്മ ടാലന്റ് പ്രമോഷൻ ഫോറം ഡയറക്ടർ ജയരാജ് ആലപ്പാട്ട്, ഫിലാഡൽഫിയ നഗരസഭയിലെ Compliance and Monitoring വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മാത്യു തരകൻ, WMC സെക്രട്ടറി ലൂക്കോസ് മാത്യു, പിയാനോ പ്രതിനിധി ലൈല മാത്യു, കോട്ടയം അസോസിയേഷൻ പ്രതിനിധി ജിമോൻ ജോർജ്, പ്രസ് ക്ലബ് പ്രസിഡന്റ് ലിജോ ജോർജ്, IACA സെക്രട്ടറി ചാർളി ചിറയത്ത്, വിവിധ സംഘടനാ നേതാക്കളായ മില്ലി ഫിലിപ്പ്, ജോൺ പണിക്കർ, സുധ കാർത്ത, റെനി ജോസഫ്, സിബിച്ചൻ മുക്കാടൻ, തങ്കച്ചൻ സാമുവൽ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഓർമ്മയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സ്പോൺസർമാരായ ഡോ. ഷെറി ജോസ്, ബിനു മാനുവൽ, രാജേഷ് തോമസ്, പോളച്ചൻ വറീദ്, ജോജി ചെറുവേലിൽ, മാനുവൽ തോമസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ നാല് ഘട്ടങ്ങളിലായാണ് സീസൺ 4 സംഘടിപ്പിക്കുന്നത്. സീസൺ 4ൻറ്റെ, പ്രത്യേകതയായി സബ് ജൂനിയർ വിഭാഗത്തിനായി പ്രത്യേക ഓൺലൈൻ മത്സരവും ഉണ്ടായിരിക്കും. മത്സരത്തോടൊപ്പം കൃത്യമായ പരിശീലനം നൽകി ഭാഷാപാടവം, ആശയവിനിമയശേഷി, അവതരണ മികവ്, ആത്മവിശ്വാസം, ചിന്താശേഷി, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിനാണ് ഓർമ്മ പ്രാധാന്യം നൽകുന്നത്. സീസൺ 4, ഗ്രാൻഡ് ഫിനാലെ 2027 ഓഗസ്റ്റിൽ പാ ലാ യി ൽ നടക്കും . 2026 സെപ്റ്റെംബർ 15ന് ആരംഭിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന മത്സരപരമ്പരയ്ക്ക് 10 ലക്ഷം രൂപയുടെ സമ്മാനത്തുകയാണുള്ളത്. മത്സരത്തി ൻറ്റെ രജിസ്ട്രേഷനും മറ്റ് വിശദവി വരങ്ങളും www.ormaspeech.org എന്ന വെ ബ്സൈറ്റിൽ ഉടൻതന്നെ ലഭ്യമാകും . സീസൺ 4ൻറ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് കേരളത്തിൽ “വാഗ്മിത്വത്തിലേക്ക് ഒരു ചുവട്” എന്ന പേരിൽ തുടക്കം കുറിച്ചിരുന്നു. ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിൻറ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ നിർവഹിച്ചു. തുടർന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന പോസ്റ്റർ ലോഞ്ചിംഗ് പരിപാടികളിൽ വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, 24 ന്യൂസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ശ്രീകണ്ഠൻ നായർ, വിസാറ്റ് ഗ്രൂപ്പ് ചെയർമാൻ രാജു കുര്യൻ എന്നിവർ വിവിധ അവസരങ്ങളിൽ പങ്കെടുത്തിരുന്നു. കേരളത്തിൽ ആരംഭിച്ച പ്രചാരണത്തിൻറ്റെ തുടർച്ചയായാണ് ഫിലാഡൽഫിയയിൽ സീസൺ 4ൻറ്റെ ഔദ്യോഗിക യു.എസ്. കിക്കോഫ് വിജയകരമായി നടന്നത്. ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ഓർമ്മ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, മീഡിയ ചെയർ അരുണ്‍ കോവാട്ട്, പബ്ലിക് റിലേഷൻസ് ഓഫീസർ മെർളിൻ മേരി അഗസ്റ്റിൻ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈല രാജൻ, ജോയിന്റ് സെക്രട്ടറി സെബിൻ സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിലും ഏകോപനത്തിലുമാണ് പരിപാടി സംഘടിപ്പിച്ചത്. എയ്‌മിലിൻ റോസ് തോമസും, മെർളിൻ മേരി അഗസ്റ്റിനും പരിപാടിയുടെ അവതാരകരായി പ്രവർത്തിച്ചു. ചടങ്ങിൻറ്റെ അവസാനം ഓർമ്മ ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ സദസ്സിന് നന്ദി രേഖപ്പെടുത്തി. സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു. വിവിധ സാമൂഹിക, സാംസ്കാരിക, മാധ്യമ സംഘടനകളുടെയും നേതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ഫിലാഡൽഫിയ കിക്കോഫ്, വ്യത്യസ്ത സംഘടനകളെയും സമൂഹത്തിൻറ്റെ വിവിധ മേഖലകളിലെ പ്രമുഖരെയും ഒരേ വേദിയിൽ ഒരുമിപ്പിച്ച ശ്രദ്ധേയമായ സംഗമവേദിയായി മാറി. ഓർമ്മ സീസൺ 4ൻറ്റെ ഔദ്യോഗിക തുടക്കത്തോടൊപ്പം, സംഘടനകൾ തമ്മിലുള്ള സഹകരണവും കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യവും വിളിച്ചോതിയ ഈ സായാഹ്നം, ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയിലേക്ക് പ്രസംഗകലയുടെ സന്ദേശം കൂടുതൽ വിപുലമായി എത്തിക്കാനുള്ള പുതിയൊരു കൂട്ടായ യാത്രയുടെ തുടക്കമായി. കൂടുതൽ വിവരങ്ങൾ: www.ormaspeech.org
LITERATURE
കെ . ആർ.മോഹൻദാസ് ഒരിടത്ത് ഒരു കുട്ടി ജീവിച്ചിരുന്നു. കറുത്തു മെലിഞ്ഞ ഒരു പെൺകുട്ടി, വസന്തകാലസ്വപ്നം പോലെ മയങ്ങിക്കിടക്കുന്ന കറുത്ത പാതയിലൂടെ വൈകുന്നേരം കുട്ടി സ്കൂളിൽനിന്നും വീട്ടിലേക്കു പോകുകയായിരുന്നു. പാത വിജനമായിരുന്നു. പാതയിൽ തണൽമരങ്ങളുടെ കൂറ്റൻ നിഴലുകൾ ചത്തു കിടന്നിരുന്നു. ആ തണുത്ത നിഴലുകളിൽ കൊച്ചു പാദങ്ങളമർന്ന പ്പോൾ കുട്ടി രോമാഞ്ചമണിഞ്ഞു. രാത്രിയിലെ മഞ്ഞുതുള്ളികൾ ഇലകളിൽ തെന്നിത്തുളുമ്പി നിന്നു. മരപ്പച്ചകളുടെ വിതാനത്തിനു മുകളിൽ, ആകാശമണൽപ്പുറത്ത് ചുവന്ന രത്നക്കല്ലുപോലെ സൂര്യൻ തിളങ്ങി. ആകാശ ത്തിന്‍റെ തുളകളിലൂടെ ഹിമകണങ്ങൾ ഊർന്നു വീണുകൊണ്ടിരുന്നു. സൂര്യകിരണങ്ങൾക്കു ചൂടില്ലായിരുന്നു. വെളിച്ചവും മഞ്ഞും കൂടിക്കുഴഞ്ഞ പാത അവ്യക്തമായികിടന്നു. പാടലവർണം കലർന്ന മഞ്ഞും മരക്കൂട്ടങ്ങൾക്കിട യിലൂടെ വീശിപ്പോയ കാറ്റും കുട്ടിയെ കെട്ടിപ്പുണർന്നു. ഇലപ്പടർപ്പുകൾക്കിടയിലൂടെ തന്‍റെ വീടിൻ്റെ രണ്ടാം നിലയിലെ ജാലകം കണ്ടപ്പോൾ കുട്ടിക്കു സന്തോഷം തോന്നി. വീടിൻ്റെ ഇരുമ്പുഗെയിറ്റിൽ പിടിച്ച് കുട്ടി രണ്ടാം നിലയിലെ ജാലകത്തിലേക്കു കണ്ണോടിച്ചു. നിലക്കണ്ണാടിയിൽ തലമുടി കോതിയൊതുക്കുന്ന അമ്മയെ അവൾ കണ്ടു. അമ്മ എങ്ങോ പോകാൻ തയാറെടുക്കുകയാണ്. നടപ്പടിയിൽ ചെരുപ്പൂരിയിട്ടശേഷം അവൾ അകത്തേക്കു കയറി. വരാന്തയിൽ ഉറങ്ങിക്കിടന്ന പോമറേനിയൻ നായ്ക്കുട്ടി തല ഉയർത്തി നോക്കി. വാൽ ചെറുതായൊന്നാട്ടിയശേഷം വീണ്ടും ചുരുണ്ടു. മാര്‍ബിള്‍ തറയിൽ വെളുത്തരോമങ്ങൾ ചിതറിക്കിടന്നിരുന്നു. കുട്ടിക്ക് ഓക്കാനം വന്നു. നായയുടെ രോമം വയറ്റിൽ പോയാൽ ഭ്രാന്തുവരുമെന്ന് മുത്തശ്ശി പറഞ്ഞത് അവളോർത്തു. ശബ്ദമുണ്ടാക്കാതെ മുറിയിലേക്കു കയറി. വെളുത്ത സ്കൂൾ ബാഗ് നിറയെ ചെളിയാണ്. ബാഗിന്‍റെ ബക്കിൾ അടർന്നു പോയിട്ടുണ്ട്. ഇന്നലെ ക്ലാസിൽ വച്ചു റോണി വലിച്ചു പൊട്ടിച്ചതാണ്. പകരം അവന്‍റെ പെൻസിൽ കുത്തിയൊടിച്ചതോർത്തപ്പോൾ കുട്ടിക്കു സന്തോഷം തോന്നി. ബാഗ് ഭിത്തിയിൽ തറച്ച ആണിയിൽ തൂക്കിയശേഷം സ്റ്റെയർകെയ്സ് കയറി കുട്ടി മുകളിലെത്തി. പൂച്ചയെപ്പോലെ ശബ്ദമുണ്ടാക്കാതെവേണം നടക്കാൻ. നടക്കുമ്പോൾ ഒച്ച കേൾപ്പിക്കരുതെന്നാണ് അമ്മയുടെ നിയമം. ഇ ന്നാളൊരു ദിവസം വരാന്തയിലൂടെ വെറുതെ ഒന്നോടിയതിന് അമ്മ പറഞ്ഞ ചീത്തയ്ക്കു കണക്കില്ല. "പെര മറിച്ചിടാനാണോ ഭാവം?" അമ്മയുടെ കണ്ണുകൾ ദേഷ്യം കൊണ്ടു ചുവന്നിരുന്നു. കുട്ടി പേടിച്ചു പോയി. വരാന്തയിലൂടെ ഒന്നോടിയാൽ പുര മറിഞ്ഞു വീഴുമോ? അമ്മയ്ക്ക ഭ്രാന്തു തന്നെ. അമ്മ നിലക്കണ്ണാടിക്കു മുന്നിലാണ്. ശ്രദ്ധയോടെ ചുവന്ന പൊട്ടു നെറ്റിയിൽ പതിപ്പിച്ചുവയ്ക്കുന്ന അമ്മയെ കുട്ടി നിർന്നിമേഷയായി നോക്കിനിന്നു. “എത്ര സുന്ദരിയാണെൻ്റെ അമ്മ" കുട്ടിക്ക് അഭിമാനം തോന്നി. വിളുമ്പിൽ പൊൻകസവു തുന്നിയ ചുവന്ന പട്ടുസാരി അമ്മയ്ക്കെന്തു ഭംഗിയായി ചേരും. ഇളംപച്ച നിറമുള്ള വാതിൽപ്പാളി നീക്കി തലമാത്രം ഉള്ളിലേക്കി ട്ട് കുട്ടി അമ്മയെ ആരാധനയോടെ നോക്കി. കുട്ടിയുടെ കണ്ണുകൾ വിടർന്നു. ഡ്രസ്സിംഗ് റൂമിലെ ഒരാൾപ്പൊക്കമുള്ള തിളങ്ങുന്ന നിലക്കണ്ണാടിയിൽ അമ്മ അണിഞ്ഞൊരുങ്ങുകയാണ്. അമ്മയറിയാതെ അമ്മയെ നോക്കി നിൽക്കുന്നത് കുട്ടിക്കിഷ്ടമായിരുന്നു. കർട്ടൻ വകഞ്ഞു മാറ്റി, ഓടിച്ചെന്ന്, “അമ്മേ” എന്നുറക്കെ വിളിച്ച് പൊളിക്കാത്ത ഇളനീരിന്‍റെ തണുപ്പുള്ള ആ കവിളുകളിൽ അമർത്തി ചുംബിക്കാൻ കുട്ടി ആഗ്രഹിച്ചു. അമ്മയ്ക്കത് ഇഷ്ടമായില്ലെങ്കിലോ എന്നോർത്തപ്പോൾ വേണ്ടെന്നുവച്ചു. ഉരുണ്ട തടിയുടെ അറ്റത്ത് മുള്ളുകൾ എഴുന്നുനിൽക്കുന്നതുപോലെയുള്ള നീളൻ ചീപ്പുകൊണ്ട് അമ്മ മുടി ചീകുകയാ കരിവണ്ടിൻ്റെ നിറമുള്ള മിനുത്തിടതൂർന്ന മുടി, കുട്ടി ഓർത്തു, തനിക്കച്ഛൻ്റെ മുടിയാ കിട്ടിയത്. ഉള്ളില്ലാത്ത കോലൻമുടി. മുടി ചീകുമ്പോൾ അമ്മയുടെ കണ്ണുകൾ അടഞ്ഞിരുന്നു. മഞ്ചാടിക്കുരുവിൻ്റെ നിറമുള്ള ചുണ്ടുക ളിൽനിന്നും മൂളിപ്പാട്ടിൻ്റെ സംഗീതം പൊഴിഞ്ഞുകൊണ്ടിരുന്നു. ചീപ്പ് ഡ്രസ്സിംഗ് ടേബിളിലിട്ടശേഷം അമ്മ മുഖം തിരിച്ചപ്പോൾ കർട്ടൻ മാറ്റി കൂട്ടി താ ഴേക്കിറങ്ങിയോടി അമ്മ എവിടെയാവും പോണത്? കുട്ടി ആലോചിച്ചു. മാധവിയമ്മയോടു ചോദിച്ചാലോ? അവർക്കറിയാം. അവൾ അടുക്കളയിലേക്കു നടന്നു. മാധവിയമ്മ തേങ്ങ ചിരവുകയാണ്. തേങ്ങ ചിരവുന്ന താളത്തിനനുസരിച്ച് അവരുടെ ഉലയുന്ന മാറിടത്തിലെ കാക്കപ്പുള്ളിയിൽ കൗതുകത്തോടെ നോക്കി കുട്ടി അല്പനേരമിരുന്നു. ഒരു പിടി വാരി വായിലിട്ടു ചവച്ചു. മാധവിയമ്മ ചിരിച്ചു. മോളു തിന്നോ.... ഇനിം വേണോ? കുട്ടിക്കു സന്തോഷം തോന്നി. മാധവിയമ്മ എത്ര നല്ലതാണ്. അവരുടെ സമീപത്തേക്കല്പം നീങ്ങിയിരുന്ന് ശബ്ദം താഴ്ത്തി കുട്ടി ചോദിച്ചു. “അമ്മയെവിടെപ്പോവാ. മാധവിയമ്മേ...." മാധവിയമ്മ തേങ്ങാ ചിരകൽ നിർത്തി. ചുറ്റും നോക്കി. കുട്ടിയുടെ ചെവിയിൽ പറഞ്ഞു. “കുട്ടിയറിഞ്ഞില്ലേ. ഇന്ന് ഇളയച്ഛൻ വരും അമ്മയ്ക്കു ഫോണുണ്ടായിരുന്നു." കുട്ടി എഴുന്നേറ്റു. ഒരുന്മേഷവും തോന്നുന്നില്ല. തന്നെക്കൂടെ കൊണ്ടു പോകുമോ? കൊണ്ടുപോയിരുന്നെങ്കിൽ... അച്ഛനുണ്ടായിരുന്നെങ്കിൽ കൊ ണ്ടുപോയേനെ. കുട്ടി ഉണ്ണിക്കുട്ടനെ ഓർത്തു. രണ്ടാം നിലയിലെ മുറിയിലാണ് ഉണ്ണിക്കുട്ടൻ ഉറങ്ങുന്നത്. ഒതുക്കുകൾ കയറി കുട്ടി മുകളിലെത്തി. ഒച്ച കേൾപ്പിക്കാതെ ശാന്തമായി തണുപ്പു പൊഴിക്കുന്ന സീലിംഗ് ഫാനിന്‍റെ കീഴിൽ വെള്ളയിൽ നീലപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ബെഡ്ഷീറ്റിൽ ഉണ്ണിക്കുട്ടൻ ഉറങ്ങുന്നു. കുട്ടി ഒച്ചയുണ്ടാക്കാതെ കട്ടിലിന്‍റെ ഓരത്തിരുന്നു. നോക്കിയിരിക്കെ കുട്ടിക്കവനോടു വാൽസല്യം തോന്നി. ഉണ്ണിക്കുട്ടൻ അമ്മയെപ്പോലെ വെളുത്തതാണ്. അമ്മയുടെ ചുണ്ടുകൾക്കു താഴെ പുഷ് പിച്ചു നിൽക്കുന്ന കറുത്ത മറുകുപോലും ഉണ്ണിക്കുട്ടനു കിട്ടിയിരിക്കുന്നു. അവന്‍റെ മറുകിൽ പതുക്കെ സ്പർശിച്ചപ്പോൾ കുട്ടി സ്വന്തം വിരൽ കണ്ടു. കറുത്ത നിറമുള്ള വിരൽ. കുട്ടി കൈ വലിച്ചു. ഒപ്പം തനിക്ക് അച്ഛന്‍റെ കറു പൂനിറമാണല്ലോ കിട്ടിയതെന്ന് വിഷാദത്തോടെ ഓർത്തു. ഇളയച്ഛൻ നല്ല വെള്ളയാണ്. തന്‍റെ ക്ലാസിലെ അനു ഉണ്ണിക്കുട്ടനെപ്പോലെ വെളുത്തിട്ടാണ്. ചകിരിയിട്ടു നല്ലപോലെ ഉരച്ചു തേച്ചാൽ കറുപ്പുനിറം പോയി വെളു ക്കും എന്നവളാണു കുട്ടിക്ക് പറഞ്ഞുകൊടുത്തത്. ഇനി കുളിപ്പിക്കുമ്പോൾ ചകിരിയിട്ടു നല്ലപോലെ തേയ്ക്കണമെന്ന മാധവിയമ്മയോടു പറയണം. കു ട്ടി തീരുമാനിച്ചു. “അയ്യോ... എന്താ ഇദ്....?” ഓറഞ്ചിന്‍റെ അല്ലിപോലെയുള്ള ഉണ്ണിക്കുട്ടൻ്റെ അധരങ്ങളിൽ ഒരീച്ച വന്നിരുന്നു. കുട്ടി ഈച്ചയെ കൈവീശിയോടിച്ചു. ഉണ്ണിക്കുട്ടനുണർന്നു. അവൻ ഉറക്കെ കരയാൻ തുടങ്ങി. കുട്ടി പേടിച്ചു പോയി. അമ്മ ഇപ്പോൾ വരും. അടി ഉറപ്പ്. കുട്ടി ഓടി വാതിൽക്കലെത്തിയപ്പോൾ അമ്മ മുന്നിൽ! ഉണ്ണിക്കുട്ടൻ കണ്ണുകളടച്ചു വാ തുറന്ന് ഉറക്കെ നിലവിളിക്കുന്നു. “എന്തിനാടി ഉണ്ണിയെ കരയിക്കുന്നത്?'' അമ്മ ദേഷ്യത്തിലാണ്. "ഞാൻ" കുട്ടിക്കു വാക്കുകൾ കിട്ടിയില്ല. തൊണ്ടയിൽ ഒരു തേങ്ങൽ തടയുന്നു. “പഠിക്കേണ്ട നേരത്ത്. തെണ്ടി നടന്നോ.... തന്തേടെ മോളു തന്നെ...” അമ്മയുടെ ശബ്ദത്തിൽ നിറഞ്ഞ വെറുപ്പ്. കുട്ടി സ്റ്റെപ്പുകളിറങ്ങി താഴെത്തെത്തി. മുകളിൽ അമ്മയുടെ ആശ്വാസവചനങ്ങൾക്ക് ഒരു താരാട്ടിന്‍റെ താളലയങ്ങൾ കൈവരുന്നത് കുട്ടിയറിഞ്ഞു. ഉണ്ണിയുടെ കരച്ചിൽ നിലച്ചിരുന്നു. കോളാമ്പിപ്പൂക്കൾക്കു മുകളിൽ വന്നിരുന്ന ഒരു മഞ്ഞപ്പൂമ്പാറ്റയെ നോക്കി അവൾ മുറ്റത്തിന്‍റെ ഓരത്ത് വെറുതെ നിന്നു. ഒരുൽസാഹവും തോന്നു ന്നില്ല. കുട്ടി വെട്ടിനിർത്തിയ പച്ചപ്പുൽത്തകിടിയിൽ മലർന്നു കിടന്നു നക്ഷത്രങ്ങൾ അപ്രത്യക്ഷമായ ആകാശത്തിന്‍റെ ചാരമുഖത്തു നോക്കി മലർന്നു കിടന്നു. അപ്പോൾ തോളോടു തോൾ ചേർത്തു രണ്ടു പക്ഷികൾ പറന്നു പോകുന്നതു കുട്ടി കണ്ടു. റോഡിൽ കാറിൻ്റെ ഹോൺ മുഴങ്ങി. ഇളയച്ഛനാവും. ഗേറ്റ് തുറക്കാനാണ്. കുട്ടി എഴുന്നേറ്റില്ല. പുൽമെത്തയിൽ കണ്ണടച്ചു കിടന്നു. ഒടുവിൽ ഇളയച്ഛന്‍ തന്നെ വന്നു ഗേറ്റു തുറന്നു, കാർ ഗാരേജിൽ കയറ്റിയിട്ടശേഷം ചൂണ്ടുവിരലിൻ്റെ തുമ്പിൽ വട്ടം ചുറ്റുന്ന സ്വിച്ച് കീയുമായി ഒരു മൂളിപ്പാട്ടും പാടി വീട്ടിനുള്ളിലേക്കു കയറിപ്പോയി. കൂട്ടി എഴുന്നേറ്റു. ഈർപ്പം കിനിയുന്ന മണൽത്തരികളിൽ ചവുട്ടി രണ്ടുചാൽ നടന്നു. ചുവന്നു തുടുക്കുന്ന പകൽ. മുകള്‍നിലയില്‍ നിന്നും പൊട്ടിച്ചിരിയുടെ ചീള് താഴെ വീണുടഞ്ഞു. കൂട്ടി പിന്നോക്കം മാറി. ഗേറ്റിനോടു ചേർന്നു നിന്നു. അവിടെനിന്നാൽ നീല വിരികളും ചില്ലുജാലകമുള്ള അമ്മയുടെ മുറി കാണാം. മുറിയിൽ വെളിച്ചമുണ്ട്. നിറഞ്ഞു തുളുമ്പുന്ന വൈൻഗ്ലാസുപോലെ മഞ്ഞവെളിച്ചം പുരണ്ട ജാലകങ്ങൾ. കാറ്റിൽ ജാലകവിരികൾ ഉലഞ്ഞപ്പോൾ കെട്ടിപ്പുണരുന്ന അമ്മയേയും ഇളയച്ഛനേയും കുട്ടി കണ്ടു. കുട്ടി വെറുപ്പോടെ മുഖം തിരിച്ചു. “മാധവിയമ്മേ ഞങ്ങൾ പോണൂ.” അമ്മയുടെ ശബ്ദം. പടവുകളിറങ്ങി വരുന്ന ഇളയച്ഛനും അമ്മയും. മിനുസമുള്ള തറയിൽ മടമ്പുയർന്ന ചെരു പ്പമർന്നപ്പോൾ തറയുടെ ഹൃദയമിടിപ്പുകൾ ഉയർന്നു. പുഞ്ചിരി പൊഴിക്കു ന്ന ഉണ്ണിക്കുട്ടനെ തോളിലെടുത്ത് മുമ്പേ നടക്കുന്ന ഇളയച്ഛൻ എന്തോ തമാശ പറഞ്ഞപ്പോൾ അമ്മ പൊട്ടിച്ചിരിച്ചു. മാധവിയമ്മ ഗേറ്റു തുറന്നു കൊടുത്തു. ഒരു നിലവിളിയോടെ കാർ മുന്നോട്ടു കുതിച്ചപ്പോൾ, കുട്ടി തന്‍റെ മുറിയിലേക്കു നടന്നു. കട്ടിലിൽ മലർന്നു കിടന്ന്, മച്ചിൽ കെട്ടിഞ്ഞാന്നു കിടക്കുന്ന ഫാനിന്‍റെ പൊടിയണിഞ്ഞ ഇതളുകളിൽ മിഴിനട്ടുകിടന്നു. ഇവിടെ, ഈ മുറിയിൽ, പ്രകാശം മാഞ്ഞുപോയ ചുവരുകളിൽ നോക്കി തനിച്ചു കിടക്കുമ്പോൾ.... അച്ഛനുണ്ടായിരുന്നെങ്കിൽ...... കുട്ടി മോഹിച്ചു. എങ്കിൽ ഇങ്ങനെ ഒറ്റയ്ക്കു കിടക്കേണ്ടിവരുമായിരുന്നില്ല. കാറിൽ കയറിപ്പോകാമായിരുന്നു. ഐസ്ക്രീം പാർലറുകളിലിരുന്നു ഐസ്ക്രീം നുണയാമായിരുന്നു. ആകാശത്തിന്‍റെ മുഖം കറുക്കുന്നതുവരെ ഓടിക്കളിക്കാമായിരുന്നു, അച്ഛൻ ഇനി ഒരിക്കലും വരില്ലേ.......? അച്ഛൻ അമ്മയോടു പിണങ്ങി വീടുവിട്ടു പോയതാണെന്നും ഇനി തിരികെ ഈ വീട്ടിലേക്കില്ലെന്നും മാധവിയമ്മ പാൽക്കാരനോടു പതുക്കെ പറയുന്നതു കുട്ടി കേട്ടിരുന്നു. അച്ഛൻ.... അച്ഛൻ.... എൻ്റെ അച്ഛൻ. മനസു കൊതിക്കുന്നു. അച്ഛന്‍റെ കൂട്ടുകാരനായിരുന്നത്രേ ഇളയച്ഛൻ. അയാൾ പതിവായി വീട്ടിൽ വരുമായിരു ന്നു. വെളുത്തനിറവും ചുരുണ്ടമുടിയും ചൂണ്ടിൽ സംഗീതവും അടുത്തുരുമ്പോൾ ഇറ്റു വീഴുന്ന പെർഫ്യൂമിൻ്റെ സുഗന്ധവും കുട്ടിയ്ക്കിഷ്ടമായിരു ന്നു. അച്ഛനിതൊന്നുമില്ലായിരുന്നു. അച്ഛന്‍റെ ദേഹത്തിനു കനച്ച എണ്ണയുടെ നാറ്റമാണെന്ന് അമ്മ പറയുന്നത് കുട്ടി കേട്ടിരുന്നു. അച്ഛൻ വീട്ടിലില്ലാത്ത നേരത്ത്, അലറുന്ന ബുള്ളറ്റിൻ്റെ പുറത്ത് അയാൾ പതിവായി വരാൻ തുടങ്ങിയതോടെ കുഴപ്പം ആരംഭിച്ചു. അമ്മ തുടുത്ത മുഖത്തോടെ സ്വീകരിക്കും. ഒരിക്കൽ സ്കൂൾ വിട്ടുവന്നപ്പോൾ അമ്മയുടെ കരച്ചിൽ കേട്ടാണു കുട്ടി സ്റ്റെപ്പുകൾ കയറി മുകളിലെത്തിയത്. ധൃതിയിൽ പടവുകളിറങ്ങി വരുന്നു അയാൾ. കുതിക്കുന്ന ബുള്ളറ്റിൻ്റെ കിടിലം കൊള്ളിക്കുന്ന ശബ്ദം അകന്നു പോയി. കുട്ടി അമ്മയുടെ മുറിവാതിൽക്കൽ നിന്നു. എന്തോ പന്തികേട്..... “ഭാമേ, ഇതിവിടെ അവസാനിപ്പിക്കണം....." മുകളിൽ മുഴങ്ങുന്ന അച്ഛൻ്റെ ഒച്ചകേട്ടപ്പോൾ കുട്ടി നടുങ്ങിപ്പോയി. അമ്മ തേങ്ങുന്നുണ്ട്. “നമ്മുടെ മോളേ ഓർത്തെങ്കിലും....." തന്‍റെ കൂടെ കാര്യമാണ്. കുട്ടി ചെവി കൂർപ്പിച്ചു. “എനിക്കു മടുത്തു... എനിക്കു മടുത്തു....'' തേങ്ങലിന്‍റെ ഇടവേളയിൽ അമ്മ പിറുപിറുത്തു. അമ്മ കരയുന്നു. കുട്ടിക്കു ദുഃഖം തോന്നി. മുറിയിൽ മൗനത്തിൻ്റെ ശൈത്യം. പിന്നെ ഗ്ലാസുകൾ തകർന്നുടയുന്ന ശബ്ദം. കുട്ടി ചെവി പൊത്തി. കണ്ണുകളടച്ചു. ഒരു കൊടുങ്കാറ്റുപോലെ അച്ഛൻ പുറത്തേക്കു വന്നു. വിയർപ്പിന്‍റെ വരകൾ വീണ മുഖത്ത്, കണ്ണീരിന്‍റെ തിളക്കം. കുട്ടി വാതിലിൻ്റെ മറവിലൊളിച്ചു. കൈലേസ് കൊണ്ടു മുഖം തുട ച്ച് അച്ഛൻ സ്റ്റെപ്പുകളിറങ്ങി, മുറ്റം കടന്നു, ഗേറ്റു തുറന്ന്.... അമ്മ കരഞ്ഞില്ല. ഒരു ദിവസം സ്കൂൾ വിട്ടുവന്നപ്പോൾ മുറ്റത്ത് കുട്ടി കറുത്ത ബുള്ളറ്റു കണ്ടു. ഇളയച്ഛാ എന്നു വിളിപ്പിച്ചത് അമ്മയാണ്. മോളേ..... മോളേ.... കുട്ടിയെ കാണുന്നില്ലല്ലോ ഭഗവതീ....."മാധവിയമ്മയുടെ വിരണ്ട ശബ്ദം. “ങ്ഹാ ഇവിടെ ഒളിച്ചു കിടക്കുവാണോ. അത്താഴം വേണ്ടേ, ബാ കുട്ടി കമിഴ്ന്നു കിടന്നു.” “ബാ കുട്ടീ....." “എനിക്കമ്മ വിളമ്പിത്തന്നാ മതി...''കുട്ടി മുഖമുയർത്താതെ പറഞ്ഞു. “അമ്മ വരാൻ വൈകും മോളേ. ശാഠ്യം പിടിക്കാതെ വാ....'' “അമ്മ വരട്ടെ.... അമ്മ വരട്ടെ..." ഒരു സ്വപ്നത്തിലെന്നവണ്ണം അവൾ തേങ്ങി. മാധവിയമ്മയുടെ കാലടികൾ അകന്നുപോയി. ഇന്ന് അമ്മ, വിളമ്പിത്തരാതെ കഴിക്കില്ല. കുട്ടി തീർച്ച പ്പെടുത്തി. തല്ലിക്കൊന്നാലും വേണ്ടില്ല... താഴെ കാറിന്‍റെ ഹോൺ മുഴങ്ങുന്നു. അമ്മയുടെ ചിരി. ഉണ്ണിയുടെ കൊഞ്ചിയുള്ള വർത്തമാനം. “കുട്ടി അത്താഴം കഴിച്ചില്ല.... അമ്മ വിളമ്പിക്കൊടുക്കണമെന്നൊറ്റ വാശി." മാധവിയമ്മയുടെ വാക്കുകൾ കുട്ടി കേട്ടു. അമ്മ മറുപടി പറഞ്ഞില്ല. “വേണേൽ കഴിച്ചോളും... ബാ വന്നു കിടക്കാൻ നോക്ക്....'' ഇളയച്ഛന്‍റെ ശബ്ദം കുട്ടി വ്യക്തമായി കേട്ടു. ലൈറ്റുകളണഞ്ഞു. ഇളയച്ഛന്‍റെ കൂർക്കം വലി ഉയർന്നുകേൾക്കാം. എല്ലാ വരും ഉറങ്ങിക്കഴിഞ്ഞു. കുട്ടി പതുക്കെ, കൈ കുത്തി എഴുന്നേറ്റു. ലൈറ്റിട്ടു. വാതിലിന്‍റെ ബോൾട്ടെടുത്ത് പുറത്തിറങ്ങി. വരാന്തയിൽ നിലാവു പതഞ്ഞൊഴുകുന്നു. വാതിൽ തുറന്നു കുട്ടി മുറ്റത്തിറങ്ങി. പിന്നെ ഗേറ്റു തുറന്ന് രാത്രിയും നിലാവും കെട്ടിപ്പുണർന്നു കിടക്കുന്ന പാതയിലേക്കിറങ്ങി….. വിളറിയ ആകാശം. അകലെ, മരക്കൂട്ടങ്ങൾക്കിടയിൽ ഊളിയിടുന്ന വസന്തത്തിലെ മേഘക്കീറുകളിൽ നോക്കി കുട്ടി പതുക്കെ നടന്നു. ഒരിടത്ത് ഒരു കുട്ടി ജീവിച്ചിരുന്നു…… കെ. ആര്‍. മോഹന്‍ദാസ്  കോട്ടയം മുട്ടമ്പലം സ്വദേശി.  കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു. ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.
Copyright © . All rights reserved