UK
മെയ്ഡ്‌സ്റ്റോൺ: മലയാളി പ്രേക്ഷകർക്ക് ആവേശമുണർത്തി നടൻ ദിലീപും സംവിധായകൻ നാദിർഷായും അണിനിരക്കുന്ന ‘ദിലീപ് & നാദിർഷാ ഷോ @ UK-2K26’ സെപ്റ്റംബർ 4ന് മെയ്ഡ്‌സ്റ്റോണിൽ അരങ്ങേറും.
മെയ്ഡ്‌സ്റ്റോൺ ലെഷർ സെന്റർ, മോട്ട് പാർക്ക്, മെയ്ഡ്‌സ്റ്റോൺ, കെന്റ് (ME15 7RN) വേദിയാകുന്ന പരിപാടി വൈകിട്ട് 5 മണി മുതൽ രാത്രി 10 മണി വരെ നടക്കും.
ദിലീപിനൊപ്പം നാദിർഷാ, റഹ്മാൻ/ബിജേഷ് ചെളാരി (മിമിക്രി), രഞ്ജിനി ജോസ്, സമദ് സുലൈമാൻ, ഡയാന ഹമീദ്, അശ്വന്ത് അനിൽകുമാർ (മിമിക്രി), സം ബത്ത് (സ്പെഷ്യൽ ആക്ട്), റോക്സൺ, ജിൻസോ, സുനിൽ മുണ്ടക്കയം തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും. ജോജോ മാത്യുവിന്റെ ലൈവ് ഓർക്കസ്ട്രയും ഡ്രീം ഡാൻസേഴ്സ് ടീം UKയും പരിപാടിക്ക് മാറ്റുകൂട്ടും.
നാദിർഷായാണ് ഷോ ഡയറക്ടർ. യുകെയിലെ മലയാളി സമൂഹത്തിന് സംഗീതവും മിമിക്രിയും നൃത്തവും കോർത്തിണക്കിയ ഒരു വ്യത്യസ്ത വിനോദാനുഭവം സമ്മാനിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
വേദി: Maidstone Leisure Centre, Mote Park, Maidstone, Kent, ME15 7RN
തീയതി: സെപ്റ്റംബർ 4, 2026 (വെള്ളി)
സമയം: വൈകിട്ട് 5 മുതൽ രാത്രി 10 വരെ
പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് പോസ്റ്ററിൽ നൽകിയിരിക്കുന്ന ബന്ധപ്പെടാനുള്ള നമ്പറുകളിൽ സംഘാടകരെ സമീപിക്കാവുന്നതാണ്.
കൊച്ചി: കേരളത്തിലെ യുവ അഭിഭാഷകർക്കും നിയമബിരുദധാരികൾക്കും അന്താരാഷ്ട്ര നിയമരംഗത്തെ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഹോമെക്സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന യു.കെ. കോൺവെൻസിങ് ഇന്റേൺഷിപ്പ് പരിപാടിക്ക് കൊച്ചിയിലെ ഹോമെക്സ് ഗ്രൂപ്പ് ആസ്ഥാനത്ത് തുടക്കമായി. ഗവൺമെന്റ് പ്ലീഡറും അഭിഭാഷകനുമായ അഡ്വ. നിധിൻ പുല്ലുകാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹോമെക്സ് ഗ്രൂപ്പ് സി.ഇ.ഒ. രാജേഷ് ജോസഫ് അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ അക്ഷര ബിജു, നിയമവിഭാഗം മേധാവി ശ്രീവിദ്യ ഗോപാലകൃഷ്ണൻ, പ്രവർത്തന വിഭാഗം മേധാവി സ്റ്റിനി മാർട്ടിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഓഗസ്റ്റ് 10 മുതൽ 14 വരെ നടക്കുന്ന അഞ്ചുദിവസത്തെ പരിശീലനത്തിൽ യു.കെ. കോൺവെൻസിങ് രംഗത്തെ പ്രായോഗിക നടപടിക്രമങ്ങൾ, നിയമവ്യവസ്ഥ, പ്രൊഫഷണൽ നിലവാരങ്ങൾ, ഫയൽ കൈകാര്യം ചെയ്യൽ, ക്ലയന്റ് ആശയവിനിമയം, കേസ് പഠനങ്ങൾ എന്നിവയിൽ പരിശീലനം നൽകും. പ്രായോഗിക പരിചയത്തിനൊപ്പം വിദഗ്ധരുടെ മാർഗനിർദേശവും പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ യുവ നിയമപ്രതിഭകൾക്ക് ആഗോള നിയമരംഗത്തെ പ്രവർത്തനരീതികൾ നേരിട്ട് മനസ്സിലാക്കാനും പുതിയ കരിയർ സാധ്യതകൾ കണ്ടെത്താനും സഹായിക്കുന്ന ദീർഘകാല പരിശീലന സംരംഭങ്ങളുടെ തുടക്കമാണിതെന്ന് ഹോമെക്സ് ഗ്രൂപ്പ് അറിയിച്ചു. യുവതലമുറയിലെ നിക്ഷേപമാണ് ഭാവിയിലേക്കുള്ള ഏറ്റവും ശക്തമായ നിക്ഷേപമെന്ന ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ യുവ അഭിഭാഷകരുടെ കഴിവുകൾ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും സംഘാടകർ വ്യക്തമാക്കി.
LATEST NEWS
INDIA / KERALA
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ 53കാരൻ അറസ്റ്റിൽ. കാക്കൂർ ചാലങ്ങോട്ട് മനയിൽ ബിജുവിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്. ശനിയാഴ്ച രാത്രി കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസിൽ മാനാഞ്ചിറയ്ക്ക് സമീപത്തുവച്ചാണ് സംഭവം. യാത്രയ്ക്കിടെ ബിജു യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് പരാതി. ഇതോടെ യുവതി ബസിൽ ബഹളം വയ്ക്കുകയും വിവരം ജീവനക്കാരെയും മറ്റു യാത്രക്കാരെയും അറിയിക്കുകയുമായിരുന്നു. തുടർന്ന് ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് വാഹനം നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയുടെ പരാതിയിൽ എസ്ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബിജുവിനെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
VIDEO GALLERY
Travel
ചങ്ങനാശ്ശേരി: പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ നടക്കുന്ന ഭാരത പര്യടന സംഘം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം രാജസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ജയ്‌സൽമേർ കോട്ടയിൽ ആഘോഷിച്ചു. ഓഗസ്റ്റ് 9-ന് ചങ്ങനാശ്ശേരി പായിപ്പാട്ടിൽ നിന്ന് യാത്ര തിരിച്ച സംഘം ഇതിനോടകം 3500 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു. ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന സംഘത്തിന്റെ യാത്ര കേരളത്തിൽ നിന്ന് ആരംഭിച്ച് നോർത്ത് ഗോവ, ഗുജറാത്തിലെ അഹമ്മദാബാദ്, സബർമതി ആശ്രമം, സ്റ്റാച്യു ഓഫ് യൂണിറ്റി, വുഡ് ഫോസിൽ പാർക്ക്, വൈറ്റ് ഡെസേർട്ട്, ഗ്രേറ്റ് റൺ ഓഫ് കച്ച് എന്നിവ സന്ദർശിച്ചാണ് മുന്നേറിയത്. ഭുജിന് വടക്കായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഉപ്പുമരുഭൂമികളിലൊന്നായ ഗ്രേറ്റ് റൺ ഓഫ് കച്ച് സംഘത്തിന് വ്യത്യസ്തമായ അനുഭവമായി. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും നേരിട്ട് അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സംസ്ഥാനങ്ങളിലെ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്.   സിന്ധു നദീതട നാഗരികതയുടെ അവശേഷിപ്പുകളുമായി ബന്ധപ്പെട്ട ഹാരപ്പ–മൊഹൻജൊദാരോ പ്രദേശങ്ങളും സംഘം സന്ദർശിച്ചു. തുടർന്ന് പഞ്ചാബിലെ അമൃത്സർ, വാഗാ അതിർത്തി, ജമ്മു–കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് യാത്ര തുടരുക. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരവും പൈതൃകവും ജനജീവിതവും അടുത്തറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം മുന്നേറുന്നത്.   ```
BUSINESS / TECHNOLOGY
ന്യൂസ് ഡെസ്ക്, മലയാളം യുകെ യുകെയിൽ നികുതി സംവിധാനത്തിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായി ഏകദേശം 8.64 ലക്ഷം നികുതിദായകർക്ക് ഓഗസ്റ്റ് 7 വെള്ളിയാഴ്ച പുതിയ റിപ്പോർട്ടിങ് സമയപരിധി ബാധകമാകും. എച്ച്.എം.ആർ.സി.യുടെ മേക്കിങ് ടാക്സ് ഡിജിറ്റൽ (MTD) പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വയം നികുതി റിട്ടേൺ സമർപ്പിക്കുന്നവർക്കായി ത്രൈമാസ റിപ്പോർട്ടിങ് ആണ് നിർബന്ധമാക്കിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 50,000 പൗണ്ടിൽ കൂടുതൽ വരുമാനമുള്ള സ്വയംതൊഴിലുകാരും വാടക വരുമാനമുള്ളവരുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. പുതിയ സംവിധാനപ്രകാരം അംഗീകൃത അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വരുമാനവും ചെലവും സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ രേഖകളിൽ സൂക്ഷിച്ച് ത്രൈമാസ അടിസ്ഥാനത്തിൽ എച്ച്.എം.ആർ.സി.യ്ക്ക് സമർപ്പിക്കണം. 2025-26 സാമ്പത്തിക വർഷത്തിൽ 30,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2027 ഏപ്രിൽ മുതലും, 2026-27 വർഷത്തിൽ 20,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2028 ഏപ്രിൽ മുതലും ഈ സംവിധാനം ബാധകമാകും. അവസാന തീയതി കഴിഞ്ഞാലും ആദ്യ വർഷത്തിൽ പിഴ ഈടാക്കിയില്ലെങ്കിലും റിപ്പോർട്ടുകൾ പിന്നീട് സമർപ്പിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. നികുതി ബാധ്യത മുൻകൂട്ടി കണക്കാക്കി പ്രത്യേക സേവിങ്സ് അക്കൗണ്ടിൽ തുക മാറ്റിവെക്കുന്നത് സാമ്പത്തിക സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
SPECIALS
MOVIES / CHANNELS
Read more >>
WORLD
മിൽപിറ്റാസ്: യുഎസിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. തൃശൂർ മുടിക്കോട് സ്വദേശിനി അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആൻ എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ മലയാളി യുവതി അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച മിൽപിറ്റാസിലാണ് സംഭവം. ഫ്ലാറ്റിന് താഴേക്ക് വിളിച്ചുവരുത്തിയ അഞ്ജനയെ അനില കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം. സംഭവശേഷം നിർത്താതെ പോയ കാർ അഞ്ജനയുടെ ഭർത്താവ് വിജീഷ് തിരിച്ചറിഞ്ഞു. തുടർന്ന് വിജീഷ് ആനിന്റെ ഭർത്താവ് ജേക്കബിനെ വിവരം അറിയിച്ചു. ആനിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ജേക്കബ് ഫ്ലാറ്റിലെത്തിയപ്പോഴാണ് കുത്തേറ്റ നിലയിൽ ആനിനെ കണ്ടെത്തിയത്. അഞ്ജനയും ആനും അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് അഞ്ജനയുടെ കുടുംബം പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. തൃശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്–സുഷമ ദമ്പതികളുടെ മകളാണ് അഞ്ജന. വിലങ്ങന്നൂർ സ്വദേശി വിജീഷാണ് ഭർത്താവ്. വാമികയാണ് മകൾ. കഴിഞ്ഞ എട്ടുവർഷമായി അഞ്ജനയും വിജീഷും കാലിഫോർണിയയിൽ ജോലി ചെയ്തുവരികയായിരുന്നു.
LITERATURE
റ്റിജി തോമസ് നിനക്കറിയാമോ? ഞങ്ങൾ ഫുട്ബോൾ കളിച്ചിരുന്ന പന്ത് ഉണ്ടാക്കിയിരുന്നത് ഞങ്ങൾ തന്നെയാണ് .... മക്കളുടെ കളിയാക്കി ചിരി ഇമോജികളുടെ മറുപടിയായി അയാൾ എഴുതി .... പത്രത്തിൻറെ കടലാസ്സുകൾ ചുരുട്ടി ഉണ്ടാക്കുന്ന പന്തിൽ ഒട്ടുപാലു ചുറ്റി പിന്നെ അത് റബർ പാലിൽ മുക്കി ഉണക്കി ..... അങ്ങനെയായിരുന്നു ഞങ്ങൾ ഫുട്ബോൾ ഉണ്ടാക്കിയിരുന്നത്.... ചെറിയ ചരൽ കല്ലുകൾ നിറഞ്ഞ സ്കൂൾ ഗ്രൗണ്ടിൽ ആ പന്തുരുട്ടി ഞങ്ങൾ ഉച്ച സമയങ്ങളിലും ഇന്റർവെൽ പീരിയഡുകളിലും ആവേശത്തോടെ എന്ത് ഉഗ്രൻ കളിയായിരുന്നു ...അന്നൊക്കെ സ്കൂളിൽ പോകുന്നത് തന്നെ കളിക്കാനായിരുന്നു ! കളി കഴിയുമ്പോൾ കാൽ വെള്ളയിൽ കല്ലുകാച്ചി ഒത്തിയൊത്തി വീട്ടിൽ എത്തുമ്പോൾ കിട്ടുന്ന വഴക്കിനെ മറന്ന് വീണ്ടും വീണ്ടും ഞങ്ങൾ കളിക്കളത്തിലിറങ്ങുമായിരുന്നു.... നിനക്കറിയാമോ? നാട്ടിലെ സ്കൂളിൽനിന്ന് ചങ്ങനാശ്ശേരി എസ് ബി കോളേജിൽ പഠിക്കാൻ എത്തിയപ്പോഴാണ് ശരിക്കും ഞാൻ ഫുട്ബോൾ കാണുന്നത് തന്നെ. റബർ പാൽ കൊണ്ടുണ്ടാക്കിയ പന്ത് കളിയിൽ ഒന്നാമനായ എനിക്ക് ശരിക്കുള്ള ഫുട്ബോൾ കാലിന് വഴങ്ങാൻ എന്ത് പ്രയാസമായിരുന്നു എന്നോ ? വിവാഹം കഴിഞ്ഞതിനുശേഷം നാലുവർഷം കൂടുമ്പോൾ ആവർത്തിക്കുന്ന ലോകകപ്പിന്റെ ആവേശത്തിൽ ഈ കഥകൾ അയാൾ പലപ്രാവശ്യം അവളോട് പറഞ്ഞതാണ് .... ആദ്യമൊക്കെ ആവേശത്തോടെ കേട്ടിരുന്ന അവൾക്ക് ബോറടിക്കാൻ തുടങ്ങിയിരിക്കുന്നു..... പിന്നെയും പിന്നെയും ആവർത്തിക്കപ്പെടുന്ന സമാന കഥകളിൽ മടുപ്പ് അഭിനയിക്കുമ്പോൾ അയാൾ പറയും ഇത് നീ കേൾക്കാൻ പറയുന്നതല്ല .... നമ്മുടെ മക്കളും ഇതൊക്കെ അറിയണ്ടെ?.... അവളും മക്കളും ഫുട്ബോൾ ജേഴ്സി ഇട്ട് അയച്ചുതന്ന വാട്സ്ആപ്പ് മെസ്സേജ് അയാൾ ഒന്നുകൂടി നോക്കി. അപ്പയുടെ ഒരു ഫോട്ടോ അയച്ചു തരണം ജേഴ്സിയിട്ട്..... ഫാമിലി ഗ്രൂപ്പിൽ മക്കളുടെ മെസ്സേജ് . "ഈപ്രാവശ്യം ഏത് ടീമാ...". പതിവില്ലാതെ അവൾ എനിക്ക് പേഴ്സണൽ മെസ്സേജ് ആയി എഴുതി ചോദിച്ചു. "പഴയതുപോലെ തന്നെ തന്നെ ഞാൻ ഇപ്പോഴും അർജൻറീനയുടെ കൂടെ തന്നെയാ....." പിന്നീട് അവൾ എഴുതിയത് പകുതി തമാശയായിട്ടാണ്..... "പക്ഷേ കഴിഞ്ഞവട്ടം നമ്മുടെ ഒപ്പം നിന്ന മക്കള് രണ്ടുപേരും കൈവിട്ടുപോയി..... ഒരാൾ ഇപ്പോൾ സ്പെയിനിന്റെ കൂടെയാ.... എന്ത് കണ്ടിട്ടാണോ ? - പിന്നെ മറ്റവൾ നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അരാഷട്രവാദിയായി.... ടീമൊന്നും ഇല്ല ..... അവൾ ആ റൊണാൾഡോയുടെ പുറകെയാ ..... " അയാൾ പൊട്ടിച്ചിരിച്ച് കണ്ണുനീർ തൂകുന്ന ഒരു ഇമോജി മറുപടിയായി അയച്ചു. കൂട്ടത്തിൽ ഒരു വോയിസ് മെസ്സേജും . "കുട്ടികൾക്ക് ഒക്കെ പ്രായമായില്ലെ..... അവർക്ക് അവരുടേതായ അഭിരുചികളും അഭിപ്രായങ്ങളും ..." "" ഇന്ന് കളി കാണുന്നുണ്ടോ...."" അവളുടെ ചോദ്യം ഇവിടെ നാട്ടിലെ പോലെ ഫുട്ബോൾ കളി കാണാൻ പറ്റുന്ന സാഹചര്യമല്ലെന്ന് പലപ്രാവശ്യം ഞാൻ അവളോട് പറഞ്ഞിരുന്നു. സംഘർഷം കനക്കുന്നതുമൂലം നാട്ടിലേക്കുള്ള യാത്ര പോലും നടക്കാത്ത അവസ്ഥ. ഇടയ്ക്ക് ഇടയ്ക്ക് മുഴങ്ങുന്ന അപകട സൈറണുകൾക്കിടയ്ക്ക് സുരക്ഷിതസ്ഥാനങ്ങൾ തേടിയുള്ള ഓട്ടപ്പാച്ചിലിൽ കളി കാണലുകൾ അപ്രസക്തമാകുന്നതിന്റെ നിരാശ തൻറെ മെസ്സേജുകളിൽ ഉൾപ്പെടാതിരിക്കാൻ അയാൾ പരിശ്രമിച്ചു. അയാളെ കണ്ടുമുട്ടിയതിന് ശേഷമാണ് അവൾ ഫുട്ബോൾ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഏറെ മുതിർന്ന ആങ്ങളമാരുടെ സ്വാധീനത്തിൽ അവൾ കടുത്ത ക്രിക്കറ്റ് ആരാധികയായിരുന്നല്ലോ... പലപ്പോഴും ക്രിക്കറ്റ് കളിയിലെ തൻറെ അറിവില്ലായ്മയെ അവൾ കളിയാക്കുമായിരുന്നു . അപ്പോഴൊക്കെ അവൾക്ക് ഒരിക്കലും മനസ്സിലാകാത്ത ചില കാര്യങ്ങളാണ് അയാൾക്ക് പറയാനുണ്ടായിരുന്നത്. ഇന്ത്യയെപ്പോലെ തൊഴിലില്ലായ്മ ഇത്ര രൂക്ഷമായ ഒരു രാജ്യത്ത് ഏകദിന ക്രിക്കറ്റിന്റെ പേരിൽ ഒരു ദിവസം മുഴുവൻ ടിവിയുടെ മുന്നിൽ ചടഞ്ഞിരിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും എന്ന അയാളുടെ ചോദ്യത്തെ വിദ്യാർത്ഥി നേതാവിന്റെ താത്വികാവലോകനമെന്ന് പുച്ഛിച്ച് അവൾ തള്ളി. ക്രിക്കറ്റ് ഫൈനലുകളുടെ അന്ന് കോളേജിൽ നിന്ന് ഒരു ഫാഷൻ പോലെ അവധിയെടുത്ത അധ്യാപകരെ കുറിച്ച് മനസ്സിൽ ക്ലാസ്സില്ലാത്തതിന്റെ സന്തോഷമുണ്ടെങ്കിലും പുറമെ അയാൾ രോഷം കൊണ്ടു. തൊട്ടപ്പുറത്തുള്ള വിമൻസ് കോളേജിലെ അതെ അധ്യാപകരുടെ ഭാര്യമാരും അവധിയായിരുന്നു എന്ന് ഏതോ അറിയപ്പെടാത്ത സത്യം കണ്ടെത്തിയ അതിശയത്തോടെ അവൾ പറഞ്ഞു. ഫുട്ബോളിന്റെ ആവേശം കൊടുമ്പിരി കൊണ്ടപ്പോൾ ഇടയ്ക്കൊക്കെ അവൾ ഓർമിപ്പിച്ചു. നിങ്ങളും കൂടി അർജൻറീനയിൽ നിന്ന് മാറിയാൽ ഞാൻ ഒറ്റയാകും .... കളിയുള്ള ദിവസം രാത്രികളിൽ ഉറക്കപ്പിച്ചോടെ അവൾ അർജൻറീനക്കായി പ്രാർത്ഥിക്കുന്നുണ്ടാകുമെന്ന് അയാൾക്ക് തോന്നി. അവളുടെ കടുത്ത അർജൻറീന പ്രേമത്തിൽ മക്കൾക്ക് അസഹിഷ്ണുത തോന്നിത്തുടങ്ങിയിട്ടുണ്ടാവും. അതുകൊണ്ടാകുമല്ലോ ഒരാൾ മെസ്സിയുടെ കളിക്കളത്തിലെ കള്ളക്കളികൾ എന്ന വീഡിയോ അമ്മയോട് പറയണം എന്ന മെസ്സേജൊടെ അയാൾക്ക് അയച്ചുകൊടുത്തത്. പിന്നെ മറ്റവൾ സ്പെയിനിന്റെ കളി നടക്കുന്ന ദിവസങ്ങളിൽ പാതിരാത്രി കളി കാണുന്നതിന്റെ സ്ക്രീൻഷോട്ടുകൾ അയച്ചുതന്നത്. ചുരുക്കം പറഞ്ഞാൽ കളിയുള്ള ദിവസങ്ങൾ വീട്ടിലെ സ്ഥിതി യുദ്ധ സമാനമായിരുന്നിരിക്കണം . അവനവൻറെ ഇഷ്ട ടീമുകൾ ഇല്ലെങ്കിൽ ഓരോ ടീമുകളെ ദത്തെടുത്ത് വീട്ടിൽ അടി നടക്കുന്നതിനെ കുറിച്ച് അയാൾ ഒരു ചെറു മന്ദഹാസത്തോടെ മനസ്സിൽ കണ്ടു . ഫ്രാൻസും സ്പെയിനും ഏറ്റുമുട്ടിയപ്പോഴും അതായിരുന്നു അവസ്ഥ. രണ്ടുപേർ ഫ്രാൻസിനെ പിന്തുണച്ചുകൊണ്ട് ഫാമിലി ഗ്രൂപ്പിൽ മെസ്സേജ് ചെയ്തു. ഒരുത്തി കട്ട സ്പെയിൻ ആണല്ലോ ? നേരത്തെ തന്നെ ഫ്രാൻസിനെ സപ്പോർട്ട് ചെയ്യണമെന്ന് അവൾ എന്നോട് ആവശ്യപ്പെടുകയും സമ്മതിക്കുകയും ചെയ്തതാണ്. പോകെ പോകവെ അയാളുടെ മനസ്സ് സ്പെയിനിന് ഒപ്പം ചേർന്നത് അവൾ അറിഞ്ഞോ? നമ്മൾ തോൽക്കുകയാണല്ലോ ? ഫ്രാൻസ് ജയിക്കില്ലെ ? അവളുടെ മെസ്സേജ് . " നന്നായി കളിക്കുന്നത് സ്പെയിൻ അല്ലേ?" എൻറെ ചോദ്യം അവൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. "പക്ഷേ എൻറെ മനസ്സിൽ ഒരു എംബാപ്പെ ഫാൻ ഒളിഞ്ഞിരിപ്പുണ്ടോ എന്ന് സംശയം?. ഇപ്പോൾ ഞാൻ ശരിക്കും ഒറ്റയ്ക്കായി.... " അവൾ പരിഭവിച്ചു. "സാരമില്ല ... സ്പെയിൻ ജയിക്കുമ്പോൾ മോൾക്ക് സന്തോഷമാകുമല്ലോ.... " ഞാൻ അവളെ സമാധാനിപ്പിച്ചു.... "പക്ഷേ അടുത്ത കളി കാര്യമാകുമോ? അർജൻറീനയും ഇംഗ്ലണ്ടും ..... " "അതു പിന്നെ ചോദിക്കാനില്ലല്ലോ..... അർജൻറീന ജയിക്കും... " ഞാൻ അവൾക്ക് ഉറപ്പു കൊടുത്തു. കളി തുടങ്ങി... ആദ്യപകുതിയിൽ ആരും ഗോളടിച്ചില്ല .... കളി കൈവിട്ടു പോകുമോ.... അവളുടെ മെസ്സേജ് ... കളിയുടെ ഏതോ ഘട്ടത്തിൽ മനസ്സ് അറിയാതെ ഇംഗ്ലണ്ടുകാർക്കൊപ്പം കൂടിയതുപോലെ.... 1986 ലെ പകരംവീട്ടി ഇംഗ്ലണ്ട് ഫൈനലിൽ എന്ന തലക്കെട്ട് നാളത്തെ പത്രങ്ങളിൽ വരുന്നത് നേരിയ സന്തോഷത്തോടെ മനസ്സിൽ കണ്ടു. പക്ഷേ പല സത്യങ്ങളും തുറന്നു പറയുന്നത് വെറുതെ കുടുംബ സമാധാനം നശിപ്പിച്ചാലോ? ഇപ്പോൾതന്നെ ഫുട്ബോൾ ടീമുകളുടെ പേരിൽ മക്കളെല്ലാം എതിരാണ്. എന്തിന് ഭാര്യയെ കൂടി എതിർ ചേരിയിൽ എത്തിക്കണം. കളിയുടെ അവസാന നിമിഷങ്ങളിൽ അർജൻറീന ജയിച്ചപ്പോൾ അവൾ എനിക്ക് മെസ്സേജ് അയച്ചു. നമ്മൾ ജയിച്ചു..... ഞാൻ ഒരു ലൈക്ക് ഇമോജി അയച്ചു. പക്ഷേ എപ്പോഴോ ഇംഗ്ലണ്ടിന്റെ ഭാഗത്തേക്ക് മനസ് ചാഞ്ഞിരുന്നു എന്ന സത്യം അവൾ മനസ്സിലാക്കിയോ? ഫൈനലിൻ്റെ അന്ന് 12 മണിക്ക് തന്നെ മക്കളുമായി കളി കാണാൻ അവൾ നേരത്തെ തയ്യാറായി. ഞങ്ങളു തമ്മിലുള്ള സമയത്തിന്റെ അന്തരത്തെ കുറിച്ച് ചിലപ്പോഴൊക്കെ അവൾ മറന്ന് പോകുന്നതായി അയാൾക്ക് തോന്നിയിട്ടുണ്ട്. അതോ ഞങ്ങൾ ഒന്നിച്ചാണന്ന് ഭാവിക്കാൻ മനപൂർവ്വം നടത്തുന്ന ഇടപെടലുകളാണോ? ഒന്നുകൂടി മനസ്സറിയാൻ അവൾ മെസ്സേജ് അയച്ചു. "അപ്പോൾ അർജൻറീന ജയിക്കും അല്ലേ....ഇവിടെ സ്പെയിൻകാരിയും മെസ്സി വിരോധിയും ചേർന്ന് ശക്തമായ ടീമാണ് ..... നിങ്ങളുമില്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ടു പോകും ..... " അവളുടെ ആശങ്കകളകറ്റാൻ കഴിഞ്ഞ ലോകകപ്പിൽ ജയിച്ചപ്പോൾ അർജൻറീനയുടെ ജേഴ്സി അണിഞ്ഞ് അവളുടെ താൻ തന്നെ എടുത്ത ഫോട്ടോ അയച്ചു കൊടുത്തു. കൂടെ ഒരു ഫാമിലി ഫോട്ടോയും . അതിൽ ഞങ്ങൾ രണ്ടുപേർക്കുമൊപ്പം ഇപ്പോഴത്തെ എതിരാളികളായ മക്കളെല്ലാം അർജൻറീന ജേഴ്സിയിൽ ആയിരുന്നു. കൂടാതെ ഞങ്ങളുടെ സൗഹൃദത്തിന്റെയും അടുപ്പത്തിന്റെയും ആദ്യ നാളുകളിൽ അയച്ചുതന്ന പാട്ടുകളുടെ റെക്കോർഡുകളിൽ നിന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അവൾ പാടിയ പാട്ട് അവളോടും അർജൻറീനയോടും ഉള്ള ഇഷ്ടം ഉറപ്പിക്കാനായി ഞാൻ വീണ്ടും അയച്ചു . ഫുട്ബോളുമായി ഒരു ബന്ധവുമില്ലാത്ത ആ പാട്ട് എന്തിനയച്ചു എന്നതിന് ഉത്തരം കണ്ടെത്താൻ മനസ് ശ്രമിച്ചു കൊണ്ടേയിരുന്നു. കളി തുടങ്ങി.... ആദ്യവസാനം അർജൻറീന കളിയുടെ താളം കണ്ടെത്താനാവാതെ വിയർപ്പൊഴുക്കുന്നതിന്റെ വേദനാജനകമായ ഇമോജികൾ അവളും സന്തോഷത്തിന്റെ ഇമോജികൾ മക്കളും അയച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ എപ്പോഴോ അയാൾ വീണ്ടും മലക്കം മറഞ്ഞിരുന്നു. ഗോളുകൾ പ്രതീക്ഷിക്കുന്ന ഗോൾ പോസ്റ്റിന്റെ സ്ഥാനം മാറി മാറിയുന്നു. എന്നാണ് അർജൻറീന പ്രേമം തുടങ്ങിയത്.... സ്വന്തം രാജ്യത്തിന് ടീമില്ലാത്തവന്റെ അരക്ഷിതാവസ്ഥയിൽ നിന്നോ ? മനസ്സ് എപ്പോഴോ കളിയിൽ നിന്ന് മാറി .... ഇപ്പോൾ വർഷങ്ങൾക്ക് അപ്പുറത്താണ്. സ്കൂൾ ഗ്രൗണ്ടിൽ ....അവിടെ ചെളിയും ചരലും നിറഞ്ഞ കോർട്ടിൽ എത്ര ടീമുകളാണ് കളിക്കുന്നത്. അതിർ ടീമിന്റെ ഫൗളിൽ താഴെ വീഴുന്ന ഓരോ കളിക്കാരനെയും കാണുമ്പോഴും അയാൾ ടോമിനെ ഓർത്തു. ഒറ്റക്കാലിൽ വടി കുത്തിപ്പിടിച്ച് പോളിയോ ബാധിച്ച ഇടത്തെ കാലിളക്കി ശരവേഗത്തിൽ പായുന്ന ടോം. ആദ്യമൊക്കെ ആർക്കും വേണ്ടാത്ത ഗോളിയായി അവനെ ഒതുക്കിയെങ്കിലും പിന്നീട് ഏതു പൊസിഷനിലും കളിച്ച് ശരവേഗത്തിൽ കുതിച്ചു പായുന്ന ടോം. അവൻ ഇപ്പോൾ എവിടെയാണ്. വടികുത്തി പിടിച്ചത് മൂലം അവൻറെ കൈകളിൽ നല്ല തഴമ്പായിരുന്നു. നമ്മൾ തോറ്റു..... കൂടെ കുറേ കരയുന്ന ഇമോജികളും. മക്കളുടെ വക ആഘോഷങ്ങളുടെ ഇമോജികൾ ഗ്രൂപ്പിൽ നിറയുന്നു. മറുകണ്ടം ചാടി സ്പെയിനിന് ഒപ്പം പോയതായി പറഞ്ഞില്ല. അവളെ ആശ്വസിപ്പിക്കാൻ യാന്ത്രികമായി മെസ്സേജ് അയച്ചു. ശരിക്കും നമ്മൾ ( അർജൻറീന)തോറ്റു.... പക്ഷേ (എൻറെ ) സ്പെയിൻ ആണ് നന്നായി കളിച്ചത്..... റ്റിജി തോമസ്  റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
Copyright © . All rights reserved